കണ്ണൂര്‍: കോട്ടയം അതിരൂപതയുടെ സാമൂഹിക സേവനവിഭാഗമായ മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിച്ച് വരുന്ന വനിതാസ്വാശ്രയസംഘ അംഗങ്ങള്‍ പ്രകൃതിയുടെ ഇപ്പോഴത്തെ അവസ്ഥ പരിഗണിച്ച് മരങ്ങള്‍ നട്ടും, സ്ഥാപനങ്ങള്‍, നിരത്തുകള്‍ എന്നിവയുടെ പരിസരങ്ങള്‍ ശുചിയാക്കിയും ഇത്തവണത്തെ പരിസ്ഥിതി ദിനാഘോഷം കൊണ്ടാടി. “നമ്മുടെ പരിസരം, നമ്മുടെ ഭാവി, നാം ഒരു വീണ്ടെടുപ്പിന്റെ തലമുറ” എന്ന ആപ്തവാക്യം ഉള്‍ക്കൊണ്ട്കൊണ്ട് മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സ്വാശ്രയസംഘ അംഗങ്ങള്‍ മരുഭൂവത്ക്കരണത്തിനും, വരള്‍ച്ചയ്ക്കും എതിരായ ചെറുത്ത് നില്പിലും, സാക്രമീക രോഗങ്ങള്‍ തടയുന്നതിനും ഞങ്ങളും പങ്കാളികളാകുന്നു എന്ന ലക്ഷ്യത്തോടുകൂടിയാണ് ഈ വര്‍ഷത്തെ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചത്. ദിനാഘോഷത്തിന്റെ ഭാഗമായി മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സെക്രട്ടറി ഫാ. സിബിന് കൂട്ടകല്ലുങ്കല്‍, വിവിധ ജില്ലകളിലെ ബഹു. വൈദികര്‍, സിസ്റ്റേഴ്സ്, ആനിമേറ്റേഴ്സ്, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, സ്വാശ്രയസംഘ ഭാരവാഹികള്‍, സ്വാശ്രയസംഘ അംഗങ്ങള്‍ എന്നിവരുടെ സാന്നിദ്ധ്യം ശ്രദ്ധേയമായിരുന്നു.