സ്‌ത്രീവിരുദ്ധത രാഷ്‌ട്രീയത്തിലും അപലപനീയം

സ്‌ത്രീകളോടു മാന്യമായി പെരുമാറുന്ന ഒരു സംസ്‌ക്കാരത്തിന്റെ തോതനുസരിച്ചാണ്‌ ഒരു സമൂഹത്തെ പരിഷ്‌കൃത സമൂഹമെന്നും സംസ്‌ക്കാരസമ്പന്നരെന്നും വിശേഷിപ്പിക്കാനാവുക. വാക്കിലും നോക്കിലും പ്രവര്‍ത്തിയിലും സ്‌ത്രീകളോടു മാന്യമായി പെരുമാറാന്‍ നാം പഠിക്കാത്തിടത്തോളം കാലം നാം അപരിഷ്‌കൃതരായി മുദ്രകുത്തപ്പെടും. സാംസ്‌ക്കാരിക രംഗത്തും സാമൂഹ്യരംഗത്തും രാഷ്‌ട്രീയ രംഗത്തും സേവന – ഉദ്യോഗസ്ഥ മേഖലകളിലുമൊന്നും സ്‌ത്രീക്ക്‌ അര്‍ഹമായ തുല്യ പരിഗണന ലഭിക്കുന്നില്ലെന്നു മാത്രമല്ല പലതരത്തിലും അവരെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ പുരുഷന്മാരില്‍ നിന്ന്‌, രാഷ്‌ട്രീയ പ്രവര്‍ത്തകരില്‍ നിന്നു മാത്രമല്ല രാഷ്‌ട്രീയ നേതാക്കളില്‍ നിന്നും, ഉണ്ടാകുന്നത്‌ അങ്ങേയറ്റം അപലപനീയവും പ്രതിഷേധാര്‍ഹവുമാണ്‌. തഴങ്ങി വന്ന വായ്‌മൊഴി വഴക്കമെന്ന പേരു പറഞ്ഞ്‌ ഇപ്രകാരം അധമ ഭാഷണം നടത്തുന്നവരും അവരെ പിന്തുണയ്‌ക്കുന്ന രാഷ്‌ട്രീയ പാര്‍ട്ടികളും ഇപ്രകാരമുള്ള സംസ്‌ക്കാര ശൂന്യമായ ഭാഷാപ്രയോഗത്തെ ന്യായീകരിച്ചും കണ്ടിട്ടുണ്ട്‌. വി. ബൈബിള്‍ പറയുന്നതു മറക്കാതിരിക്കുക. “ഹൃദയത്തിന്റെ തികവില്‍ നിന്നാണ്‌ അധരം സംസാരിക്കുന്നത്‌.” ഒരുവന്റെ മനസിലുള്ളത്‌, ഹൃദയത്തിലുള്ളത്‌ അതാണ്‌ വാക്കുകളിലൂടെ, അധരത്തിലൂടെ പുറത്തു വരുന്നത്‌. അതുകൊണ്ടുതന്നെ ഒരുവന്‍ ഉപയോഗിക്കുന്ന വാക്കുകളില്‍ നിന്നും അവന്റെ സംസാരശൈലിയില്‍ നിന്നും അവന്റെ ഭാഷാപ്രയോഗത്തില്‍ നിന്നുമൊക്കെ പ്രകാശിതമാകുന്നത്‌ അവന്റെ വ്യക്തിത്വമാണെന്നു മറക്കരുത്‌.
കേരളത്തില്‍ സ്‌ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള ഏറ്റവും ക്രൂരവും നിന്ദ്യവുമായ പദപ്രയോഗം അടുത്തകാലത്ത്‌ ഉണ്ടായത്‌ വടകരയിലെ യു.ഡി.എഫ്‌ യോഗത്തില്‍ ആര്‍.എം.പി. നേതാവ്‌ എസ്‌. ഹരിഹരനില്‍ നിന്നാണ്‌. വടകരയിലെ യു.ഡി.എഫ്‌ യോഗത്തില്‍, ആ ലോകസഭ മണ്ഡലത്തില്‍ എല്‍.ഡി.എഫ്‌ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ. കെ. ശൈലജ ടീച്ചറിനെതിരെയാണ്‌ അപരിഷ്‌കൃതവും സംസ്‌ക്കാരശൂന്യവും പ്രതിപാദനയോഗ്യമല്ലാത്തതുമായ പരാമര്‍ശം ഉണ്ടായത്‌. അതു തികച്ചും നിരുത്തരവാദിത്വപരവും അപലപനീയവും തിരുത്തപ്പെടേണ്ടതുമാണ്‌. ഇത്തരത്തിലുള്ള സ്‌ത്രീ വിരുദ്ധമായ പരാമര്‍ശങ്ങള്‍ കേരളത്തില്‍ ആദ്യമായല്ല എന്നു പറഞ്ഞ്‌ ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നു ബന്ധപ്പെട്ടവര്‍ക്കു മാറി നില്‌ക്കാനാവില്ല. ഇടുക്കിയിലെ വനിതാ പോരാട്ട സംഘടനയായ “പെമ്പിളൈ ഒരുമ”ക്കെതിരെയും നിയമസഭയില്‍ കെ. കെ. രമക്കെതിരെയും ഇടുക്കിയില്‍ നിന്നുള്ള ഒരു പ്രമുഖ നേതാവ്‌ അധിഷേപകരമായ പരാമര്‍ശം നടത്തിയിട്ടുണ്ട്‌. 2019 ലെ പൊതു തെരഞ്ഞെടുപ്പില്‍ അന്നത്തെ ആലത്തൂര്‍ മണ്ഡലത്തിലെ യു.ഡി.എഫ്‌ സ്ഥാനാര്‍ത്ഥിക്കെതിരെ അന്നത്തെ എല്‍.ഡി.എഫ്‌ കണ്‍വീനര്‍ എ. വിജയ രാഘവന്‍ നടത്തിയ പരാമര്‍ശവും വിവാദമായി. ആ വിഷയത്തില്‍ വിജയ രാഘവനെ തെരഞ്ഞെടുപ്പു കമ്മീഷന്‍ താക്കീതു ചെയ്‌തു. കെ. കെ. രമക്കെതിരെ എം. എം. മണി നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ അദ്ദേഹത്തിനു പാര്‍ട്ടിയുടെ ശാസന ഏറ്റുവാങ്ങേണ്ടി വന്നു. കെ.കെ. ശൈലജക്കെതിരെ എസ്‌. ഹരിഹരന്‍ നടത്തിയ പരാമര്‍ശത്തെ കെ. കെ. രമയും വി.ഡി സതീശനുമടക്കമുള്ള യു.ഡി.എഫ്‌ നേതാക്കള്‍ തള്ളി പറഞ്ഞതു സ്വാഗതാര്‍ഹമാണ്‌. ഇത്തരത്തിലുള്ള സ്‌ത്രീ വിരുദ്ധമായ വ്യക്തിഹത്യയും അധമഭാഷണവും ആവര്‍ത്തിക്കാതിരിക്കാനുള്ള മാര്‍ഗനിര്‍ദ്ദേശവും മുന്‍കരുതലുകളും എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളും സ്വീകരിക്കണം. കളവ്‌ ആവര്‍ത്തിച്ചു പറഞ്ഞ്‌ കളവിനു നേരിന്റെ പരിവേഷം നല്‌കുന്ന നേരിനെ കളവാക്കി ചിത്രീകരിക്കുന്ന രീതി നമ്മുടെ രാഷ്‌ട്രീയ രംഗത്ത്‌ നടക്കുന്ന അനാശാസ്യ പ്രവണതയാണ്‌. വര്‍ഗീയ വിദ്വേഷവും ജാതി സ്‌പര്‍ദ്ധയും ആയുധമാക്കി വോട്ട്‌ നേടാന്‍ ആഗ്രഹിക്കുന്ന രാഷ്‌ട്രീയ പാര്‍ട്ടികള്‍ അവര്‍ സൃഷ്‌ടിക്കുന്ന മുറിവു അങ്ങേയറ്റം ആഴത്തിലുള്ളതും ഉണങ്ങാന്‍ പ്രയാസമുള്ളതുമാണ്‌ എന്ന കാര്യം വിസ്‌മരിക്കുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും പ്രചാരണ തന്ത്രങ്ങളും മാന്യമായിരിക്കണമെന്ന്‌ അപ്‌നാദേശ്‌ നേരത്തെ തന്നെ മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാണിച്ചത്‌ ഒരിക്കല്‍കൂടി ആവര്‍ത്തിക്കുന്നു. തെരഞ്ഞെടുപ്പു രംഗത്തുമാത്രമല്ല രാഷ്‌ട്രീയ പ്രവര്‍ത്തനത്തിലെ എല്ലാ അംശങ്ങളിലും മാന്യതയുടെയും സഭ്യതയുടെയും പരസ്‌പര ബഹുമാനത്തിന്റെയും അതിര്‍വരമ്പുകള്‍ ലംഘിക്കാന്‍ ഇടവരരുത്‌. രാഷ്‌ട്രീയ പാര്‍ട്ടികള്‍ തങ്ങളുടെ ആശയ വ്യക്തത കൊണ്ടും നയസമീപനങ്ങള്‍ കൊണ്ടുമായിരിക്കണം വോട്ടര്‍മാരെ സ്വാധീനിക്കേണ്ടത്‌. എല്ലാ രംഗത്തും സ്‌ത്രീയുടെ മാന്യത സംരക്ഷിക്കപ്പെടണം, അംഗീകരിക്കപ്പെടണം. സുപ്രീംകോടതി ഈ അടുത്ത നാളില്‍ പുറപ്പെടുവിച്ച വിധിന്യായത്തില്‍ എടുത്തു പറഞ്ഞത്‌ “സമൂഹത്തിലെ എല്ലാ തുറകളിലും സ്‌ത്രീകള്‍ക്കും തുല്യ പങ്കാളിത്തമുണ്ടാവുകയെന്നതു തുല്യ ജീവിതത്തിന്റെ ഒഴിച്ചു കൂടാനാവാത്ത വശമാണ്‌” എന്നാണ്‌. എന്നാല്‍ നമ്മുടെ രാജ്യത്തു രാഷ്‌ട്രീയത്തിലും ഭരണത്തിലും ഉദ്യോഗത്തിലുമടക്കം തുല്യ പങ്കാളിത്തമാര്‍ജ്ജിക്കുവാന്‍ സ്‌ത്രീകള്‍ക്ക്‌ ഇനിയും പൂര്‍ണ്ണമായി കഴിഞ്ഞിട്ടില്ല. ഒരുപക്ഷേ പഞ്ചായത്ത്‌ രാജ്‌ സംവിധാനത്തിലൂടെ സ്‌ത്രീ ശാക്തീകരണത്തില്‍ ഒരു പരിധിവരെ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കുകയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്‌ത്രീകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്‌ ഉണ്ടാവുകയും ചെയ്‌തിട്ടുണ്ടെങ്കിലും അത്‌ ആനുപാതിക പങ്കാളിത്തത്തിന്റെ പരിധിയില്‍ എത്തിയിട്ടില്ല. സ്‌ത്രീകളോടുള്ള അസഹിഷ്‌ണുത രാഷ്‌ട്രീയ രംഗത്തും ഭരണ രംഗത്തും ഉണ്ടായിക്കൂടാ. നമ്മുടെ പ്രവര്‍ത്തന മണ്ഡലങ്ങളിലും അധികാര കേന്ദ്രങ്ങളിലും സ്‌ത്രീകള്‍ക്കു ഉചിതമായ പങ്കാളിത്തം ഉണ്ടാകുന്നതോടൊപ്പം അവരുടെ അന്തസും ശ്രേഷ്‌ഠതയും പരിരക്ഷിക്കപ്പെടുകയും ചെയ്യണം. അതിനെതിരെയുള്ള എല്ലാ നീക്കങ്ങളെയും രാഷ്‌ട്രീയ പാര്‍ട്ടികളും പൊതുസമൂഹവും ഒന്നിച്ചു നിന്ന്‌ ചെറുക്കണം.

Previous Post

ചുള്ളിക്കര: ചേരുവേലില്‍ സി.പി.ജോസഫ്

Next Post

കെ സി സി ഭാരവാഹികള്‍ പഞ്ചാബ് മിഷന്‍ മേഖല സന്ദര്‍ശിച്ചു

Total
0
Share
error: Content is protected !!