ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെ എക്സിക്യൂട്ടീവ് അംഗങ്ങള്‍ കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, പി. ആര്.ഒ അഡ്വ. അജി കോയിക്കല്‍ എന്നിവരോടൊപ്പം സീറോമലബാര്‍സഭ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവുമായി മൗണ്ട് സെന്റ് തോമസിലെത്തി കൂടിക്കാഴ്ച നടത്തി. കുരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ ട്രിബ്യൂണല്‍ പ്രസിഡന്റ് ഫാ. ഫ്രാന്‍സിസ് ഇലവത്തുങ്കല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അധിവസിക്കുന്ന ക്നാനായകത്തോലിക്കരുടെമേല് കോട്ടയം അതിരൂപതാദ്ധ്യക്ഷന്‍ അജപാലന അധികാരം ലഭിക്കുന്നതിനായുള്ള അപേക്ഷ മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ കൂടി സാന്നിദ്ധ്യത്തില്‍ പരിശുദ്ധ സിംഹാസനത്തിനു സമര്‍പ്പിക്കുന്നതിനെക്കുറിച്ചും മൗണ്ട് സെന്റ് തോമസില്‍ നിര്‍മ്മിക്കുന്ന ചരിത്ര മ്യൂസിയത്തില്‍ ക്നാനായ ചരിത്രം പൂര്‍ണ്ണമായി ഉള്പ്പെടുത്തുന്നതിനെക്കുറിച്ചുമാണ് പ്രധാനമായും ചര്‍ച്ച നടത്തിയത്. കെ.സി.സി പ്രസിഡന്റ് ബാബു പറമ്പടത്തുമലയിലിന്റെ നേതൃത്വത്തില്‍ ബേബി മുളവേലിപ്പുറം, ജോണ്‍ തെരുവത്ത്, ബിനു ചെങ്ങളം, ഷിജു കൂറാന, ജോസ് കണിയാപറമ്പില്‍ എന്നിവരാണു ചര്‍ച്ചയില്‍ പങ്കെടുത്തത്.