പതിനെട്ടാം ലോക്‌സഭയും രാജ്യത്തിന്റെ പ്രതീക്ഷയും

പതിനെട്ടാം ലോക്‌സഭയുടെ ആദ്യസമ്മേളനം തുടങ്ങി. ഭരണഘടനയുടെ മൂല്യങ്ങളും അന്തഃസത്തയും ഉള്‍ക്കൊണ്ടുകൊണ്ടും ഭരണഘടനയെ നിയമനിര്‍മ്മാണ സഭയുടെ ആധാരശിലയായി കണ്ടുകൊണ്ടും ഇന്ത്യയുടെ ജനാധിപത്യപ്രക്രിയയെ ഊര്‍ജ്ജസ്വലമാക്കാനുള്ള ഉത്തരവാദിത്വമാണ്‌ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും കിട്ടിയിരിക്കുന്നത്‌. ഭരണപക്ഷവും പ്രതിപക്ഷവും ഭരണഘടനയെ സംരക്ഷിക്കുമെന്ന്‌ ആവര്‍ത്തിച്ചു പറയുന്നിടത്തും അപ്രകാരം പ്രവര്‍ത്തിക്കുന്നുവെന്നു ഉറപ്പുവരുത്തുന്നിടത്തുമാണ്‌ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പ്രതീക്ഷയും വിജയവും നിലകൊള്ളുക. പുതിയ ലോക്‌സഭയില്‍ ഭരണപക്ഷത്തിനു മുന്നൂറോളവും പ്രതിപക്ഷത്തിനു ഇരുനൂറ്റിനാല്‌പതോളം അംഗങ്ങളുണ്ട്‌. ശക്തമായ ഒരു പ്രതിപക്ഷത്തെ സമ്മാനിക്കുന്നതുകൂടിയായിരുന്നു ഇത്തവണത്തെ ജനവിധിയെന്നു സാരം. “ഞങ്ങള്‍ ഇന്ത്യയിലെ ജനങ്ങള്‍ ഇന്ത്യയെ ഒരു പരമാധികാര, സോഷ്യലിസ്റ്റ്‌, മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കായി രൂപകല്‌പന ചെയ്യുന്നു.” ഭരണഘടനയുടെ തുടക്കത്തില്‍ പറയുന്ന ഈ പ്രഖ്യാപനം ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കും വേണ്ടിയുള്ള അടിസ്ഥാനപ്രഖ്യാപനമാണ്‌.
ഭരണഘടനയുടെ പ്രാധാന്യം ചര്‍ച്ച ചെയ്യപ്പെട്ട തിരഞ്ഞെടുപ്പിലൂടെ നിലവില്‍ വന്ന പാര്‍ലമെന്റില്‍, കോണ്‍ഗ്രസ്‌ ഉള്‍പ്പെടെ ഇന്ത്യാസഖ്യം സ്വയം ഏറ്റെടുത്തിരിക്കുന്ന ദൗത്യം, ഭരണഘടനയുടെ സംരക്ഷണമെന്നതാവും. ഭരണഘടന കൈയിലേന്തിയ പ്രതിപക്ഷത്തെയാണ്‌ 18-ാം ലോക്‌സഭയുടെ ആദ്യസമ്മേളനത്തില്‍ നാം കണ്ടത്‌. സര്‍ക്കാരിനെ വിമര്‍ശിക്കുമ്പോള്‍ ഭരണഘടനയായിരിക്കും പ്രതിപക്ഷത്തിന്റെ ആയുധം. `നമ്മുടെ ഭരണഘടന നീണാല്‍ വാഴട്ടെ ആരാണു ഭരണഘടനയെ സംരക്ഷിക്കുക, നമ്മള്‍ സംരക്ഷിക്കും’ എന്ന മുദ്രാവാക്യം വിളിച്ചും ഭരണഘടനയുടെ പതിപ്പുകള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടും സഭയില്‍ കടന്നുവന്ന പ്രതിപക്ഷത്തിനു തങ്ങളുടെ ദൗത്യം ക്രിയാത്മകമായി നിര്‍വഹിക്കാനാകണം. ജനങ്ങളുടെ പ്രതീക്ഷക്കൊത്ത്‌ ഉയരാത്ത ഒരു പ്രതിപക്ഷമായിരുന്നു കഴിഞ്ഞ ഒരു ദശാബ്‌ദക്കാലം ഇന്ത്യയിലുണ്ടായിരുന്നതെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ടെന്നു പ്രതിപക്ഷം മറന്നുകൂടാ. ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിനു മുന്‍പ്‌ മാധ്യമങ്ങളോടു സംസാരിച്ച പ്രധാനമന്ത്രിയും ഭരണഘടനയുടെ അന്തഃസത്ത കാത്തുസംരക്ഷിക്കേണ്ടതിന്റെ ആവശ്യകത, 1975-ലെ അടിയന്തരാവസ്ഥയെ ഓര്‍മ്മപ്പെടുത്തികൊണ്ടു പറയുകയുണ്ടായി. “നമ്മുടെ ഭരണഘടനയില്‍ ഒരു കറുത്ത നിഴല്‍ വീണ ദിവസത്തിന്റെ വാര്‍ഷികമാണ്‌ ജൂണ്‍ 25. അത്തരമൊരു കറ ഇനിയൊരിക്കലും രാജ്യത്തുണ്ടാകില്ലെന്ന്‌ ഉറപ്പുവരുത്താന്‍ ഞങ്ങള്‍ ശ്രമിക്കും” എന്ന പ്രധാനമന്ത്രിയുടെ പ്രസ്‌താവന അഭിനന്ദനിയമാണ്‌. 2015-ല്‍ ഇന്ത്യയുടെ ഭരണഘടനാശില്‌പി ഡോ. അംബേദ്‌കറിന്റെ 125-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച്‌ ഭരണഘടനയെക്കുറിച്ച്‌ നമ്മുടെ പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍ പ്രധാനമന്ത്രി പറഞ്ഞു, `രാജ്യമാണ്‌ സര്‍ക്കാരിന്റെ മതം, ഭരണഘടനയാണ്‌ വിശുദ്ധഗ്രന്ഥം’ എന്ന കാര്യവും ഇത്തരുണത്തില്‍ ഓര്‍ത്തെടുക്കാവുന്നതാണ്‌.
`രാജ്യത്തിനു വേണ്ടത്‌ ഉത്തരവാദിത്വമുള്ള പ്രതിപക്ഷത്തെയാണ്‌. ജനത്തിനുവേണ്ടതു കാമ്പുള്ള കാര്യങ്ങളാണ്‌. മുദ്രാവാക്യമല്ല. അവര്‍ക്കു കാണേണ്ടത്‌ സംവാദവും കഠിനാദ്ധ്വാനവുമാണ്‌. പാര്‍ലമെന്റില്‍ നാടകം കളിക്കുന്നതും തടസ്സപ്പെടുത്തുന്നതുമല്ല. ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്തു പ്രതിപക്ഷം ഉയരുമെന്നു ഞാന്‍ വിശ്വസിക്കുന്നു’ എന്ന പ്രധാനമന്ത്രിയുടെ പ്രസ്‌താവന പ്രസക്തവും ഉചിതവുമാണ്‌. അതുകൊണ്ടുതന്നെ പ്രതിപക്ഷത്തിനു അര്‍ഹിക്കുന്ന ജനാധിപത്യപരമായ പരിഗണനയും ആദരവും നല്‌കാന്‍ ഭരണപക്ഷം തയ്യാറാകണം. കഴിഞ്ഞ പത്തുവര്‍ഷക്കാലം ഇക്കാര്യത്തില്‍ കുറവു വന്നിട്ടുണ്ട്‌ എന്ന്‌ കരുതുന്നവരുണ്ട്‌. പാര്‍ലമെന്റിലോ പാര്‍ലമെന്ററി സമിതികളിലോ ആവശ്യത്തിനു ചര്‍ച്ച ചെയ്യാതെ പാസാക്കിയ നിയമങ്ങള്‍ പലതുമുണ്ട്‌. പൊതുപ്രാധാന്യമുള്ള വിഷയങ്ങളില്‍ ചര്‍ച്ച ആവശ്യപ്പെട്ട പ്രതിപക്ഷം കൊണ്ടുവരുന്ന അടിയന്തര പ്രമേയങ്ങള്‍ക്കും അനുമതി നിഷേധിക്കപ്പെട്ടിട്ടുണ്ട്‌. ഇക്കാര്യത്തിലൊക്കെ 18-ാം ലോക്‌സഭയില്‍ മാറ്റമുണ്ടാകുമെന്നുതന്നെ നമുക്ക്‌ പ്രതീക്ഷിക്കാം. ജനാധിപത്യാവകാശങ്ങള്‍ ധ്വംസിക്കപ്പെട്ട മാധ്യമസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട, അന്യായമായ അറസ്റ്റും തടങ്കലും നടന്ന, പ്രതിപക്ഷത്തെ നിശബ്‌ദമാക്കിയ അടിയന്തരാവസ്ഥയുടെ അന്‍പതാം വാര്‍ഷികത്തിന്റെ ഓര്‍മ്മകളിലൂടെ സഞ്ചരിക്കുമ്പോള്‍, രാജ്യം ഇനിയൊരിക്കലും അത്തരം കറുത്ത ദിനങ്ങളിലൂടെ കടന്നുപോകാതിരിക്കുവാനുള്ള ഉത്തരവാദിത്വവും ജാഗ്രതയുമാണാവശ്യം. ഇക്കാര്യത്തില്‍ ഭരണകൂടത്തെ നയിക്കുന്ന ഭരണപക്ഷത്തിനും പ്രതിപക്ഷത്തിരിക്കുന്നവര്‍ക്കും ഒരുപോലെ ഉത്തരവാദിത്വമുണ്ട്‌. ചരിത്രത്തില്‍നിന്നു പാഠം പഠിക്കാത്തവര്‍ ചരിത്രത്തിലെ പാളിച്ചകള്‍ ആവര്‍ത്തിക്കും എന്ന കാര്യം മറക്കാതിരിക്കാം. ഒപ്പം പ്രഖ്യാപിക്കപ്പെടുന്ന അടിയന്തരാവസ്ഥയുടെ മാത്രമല്ല അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ സാഹചര്യങ്ങളും രാജ്യത്ത്‌ ഉണ്ടായിക്കൂടാ. അതിനുള്ള എളുപ്പമാര്‍ഗം രാജ്യത്തെ മതമായി കാണുന്ന ഭരണഘടനയെ വിശുദ്ധ ഗ്രന്ഥമായി കാണുന്ന പ്രധാനമന്ത്രിയുടെ സങ്കല്‌പത്തെ പ്രവര്‍ത്തികളിലൂടെ യാഥാര്‍ത്ഥ്യവല്‍ക്കരിക്കുക എന്നതാണ്‌. 18-ാം ലോക്‌സഭയില്‍ അതിനുള്ള സാഹചര്യങ്ങളും സാധ്യതകളും സൃഷ്‌ടിക്കുന്നതില്‍ ഭരണപക്ഷവും പ്രതിപക്ഷവും തികഞ്ഞ ചുമതലാബോധത്തോടെ പ്രവര്‍ത്തിക്കുന്നതു കാണാന്‍ രാജ്യം പ്രതീക്ഷയോടെ കാത്തിരിക്കുന്നു.

Previous Post

കാരിത്താസില്‍ ബിരുദദാന ചടങ്ങ് നടത്തി

Next Post

പെരിക്കല്ലൂര്‍: താന്നിത്തടത്തില്‍ ഏലിയാമ്മ ജോസഫ്

Total
0
Share
error: Content is protected !!