കോട്ടയം: സംരക്ഷിത വനപ്രദേശങ്ങള്‍ കൂടുതലുള്ള കേരളത്തിലെ വയനാട്, പാലക്കാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിലും ഇതര മലയോര മേഖലകളിലും ഈ അടുത്തകാലത്തായി വന്യമൃഗങ്ങള്‍ ഒറ്റയ്ക്കും കൂട്ടമായും നാട്ടിലിറങ്ങി മനുഷ്യര്‍ക്കും വസ്തുവകകള്‍ക്കും നാശം വരുത്തുന്നത് ഒരു തുടര്‍ക്കഥ ആയിരിക്കുകയാണ്. പ്രത്യേകിച്ച് വയനാട്ടിലെ വന്യജീവി ആക്രമണങ്ങള്‍ ഏറെ ആശങ്ക ഉയര്‍ത്തുന്നതാണ്. നാട്ടിലിറങ്ങുന്ന കാട്ടു മൃഗങ്ങളെ നിയന്ത്രിക്കാനും ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കാട്ടുന്ന നിസ്സംഗതയും നടപടിയില്ലായ്മയും വേദനയുളവാക്കുന്നതും പ്രതിഷേധാര്‍ഹവുമാണെന്ന് ജാഗ്രതാ സമിതി വിലയിരുത്തുന്നു.
വനവും വന്യമൃഗങ്ങളും സംരക്ഷിക്കപ്പെടണമെന്നതില്‍ തര്‍ക്കമില്ല. ഒരു പ്രദേശത്തിന്റെ ജൈവ സന്തുലനാവസ്ഥയ്ക്ക് അത് അത്യാവശ്യവുമാണ്. എന്നാല്‍ മനുഷ്യജീവന്റെ നിലനില്പിനു ഭീഷണിയായി വരുന്ന നിയമങ്ങള്‍ മാറ്റിയെഴുതപ്പെടേണ്ടതാണെന്നും ജനനന്മ ലക്ഷ്യംവച്ചുള്ള നിയമനിര്‍മ്മാണങ്ങളും സത്വരനടപടികളും ഇക്കാര്യത്തില്‍ ഉണ്ടാകണമെന്നും കോട്ടയം അതിരൂപതാ ജാഗ്രതാ സമിതി ആവശ്യപ്പെടുന്നു.