ജനാധിപത്യത്തിന്റെ സൗന്ദര്യം നഷ്‌ടപ്പെടുത്തരുത്‌

ലോകത്തു ഇന്നുവരെ കണ്ടുപിടിക്കപ്പെട്ടിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും നല്ല ഭരണരീതിയെന്നു പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നത്‌ ജനാധിപത്യ വ്യവസ്ഥിതിയാണ്‌. ജനാധിപത്യ വ്യവസ്ഥിതിയില്‍ കുറവുകള്‍ ഏതുമില്ലാത്തതുകൊണ്ടല്ല പ്രത്യുത മറ്റു ഭരണവ്യവസ്ഥിതികളെ അപേക്ഷിച്ചു താരതമ്യേന കുറച്ചു കുറവുകള്‍ ഉള്ളതുകൊണ്ടാണ്‌ ജനാധിപത്യ വ്യവസ്ഥിതിയോടു ലോകത്താകമാനം പ്രിയം ഏറുന്നത്‌. സ്വാതന്ത്ര്യലബ്‌ധി മുതല്‍ കൃത്യമായി പറഞ്ഞാല്‍ നമ്മുടെ രാജ്യം റിപ്പബ്‌ളിക്‌ ആയതു മുതല്‍ നാം പിന്തുടരുന്ന ഭരണരീതി ജനാധിപത്യ ഭരണരീതിയാണ്‌. ജനങ്ങള്‍ക്കു വേണ്ടി ജനങ്ങള്‍ തന്നെ ജനങ്ങളെ തിരഞ്ഞെടുക്കുന്ന വ്യവസ്ഥിതിയാണത്‌. അവിടെ പിന്തുടരുന്നതും സാക്ഷാത്‌കരിക്കപ്പെടുന്നതും ജനങ്ങളുടെ ഇച്ഛയാണെന്നാണ്‌ വിവക്ഷിക്കപ്പെടുന്നത്‌. ജനാധിപത്യത്തിലെ സൗന്ദര്യമെന്നു പറയുന്നത്‌ അവിടെ ഭൂരിപക്ഷം നേടി ഭരണത്തിലേറുന്നവരുടെയും ഭൂരിപക്ഷം കിട്ടാതെ പ്രതിപക്ഷത്തിരിക്കുവരുടെയും താല്‌പര്യങ്ങള്‍ സംരക്ഷിക്കപ്പെടാനും അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനും ഉചിതമായ വേദികളും അര്‍ഹമായ സാഹചര്യങ്ങളും ഉണ്ടെന്നുള്ളതാണ്‌. എന്നാല്‍ ചിലപ്പോഴൊക്കെ മൃഗീയ ഭൂരിപക്ഷം ലഭിക്കുന്ന സര്‍ക്കാരുകള്‍, പ്രതിപക്ഷത്തിന്റെ സ്വരത്തിനു ചെവി കൊടുക്കാതെ അര്‍ഹമായ പരിഗണന നല്‍കാതെ ജനാധിപത്യത്തിന്റെ സൗന്ദര്യം കെടുത്തി കളയുന്നതായി ആരോപണം ഉയരാറുണ്ട്‌. ഇന്ത്യയുടെ പാര്‍ലമെന്റിനെക്കുറിച്ചും ഇത്തരത്തിലുള്ള ആരോപണം ഉന്നയിക്കപ്പെടുന്നുണ്ട്‌. ഇന്ത്യയിലെ 146 എം.പി മാരെയാണ്‌ കഴിഞ്ഞ പാര്‍ലമെന്റ്‌ സമ്മേളനത്തില്‍ ലോക്‌സഭയിലും രാജ്യസഭയിലുമായി സസ്‌പെന്‍ഡു ചെയ്‌തത്‌. പാര്‍ലമെന്റിലുണ്ടായ പുകബോംബു ഭീഷണിയില്‍ അന്വേഷണം ആവശ്യപ്പെടുന്നതുമായി ബന്ധപ്പെട്ട ഒച്ചപ്പാടിനെയും ബഹളത്തെയും തുടര്‍ന്നാണ്‌ ഇപ്രകാരമുള്ള സസ്‌പെന്‍ഷന്‍ ഉണ്ടായത്‌. പാര്‍ലമെന്റിലുണ്ടായ പുകബോംബു ഭീഷണി രാഷ്‌ട്രീയവല്‍ക്കരിക്കരുത്‌ എന്ന സര്‍ക്കാര്‍ നിലപാടു പ്രസക്തമാണ്‌. സര്‍ക്കാര്‍ ആ നിലപാടില്‍ ഊന്നി നില്‌ക്കുമ്പോഴും പ്രതിപക്ഷത്തിന്റെ താല്‌പര്യങ്ങളെയും അവകാശങ്ങളെയും അപ്പാടെ നിരാകരിക്കരുത്‌. പ്രസക്തമായ വിഷയങ്ങളെക്കുറിച്ചു ചോദ്യംചോദിക്കാനും ചര്‍ച്ചകള്‍ ആവശ്യപ്പെടാനും പ്രതിപക്ഷത്തിനു അവകാശമുണ്ടെന്നു മാത്രമല്ല ചുമതലയുമുണ്ട്‌. ഇങ്ങനെയുള്ള ചുമതലകള്‍ നിര്‍വഹിക്കപ്പെടുമ്പോഴും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമ്പോഴുമാണ്‌ നമ്മുടെ ജനാധിപത്യത്തിന്റെ സൗന്ദര്യം സംരക്ഷിക്കപ്പെടുക.
കേരളത്തില്‍ ജനകീയ സര്‍ക്കാര്‍ ജനങ്ങളിലേക്ക്‌ എന്ന മുദ്രാവാക്യവുമായി മന്ത്രിമാര്‍ എല്ലാവരും കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലൂടെയും നടത്തിയ നവകേരള യാത്ര അവസാനിച്ചു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനായി സംഘടിപ്പിക്കപ്പെട്ട നവകേരള സദസില്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ എത്രത്തോളം കേട്ടു, പരിഹരിച്ചു എന്നതു കേരള ജനത വിലയിരുത്തും. രാജ്യത്തെ 540 പാര്‍ലമെന്റേറിയരില്‍ ഒരാളായ ജനപ്രതിനിധി പാലായില്‍ വെച്ചു റബര്‍ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചതിനോടു അങ്ങേയറ്റം അവമതിപ്പോടെയാണ്‌ ഭരണ നേതൃത്വം പ്രതികരിച്ചത്‌. 140 കോടി ഇന്ത്യക്കാരെ പ്രതിനിധാനം ചെയ്യുന്ന 540 എം.പി മാരില്‍ ഒരാള്‍, ഭൂരിപക്ഷം റബര്‍ കര്‍ഷകര്‍ അധിവസിക്കുന്ന ഒരു മണ്ഡലത്തിന്റെ പ്രതിനിധി എന്ന നിലയില്‍ ആശങ്കകള്‍ പങ്കുവയ്‌ക്കുകയും ആവശ്യങ്ങള്‍ ഉണര്‍ത്തിക്കുകയും ചെയ്യുന്നതില്‍ എന്താണ്‌ തെറ്റ്‌. ഇങ്ങനെയുള്ള ആവശ്യങ്ങള്‍ ഉണര്‍ത്തിക്കാന്‍ ഒരു പാര്‍ലമെന്റേറിയനു കഴിയില്ലെങ്കില്‍ അവകാശമില്ലെങ്കില്‍ പിന്നെ സാധാരണ ജനങ്ങള്‍ക്കു ഇതിനുള്ള അവകാശം എത്രത്തോളം ഉണ്ടാകുമെന്നു ഊഹിക്കാവുന്നതേയുള്ളൂ. തങ്ങള്‍ക്കിഷ്‌ടമുള്ളതു മാത്രം പറയാന്‍ അനുവദിക്കുക; തങ്ങള്‍ക്കു കേള്‍ക്കാന്‍ ഇഷ്‌ടമില്ലാത്തതു സംസാരിക്കാനുള്ള അവകാശം നിക്ഷേധിക്കുക ഇതൊന്നും ജനാധിപത്യ കേരളത്തിനു ഭൂഷണമല്ല. നവകേരള സദസിനോടു അനുബന്ധിച്ച യാത്രയില്‍ മന്ത്രിമാരെ കരിങ്കൊടി കാണിച്ചതിനു മുഖ്യമന്ത്രിയുടെ ഗണ്‍മാണ്‍ ഉള്‍പ്പെടെയുള്ളവര്‍ ക്രൂരമായി ആക്രമിച്ചതിനെതിരെ രൂക്ഷമായ ആക്ഷേപമാണ്‌ ഉന്നയിക്കപ്പെട്ടിരിക്കുന്നത്‌. കരിങ്കൊടി സമരം ജനാധിപത്യ പ്രതിക്ഷേധത്തിന്റെ ഭാഗമാണെന്നാണ്‌ ഇടതുപക്ഷവും വലതുപക്ഷവും പ്രതിപക്ഷത്തിരിക്കുമ്പോള്‍ പറയുക. അങ്ങനെയെങ്കില്‍ അത്തരത്തിലുള്ള സമരങ്ങളെ ആ വിധത്തില്‍ ആണ്‌ സര്‍ക്കാര്‍ നേരിടേണ്ടത്‌. അതിനേക്കാള്‍ ആക്ഷേപകരമായി ഉന്നയിക്കപ്പെടുന്നത്‌ പ്രതിഷേധക്കാരെ ഭരണപക്ഷത്തിന്റെ യുവജന സംഘടനയില്‍ പെട്ടവര്‍ ക്രൂരമായി നേരിട്ടു എന്ന ആരോപണമാണ്‌. ഭരണത്തിനു നേതൃത്വം കൊടുക്കുന്നവര്‍ ആകട്ടെ അത്തരത്തിലുള്ള പ്രതികരണത്തെ `ജീവന്‍ രക്ഷ’ പ്രവര്‍ത്തനമായിട്ടാണ്‌ വിശേഷിപ്പിച്ചത്‌. ഇത്തരത്തിലുള്ള പ്രസ്‌താവനകളും വ്യാഖ്യാനങ്ങളും പ്രബുദ്ധ കേരളത്തിനു ഉള്‍ക്കൊള്ളാനാകില്ല. പ്രതിക്ഷേധക്കാരെ പോലീസുകാര്‍ നേരിടുന്നതു അവരുടെ ചുമതലാനിര്‍വ്വഹണത്തിന്റെ ഭാഗമായി വ്യാഖ്യാനിക്കാമെങ്കിലും ഭരണ കക്ഷിയുടെ യുവജന സംഘടനയെ ക്രമസമാധാനപാലനം ഏല്‌പിക്കാനാവില്ലല്ലോ. സര്‍ക്കാരും പ്രതിപക്ഷവും ജനാധിപത്യത്തിന്റെ ശോഭ കെടുത്തുന്ന യാതൊരുതരത്തിലുള്ള പ്രവര്‍ത്തകളും ചെയ്യരുതെന്നാണ്‌ ജനാധിപത്യത്തെ സ്‌നേഹിക്കുന്ന പൊതു സമൂഹത്തിന്റെ നിലപാട്‌. ഏകാധിപത്യത്തിനു ഫാസിസത്തിനും എതിരെ പടപൊരുതണമെങ്കില്‍ ജനാധിപത്യ വ്യവസ്ഥിതിക്കു കരുത്തുണ്ടായേ മതിയാവൂ. ജനത്തിന്റെ ശബ്‌ദമാകാനാണ്‌ ജനപ്രതിനിധികളെ തിരഞ്ഞെടുക്കുന്നത്‌. അതു കേള്‍ക്കാനുള്ള ബാധ്യത ഉത്തരവാദിത്വപ്പെട്ടവര്‍ക്കു ഉണ്ടായേതീരൂ. ഭരണപക്ഷം ചെയ്യുന്ന എന്തിനെയും ഏതിനെയും എതിര്‍ക്കുക എന്ന നിലപാടു പ്രതിപക്ഷ പാര്‍ട്ടികളും സ്വീകരിച്ചു കൂടാ.

Previous Post

സാമ്പത്തിക പ്രതിസന്ധിയിലും മുന്‍ഗണന മറക്കുന്നുവോ

Next Post

സീറോ മലബാര്‍ സഭയ്‌ക്ക്‌ പുതിയ ഇടയശ്രേഷ്‌ഠന്‍

Total
0
Share
error: Content is protected !!