ചിക്കാഗോ: ബെന്‍സന്‍വില്‍ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോന ദൈവാലയത്തില്‍ 2024 -2025 വര്‍ഷത്തെ വിശ്വാസപരിശീലനത്തിന് തുടക്കമായി. വി. കുര്‍ബാനയ്ക്ക് മുമ്പായി വികാരി ഫാ. തോമസ് മുളവനാല്‍, അസി. വികാരി ഫാ. ബിന്‍സ് ചേത്തലില്‍ എന്നിവര്‍ എല്ലാ കുട്ടികള്‍ക്കും പൂക്കള്‍ നല്‍കിക്കൊണ്ട് സ്വീകരിച്ചു. തുടര്‍ന്ന് ഇടവക ഹാളില്‍ നിന്നും ദൈവാലയത്തിലേക്ക് മാതാപിതാക്കള്‍ കുട്ടികളുമായി പ്രദക്ഷിണമായി വന്ന് കാഴ്ച സമര്‍പ്പിച്ചു. അതേതുടര്ന്ന് അര്‍പ്പിച്ച വി. കുര്‍ബാനയില്‍ ഫാ. ജിതിന് വല്ലര്‍കാട്ടില്‍ മുഖ്യകാര്‍മികത്വം വഹിച്ചു . വേദനിയ്ക്കുന്നവരുടെ നോവറിഞ്ഞ് വി. പത്താം പീയുസ് അവര്‍ക്ക് ചെറുപ്പം മുതലേ സഹായഹസ്തം നീട്ടിയിരുന്നുവെന്നും താരതമ്യേന ചെറിയ ഒരു സമൂഹമായ ക്നാനായ മക്കള്‍ക്ക് വ്യക്തിഗതഅധികാരത്തോടെയുള്ള ഒരു വികാരിയാത്ത്അനുവദിച്ചത് ഭാഗ്യസ്മരണാര്‍ഹനായ ദൈവദാസന് മാക്കീല്‍ പിതാവിന്റെ വേദനയെ ഉള്‍ക്കൊള്ളാനായ വി. പത്താം പീയുസിന്റെ കരുതലിന്റെയും ദീര്‍ഘവീക്ഷണത്തിന്റെയും പ്രതിഫലനമായിരുന്നുവെന്നും കോട്ടയം അതിരുപതയുടെ രണ്ടാമത്തെ മദ്ധ്യസ്ഥന്എന്ന നിലയില്‍ വി. പത്താം പീയൂസിനോട്ടുള്ള ആദരവ് സമുചിതമാണെന്നും തിരുനാള്‍ സന്ദേശത്തില്‍ ഫാ. ജിതിന് വല്ലര്‍കാട്ടില്‍ അനുസ്മരിച്ചു.
വി.കുര്‍ബാനയെത്തുടര്‍ന്ന് ഫാ.തോമസ് മുളവനാല്‍ ചൊല്ലി കൊടുത്ത പ്രതിജ്ഞ വിശ്വാസ പരിശീലകരായ അദ്ധ്യാപകര്‍ ഏറ്റുചൊല്ലിക്കൊണ്ട് തങ്ങളുടെ ദൗത്യം ആരംഭിച്ചു. തുടര്‍ന്ന് കുട്ടികുടെ വിശ്വാസ പരിശീലനം ആരംഭിച്ചു. അതിന് ശേഷം സെന്റ്. അല്‍ഫോന്‍സ കൂടാരയോഗത്തിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് ബാര്ബ്ക്യു ഭക്ഷണം ക്രമീകരിച്ചു. വിശ്വാസ പരിശീലനം സഭയില്‍ ആരംഭിച്ച വി.പത്താംപീയൂസിന്റെ തീരുനാള്‍ ആഘോഷിച്ചുകൊണ്ട് വിശ്വാസ പരിശീലന വര്‍ഷത്തിന് തുടക്കം കുറിക്കാന്‍ കഴിഞ്ഞത് സവിശേഷമായ അനുഭവമായി മാറിയെന്ന് ഡി. ആര്. ഇ സക്കറിയ ചേലയ്ക്കല്‍ പറഞ്ഞു. ദേവാലയത്തില്‍ എത്തിച്ചേര്‍ന്ന ഏവര്‍ക്കും സ്നേഹവിരുന്നും ഒരുക്കിയിരുന്നു. ജെയ്മോന് നന്തികാട്ട് തിരുനാള്‍ പ്രസുദേന്തിയായി. ഇടവക എക്സിക്യൂട്ടീവ് അംഗങ്ങളായ തോമസ് നെടുവാമ്പുഴ, മത്തിയാസ് പുല്ലാപ്പളളില്‍, സാബു മുത്തോലം, കിഷോര്‍ കണ്ണാല, ജെന്സന് ഐക്കരപ്പറമ്പില്‍ എന്നിവര്‍ ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്കി
ലിന്‍സ് താന്നിച്ചുവട്ടില്‍ PRO