കൊച്ചി: ഇന്ത്യയിലെ സോഫ്റ്റ്‌വെയര്‍ സര്‍വീസ് കമ്പനികളുടെ ദേശീയ കൂട്ടായ്മയായ നാസ്‌കോം ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളജുമായി ധാരണാപത്രം കൈമാറി. ഭാരതസര്‍ക്കാരിന്റെ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയവുമായി ചേര്‍ന്ന് ഫ്യൂച്ചര്‍ സ്‌കില്‍സ് പ്രൈം എന്ന ദേശീയ നൈപുണ്യവികസന പദ്ധതി വിദ്യാര്‍ത്ഥികളിലേക്ക് എത്തിക്കുന്നതിനാണ് ധാരണയായിരിക്കുന്നത്.
ഗൂഗിള്‍ ക്രൗഡ് ജനറേറ്റീസ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, പൈഥന്‍ ബേസിക്‌സ്, റോബോട്ടിക് പ്രോസസ് ഓട്ടോമേഷന്‍ ബിസിനസ് അനലിസ്റ്റ്, പ്രോഗ്രാമിംഗ് ബേസിക് ഫോര്‍ ബ്ലോക്‌ചെയിന്‍ എന്‍ജിനീയേഴ്‌സ്, AWS Cloud മാസ്റ്റര്‍ ക്ലാസ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ബേസിക് കോഴ്‌സ്, ഡേറ്റ സയന്‍സ് ഫോര്‍ ബിഗിനേഴ്‌സ്, ഡേറ്റ പ്രോസസിംഗ് ആന്‍ഡ് വിഷ്വലൈസേഷന്‍, ഡിജിറ്റല്‍ 101 എന്നിങ്ങനെ വ്യത്യസ്ത നിലവാരങ്ങളിലുള്ള കോഴ്‌സുകളിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് വൈദഗ്ധ്യം നേടാനാകും. ബിസിനസ് പ്രോസസ് മാനേജ്‌മെന്റ്, പ്രോഡക്ട് മാനേജ്‌മെന്റ്, ഡിജിറ്റല്‍ എന്‍ജിനീയറിംഗ് എന്നീ മേഖലകളില്‍ ആഗോള ബിസിനസ് സ്ഥാപനങ്ങളുടെയും സാങ്കേതിക വിദഗ്ധരുടെയും സഹകരണത്തോടെ തയ്യാറാക്കുന്ന പാഠ്യപദ്ധതികള്‍ ഉന്നതനിലവാരം പുലര്‍ത്തുന്നവയാണ്.
കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ നടന്ന ചടങ്ങില്‍വച്ച് നാസ്‌കോം സ്ട്രാറ്റജി ആന്‍ഡ് ഓപ്പറേഷന്‍സ് മേധാവി ഡോ. ഉപ്മിത്‌സിംഗ്, പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഊര്‍മിള എന്നിവര്‍ ചേര്‍ന്ന് ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിന്‍സി ജോസഫ്, പ്ലേസ്‌മെന്റ് സെല്‍ ഓഫീസര്‍ സി.എ. കുര്യന്‍ വി. ജോണ്‍ എന്നിവര്‍ക്ക് ധാരണാപത്രം കൈമാറി.