ചിക്കാഗോ സെന്റ് മേരീസില്‍ ഓശാനതിരുനാളോടെ വിശുദ്ധവാരത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ ഭക്തിനിര്‍ഭരമായ ഓശാന ആചാരണത്തോടെ വിശുദ്ധവാരത്തിന് തുടക്കം കുറിച്ചു. വികാരി. ഫാ. സിജു മുടക്കോടിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടത്തപ്പെട്ട ഓശാന ആചരണത്തിന്റെ ഭാഗമായി സെന്റ് മേരീസ് ഇടവകയില്‍ മൂന്നു കുര്‍ബ്ബാനകളിലും കുരുത്തോല വിതരണം നടത്തപ്പെട്ടു. ക്രിസ്തുവിന്റെ ആഘോഷപൂര്‍വ്വമായ ജറുസലേം പ്രവേശനത്തിന്റെ ഭാഗമായി പ്രദിക്ഷണവും ആഘോഷപൂര്‍വ്വമായ ദിവ്യബലിയും ഓശാന ആചാരണത്തെ ധന്യമാക്കി. അസിസ്റ്റന്റ് വികാരി ഫാ. ജോഷി വലിയവീട്ടില്‍ സന്ദേശം നല്‍കി. പാരിഷ് സെക്രട്ടറി സിസ്റ്റര്‍ സില്‍വേരിയസിന്റെ നേതൃത്വത്തിലുള്ള വിസിറ്റേഷന്‍ സന്യാസ സമൂഹാംഗങ്ങള്‍ കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയില്‍, ജോര്‍ജ്ജ് മറ്റത്തില്‍പ്പറമ്പില്‍, ലൂക്കോസ് പൂഴിക്കുന്നേല്‍, നിബിന്‍ വെട്ടിക്കാട്ടില്‍ എന്നിവരോടൊപ്പം ഓശാനയാചരണത്തിന് നേതൃത്വം നല്‍കി.

വിശുദ്ധ വാരത്തിന്റെ ഭാഗമായി ബുധനാഴ്ച (മാര്‍ച്ച് 27) ഉച്ചകഴിഞ്ഞ് 1 മണി മുതല്‍ വൈകിട്ട് 7 മണിവരെ കുമ്പസാരവും, മാര്‍ച്ച് 28 വ്യാഴാഴ്ച വൈകിട്ട് 6.30 മുതല്‍ കാല്‍കഴുകല്‍ ശുശ്രൂഷയടക്കമുള്ള പെസഹാ തിരുക്കര്‍മ്മങ്ങളും നടത്തപ്പെടും. ദുഃഖവെള്ളിയാഴ്ച (മാര്‍ച്ച് 29) വൈകിട്ട് യുവതീ യുവാക്കള്‍ക്കായി അഞ്ചു മണിമുതല്‍ ഇംഗ്‌ളീഷില്‍ പീഡാനുഭവശുശ്രൂഷകള്‍ നടത്തപ്പെടും. വൈകിട്ട് 7 മണിക്കാണ് മലയാളത്തിലുള്ള പീഡാനുഭവ ശുശ്രൂഷകള്‍. മാര്‍ച്ച് 31 ന് വൈകിട്ട് 5 മണിക്ക് ഇഗ്‌ളീഷില്‍ യുവതീ യുവാക്കള്‍ക്കായി ഈസ്റ്റര്‍ വിജില്‍ പ്രത്യേകമായി നടത്തപ്പെടും. തുടര്‍ന്ന് 7 മണിക്കാണ് മലയാളത്തിലുള്ള ഈസ്റ്റര്‍ തിരുക്കര്‍മ്മങ്ങള്‍ നടത്തപ്പെടുക. ഏപ്രില്‍ 1 ഈസ്റ്റര്‍ ഞായറാഴ്ച രാവിലെ 10 മണിക്ക് കുര്‍ബ്ബാന ഉണ്ടായിരിക്കുമെന്നും അതെ ദിവസം വൈകിട്ട് സാധാരണ ഞായറാഴ്ചകളില്‍ നടത്തപെടാറുള്ള കുര്‍ബ്ബാന ഉണ്ടായിരിക്കുന്നതല്ല എന്നും ഇടവക വികാരി ഫാ. സിജു മുടക്കോടില്‍ അറിയിച്ചു. ഒരുക്കത്തോടെയും ഭക്തിയോടെയും വിശുദ്ധവാരകര്‍മ്മങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും ക്ഷണിക്കുന്നതായി ഇടവകയ്ക്ക് വേണ്ടി ഫാ. സിജു മുടക്കോടില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: അനില്‍ മറ്റത്തിക്കുന്നേല്‍

 

Previous Post

നോമ്പില്‍ കരുതലായി ക്‌നാനായ യുവജന കൂട്ടായ്മ

Next Post

മിഷന്‍ ലീഗ് ക്നാനായ റീജിയന് പുതിയ നേതൃത്വം

Total
0
Share
error: Content is protected !!