മികവിന്റെ കേന്ദ്രങ്ങളിലേക്കുള്ള പ്രയാണം-‘ലൂമിനറി 2024’ രാജപുരം കോളേജില്‍  ഉദ്ഘാടനം ചെയ്തു

രാജപുരം : കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ കൊണ്ട് രാജപുരം കോളേജിലെ 82 വിദ്യാര്‍ത്ഥികള്‍ മികവിന്റെ കേന്ദ്രങ്ങളില്‍ പ്രവേശനം നേടിയതില്‍ പ്രചോദനം ഉള്‍ക്കൊണ്ട്, കോളേജിന്റെ സ്റ്റുഡന്റ് പ്രോഗ്രഷന്‍ സെല്ല് ആരംഭിക്കുന്ന പ്രത്യേക പരിശീലന പരിപാടി ആയ ലൂമിനറി 2024 കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.കെ കെ സാജു ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ സര്‍വ്വകലാശാല രജിസ്ട്രാര്‍ ഡോ. ജോബി കെ ജോസ് ചടങ്ങില്‍ പങ്കെടുത്തു .

പ്രതികൂല സാഹചര്യങ്ങള്‍ ഫലപ്രദമായ കൈകാര്യം ചെയ്യേണ്ടത് ജീവിത വിജയത്തിന് അനിവാര്യം എന്നും, പ്രതിസന്ധികളെ അതിജീവിച്ച് എത്ര ദൂരം മുന്നോട്ടുപോകുന്നു എന്നതിനെ ആശ്രയിച്ച് കൂടുതല്‍ വിജയങ്ങള്‍ ഉണ്ടാകും എന്നും വൈസ് ചാന്‍സിലര്‍ പറഞ്ഞു . സെന്റ് പയസ്സ് ടെന്ത് കോളേജ് പ്രതിസന്ധികളെ അതിജീവിച്ച വിദ്യാര്‍ത്ഥികളുടെ വിജയകഥയാണ് പറയുന്നത് എന്ന് അദ്ദേഹം നിരീക്ഷിച്ചു . പ്രതിസന്ധികളെ നേരിട്ട് കൊണ്ട് ഐഐടികള്‍ , ഐ ഐ ഐ ടി കള്‍, എന്‍ഐടികള്‍ ഉള്‍പ്പെടെയുള്ള വിവിധങ്ങളായ മികവിന്റെ കേന്ദ്രങ്ങളില്‍ ആണ് 7 കോഴ്‌സുകളില്‍ നിന്നായി 82 വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളിലായി പ്രവേശനം നേടിയത്. ബികോം കോഴ്‌സ് 2024 വര്‍ഷത്തില്‍ പഠിച്ചിറങ്ങിയ 25 വിദ്യാര്‍ത്ഥികളും, കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ കൊണ്ട് 52 ബിബിഎ വിദ്യാര്‍ഥികളും കൊണ്ടുവന്ന നേട്ടത്തിന്റെ പ്രചോദനം ഉള്‍ക്കൊണ്ടാണ് ലൂമിനറി എന്ന പേരില്‍ വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക പരിശീലന പരിപാടി നടത്തുന്നത് എന്ന് പ്രിന്‍സിപ്പാള്‍ ഡോ. ബിജു ജോസഫ് അറിയിച്ചു. വിവിധ വകുപ്പുകളില്‍ നിന്നായി 50 വിദ്യാര്‍ഥികള്‍ ഈ വര്‍ഷം മികവിന്റെ കേന്ദ്രങ്ങളില്‍ പ്രവേശനം നേടുവാന്‍ ലക്ഷ്യമിടുന്നതായി കോഡിനേറ്റര്‍ നിഖില്‍ മോഹന്‍ അറിയിച്ചു .

കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലയായ അതിര്‍ത്തി ഗ്രാമമായ രാജപുരം കുടിയേറ്റ ഭൂമിയില്‍ സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏറ്റവും ചെറിയ എയ്ഡഡ് കോളേജുകളില്‍ ഒന്നാണ് സെന്റ് പയസ് ടെന്ത് കോളേജ്. 7 ബിരുദ കോഴ്‌സുകളും ഒരു ബിരുദാനന്തര ബിരുദ കോഴ്‌സും മാത്രമുള്ള കോളേജില്‍ നിന്നും 82 വിദ്യാര്‍ഥികളുടെ നേട്ടം പ്രത്യേകതയുള്ളതാണ്. ബിരുദ കോഴ്‌സുകളോടൊപ്പം കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് (ക്യാറ്റ്) ലക്ഷ്യമാക്കി പ്രത്യേക പരിശീലന പരിപാടി കോളേജില്‍ നടക്കുന്നതിനാല്‍, അധ്യാപകരുടെ കൃത്യമായ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ഉന്നതങ്ങളില്‍ എത്തുവാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയുന്നു. ഭൂരിഭാഗം വിദ്യാര്‍ത്ഥികളും സാമ്പത്തികമായി വളരെ പിന്നോക്കാവസ്ഥയിലുള്ള സാഹചര്യങ്ങളില്‍ നിന്നും വരുന്നവര്‍ ആയതിനാല്‍ തുടര്‍ച്ചയായി മികവിന്റെ കേന്ദ്രങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് എത്തുവാന്‍ സാഹചര്യം സൃഷ്ടിക്കപ്പെടുന്നത് വലിയൊരു സവിശേഷതയാണ്.

8 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോളേജില്‍ എക്കണോമിക്‌സ് ബിരുദം പഠിച്ച രഞ്ജിത്ത് രാമചന്ദ്രന്‍ പിന്നീട് ഐഐടി മദ്രാസില്‍ പഠിച്ചതിനുശേഷം ഐ ഐ എം റാഞ്ചിയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആയി മാറിയതും, ഈ കുടിലില്‍ ഒരു ഐഐഎം പ്രൊഫസര്‍ ഇന്ന് ജനിച്ചിരിക്കുന്നു എന്ന അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പും വലിയ വാര്‍ത്തയായിരുന്നു. സൊസൈറ്റി ജനറല്‍ എന്ന ഫ്രഞ്ച് കമ്പനിയില്‍ ഉന്നത പദവിയിലുള്ള ശരത് എം, കേന്ദ്ര ഗവണ്‍മെന്റ് കമ്പനിയായ ഐടിഐ അസിസ്റ്റന്റ് ഫിനാന്‍ഷ്യല്‍ മാനേജര്‍ ഗോകുല്‍ എം, എച്ച് എസ് ബി സി അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് ജിനു ജോസഫ്, കോള്‍ഗേറ്റ് കസ്റ്റമര്‍ ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് ക്ലിന്റ് സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ കോളേജിലെ പ്രത്യേക പരിശീലന പരിപാടിയിലൂടെ കോര്‍പ്പറേറ്റ് ലോകത്ത് വിജയഗാഥ രചിച്ചവരാണ്. ലൂമിനറി എന്ന പേരില്‍ വരും വര്‍ഷങ്ങളിലേക്കുള്ള പരിശീലന പരിപാടിയാണ് വൈസ് ചാന്‍സലര്‍ ഉദ്ഘാടനം ചെയ്തത് .ഫാ. ജോയി കട്ടിയാങ്കല്‍, ഫാ. ഡിനോ കുമാനിക്കാട്ട്, എം ശരത്ത്, ഡോ സിജി സിറിയക്, വിഷ്ണു വിനോദ് എന്നിവര്‍ സംസാരിച്ചു

Previous Post

പ്രവര്‍ത്തന മാര്‍ഗ്ഗരേഖയും സമര്‍പ്പണ ഗാനവും പ്രകാശനം ചെയ്തു

Next Post

കര്‍ഷക ദിനത്തില്‍ വിവിധ പദ്ധതികള്‍ ഒരുക്കി ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി

Total
0
Share
error: Content is protected !!