കോട്ടയം അതിരൂപതയുടെ വനിതാ അല്‍മായ സംഘടനയായ ക്നാനായ കാത്തലിക് വിമെന്‍സ് അസോസിയേഷന്റെ അതിരൂപതാ സമിതിയംഗങ്ങള്‍ സീറോമലബാര്‍സഭ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവിനെ മൗണ്ട് സെന്റ് തോമസില്‍ സന്ദര്‍ശിച്ചു. സീറോമലബാര്‍സഭാദ്ധ്യക്ഷനായി ഉത്തരവാദിത്വമേറ്റ അഭിവന്ദ്യ പിതാവിന് കെ.സി.ഡബ്ല്യു.എ അതിരൂപതാസമിതി അഭിനന്ദനങ്ങള്‍ അറിയിച്ചു. സീറോമലബാര്‍സഭയുടെ വളര്‍ച്ചയില്‍ ക്നാനായ സമുദായം നല്‍കിയിട്ടുള്ളതും നല്‍കിക്കൊണ്ടിരിക്കുന്നതുമായ നിസ്തുല സംഭാവനകളെ മേജര്‍ ആര്‍ച്ചുബിഷപ്പ് അനുസ്മരിച്ചു. സമുദായാംഗങ്ങള്‍ക്കിടയിലുള്ള വിശ്വാസവും കുടുംബമുല്യങ്ങളും പരസ്പര സഹകരണ മനോഭാവവും വര്‍ദ്ധിപ്പിക്കുന്നതില്‍ ക്നാനായ അമ്മമാര്‍ പുലര്‍ത്തുന്ന തീഷ്ണത മാതൃകാപരമാണെന്നു പിതാവു പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അധിവസിക്കുന്ന ക്നാനായകത്തോലിക്കരുടെമേല്‍ കോട്ടയം അതിരൂപതാദ്ധ്യക്ഷന് അജപാലന അധികാരം ലഭിക്കുന്നതിനായി സമുദായസംഘടനകളുടെ നേതൃത്വത്തില്‍ തയ്യാറാക്കുന്ന അപേക്ഷ പരിശുദ്ധ സിംഹാസനത്തിന് സമര്‍പ്പിക്കുന്നതിന് അതിരൂപതാ സമിതി മേജര്‍ ആര്‍ച്ചുബിഷപ്പിനോട് സഹായം അഭ്യര്‍ത്ഥിച്ചു. കെ.സി.ഡബ്ല്യു.എ ചാപ്ലെയിന്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, പ്രസിഡന്റ് ഷൈനി സിറിയക് ചൊള്ളമ്പേല്‍, സെക്രട്ടറി സില്‍ജി സജി പാലക്കാട്ട്, സിസ്റ്റര്‍ അഡൈ്വസര്‍ സിസ്റ്റര്‍ സൗമി എസ്.ജെ.സി, അതിരൂപതാ ഭാരവാഹികളായ ലൈലമ്മ ജോമോന്‍ പാറശ്ശേരിയില്‍, ബീന ബിജു കാവനാല്‍, ബിന്‍സി ഷിബു മാറികവീട്ടില്‍, ലീന ലൂക്കോസ് മറ്റത്തിപ്പറമ്പില്‍, സിമി ജോഷി ചെമ്പകത്തടത്തില്‍, അനി തോമസ് മണലേല്‍, ഏലിയാമ്മ ലൂക്കോസ് പുതുമായില്‍ എന്നിവര്‍ പങ്കെടുത്തു.