കോട്ടയം: ഈ പുതിയ അധ്യയന വര്‍ഷത്തില്‍ അറിവിന്റെ ആദ്യാക്ഷരങ്ങള്‍ കുറിക്കാന്‍ നേഴ്സറിയിലേക്കും ഒന്നാം ക്ലാസിലേക്കും പ്രവേശിക്കുന്ന കാരിത്താസ് ഹോസ്പിറ്റലിലെ ജീവനക്കാരുടെ കുഞ്ഞോമനകള്‍ക്കായി കാരിത്താസ് സ്റ്റാഫ് വെല്‍ഫെയര്‍, ജൂനിയര്‍ കാരിത്താസിയന്‍സ് ഡേ 2024 ഉം പ്ലസ് ടുവില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദനവും സംഘടിപ്പിച്ചു. 6 പതിറ്റാണ്ടായി കോട്ടയംകാരുടെ ആരോഗ്യ ജീവിതത്തിന്റെ ജീവനാഡിയായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ കാരിത്താസ് ഹോസ്പിറ്റല്‍ അതിന്റെ പുതിയ നാള്‍വഴികളിലേക്കുള്ള ചുവടുവെപ്പിലാണ് .
നഴ്‌സിംഗ് കോളേജ് ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന പരിപാടിയില്‍ കാരിത്താസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ റവ ഫാ.ഡോ. ബിനു കുന്നത്ത് അധ്യക്ഷത വഹിക്കുകയും ഫാ.ഡോ .തോമസ് പുതിയകുന്നേല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും ചെയ്തു. കാരിത്താസ് ഹോസ്പിറ്റല്‍ പീഡിയാട്രിക് വിഭാഗം സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ. സുനു ജോണ്‍ പരിപാടിയില്‍ ക്ലാസ് നയിച്ചു. ഈ വര്‍ഷം ആദ്യാക്ഷരം കുറിക്കുന്ന 500 ഓളം കുഞ്ഞോമനകള്‍ക്ക് , ബാഗ്, വാട്ടര്‍ ബോട്ടില്‍, കളര്‍ പുസ്തകവും തുടങ്ങിയവയുടെ വിതരണവും നടത്തി. പ്ലസ് ടു വില്‍ ഉന്നതവിജയം നേടിയ 20 ഓളം വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിക്കുകയും ചെയ്തു. കാരിത്താസിന്റെയും നമ്മുടെ നാടിന്റെ തന്നെയും ഭാവിവാഗ്ദാനങ്ങള്‍ ആണ് ഈ കുഞ്ഞുങ്ങളെന്നും ഇവര്‍ നമ്മുക്ക് പോലും മാതൃകയാവുന്ന തരത്തില്‍ വളരട്ടെയെന്നും അധ്യക്ഷ പ്രസംഗത്തില്‍ കാരിത്താസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ റവ. ഫാ. ഡോ. ബിനു കുന്നത്ത് ആശംസിക്കുകയും ചെയ്തു. ഏകദേശം മൂവായിരത്തോളം പേര്‍ ജോലി ചെയ്യുന്ന കേരളത്തിലെ തന്നെ ഏറ്റവും വലിയ ആതുരസേവന കേന്ദ്രങ്ങളില്‍ ഒന്നായ കാരിത്താസ് ഹോസ്പിറ്റല്‍ തങ്ങളുടെ സേവന പ്രവര്‍ത്തനങ്ങളുടെ അടിത്തറയായി പ്രവര്‍ത്തിക്കുന്ന ജീവനക്കാരുടെയും അവരുടെ കുടുംബത്തിനും ആദരമായാണ് ആശുപത്രി കഴിഞ്ഞ 5 വര്ഷങ്ങളായി ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നത് .
കുഞ്ഞുങ്ങളുടെയും വിദ്യാര്‍ത്ഥികളുടെയും പങ്കാളിത്തം കൊണ്ടും കലാ പരിപാടികള്‍ കൊണ്ടും സദസ്സ് നിറഞ്ഞു നിന്നു