കോട്ടയം അതിരൂപതാ ദിനാഘോഷങ്ങള്‍ തൂവാനിസയില്‍

കോട്ടയം അതിരൂപതാ സ്ഥാപനത്തിന്റെ 114-ാമത് വാര്‍ഷികാഘോഷങ്ങള്‍ ഞായറാഴ്ച (സെപ്റ്റംബര്‍ 1)  കോതനല്ലൂര്‍ തൂവാനിസ പ്രാര്‍ത്ഥനാലയത്തില്‍ നടത്തപ്പെടും. ഉച്ചകഴിഞ്ഞ് 2.15 ന് അതിരൂപതാ പതാക ഉയര്‍ത്തുന്നതോടെ ആഘോഷങ്ങള്‍ക്കു തുടക്കമാകും. പരമ്പരാഗത ക്നാനായ വേഷധാരികളായ കെ.സി.സി, കെ.സി.വൈ.എല്‍ അംഗങ്ങള്‍ ക്നാനായ പാരമ്പര്യമായ നടവിളികളോടെ വിശിഷ്ടാതിഥികളെ സ്വീകരിക്കും. തുടര്‍ന്ന് 2.30 ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ കൃതജ്ഞതാബലിയര്‍പ്പിക്കും. തുടര്‍ന്ന് പുരുഷന്മാരുടെ മാര്‍ഗ്ഗംകളി പയ്യാവൂര്‍ സെന്റ് ആന്‍സ് യൂണിറ്റിലെ കെ.സി.സി അംഗങ്ങള്‍ അവതരിപ്പിക്കും. 4 മണിക്കു നടത്തപ്പെടുന്ന അതിരൂപതാദിന പൊതുസമ്മേളനത്തില്‍ അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് അദ്ധ്യക്ഷത വഹിക്കും. അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ സ്വാഗതം ആശംസിക്കും. സഹായ മെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം അനുഗ്രഹപ്രഭാഷണം നടത്തും. അതിരൂപതാ പാസ്റ്ററല്‍ കോര്‍ഡിനേറ്റര്‍ ഫാ. മാത്യു മണക്കാട്ട് അതിരൂപതയുടെ കഴിഞ്ഞ ഒരു വര്‍ഷത്തെ അജപാലന പ്രവര്‍ത്തനങ്ങളുടെ അവതരണം നടത്തും. തുടര്‍ന്ന് പ്രേഷിത കുടിയേറ്റ സ്മാരകമായി അതിരൂപത കൊടുങ്ങല്ലൂരില്‍ നിര്‍മ്മിക്കുന്ന ഓര്‍മ്മക്കൂടാരത്തെക്കുറിച്ച് അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് അവതരണം നടത്തും. വിവിധ രംഗങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ച തിരഞ്ഞെടുക്കപ്പെട്ട അതിരൂപതാംഗങ്ങളെ ആദരിക്കും. കെ.സി.സി പ്രസിഡന്റ് ബാബു പറമ്പടത്തുമലയില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഫാ തോമസ് ആനിമൂട്ടില്‍, പ്രസ്ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി എബ്രാഹം പറമ്പേട്ട്, കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ട്രസ്സ് ലിസി മുടക്കോടില്‍, കെ.സി.ഡബ്ല്യു. എ പ്രസിഡന്റ് ഷൈനി ചൊള്ളമ്പേല്‍, കെ.സി.വൈ.എല്‍ പ്രസിഡന്റ് ജോണിസ് പി സ്റ്റീഫന്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച് സംസാരിക്കും. പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി സാബു കരിശ്ശേരിക്കല്‍ നന്ദി പറയും. അതിരൂപതയിലെ വൈദികരും സമര്‍പ്പിത പ്രതിനിധികളും പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളും പാരിഷ് കൗണ്‍സില്‍ അംഗങ്ങളും സമുദായസംഘടനാ ഭാരവാഹികളും ഇടവക പ്രതിനിധികളും ആഘോഷങ്ങളില്‍ പങ്കെടുക്കും.

പാര്‍ക്കിംഗ് ക്രമീകരണങ്ങള്‍
അതിരൂപതാദിനാഘോഷപരിപാടികളില്‍ പങ്കെടുക്കാനെത്തുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്കുചെയ്യുവാന്‍ കോതനല്ലൂര്‍ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാപള്ളിയുടെയും ലിറ്റില്‍ ഡോട്ടേഴ്സ് ഓഫ് സെന്റ് ജോണ്‍ ഗ്വില്‍ബര്‍ട്ട് സന്യാസിനി സമൂഹത്തിന്റെ ജനറലേറ്റ് ഭവനത്തിന്റെയും ജുസെപ്പേ ഭവനിന്റെയും അങ്കണങ്ങളില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. കൂടാതെ തൂവാനിസയുടെ താഴെയുള്ള പാര്‍ക്കിംഗ് ഗ്രൗണ്ടിലും പാര്‍ക്കു ചെയ്യാവുന്നതാണ്. വാഹനങ്ങളിലെത്തുമ്പോള്‍ തൂവാനിസയുടെ ഗേറ്റിനുസമീപം ആളുകളെ ഇറക്കിയതിനുശേഷം പ്രസ്തുത ഗ്രൗണ്ടുകളില്‍ പാര്‍ക്കു ചെയ്യേണ്ടതാണ്.

Previous Post

നുചിയാട് : മണിപ്പാറ തോട്ടപ്ളാക്കല്‍ ഏലികുട്ടി

Next Post

സ്നേഹവും കരുതലും കൈമുതലാക്കി സമൂഹനന്മയ്ക്കായി പ്രവര്‍ത്തിക്കാം: മാര്‍ മാത്യു മൂലക്കാട്ട്

Total
0
Share
error: Content is protected !!