കോട്ടയം: ജൂണ്‍ 5 ലോക പരിസ്ഥിതി ദിനം. പ്രകൃതിയെയും പ്രകൃതിയിലെ വിഭവങ്ങളെയും സംരക്ഷിക്കുവാനും ഭാവിതലമുറയ്ക്കായി കരുതലോടെ ഉപയോഗിക്കുവാനും നമ്മെ പ്രചോദിപ്പിക്കുന്ന ദിനം. പരിസ്ഥിതി സൗഹാര്‍ദ്ദ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുവാന്‍ ആളുകള്‍ക്ക് പ്രചോദനം നല്‍കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ഉദ്ഘാടനം തെള്ളകം ചൈതന്യയില്‍ ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ്ജ് നിര്‍വ്വഹിച്ചു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജോസഫ് അമ്പലക്കുളം ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കോര്‍ഡിനേറ്റര്‍ ബെസ്സി ജോസ് എന്നിവര്‍ പ്രസംഗിച്ചു. ദിനാചരണത്തോടനുബന്ധിച്ച് പരിസ്ഥിതി സംരക്ഷണ ബോധവല്‍ക്കരണ സെമിനാറും പ്രതിജ്ഞയും നടത്തപ്പെട്ടു. സെമിനാറിന് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന് കോട്ടയം ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഷേര്‍ളി സക്കറിയാസ് നേതൃത്വം നല്കി. കൂടാതെ പങ്കെടുത്തവര്‍ക്കായി ഫലവൃക്ഷതൈകളുടെ വിതരണവും ക്രമീകരിച്ചിരുന്നു.