വത്തിക്കാന്‍ വാര്‍ത്തകള്‍: പ്രകൃത്യതീത സംഭവങ്ങളുടെ ക്രിസ്തീയ വിലയിരുത്തലും പാരാസൈക്കോളജിയും

കത്തോലിക്കാസഭയില്‍ നടക്കുന്ന ദിവ്യാത്ഭുതങ്ങളുടെ നെല്ലുംപതിരും തിരിച്ചറിയാനുള്ള ചില മാനദണ്ഡങ്ങള്‍ വത്തിക്കാനിലെ വിശ്വാസ പ്രബോധനത്തിനുവേണ്ടിയുള്ള കാര്യാലയം കഴിഞ്ഞ മെയ് 17ന് പ്രീഫക്റ്റ് , അര്‍ജന്റീനിയക്കാരന്‍ കര്‍ദ്ദിനാള്‍ വിക്ടര്‍ മാനുവല്‍ ഫെര്‍ണാണ്ടസ് പുറപ്പെടുവിക്കുകയുണ്ടായി. പ്രകൃത്യതീത പ്രതിഭാസങ്ങളെക്കുറിച്ച് പോള്‍ ആറാമന്‍ മാര്‍പാപ്പ 1978 ല്‍ പ്രസിദ്ധീകരിച്ച ഔദ്യോഗിക പ്രബോധനം പരിഷ്‌ക്കരിച്ചതാണ് ഇത്. പ്രകൃത്യതീതം എന്നറിയപ്പെടുന്ന പ്രതിഭാസങ്ങളെ വിവേചിക്കുന്നതിനുള്ള നടപടിക്രമങ്ങളാണ് ഈ തിരുവെഴുത്തില്‍ വിശദീകരിച്ചിരിക്കുന്നത്. “Norms for proceeding in the Discernment of Alleged supernatural phenomena” എന്നാണ് ഈ ഔദ്യോഗികരേഖയുടെ പേര്.

കത്തോലിക്കാസഭയുടെ ചരിത്രത്തില്‍ ഇത്തരം പ്രതിഭാസങ്ങള്‍ സുലഭമാണ്. ഫ്രാന്‍സിലെ ലൂര്‍ദ്ദ്, പോര്‍ച്ചുഗലിലെ ഫാത്തിമാ, മെക്‌സിക്കോയിലെ ഗ്വാഡലൂപ്പെ അടുത്തകാലത്ത് പ്രസിദ്ധമായ ബോസ്‌നിയയിലെ മെഡ് ഗോര്‍ജ് എന്നിവ ആഗോളസഭയിലെ അനേകം വിശ്വാസികളെ ആകര്‍ഷിക്കുന്ന തീര്‍ത്ഥാടനകേന്ദ്രങ്ങളാണ്. തമിഴ്‌നാട്ടിലെ വേളാങ്കണ്ണി മാതാ പള്ളി നമുക്കും പ്രിയങ്കരമായ സ്ഥലമാണല്ലോ. രോഗശാന്തിയും ഉദ്ദിഷ്ടകാര്യ ലഭ്യതയും ഇവിടേക്ക് ഓടിയെത്താന്‍ വിശ്വാസികളെ പ്രേരിപ്പിക്കുന്നു. പാദ്രേപിയോയുടെ പഞ്ചക്ഷതങ്ങള്‍ പ്രസിദ്ധമാണല്ലോ. രക്തവും കണ്ണീരും തേനും ഒഴുക്കുന്ന തിരുസ്വരൂപങ്ങളും ദിവ്യകാരുണ്യ ദര്‍ശനങ്ങളും കാലികമായെങ്കിലും വിശ്വാസികളെ ആകര്‍ഷിക്കുന്നുണ്ട്. പലര്‍ക്കും അവരെ പ്രാര്‍ത്ഥിപ്പിക്കാനും വിശ്വാസം വര്‍ദ്ധിപ്പിക്കാനും ഇവ  പ്രേരിപ്പിക്കുന്നുണ്ട്.
സാര്‍വത്രികസഭയില്‍ വിശ്വാസികളെ ആകര്‍ഷിക്കുന്ന മരിയന്‍ കേന്ദ്രങ്ങളുടെ പേരെടുത്തു പറയാതെയാണ് ഈ രേഖ തയ്യാറാക്കിയിരിക്കുന്നത്. എന്നാല്‍ പുതിയ പ്രമാണരേഖയില്‍ ചിലയിടങ്ങളില്‍ പെട്ടെന്ന് മുളച്ചു വരുന്ന അസാധാരണ പ്രതിഭാസങ്ങളെ ഗൗരവത്തോടെ കാണണമെന്നും രൂപതാമെത്രാന്‍ നിയമിക്കുന്ന പഠനസമിതി സൂക്ഷ്മ വിശകലനം ചെയ്യണമെന്നും ഈ രേഖ നിര്‍ദ്ദേശിക്കുന്നു. അന്ധവിശ്വാസം വളര്‍ത്തുന്നതിനോ തെറ്റായ വിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്ന എല്ലാറ്റിനേയും തടയിടണമെന്നും ആധികാരികമായിത്തന്നെ ഈ തിരുവെഴുത്ത് മെത്രാന്‍മാരെ ഉദ്‌ബോധിപ്പിക്കുന്നു. ഇത്തരം പ്രകൃത്യാതീത പ്രതിഭാസങ്ങളെക്കുറിച്ച് പഠിക്കാന്‍ രൂപത നിയമിക്കുന്ന കമ്മിറ്റിയില്‍ കാനന്‍ നിയമപണ്ഡിതനും ദൈവശാസ്ത്രജ്ഞനും ഉണ്ടായിരിക്കണം. കൂടാതെ ഈ വിഷയത്തെക്കുറിച്ച് പാണ്ഡിത്യമുള്ള ഒരു വിദഗ്ധനും ഉണ്ടായിരിക്കണം.

ഇത്തരം പാരാനോര്‍മല്‍ പ്രതിഭാസങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്ന ശാസ്ത്രശാഖയാണ് പാരാസൈക്കോളജി. അമേരിക്കയിലെ നോര്‍ത്ത് കരോലീനായിലുള്ള ഡ്യൂക്ക് യൂണിവേഴ്‌സിറ്റിയാണ് പാരാ സൈക്കോളജി പഠനത്തിന്റെ മുഖ്യകേന്ദ്രം. ഡോ. ജെ.ബി റൈന്‍ ആണ് ഇതിന്റെ സ്ഥാപകന്‍. പഞ്ചേന്ദ്രിയങ്ങളുടെ സഹായത്താലാണ് നാം ഈ ലോകത്തെ അറിയുക. എന്നാല്‍ ചിലര്‍ക്കെങ്കിലും ”ആറാമിന്ദ്രിയം” (Sixth sense)) ഉണ്ടെന്നും അവരുടെ അറിവുകളെ E.S.P അഥവ എക്‌സ്ട്രാ സെന്‍സറി പെര്‍സെപ്ഷന്‍ (അതീന്ദ്രീയാനുഭവം) എന്നും വിളിക്കാം. ഇത്തരം പ്രതിഭാസങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നും എന്നാല്‍ അതിന്റെ കാരണം വ്യക്തമല്ലെന്നുമാണ് പാരാസൈക്കോളജിയുടെ അഭിമതം. ടെലിപ്പതി (മനസുകള്‍ തമ്മില്‍ നടത്തുന്ന ആശയപ്രക്ഷേപണം) പ്രീ കൊഗ്നീഷന്‍ (മുന്‍കൂട്ടിയുള്ള അറിവ്) ക്ലയര്‍ വോയന്‍സ് (ദൃഷ്ടിഗോചരമല്ലാത്ത വസ്തുക്കളെ കാണാനുള്ള കഴിവ്) സൈക്കോകിനേസിസ് (മനസ്സിന്റെ ശക്തികൊണ്ടു വസ്തുക്കള്‍ ചലിപ്പിക്കുക) എന്നീ നാലു പ്രതിഭാസങ്ങളും ഉണ്ടെന്നും ഇവയ്ക്ക് കൃത്യമായ വിശദീകരണം കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും പാരാസൈക്കോളജിക്കാര്‍ സമ്മതിക്കുന്നു.
മലയാറ്റൂര്‍ രാമകൃഷ്ണന്റെ ”ആറാം വിരല്‍” എന്ന നോവലും ഭദ്രന്റെ അയ്യര്‍ ദ് ഗ്രേറ്റ്” എന്ന സിനിമയും ഹോളിവുഡിലെ തമിഴ്‌സിനിമ ഡയറക്ടര്‍ നൈറ്റ് ശ്യാമളന്റെ ‘സിക്‌സ്ത്ത് സെന്‍സ്” എന്ന സിനിമയും ഇത്തരം പ്രതിഭാസങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. നമ്മുടെ കൊച്ചു കേരളത്തിലും അന്ധവിശ്വാസ ആചാരങ്ങളും ആഭിചാര കൊലകളും ഇടയ്ക്കിടയ്ക്ക് പത്രങ്ങളില്‍ നിറഞ്ഞു നില്ക്കുന്നുണ്ടല്ലൊ. വ്യക്തികള്‍ക്കുണ്ടാകുന്ന സ്വകാര്യ വെളിപാടുകള്‍ ഒരു വിശ്വാസിയും തങ്ങളുടെ വിശ്വാസ ബോധ്യങ്ങളാക്കേണ്ടതില്ല. അത്ഭുതങ്ങളുടേയും അടയാളങ്ങളുടേയും പുറകെ പോയി യഥാര്‍ത്ഥവിശ്വാസത്തെ വികലമാക്കുന്നതിനെ കടിഞ്ഞാണിടാനാണ് വത്തിക്കാന്‍ പ്രബോധനം ശ്രമിക്കുന്നത്. ഒപ്പം രക്ഷയ്ക്കാവശ്യമായ വിശ്വാസസത്യങ്ങള്‍ ഈശോയിലൂടെ സംലഭ്യമാണെന്ന് ഈ തിരവെഴുത്ത് സാക്ഷ്യപ്പെടുത്തുന്നു.

ഇത്തരം പ്രകൃത്യതീത പ്രതിഭാസങ്ങളെ ആറു ഘട്ടങ്ങളിലുള്ള വിലയിരുത്തല്‍ നടത്തേണ്ടതുണ്ട്. ഇവയെല്ലാം പരിശുദ്ധ പിതാവിന് സമര്‍പ്പിക്കേണ്ടതുമാണ്. രൂപത ബിഷപ്പിന് ഇത്തരം പ്രതിഭാസങ്ങളെ സംബന്ധിച്ച് അന്തിമ വിധി നല്‍കാനാവില്ല. ഇതിന്റെ ആധികാരികത വിശ്വാസ കാര്യാലയം വഴി മാര്‍പാപ്പയാണ് തീരുമാനിക്കുക. അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ദുരുദ്ദേശത്തിനും സാമ്പത്തികലാഭത്തിനും വേണ്ടി പ്രകൃത്യതീത പ്രതിഭാസങ്ങളെ പിന്തുണയ്ക്കാന്‍ പാടില്ല. ഇവയില്‍നിന്നും ലഭ്യമാകുന്ന ആത്മീയഫലങ്ങള്‍ സഭാപഠനങ്ങള്‍ക്കും വിശ്വാസ ജീവിതത്തിനും അനുയോജ്യമാണെന്ന് രൂപതാമെത്രാന്മാര്‍ വിലയിരുത്തേണ്ടതുണ്ട്.
ദൈവത്തിന് നല്‍കേണ്ട ആരാധന അതര്‍ഹിക്കാത്ത സൃഷ്ടിക്ക് നല്‍കുന്നത് തെറ്റെന്നാണ് സെന്റ് തോമസ് അക്വീനാസ് പഠിപ്പിക്കുന്നത്. ഭൗതിക ജീവിതത്തിലെ പ്രശ്‌നങ്ങളില്‍ നിന്ന് കുറുക്കുവഴികളിലൂടെ മോചനം അന്വേഷിച്ച് പോകാതെ ദൈവത്തിലും തന്റെ പുത്രനിലും പ്രത്യാശവച്ച് സാമാന്യബുദ്ധിയുടെ ഉള്‍ക്കണ്ണുകള്‍ തുറന്ന്  മനുഷ്യമഹത്വത്തെ ആദരിച്ച്  ജീവിക്കാന്‍ ഈ മാര്‍ഗരേഖ നമ്മെ സഹായിക്കും. സംശയമില്ല.

 റവ. ഡോ. തോമസ് കോട്ടൂര്‍

 

Previous Post

കാപ്പിസെറ്റ്: കുറ്റിയാംകോണത്ത് മേരി

Next Post

വിശ്വാസ പരിശീലനം: പ്രവേശനോത്സവം നടത്തി

Total
0
Share
error: Content is protected !!