ആരോഗ്യപ്രവര്‍ത്തകര്‍ക്ക്‌ സുരക്ഷയൊരുക്കണം

കൊല്‍ക്കത്തയിലെ ഗവണ്‍മെന്റ്‌ ഉടമസ്ഥതയിലുള്ള ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ യുവ പി.ജി വനിത ഡോക്‌ടര്‍ ബലാല്‍സംഗത്തിനു ഇരയായി കൊല്ലപ്പെട്ടതിന്റെ പേരിലും തല്‍ഫലമായി ഉയര്‍ന്നുവന്ന ഡോക്‌ടര്‍മാരുടെ പ്രതിഷേധസമരത്തെ നേരിട്ട രീതിയുടെ പേരിലും പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ അതിനിശിതമായ വിമര്‍ശനമാണ്‌ ഹൈക്കോടതിയില്‍ നിന്നും സുപ്രീംകോടതിയില്‍ നിന്നും ഏറ്റുവാങ്ങിയത്‌. മനുഷ്യന്റെ ജീവനും ആരോഗ്യവും സംരക്ഷിക്കുന്നതിലും നിലനിര്‍ത്തുന്നതിലും ആരോഗ്യ പ്രവര്‍ത്തകര്‍ ചെയ്യുന്ന ത്യാഗോജ്ജ്വല സേവനത്തെ ആര്‍ക്കും വിസ്‌മരിക്കാനാവില്ല. എന്നാല്‍ മറ്റുള്ളവരുടെ ജീവനും ആരോഗ്യവും സംരക്ഷിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ ജീവനും ആരോഗ്യവും ആശുപത്രികളില്‍ പോലും സുരക്ഷിതമല്ലെന്ന നഗ്നസത്യമാണ്‌ ഈ മാസം 9-ാം തീയതി കൊല്‍ക്കത്തയിലെ ഗവണ്‍മെന്റ്‌ ഉടമസ്ഥതയിലുള്ള മെഡിക്കല്‍ കോളജില്‍ സംഭവിച്ച അരുംകൊല നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്‌. കൊല്ലപ്പെട്ട പി.ജി ട്രെയ്‌നി ഡോക്‌ ടര്‍ പുലര്‍ച്ച വരെ ജോലി ചെയ്‌തതിനുശേഷം ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ വിശ്രമിക്കുമ്പോഴാണ്‌ അതിദാരുണമായി കൊല്ലപ്പെട്ടത്‌. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ യുവതിയുടെ ശരീരത്തിലും സ്വകാര്യഭാഗങ്ങളിലും 14 മുറിവുകള്‍ ഉണ്ടായിട്ടുണ്ടെന്നും ഈ മുറിവുകള്‍ എല്ലാം കൊല്ലപ്പെടുന്നതിനു മുന്‍പു സംഭവിച്ചതാണെന്നുമാണ്‌ സ്ഥിരികരിക്കുന്നത്‌. ശ്വാസം മുട്ടിച്ചു കഴുത്തു ഞെരിച്ചു കൊന്ന ഡോക്‌ടറെ കൊല്ലുന്നതിനുമുന്‍പ്‌ കടുത്ത ലൈംഗിക പീഡനത്തിനു ഇരയാക്കി. സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ കൊല്‍ക്കത്ത ഹൈക്കോടതി സി.ബി.ഐ-ക്കു നിര്‍ദ്ദേശം നല്‌കി. നിലവില്‍ ഒരാളെ അറസ്റ്റ്‌ ചെയ്‌തിട്ടുണ്ടെങ്കിലും കൂടുതല്‍ ആളുകള്‍ സംഭവത്തിനു പിന്നിലുണ്ടോയെന്ന്‌ അന്വേഷിക്കുകയാണ്‌. കൊലപാതകം നടന്ന സെമിനാര്‍ ഹാള്‍ തിടുക്കത്തില്‍ നവീകരിക്കാന്‍ ഉത്തരവിട്ടത്‌ തെളിവു നശിപ്പിക്കാനാണെന്ന സംശയത്തെ ബലപ്പെടുത്തുന്നു. ഈ അരുംകൊലയെ തുടര്‍ന്ന്‌ രാജ്യവ്യാപകമായി ഡോക്‌ടര്‍മാര്‍ പ്രതിഷേധ സമരത്തിലാണ്‌. പ്രതിഷേധസമരം നടത്തിയ ഡോക്‌ടര്‍മാരെ പോലീസ്‌ നേരിട്ട രീതിയെക്കുറിച്ചും പ്രതിഷേധിച്ച ഡോക്‌ടര്‍മാരുടെ ഇടയില്‍ നൂറോളം ആളുകള്‍ കടന്നു കയറി അക്രമം അഴിച്ചുവിട്ടതിനെ സംബന്ധിച്ചും കോടതി കടുത്ത അതൃപ്‌തി സംസ്ഥാന സര്‍ക്കാരിനെതിരെ രേഖപ്പെടുത്തി. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത്‌ സുപ്രീംകോടതി ചീഫ്‌ ജസ്റ്റീസ്‌ അംഗമായ ബഞ്ച്‌ സ്വമേധയ കേസ്‌ എടുത്ത്‌ ആശുപത്രിയുടെ സുരക്ഷാ ചുമതല സംസ്ഥാന പോലീസില്‍ നിന്നു മാറ്റി സി.ഐ.എസ്‌.എഫിനെ ഏല്‌പിച്ചു. ഡോക്‌ടര്‍മാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും സുരക്ഷക്കു ദേശീയ മാര്‍ഗരേഖ ഉണ്ടാക്കാന്‍ നാവിക സേനയിലെ മെഡിക്കല്‍ സര്‍വീസ്‌ ഡയറക്‌ടര്‍ ജനറല്‍ വൈസ്‌ അഡ്‌മിന്‍ ആരതി സരിന്റെ നേതൃത്വത്തില്‍ പത്തംഗ ദൗത്യത്തെ നിയോഗിച്ചു. സംഭവം ആത്മഹത്യയാക്കാന്‍ പ്രിന്‍സിപ്പല്‍ ശ്രമിച്ചുവെന്നും മാതാപിതാക്കളെ മൃതദേഹം കാണിക്കാന്‍ വിസമ്മതിച്ചുവെന്നും ജനക്കൂട്ടം ആശുപത്രിയിലേക്കു ഇരച്ചു കയറി കുറ്റകൃത്യത്തിലേര്‍പ്പെട്ടപ്പോള്‍ പോലീസ്‌ നോക്കുകുത്തിയായെന്നുമുള്ള കോടതിയുടെ നിരീക്ഷണം ഇക്കാര്യത്തിലുള്ള സംസ്ഥാന സര്‍ക്കാരിന്റെ അലംഭാവത്തെയാണു കാണിക്കുന്നത്‌.
കഴിഞ്ഞവര്‍ഷം മെയ്‌ പത്തിനു കേരളത്തില്‍ കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ ചികിത്സക്കു പോലീസ്‌ എത്തിച്ച പ്രതിയുടെ കുത്തേറ്റ്‌ ഡോ. വന്ദനദാസ്‌ എന്ന യുവതിയായ ഡോക്‌ടര്‍ കൊല്ലപ്പെട്ടതിന്റെ ഓര്‍മ്മകള്‍ ആരോഗ്യ പ്രവര്‍ത്തകരുടെയും നമ്മുടെ എല്ലാവരുടെയും മനസ്സില്‍ നിന്നു മാറുന്നതിനുമുന്‍പു വീണ്ടുമൊരു പി.ജി. ട്രെയ്‌നി ഡോക്‌ടര്‍ ദാരുണമായി കൊല്ലപ്പെട്ടത്‌ അങ്ങേയറ്റം ദുഃഖകരമാണ്‌. ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷക്കുവേണ്ടി കേരളമടക്കം 28 സംസ്ഥാനങ്ങള്‍ നിയമം നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും അതൊന്നും ഫലപ്രദമല്ലെന്നാണ്‌ പുതിയ സംഭവം സൂചിപ്പിക്കുന്നത്‌. ആശുപത്രി സുരക്ഷിത മേഖലയായി പ്രഖ്യാപിക്കണമെന്നും വിമാനത്താവളത്തിലേതുപോലെ കര്‍ശനമായ സുരക്ഷാ പരിശോധന അവിടെ ആവശ്യമാണെന്നുമാണ്‌ ഡോക്‌ടര്‍മാരുടെ സംഘടന ആവശ്യപ്പെടുന്നത്‌. അക്രമികളെ മുഖം നോക്കാതെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരികയും ശിക്ഷ ഉറപ്പാക്കുകയും ചെയ്യേണ്ട ബാധ്യത സര്‍ക്കാരുകള്‍ക്കും പൊതുസമൂഹത്തിനും ഉണ്ട്‌. ആരോഗ്യവും ക്രമസമാധാനവും സംസ്ഥാന വിഷയങ്ങളായതുകൊണ്ടു കേന്ദ്രനിയമം ഇക്കാര്യത്തില്‍ ഉണ്ടാകുന്നില്ല എന്നതും ഇപ്രകാരമുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമാകുന്നു. ശക്തവും കൃത്യവുമായ കേന്ദ്ര നിയമം ഉണ്ടാകണമെന്നാണ്‌ ആരോഗ്യപ്രവര്‍ത്തകരുടെ പൊതു വികാരം. നാഷണല്‍ ക്രൈം റിക്കാഡ്‌സ്‌ ബ്യൂറോയുടെ കണക്കനുസരിച്ച്‌ രാജ്യത്ത്‌ പല മേഖലകളിലായി ദിവസവും 80 സ്‌ത്രീകള്‍ ബലാല്‍സംഗത്തിനു ഇരയാകുന്നുണ്ട്‌ എന്ന വസ്‌തുത നമ്മുടെ സ്‌ത്രീശക്തീകരണം വെറും പാഴ്‌ വാക്കാണെന്ന സത്യം തുറന്നു കാട്ടുന്നു. രാജ്യത്തെ ഗവണ്‍മെന്റ്‌ സ്വകാര്യമേഖലകളില്‍ തൊഴില്‍ എടുക്കുന്ന എല്ലാ ആരോഗ്യപ്രവര്‍ത്തകരും സുരക്ഷിതരായി ജോലി ചെയ്യാനുള്ള സാഹചര്യം രാജ്യത്തു ഉറപ്പു വരുത്തണം. നിയമലംഘകരെ നിയമത്തിന്റെ മുന്‍പില്‍ കൊണ്ടു വരികയും ശിക്ഷ ഉറപ്പാക്കുകയും വേണം. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നതിലും ശിക്ഷിക്കുന്നതിലും സര്‍ക്കാര്‍ വരുത്തുന്ന വീഴ്‌ച മാത്രമല്ല, ചിലപ്പോഴെങ്കിലും അവരെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ നിലപാടും അങ്ങേയറ്റം പ്രതിഷേധാര്‍ഹവും അപലപനീയവും ആരോഗ്യപ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്നതുമാണ്‌.

Previous Post

ക്നാനായ കത്തോലിക്കാ വിമെന്‍സ് അസോസിയേഷന്‍ ചുങ്കം ഫൊറോന ഭാരവാഹികളുടെ നേതൃസംഗമം നടത്തി

Next Post

നീറിക്കാട്: കണ്ണങ്കര കെ.ജെ സണ്ണി

Total
0
Share
error: Content is protected !!