
രണ്ടാം വത്തിക്കാന്‍ കൗണ്‍ സില്‍ സമാപിച്ചതിന്റെ 60 വര്‍ഷത്തിലേക്കു നാം പ്രവേശിക്കുമ്പോള്‍ തന്നെയാണ് 2025-ലെ നമ്മുടെ കര്‍ത്താവിന്റെ മനുഷ്യാവതാരത്തിന്റെ ജൂബിലിവര്‍ഷത്തിലേക്കു നാം പ്രവേശിക്കുക. 2024 ഡിസംബര്‍ 24-ാം തീയതി വി. പത്രോസിന്റെ ബസിലിക്കാദേവാലയത്തില്‍ ജൂബിലി കവാടം തുറന്നുകൊണ്ട് ലോകം മുഴുവനെയും നമ്മുടെ കര്‍ത്താവിന്റെ മനുഷ്യാവതാരത്തിന്റെ ജൂബിലിവര്‍ഷത്തിലേക്കു ഫ്രാന്‍സിസ് പാപ്പ നയിക്കുകയുണ്ടായി. മൂന്നു ആഘോഷങ്ങളാണ് ഈ ജൂബിലി ആചരണത്തിലൂടെ പരിശുദ്ധ പിതാവ് ലക്ഷ്യം വച്ചത്. 1. ഈശോയെ ആഘോഷിക്കുക, 2. സഭയെ ആഘോഷിക്കുക, 3. വിശ്വാസത്തെ ആഘോഷിക്കുക. ഈ ലക്ഷ്യങ്ങള്‍ പ്രാപിക്കുവാനും ജൂബിലി ആഘോഷങ്ങള്‍ അര്‍ത്ഥപൂര്‍ണമാക്കുവാനുമായി രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രമാണരേഖകളായ Lumen gentium (തിരുസഭ), Dei verbum (ദൈവാവിഷ്‌കരണം), Sacrosanctum concilium (ലിറ്റര്‍ജി) Gadium et spes (സഭ ആധുനിക ലോകത്തില്‍) എന്നിവ പ്രത്യേകം പഠനവിഷയമാക്കണമെന്ന പരിശുദ്ധ പിതാവിന്റെ ആഹ്വാനം ചെവിക്കൊണ്ടുകൊണ്ടു അപ്‌നാദേശിന്റെ തുടര്‍ ലക്കങ്ങളില്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ മേല്‌പറഞ്ഞ പ്രമാണരേഖകളെക്കുറിച്ചുള്ള പഠനങ്ങള്‍ ജൂബിലി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രസിദ്ധീകരിക്കണമെന്ന് അഭിവന്ദ്യ മാത്യു മൂലക്കാട്ട് പിതാവിന്റെ നിര്‍ദേശം പരിഗണിച്ചുകൊണ്ടാണ് വിശ്വാസികളുടെ പഠനത്തിനും, പരിചിന്തനത്തിനുമായി ഇവ പ്രസിദ്ധീകരിക്കുന്നത്. ഈ പ്രമാണ രേഖകളെല്ലാം കൂടുതല്‍ ദൈര്‍ഘ്യമേറിയതായതുകൊണ്ട് അവയെക്കുറിച്ചുള്ള വളരെ ആഴത്തിലുള്ള ദൈവശാസ്‌ത്ര പഠനം എന്നതിനേക്കാള്‍ അവയുടെ പ്രധാന ഊന്നലുകളും അവ നല്‌കുന്ന ഉള്‍ക്കാഴ്‌ചകളുമാണ് ഇവിടെ പഠനവിഷയമാക്കുക.
രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ സാഹചര്യവും ലക്ഷ്യവും
കൗണ്‍സില്‍ പ്രമാണ രേഖകളുടെ പഠനത്തിനു ആമുഖമായി കൗണ്‍സിലിന്റെ ലക്ഷ്യവും അതിന്റെ ചരിത്ര സാഹചര്യവും അല്‌പമൊന്നു മനസ്സിലാക്കുന്നത് ഉചിതമാണ്. ആധുനിക കാലഘട്ടത്തില്‍ ശാസ്‌ത്രം, സംസ്‌കാരം, സാങ്കേതിക വിജ്ഞാനം എന്നീ മേഖലകളില്‍ തുടരെ തുടരെയുണ്ടായ വിപ്ലവകരമായ മാറ്റങ്ങള്‍ക്കനുസരിച്ച് തിരുസഭയിലും ചില മാറ്റങ്ങള്‍ അനിവാര്യമായി. ഇന്നത്തെ മനുഷ്യന് മനസിലാകുന്ന ഭാഷയില്‍ സഭ സ്വയം അവതരിപ്പിക്കണമെന്നും അതിനാല്‍ തിരുസഭയില്‍ തന്നെ ആന്തരികമായ ഒരു നവീകരണവും അതില്‍നിന്നും ഉളവാകുന്ന പുതുസംവിധാനങ്ങളും ആവശ്യമാണെന്നും പരക്കെ ബോധ്യമായി. അങ്ങനെ ലോകത്തിന്റെ നടുവില്‍ പ്രതിഷ്‌ഠിക്കപ്പെട്ട രക്ഷാചിഹ്നമായ തിരുസഭയെ പുനഃരവരോധിക്കാന്‍, ചരിത്രത്തിന്റെ കേന്ദ്രമാക്കി തിരുസഭയെ മാറ്റാന്‍ നടത്തിയ പരിശുദ്ധാത്മാവാല്‍ പ്രേരിതമായ യത്‌നമാണ് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍. 1959 ജനുവരി 25-ന് പോപ്പ് ജോണ്‍ 23-ാമന്‍ മാര്‍പാപ്പ 2-ാം വത്തിക്കാന്‍ കൗണ്‍സിലിനെ സംബന്ധിച്ച പ്രഥമ പ്രഖ്യാപനം നടത്തുകയുണ്ടായി. 1961 ഡിസംബര്‍ 25-നാണ് കൗണ്‍സിലിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. 1962 ഒക്‌ടോബര്‍ 11-ന് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഉദ്‌ഘാടനം ചെയ്യപ്പെട്ടു. തദവസരത്തില്‍ നടത്തിയ പ്രസംഗത്തില്‍ ജോണ്‍ 23-ാം മാര്‍പാപ്പ ആഹ്വാനം ചെയ്‌തു: സഭയെ ആധുനാധിനീകരിക്കുക. സഭയുടെ ആധുനാധിനീകരണം നവീകരണവും ഡയലോഗുമാണ് (സംഭാഷണം) രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രധാന ലക്ഷ്യങ്ങള്‍. കൗണ്‍സിലിന്റെ കാര്യക്ഷമമായ നടത്തിപ്പിനുവേണ്ടി ഒരു കേന്ദ്ര കമ്മീഷനും പത്തു ഉപകമ്മീഷനുകളും രണ്ടുകാര്യദര്‍ശി സംഘങ്ങളും രൂപീകരിക്കപ്പെട്ടിരുന്നു.
രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ രണ്ടു ഘട്ടങ്ങളായാണ് നടന്നത്. 1962 ഒക്‌ടോബര്‍ 11-ന് ആരംഭിച്ച് 1962 ഡിസംബര്‍ 8-നു അവസാനിച്ചു ഒന്നാംഘട്ടം. കൗണ്‍സിലിന്റെ രണ്ടാംഘട്ടം ആരംഭിക്കുന്നതിനു മുമ്പ് 1963 ജൂണ്‍ 3-നു കൗണ്‍സില്‍ വിളിച്ചുചേര്‍ത്ത ജോണ്‍ 23-ാമന്‍ മാര്‍പാപ്പ ദിവംഗതനായി. കൗണ്‍സിലിന്റെ തീരുമാനങ്ങള്‍ അജപാലനോന്മുഖമാക്കുവാന്‍ പോപ്പ് ജോണ്‍ 23-ാമന്‍ മാര്‍പാപ്പ പ്രത്യേകം ശ്രദ്ധവച്ചിരുന്നു. 1963 സെപ്‌റ്റംബര്‍ 29-ന് കൗണ്‍സിലിന്റെ രണ്ടാംഘട്ടം പോള്‍ ആറാമന്‍ മാര്‍പാപ്പ ഉദ്‌ഘാടനം ചെയ്‌തു. കൗണ്‍സിലും സഭയും ഇക്കാലത്ത് ലക്ഷ്യംവയ്‌ക്കേണ്ട ഡയലോഗിന്റെ വിവിധ മണ്‌ഡലങ്ങളെ ഊന്നിക്കൊണ്ടാണ് പ. പിതാവ് തദവസരത്തില്‍ സംസാരിച്ചത്. 1965 ഡിസംബര്‍ 8-ന് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ സമാപിച്ചു. അങ്ങനെ ക്രാന്തദര്‍ശികളും പരിവര്‍ത്തനോന്മുഖരുമായ രണ്ടു മാര്‍പാപ്പമാരുടെ ആശയഗതികള്‍ക്കനുസരിച്ചു അവരുടെ നേതൃത്വത്തില്‍ കൗണ്‍സില്‍ പിതാക്കന്മാര്‍ കൂട്ടായി പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് 4 സെഷനുകള്‍ ദീര്‍ഘിച്ച കൗണ്‍സിലില്‍ നിന്ന് 16 പ്രമാണ രേഖകള്‍ രൂപീകൃതമായത്.
Lumen gentium – ജനതകളുടെ പ്രകാശം
തിരുസഭയെ സംബന്ധിക്കുന്ന ഈ പ്രമാണരേഖ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രമാണരേഖകളില്‍ ഏറ്റവും പ്രധാനപ്പെട്ടതും മൂല്യമേറിയതുമാണ്. സഭയെ സംബന്ധിച്ച ഡോഗ്‌മാറ്റിക് ആയിട്ടുള്ള (സിദ്ധാന്തപരമായിട്ടുള്ള) ഈ പ്രമാണേരേഖ സഭയ്‌ക്കു സഭയെക്കുറിച്ചുള്ള, സഭയുടെ സ്വന്തം സ്വത്വത്തെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവും അവബോധവും ഉള്‍ക്കാഴ്‌ചകളുമാണ് പഠിപ്പിക്കുക. ആമുഖവും എട്ട് അദ്ധ്യായങ്ങളുമുള്ള ഈ പ്രമാണരേഖ 69 ഖണ്‌ഡികകളിലുമായി സഭാപഠനങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
സഭയെന്ന രഹസ്യം, സഭയുടെ മൗതികഘടന
ഒന്നാം അദ്ധ്യായത്തില്‍ സഭയെന്ന രഹസ്യത്തെ ക്കുറിച്ചും (The mystery of the Church) അതിന്റെ മൗതിക ഘടനയെക്കുറിച്ചും (Mystical nature) വ്യക്തമായി പ്രതിപാദിക്കുന്നു. `മിസ്‌തേരിയും’ എന്ന ലത്തീന്‍ പദം `മിസ്‌തേരിയോന്‍’ എന്ന ഗ്രീക്കു പദത്തില്‍നിന്നും ഉത്ഭവിച്ചതാണ്. ഈ പദം, മൗതികത്വം, നിഗൂഢത, രഹസ്യം, കൂദാശ എന്നൊക്കെയാണ് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. മനുഷ്യബുദ്ധിക്ക് പൂര്‍ണമായി ഗ്രഹിക്കാന്‍ പറ്റാത്ത ഒരു കാര്യം എന്നാണ് അതിന്റെ അര്‍ത്ഥം. മനുഷ്യസങ്കല്‌പങ്ങള്‍ക്കതീതമായ ദൈവീക വിശുദ്ധിയുടെ ചരിത്രത്തിലുള്ള അവതരണത്തെ അതു സൂചിപ്പിക്കുന്നു. അതിനാല്‍ കൂദാശ എന്ന പദംകൊണ്ടും ഈ ആശയത്തെ ആവിഷ്‌കരിക്കുന്നുണ്ട്. സൂനഹദോസിന്റെ രണ്ടാം സെഷന്‍ ഉദ്‌ഘാടനം ചെയ്‌തുകൊണ്ട് പോള്‍ ആറാമന്‍ മാര്‍പാപ്പ ഇപ്രകാരം പറഞ്ഞു. “തിരുസഭ ഒരു കൂദാശയാണ്. ദൈവത്തിന്റെ നിഗൂഢസാന്നിധ്യംവഴി പരിപൂരിതമായ യാഥാര്‍ത്ഥ്യമാണത്. തന്മൂലം സഭ നവ നവങ്ങളായ ഉപരിഗവേഷണങ്ങള്‍ക്ക് സ്വയം തുറന്നുവയ്‌ക്കുന്നത് സഭയുടെ അന്തഃസത്തയില്‍ തന്നെ അന്തര്‍ഭവിച്ചിരിക്കുന്നു. (LG. Foot notes b.)
“ജനതകളുടെ പ്രകാശമാണ് ക്രിസ്‌തു. ആകയാല്‍ സഭയെ ശോഭായമാനമാക്കുന്ന ക്രിസ്‌തുവിന്റെ ദീപ്‌തിയാല്‍ സകല മനുഷ്യരെയും പ്രകാശിപ്പിക്കുവാന്‍ പരിശുദ്ധാത്മാവില്‍ സമ്മേളിച്ചിരിക്കുന്ന ഈ പരിശുദ്ധ സൂനഹദോസ് തീവ്രമായി ആഗ്രഹിക്കുന്നു”. ഈ വാക്കുകള്‍ കൊണ്ടാണ് പ്രാണരേഖ ആരംഭിക്കുന്നത്. മനുഷ്യവംശത്തിന്റെ, ജനതകളുടെ പ്രകാശമാണ് ക്രിസ്‌തു എന്നതു വി. യോഹന്നാന്റെ ദൈവശാസ്‌ത്രവുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്നു. Jn. 8/12, Jn. 1/4 എന്നീ വചനങ്ങളിലെല്ലാം ക്രിസ്‌തുവിനെ ലോകത്തിന്റെ പ്രകാശമായി അവതരിപ്പിക്കുന്നുണ്ട്. ക്രിസ്‌തുവുമായി ഗാഢമായി ബന്ധപ്പെട്ടിരിക്കുന്ന സഭയെ ദൈവവുമായുള്ള ഉറ്റ ഐക്യത്തിന്റെയും മനുഷ്യവര്‍ഗം മുഴുവന്റെയും കൂദാശയായാണ് പരിഗണിക്കുക. LG N.1 അങ്ങനെയുള്ള ഐക്യത്തിന്റെയും യോജിപ്പിന്റെയും അടയാളവും ഉപകരണവുമാണ് സഭ. ഈ പ്രമാണരേഖയുടെ ആരംഭത്തില്‍ തന്നെ സഭയുടെ സ്വഭാവത്തെയും സാര്‍വ്വത്രികദൗത്യത്തെയും കുറിച്ചും സമഗ്രമായി പ്രഖ്യാപിക്കുവാന്‍ സൂനഹദോസ് ആഗ്രഹിക്കുന്ന കാര്യം എടുത്തുപറയുന്നു. ഈ പ്രമാണ രേഖയില്‍ പ. ത്രിത്വത്തിന്റെ ത്രിത്വാത്മക സ്വഭാവത്തില്‍ വേരുറപ്പിക്കപ്പെട്ട ഒരു രഹസ്യമായാണ് സഭയെ അവതരിപ്പിക്കുക. പിതാവായ ദൈവം രക്ഷകനായ ക്രിസ്‌തുവിലൂടെ പൂര്‍ത്തിയാക്കിയ രക്ഷാകരപദ്ധതിയുടെ ഭാഗമാണ് സഭ. LG.2 കാലത്തിന്റെ തികവില്‍ സഭ സ്ഥാപിതമായി. പരിശുദ്ധാരൂപിയുടെ ആഗമനത്താലും പ്രവര്‍ത്തനത്താലും അവള്‍ ലോകസമക്ഷം അവതരിപ്പിക്കപ്പെട്ടു. ക്രൂശിതനായ ഈശോനാഥന്റെ തിരുവിലാവില്‍നിന്നും നിര്‍ഗമിച്ച രക്തവും വെള്ളവും സഭയുടെ ഉത്ഭവത്തിന്റെയും വളര്‍ച്ചയുടെയും പ്രതീകങ്ങളായിരുന്നു. സഭയെ വിശുദ്ധീകരിക്കുക എന്നതായിരുന്നു പരിശുദ്ധാത്മാവിന്റെ ദൗത്യം (LG. 4). ഇങ്ങനെ പരിശുദ്ധാത്മാവു വഴി എല്ലാ വിശ്വാസികളും ഒരേ ആത്മാവില്‍ പിതാവിനെ സമീപിക്കാന്‍ പ്രാപ്‌തരാകുന്നു. അങ്ങനെ പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും ഐക്യത്തില്‍ ഒന്നാക്കപ്പെട്ട ഒരു ജനമായി സാര്‍വ്വത്രികസഭ വിളങ്ങി പ്രകാശിക്കുന്നു (LG.4/2).
ദൈവരാജ്യം സമാഗതമായിരിക്കുന്നു എന്ന സദ്വാര്‍ത്ത ആറിയിച്ചുകൊണ്ടാണ് ക്രിസ്‌തു സഭയുടെ ഉദ്‌ഘാടനകര്‍മ്മം നിര്‍വഹിച്ചത്. ക്രിസ്‌തുവിന്റെ വചനത്തിലും പ്രവര്‍ത്തിയിലും അവിടുത്തെ സാന്നിധ്യത്തിലും ദൈവരാജ്യം മനുഷ്യര്‍ക്കു പ്രത്യക്ഷമായി. ക്രിസ്‌തു സ്ഥാപിച്ച ദൈവരാജ്യം സഭയിലൂടെ മുളയെടുത്തുകഴിഞ്ഞിരിക്കുകയാണ്. ക്രമേണ വളര്‍ച്ച പ്രാപിച്ചുകൊണ്ടിരിക്കുന്ന സഭ ദൈവരാജ്യത്തിന്റെ പൂര്‍ണത പ്രാപിക്കാന്‍ വെമ്പല്‍ കൊള്ളുന്നു. (LG. 5)
സഭയുടെ സാദൃശ്യങ്ങള്‍
പഴയ ഉടമ്പടയില്‍ ദൈവരാജ്യം പലവിധ ഉപമകളിലൂടെ ആവിഷ്‌കരിക്കപ്പെട്ടിരിക്കുന്നതുപോലെ വിവിധ പ്രതിരൂപങ്ങളിലൂടെയാണ് സഭയുടെ ആന്തരിക സ്വഭാവം ഇന്ന് നാം മനസിലാക്കുന്നത്. ക്രിസ്‌തുവിന്റെ ആട്ടിന്‍ പറ്റം, ദൈവത്തിന്റെ മുന്തിരിത്തോട്ടം, പരിശുദ്ധാത്മാവിന്റെ ആലയം, നിര്‍മ്മല കുഞ്ഞാടിന്റെ മണവാട്ടി എന്നീ പ്രതിരൂപങ്ങള്‍ സഭയുടെ സ്വഭാവത്തെ സൂചിപ്പിക്കുന്നുണ്ട്. ജീവിതത്തിന്റെ വിവിധ തുറകളില്‍നിന്ന് എടുത്ത ഈ പ്രതിരൂപങ്ങള്‍ പരസ്‌പരം പൂരിപ്പിക്കുകയും ക്രിസ്‌തുവും സഭയും തമ്മിലുള്ള ആര്‍ദ്രസ്‌നേഹവും ഗാഢഐക്യവും വെളിവാക്കുകയും ചെയ്യുന്നു. (LG. 6; foot note) ദൈവഭവനമെന്ന് സഭ വിളിക്കപ്പെട്ടിട്ടുണ്ട്. (1.Cor.3/9) പണിക്കാര്‍ ഉപേക്ഷിച്ചുകളഞ്ഞ, പിന്നീട് മൂലക്കല്ലായി തീര്‍ന്ന കല്ലിനോട് നമ്മുടെ കര്‍ത്താവ് സ്വയം ഉപമിച്ചിട്ടുണ്ട്. (Mt.21/42, നടപടി 4/11, 1Peter.2/7, Ps./17/22). ക്രിസ്‌തുവാകുന്ന അടിസ്ഥാനത്തിലാണ് അപ്പസ്‌തോലന്മാര്‍ സഭ പടുത്തുയര്‍ത്തിയത് (കോറി. 3/11). സ്വര്‍ഗീയ ഓര്‍ശ്ലേമെന്നും നമ്മുടെ അമ്മയെന്നും സഭ വിശേഷിപ്പിക്കപ്പെടുന്നു. Gal.4/26, വെളി. 12/17)
സഭ ക്രിസ്‌തുവിന്റെ മൗതിക ശരീരം
പുത്രനായ മിശിഹാ മനുഷ്യാവതാരം ചെയ്‌തു മനുഷ്യസ്വഭാവം സ്വീകരിക്കുകയും തന്റെ ഈ മനുഷ്യസ്വഭാവത്തില്‍ അവിടുന്നു തന്റെ മരണവും ഉത്ഥാനവും മുഖേന മരണത്തെ കീഴടക്കി മനുഷ്യനെ വീണ്ടെടുക്കുകയും അവനെ പുതിയ സൃഷ്‌ടിയായി രൂപാന്തരപ്പെടുത്തുകയും ചെയ്‌തു. (Gal.6/15). തന്റെ അരൂപിയെ സ്വസഹോദരര്‍ക്കു നല്‌കിക്കൊണ്ട് എല്ലാ ജനപദങ്ങളില്‍നിന്നും വിളിച്ചുകൂട്ടപ്പെട്ട അവരെ തന്റെ മൗതികശരീരമാക്കിതീര്‍ത്തു (LG.7). ഈ ശരീരത്തിലൂടെ ക്രിസ്‌തുവിന്റെ ജീവന്‍ വിശ്വാസികളിലേക്കു പ്രവഹിക്കുന്നു. ജ്ഞാനസ്‌നാനം വഴി ക്രിസ്‌തുവിന്റെ സാദൃശ്യത്തില്‍ നാം രൂപപ്പെടുന്നു. 1 Cor. 12/13). മാമ്മോദീസായിലൂടെ സഭയിലെ അംഗമാകുന്നവര്‍, മറ്റു കൂദാശകള്‍വഴി ക്രിസ്‌തുവിനോടു യഥാര്‍ത്ഥമായി സംയോജിച്ചിരിക്കുന്നു. (ശേഷം പേജ് ദിവ്യകാരുണ്യത്തിലൂടെ നാഥന്റെ ശരീരത്തില്‍ പങ്കുപറ്റിക്കൊണ്ട് നാം അവിടുത്തോട് ഐക്യം പ്രാപിക്കുന്നു. അതോടൊപ്പം മറ്റുള്ളവരോടും നാം ഐക്യം പ്രാപിക്കുന്നു. ഒരേ അപ്പത്തില്‍നിന്നും ആയിരിക്കുന്നതുകൊണ്ട് നാം പലരാണെങ്കിലും ഒരു ശരീരമാണ്. പലരെങ്കിലും മനുഷ്യശരീരത്തിലെ എല്ലാ അവയവങ്ങളും ചേര്‍ന്ന് ഒരു ശരീരത്തിനു രൂപം കൊടുക്കുന്നതുപോലെ വിശ്വാസികള്‍ ക്രിസ്‌തുവില്‍ ഒരു ശരീരമായിത്തീരുന്നു (LG.7/2). സഭയുടെ ക്ഷേമത്തിനായി വിവിധ ദാനങ്ങള്‍ സഭാതനയരുടെമേല്‍ ചൊരിയുന്ന പരിശുദ്ധാരൂപി ഒന്നേയുള്ളു. തന്റെ സാന്നിധ്യവും പ്രവര്‍ത്തനവും അംഗങ്ങള്‍ തമ്മിലുള്ള ആന്തരിക ബന്ധ വും മൂലം സഭാഗാത്രത്തെ സംയോജിപ്പിച്ച് വിശ്വാസികളുടെ ഇടയില്‍ സ്‌നേഹം ഉളവാക്കുന്നതും അതു വര്‍ദ്ധിപ്പിക്കുന്നതും ഈ ആത്മാവുതന്നെയാണ്. പരിശുദ്ധാത്മാവാണ് ക്രിസ്‌തുവിന്റെ സഭയെ നിരന്തരം നയിക്കുന്നതും നയിക്കേണ്ടതും. സഭയാകുന്ന ശരീരത്തിന്റെ ശിരസ് ക്രിസ്‌തുവാണ് (Col. 1/18). നമ്മള്‍ സഭാ തനയര്‍ ക്രിസ്‌തുവില്‍ നിരന്തരം നവീകൃതരായിക്കൊണ്ടിരിക്കണം. ഇതിനുവേണ്ടിയാണ് അവിടുന്നു തന്റെ ആത്മാവിനെ നല്‌കിക്കൊണ്ടിരിക്കുന്നത് (LG 7#6). മണവാട്ടിക്കൊത്തവണ്ണം ക്രിസ്‌തുനാഥന്‍ സഭയെ സ്‌നേഹിക്കുന്നു. ആത്മാവിനു കാതു കൊടുക്കാതെ വരുമ്പോഴാണ് സഭാഗാത്രത്തില്‍ ഭിന്നത ഉണ്ടാകുന്നതെന്ന് ചുരുക്കം.
സഭയുടെ ദൃശ്യസ്വഭാവവും അദൃശ്യ സ്വഭാവവും
രണ്ടാം വത്തിക്കാന്‍ കൗണ്‍ സില്‍ സഭയുടെ ദൃശ്യ സ്വഭാവത്തെയും അദൃശ്യ സ്വഭാവത്തെയും ഒരുപോലെ മനസിലാക്കാനും പ്രബോധിപ്പിക്കാനും ശ്രമിച്ചു എന്നതാണ് അതിന്റെ ശ്രേഷ്‌ഠതകളിലൊന്ന്. 16-ാം നൂറ്റാണ്ടിലെ പ്രൊട്ടസ്റ്റന്റ് സഭകള്‍ സഭയുടെ ദൃശ്യ ഘടനയും ദൃശ്യ ഭരണകൂടവുമെല്ലാം നിഷേധിച്ചു തുടങ്ങിയപ്പോള്‍ കത്തോലിക്ക സഭ അവയുടെ യാഥാര്‍ത്ഥ്യവും ദൈവികോത്ഭവവും വ്യക്തമാക്കുകയുണ്ടായി. അതു സഭയുടെ അദൃശ്യ ഘടനയെ കുറെയെല്ലാം അവഗണിക്കാന്‍ ഇടയാക്കി എന്ന അഭിപ്രായവും സഭയിലുണ്ട്. സഭയുടെ ദൃശ്യമായ ഭരണഘടനക്കെല്ലാമപ്പുറമുള്ള അദൃശ്യ ഘടനയെപ്പറ്റിയുള്ള പഠനം 19-ാം നൂറ്റാണ്ടില്‍ നവജീവന്‍ പ്രാപിക്കുകയും 20-ാം നൂറ്റാണ്ടോടുകൂടി പുഷ്‌ടിപ്പെടുകയും ചെയ്‌തു. 20-ാം നൂറ്റാണ്ട് സഭാദൈവശാസ്‌ത്രത്തിന്റെ നൂറ്റാണ്ട് എന്നാണ് വിളിക്കപ്പെടുക. സഭയെ പറ്റിയുള്ള പലരുടെയും ധാരണ അതു മറ്റു സംഘടനകളെപ്പോലെ വിശ്വവ്യാപകമായ ഒരു സംഘടന മാത്രമാണെന്നും പ്രാദേശിക സഭ ഈ സംഘടനയുടെ ഭാഗമാണെന്നും ആയിരുന്നു. മനുഷ്യര്‍ അസ്ഥികളുടെയും മാംസത്തിന്റെയും ഒരു സംഘടനയാണെന്നു പറയുന്നതുപോലെയുള്ള പ്രസ്‌താവനയാണിത് അതേസമയം ശരീരത്തില്‍ നിന്നു വിട്ടുള്ള ആത്മാവ് മനുഷ്യനാകാത്തതുപോലെ ദൃശ്യ സഭയില്‍ നിന്നു വിട്ടുള്ള അദൃശ്യസഭ സഭയെ ആയിരിക്കുകയില്ല. (LG ആമുഖം #4). പരി. ആത്മാവാണ് അതിന്റെ ജീവനും ആത്മാവും. പ്രമാണരേഖ പഠിപ്പിക്കുന്നു. “നമ്മുടെ ഏക മധ്യസ്ഥനായ ക്രിസ്‌തു തന്റെ പരിശുദ്ധ സഭയെ സ്ഥാപിക്കുകയും നിരന്തരം അതിനെ പരിപാലിക്കുകയും ചെയ്യുന്നു. വിശ്വാസം, പ്രത്യാശ, സ്‌നേഹം ഇവയുടെ ആകെ തുകയായ സഭയെ ദൃശ്യഘടനയോടെയാണ് അവിടുന്നു പടുത്തുയര്‍ത്തിയത്. സകല മനുഷ്യരും അവിടുത്തെ സത്യവും പ്രസാദവരവും സ്വീകരിക്കുന്നത് ഈ ദൃശ്യ സഭയിലൂടെയാണ്. സംഘടിതമായ ഒരു ഹയരാര്‍ക്കിയോടു കൂടിയതാണ് സഭ. അതേസമയം അതു ക്രിസ്‌തുവിന്റെ നിഗൂഢ ശരീരവുമാണ്. ഭൗമികമെങ്കിലും സ്വര്‍ഗീയദാനങ്ങളാല്‍ പരിപുഷ്‌ടമാണ് സഭ.” (LG 8). പിതാവിന്റെ പദ്ധതിയില്‍, ക്രിസ്‌തുവില്‍ സ്ഥാപിക്കപ്പെട്ട് പരി. ആത്മാവിനാല്‍ നയിക്കപ്പെടുന്ന സഭക്കു ദൈവികമായ ഉറവിടമാണുള്ളത് എന്നതുകൊണ്ട് അതു ദൈവിക സ്ഥാപനമാണെന്നു പറയാം. എന്നാല്‍ ഇതു ഈ ലോകത്തില്‍ ദൈവത്താല്‍ വിളിച്ചുകൂട്ടപ്പെട്ട (CCC.7572) മനുഷ്യരുടെ കൂട്ടായ്‌മയായതുകൊണ്ട് അതൊരു മാനുഷിക കൂട്ടായ്‌മയും കൂടിയാണെന്നു പറയാനാവും. ക്രിസ്‌തുവിന്റെ സഭയുടെ ഏകവും പരിശുദ്ധവും സാര്‍വ്വത്രികവുമായ സ്വഭാവത്തെ പ്രമാണരേഖ ഊന്നി പറയുന്നുണ്ട്. LG 8#2 ഇഹത്തില്‍ സ്ഥാപിച്ചു നിയന്ത്രിക്കപ്പെടുന്ന സമൂഹമെന്ന നിലയില്‍ പരി. കത്തോലിക്ക സഭയിലാണു ക്രിസ്‌തു സ്ഥാപിച്ച സഭ ദൃശ്യമാവുക. പത്രോസിന്റെ പിന്‍ഗാമിയും അദ്ദേഹത്തോടു ഐക്യം പുലര്‍ത്തുന്ന മെത്രാന്മാരും ചേര്‍ന്ന് നയിക്കുന്ന പരി. കത്തോലിക്ക സഭയുടെ സവിശേഷ സ്ഥാനത്തെക്കുറിച്ചു പഠിപ്പിക്കുന്ന കൗണ്‍സില്‍ രേഖ “സഭയുടെ ദൃശ്യ മണ്ഡലത്തിനു പുറത്തും സത്യത്തിന്റെയും വിശുദ്ധീകരണത്തിന്റെയും ധാരാളം ഘടകങ്ങള്‍ കാണപ്പെടുന്നുണ്ട് എന്നു ഉദ്‌ബോധിപ്പിക്കുന്നു. മറ്റു ക്രൈസ്‌തവ സഭയോടും മറ്റു മതങ്ങളോടുമുള്ള സഭയുടെ തുറവിയുടെ സമീപനത്തിനു തിരുസഭയെ സംബന്ധിക്കുന്ന ഈ പ്രമാണ രേഖയുടെ ഉള്‍ക്കാഴ്‌ചകള്‍ നിമിത്തമായിട്ടുണ്ട്.
ക്രിസ്‌തുനാഥന്റെ മാര്‍ഗ്ഗത്തിലൂടെയാവണം സഭയും മുന്നേറണ്ടത്. ക്രിസ്‌തുവിന്റെ ശൂന്യവല്‌ക്കരണത്തിന്റെ ശൈലി സഭയുടെയും ശൈലിയാകണം (LG 7#3). ലോകത്തിന്റെ മര്‍ദ്ദനങ്ങളും ദൈവത്തിന്റെ സാന്ത്വനങ്ങളും അനുഭവിക്കുന്ന സഭ തീര്‍ത്ഥാടകയെപ്പോലെ നാഥന്റെ കുരിശു മരണവും അവിടുത്തെ പുനരുത്ഥാനവും പ്രഖ്യാപനം ചെയ്‌തുകൊണ്ട് (1 Cor. 11/26) മുന്നോട്ടു നീങ്ങുന്നു. ഈ തീര്‍ത്ഥാടനത്തില്‍ ഉത്ഥിതനായ യേശുവില്‍ നിന്നാണ് അവള്‍ ശക്തി ആര്‍ജ്ജിക്കുന്നത്.
II. സഭ: ദൈവത്തിന്റെ ജനം
രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ തിരുസഭയെ സംബന്ധിച്ചുള്ള പ്രമാണരേഖയില്‍ സഭ ദൈവത്തിന്റെ ജനം (people of God) എന്ന കാഴ്‌ചപാടിന് ഊന്നല്‍ ലഭിച്ചിട്ടുണ്ട്. ദൈവം തന്റെ ജനം തന്നെ അറിയുകയും വിശുദ്ധിയില്‍ തന്നെ ശുശ്രൂഷിക്കുകയും ചെയ്യാന്‍ വേണ്ടി അവരെ ഒരു ജനപദമാക്കാന്‍ തിരുമനസായി. അതിനായി ദൈവം തന്റെ പദ്ധതികള്‍ അവള്‍ക്കായി വെളിപ്പെടുത്തുകയും അവളെ വിശുദ്ധികരിക്കുകയും ചെയ്‌തു. പഴയനിയമത്തില്‍ യഹോവ ഇസ്രായേലിന്റെ ദൈവവും ഇസ്രായേല്‍ യഹോവയുടെ ജനവുമായതുപോലെ ക്രിസ്‌തുവിന്റെ രക്തം വഴി സ്ഥാപിച്ച പുതിയ ഉടമ്പടിയിലൂടെ സഭയെ തന്റെ ജനമാക്കി. സഭാതനയര്‍ തിരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയ പൗരോഹിത്യവും വിശുദ്ധീകരിക്കപ്പെട്ട ജനപദവും ദൈവം തനിക്കായി നേടിയെടുത്ത ജനതയും ദൈവത്തിന്റെ ജനവുമായി തീര്‍ന്നിരിക്കുന്നു (cf. 1 Peter 2/9-10). ഈ അഭിഷിക്ത ജനത്തിന്റെ ശിരസ് ക്രിസ്‌തുവാണ്. തിരുസഭയുടെ സാമൂഹികവും മാനുഷികവുമായ വശത്തിനു അര്‍ഹിക്കുന്ന പ്രാധാന്യം ഈ അദ്ധ്യായത്തിലൂടെ നല്‌കിയിരിക്കുന്നു. പുതിയ ഉടമ്പടിയില്‍ ക്രിസ്‌തു ഒരു ജനത്തെ തിരഞ്ഞെടുത്തു. അതാണ് തിരുസഭ. അവള്‍ പുതിയ ഇസ്രായേലും പുതിയ ദൈവജനവുമാണ്. ദൈവജനം എന്ന സംജ്ഞയില്‍ മാമ്മോദിസ സ്വീകരിച്ച എല്ലാവരും ഉള്‍ക്കൊള്ളുന്നുണ്ട്.
മാമ്മോദിസയിലൂടെ വിശ്വാസികള്‍ക്കു ലഭിക്കുന്ന പൊതു പൗരോഹിത്യവും ശുശ്രൂഷാപരമായ അഥവാ അധികാരക്രമപരമായ പൗരോഹിത്യവും അളവില്‍ മാത്രമല്ല, സത്താപരമായി വ്യത്യസ്‌തമെങ്കിലും അവ തമ്മില്‍ പരസ്‌പരം ബന്ധമുണ്ടെന്നാണ് സഭ പഠിപ്പിക്കുന്നത്. കൂദാശകളിലൂടെ അവര്‍ ക്രിസ്‌തുവുമായി ആഴമായ ബന്ധത്തിലേക്കു കടന്നു വരുന്നു. ക്രിസ്‌തുവിനു സജീവമായ സാക്ഷ്യം വഹിച്ചുകൊണ്ട്, വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും ജീവിതം നയിച്ചുകൊണ്ട്, ദൈവ നാമത്തെ മഹത്വപ്പെടുത്തുന്ന സ്‌തുതിയുടെ ബലികള്‍ അര്‍പ്പിച്ചുകൊണ്ട്, ദൈവജനം ക്രിസ്‌തുവിന്റെ പ്രവാചക ദൗത്യത്തില്‍ പങ്കു ചേരുന്നു. പരി. ആത്മാവ് കൂദാശകളും സഭയിലെ ശുശ്രൂഷകളും വഴി ജനത്തെ വിശുദ്ധീകരിക്കുന്നു. ഒപ്പം പരി. ആത്മാവിന്റെ വരങ്ങള്‍ നല്‌കികൊണ്ട് ഈ വിശുദ്ധീകരണം സാധ്യമാക്കുന്നു. സഭ കാതോലികമാണ് എന്നാല്‍ അതിന്റെ അര്‍ത്ഥം സഭ സാര്‍വ്വത്രികമാണെന്നാണ്. ദൈവത്തിന്റെ പുതിയ ജനത്തില്‍ ഉള്‍പ്പെടാനുള്ള ആഹ്വാനം എല്ലാവര്‍ക്കുമുണ്ട്. അന്ത്യോക്യായിലെ വി. ഇഗ്നേഷ്യസ് പഠിപ്പിക്കുന്നു. “യേശുക്രിസ്‌തു എവിടെ സന്നിഹിതനാണോ അവിടെയാണ് കത്തോലിക്ക സഭ” ccc.N.830. ദൈവജനം അതിന്റെ വ്യതിരിക്തത പാലിച്ചുകൊണ്ട് ലോകം മുഴുവന്‍ വ്യാപിക്കണം. ഭൂമിയിലെ എല്ലാ ജനപദത്തില്‍ നിന്നും ദൈവജനത്തിലേയ്‌ക്ക് ആളുകള്‍ സ്വീകരിക്കപ്പെടുന്നു. അങ്ങനെ ദൈവജനം എല്ലാ ജനപദങ്ങളിലുമായി സ്ഥിതിചെയ്യുന്നു. സഭയുടെ സാര്‍വ്വത്രിക സ്വഭാവത്താല്‍ സഭയുടെ ഓരോ ഭാഗവും അതാതിന്റെ പ്രത്യേകവരങ്ങള്‍ മറ്റുള്ളവരുടെയും സഭ മുഴുവന്റെയും നന്മക്കായി അര്‍പ്പിക്കുന്നു. നിത്യ രക്ഷയ്‌ക്ക് പരി. കത്തോലിക്ക സഭ അത്യാവശ്യമാണെന്നു വി. ലിഖിതങ്ങളും പാരമ്പര്യങ്ങളും അടിസ്ഥാനമാക്കി സൂനഹദോസു പഠിപ്പിക്കുന്നുണ്ട്. കാരണം “ഒരു മധ്യസ്ഥനേയുള്ളൂ; രക്ഷയുടെ വഴിയും ഒന്നു മാത്രം. അതാണു ക്രിസ്‌തു. അവിടുന്നു സഭയാകുന്ന തന്റെ ശരീരത്തിലൂടെ നമ്മുടെ ഇടയില്‍ സന്നിഹിതനാകുന്നു.” LG 14. കത്തോലിക്കാസഭയില്‍ അംഗമല്ലാത്തവരും എന്നാല്‍ ജ്ഞാനസ്‌നാനം സ്വീകരിച്ചവരുമായിട്ടുള്ളവരോടും തിരുസഭ വിവിധ രീതിയില്‍ ബന്ധപ്പെട്ടാണിരിക്കുന്നത് LG. 15). അതുപോലെ സുവിശേഷം സ്വീകരിക്കാത്ത അക്രൈസ്‌തവരും സഭയോടും, ദൈവജനത്തോടും വിവിധ രീതികളില്‍ ബന്ധപ്പെട്ടാണിരിക്കുന്നത്. കൗണ്‍സിലിന്റെ ഈ ദര്‍ശനം മറ്റു ക്രിസ്‌തീയ സഭകളോടും അക്രൈസ്‌തവരോടുമൊക്കെയുള്ള സഭയുടെ സംഭാഷണത്തിനു ആക്കം കൂട്ടുന്നതാണ്.
III. സഭയിലെ സ്ഥാനക്രമം
പ്രമാണ രേഖയിലെ മൂന്നാം അദ്ധ്യായം സഭയുടെ സ്ഥാനക്രമത്തെ (hierarchical structure) പ്രത്യേകിച്ചു മെത്രാന്‍ സ്ഥാനത്തെക്കുറിച്ചു പഠിപ്പിക്കുന്നു. അപ്പസ്‌തോലന്മാരുടെ പിന്‍ഗാമികള്‍ എന്ന നിലയില്‍ മെത്രാന്മാരുടെ ദൈവദത്തമായ സ്ഥാനത്തെയും ചുമതലകളെയും കുറിച്ചു വിശദമായി പ്രമാണരേഖ പ്രതിപാദിക്കുന്നുണ്ട്. മെത്രാന്മാരുടെ അജപാലനം സംബന്ധിച്ചു ഡിക്രിയില്‍ ഇതു കൂടുതല്‍ വിശദമാക്കുന്നുണ്ട്. ഒന്നാം വത്തിക്കാന്‍ കൗണ്‍സിലിന്റെ കാലടികളെ പിന്തുടര്‍ന്നുകൊണ്ടും അതിനോടു ചേര്‍ന്നും കൗണ്‍സില്‍ ഇപ്രകാരം പഠിപ്പിക്കുന്നു: ദൈവം യേശുക്രിസ്‌തുവിനെ അയച്ചതുപോലെ നിത്യ ഇടയനായ ക്രിസ്‌തു തന്റെ ഇടയന്മാരെ അയച്ച് പരിശുദ്ധ സഭ സ്ഥാപിച്ചു. ഈ ശ്ലീഹന്മാരുടെ പിന്‍ഗാമികള്‍ അതായതു മെത്രാന്മാര്‍, സമയത്തിന്റെ സമാപ്‌തി വരെ തന്റെ സഭയില്‍ ഇടയന്മാരായിരിക്കണമെന്ന് അവിടുന്നു തിരുമനസായി. (LG. 18/2). ശ്ലീഹന്മാരുടെ അദ്ധ്യക്ഷനായി വി. പത്രോസിനെ പ്രതിഷ്‌ഠിച്ചു. അദ്ദേഹത്തില്‍ തന്നെയാണ് വിശ്വാസത്തിലും കൂട്ടായ്‌മയിലുമുള്ള ഐക്യത്തിന്റെ ദൃശ്യവും സനാതനവുമായ അടിസ്ഥാനവും ഉറവിടവും ഉറപ്പിച്ചത്. മെത്രാഭിഷേകത്തിന്റെ കൗദാശികത്വവും മെത്രാന്മാരുടെ കൂട്ടുത്തരവാദിത്വവുമെല്ലാം ഈ പ്രമാണ രേഖ ഊന്നി പറയുന്നു. പത്രോസിന്റെ പിന്‍ഗാമിയോടു ചേര്‍ന്ന് സജീവനായ ദൈവത്തിന്റെ ഭവനത്തിന്റെ ഭരണം നടത്തുന്നവരാണു മെത്രാന്മാര്‍. ദൈവിക സത്യങ്ങളുടെ പ്രബോധകരും ദൈവാരാധനയിലെ പുരോഹിതരും ഭരണാധികാരികളുമെന്ന നിലയില്‍ മെത്രാന്മാര്‍ വൈദികരും ഡീക്കന്മാരുമായ സഹപ്രവര്‍ത്തകരോടുകൂടി, സമൂഹത്തെ സേവിക്കുന്ന ജോലിയാണ് ഏറ്റെടുത്തിരിക്കുന്നത്. ക്രിസ്‌തുനാഥന്‍ മെത്രാന്മാര്‍ വഴി വിശ്വാസികളുടെ മധ്യേ സന്നിഹിതനായിരിക്കുന്നു LG. 21.
കര്‍ത്താവിന്റെ തിരഞ്ഞെടുക്കപ്പെട്ട അജഗണത്തെ മേയ്‌ക്കാന്‍ നിയുക്തരായിരിക്കുന്ന അജപാലകര്‍ ക്രിസ്‌തുവിന്റെ ശുശ്രൂഷകരും ദൈവിക രഹസ്യങ്ങളുടെ പരിചാരകരുമാണ്. LG. 22 ല്‍ മെത്രാന്മാരുടെ സംഘാത്മകത (Collegiality) എടുത്തു പറയുന്നുണ്ട്. ലോകത്തിന്റെ നാനാഭാഗത്തും ശരിയായ രീതിയില്‍ നിയമിതരായ മെത്രാന്മാര്‍ പരസ്‌പരവും, റോമാ മെത്രാനോടും ഐക്യം, സ്‌നേഹം, സമാധാനം എന്നിവയുടെ ബന്ധത്തില്‍ ഏകോപിച്ചിരിക്കുന്നു. മെത്രാന്‍ സംഘത്തിന്റെ അധിപനും വി. പത്രോസിന്റെ പിന്‍ഗാമിയുമായ മാര്‍പാപ്പായെ കൂടാതെ മെത്രാന്‍ സംഘത്തിനു ഒരധികാരവുമില്ല. പരിശുദ്ധ പിതാവിന്റെ പരമാധികാരവും അതിശ്രേഷ്‌ഠസ്ഥാനവും അംഗീകരിച്ചുകൊണ്ട് മെത്രാന്മാര്‍ സ്വജനത്തിന്റെയും തിരുസഭ മുഴുവന്റെയും ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നു. പ്രാദേശിക സഭയിലെ ഐക്യത്തിന്റെ ദൃശ്യമായ ഉറവിടവും അടിത്തറയും മെത്രാന്മാര്‍ തന്നെയാണ്. എന്നാല്‍ ഓരോ മെത്രാനും സഭ മുഴുവന്റെയും കാര്യത്തില്‍ തല്‌പരനായിരിക്കാന്‍ ബാധ്യസ്ഥനാണ്. മെത്രാന്മാര്‍ പ്രേക്ഷിത പ്രവര്‍ത്തനരംഗത്തേക്കു കൊയ്‌ത്തിനു വേലക്കാരെയും ആദ്ധ്യാത്മികവും ഭൗതികങ്ങളുമായ സഹായങ്ങളെയും നല്‍കുവാന്‍ ബാധ്യസ്ഥരാണ്. എല്ലാ ജനങ്ങളെയും പഠിപ്പിക്കാനും അവരോടു സുവിശേഷം പ്രസംഗിക്കുവാനുമുള്ള ദൗത്യം ശ്ലീഹന്മാരുടെ പിന്‍ഗാമിയകളെന്ന നിലയില്‍ അവര്‍ സ്വീകരിച്ചിരിക്കുന്നു. മെത്രന്മാരുടെ സംഘാത്മകത പഠിപ്പിക്കുന്ന പ്രമാണരേഖ മാര്‍പാപ്പയുടെ പരമാധികാരത്തിനു ഊന്നല്‍ നല്‌കുന്നുണ്ട്. വിശ്വാസവും സന്മാര്‍ഗവും സംബന്ധിച്ചുള്ള ഒരു സത്യം നിര്‍ണായകമായി പ്രഖ്യാപിക്കുമ്പോള്‍ മെത്രാന്‍ സംഘത്തിന്റെ തലവാനെന്ന നിലയില്‍ ഉദ്യോഗത്താല്‍ തന്നെ റോമ മാര്‍പാപ്പക്ക് അപ്രമാദിത്വം ഉണ്ടാകുമെന്ന് പ്രമാണരേഖ പഠിപ്പിക്കുന്നുണ്ട്. LG. 25#3. മെത്രാന്മാരുടെ പ്രബോധ ധര്‍മ്മം (LG. 25) പവിത്രീകരണ ധര്‍മ്മം (LG. 26) അജപാലന ധര്‍മ്മം (LG. 27) എന്നീ കാര്യങ്ങള്‍ ഉന്നി പറയുന്നുണ്ട് ഈ പ്രമാണ രേഖ.
മെത്രാന്മാരുടെ സഹായികളും സഹപ്രവര്‍ത്തകരെന്ന നിലയില്‍ വൈദികര്‍ അഭിഷിക്തരായിരിക്കുന്നത് സുവിശേഷം പ്രസംഗിക്കാനും വിശ്വാസികളെ പരിപാലിക്കാനും പുതിയ ഉടമ്പടിയിലെ യഥാര്‍ത്ഥ പുരോഹിതരെന്ന നിലയില്‍ ദൈവാരധന നടത്തുവാനുമാണ് (LG. 28). അധികാരപദവിയുടെ താഴ്‌ന്ന നിലയിലുള്ളവരാണ് ഡീക്കന്മാര്‍.
പൗരോഹിത്യത്തിനു വേണ്ടിയല്ല ദൈവ ശുശ്രൂഷക്കുവേണ്ടിയാണ് അവരില്‍ കൈവയ്‌പ് നടത്തിയിട്ടുള്ളത്. മെത്രാനോടും വൈദികവൃന്ദത്തോടുമുള്ള ഐക്യത്തില്‍ ദൈവാരാധനകര്‍മ്മം, വചനശുശ്രൂഷ, പരസേവനം എന്നിവയിലൂടെ അവര്‍ ദൈവജനത്തെ സേവിക്കുന്നു. മെത്രാന്മാര്‍, വൈദികര്‍, ഡിക്കന്മാര്‍ എന്ന സഭയുടെ ഹയരാര്‍ക്കിക്കല്‍ സംവിധാനത്തെ കുറിച്ചു പഠിപ്പിക്കുന്ന പ്രമാണ രേഖ അടുത്ത അദ്ധ്യായത്തില്‍ അല്‌മായരെക്കുറിച്ചുള്ള പഠനമാണ് അവതരിപ്പിക്കുക.
Part -2
IV. അല്‌മായര്‍
ഹയരാര്‍ക്കിയുടെ ധര്‍മ്മങ്ങളെപറ്റി പ്രതിപാദിച്ചതിനുശേഷം പ. സൂനഹദോസു അല്‌മായരുടെ ജീവിതാവസ്ഥയിലേക്കു ശ്രദ്ധ തിരിക്കുകയാണ് നാലാം അദ്ധ്യായത്തില്‍. ദൈവജനത്തെക്കുറിച്ചു പറഞ്ഞ പല കാര്യങ്ങളും സഭയിലെ എല്ലാവരെയും സംബന്ധിക്കുന്നതാണെങ്കിലും ചില കാര്യങ്ങള്‍ സ്‌ത്രീ-പുരുഷ ഭേദമെന്യേ അല്‌മായരെ ബാധിക്കുന്നുണ്ട്. അതിന്റെ കാരണം അല്‌മായരുടെ ജീവിതസ്ഥിതിയും അവരുടെ പ്രേക്ഷിത ദൗത്യവും തന്നെ. സഭ മുഴുവനുംവേണ്ടി അല്‌മായര്‍ ചെയ്യുന്ന സേവനത്തെ മെത്രാന്മാര്‍ വിലമതിക്കുന്നു (LG.30). തിരുപ്പട്ടം സ്വീകരിക്കാത്തവരോ സഭ അംഗീകരിച്ചിട്ടുള്ള സന്ന്യാസ സഭകളില്‍പെടാത്തവരോ ആയ മാമ്മോദീസ സ്വീകരിച്ച വിശ്വാസികളാണ് അല്‌മായര്‍. മാമ്മോദീസായിലുടെ അവര്‍ ദൈവത്തിന്റെ ജനമായി തീരുന്നു. ക്രിസ്‌തുവിനോടു ചേര്‍ന്നു ഒറ്റ ശരീരമായിതീരുന്നു. അതുപോലെതന്നെ മാമ്മോദീസായിലൂടെ അവര്‍ ക്രിസ്‌തുവിന്റെ പൗരോഹിത്യത്തിലും പ്രവാചകത്വത്തിലും രാജത്വത്തിലും സ്വകീയമായ രീതിയില്‍ പങ്കുകാരാകുന്നു. ലോകത്തോടു ബന്ധപ്പെട്ടു ജീവിക്കുന്ന അവര്‍ (LG. 31-2) അവരുടെ പ്രത്യേക ദൈവവിളിയില്‍ വി. ശുശ്രൂഷയ്‌ക്കു നിയുക്തരാണ്. ഭൗതിക കാര്യങ്ങളെ നിയന്ത്രിച്ചും, ദൈവഹിതപ്രകാരം അവ ക്രമീകരിച്ചും, സ്വന്തം ദൈവവിളിക്കനുസൃതമായി ദൈവരാജ്യം അന്വേഷിച്ചും ലോകത്തില്‍ ജീവിക്കുക എന്നതാണ് അല്‌മായരുടെ കടമ. (LG. 31-2) . കുടുംബജീവിതത്തിലും സാമൂഹികജീവിതത്തിലും സുവിശേഷ ചൈതന്യത്താല്‍ പ്രേരിതരായി സ്വന്തം കര്‍ത്തവ്യങ്ങള്‍ നിര്‍വഹിച്ചുകൊണ്ട്, ലോകത്തിന്റെ വിശുദ്ധീകരണത്തിനുവേണ്ടി, അതിലെ പുളിമാവായി വര്‍ത്തിക്കുവാന്‍ ദൈവം അവരെ വിളിച്ചിരിക്കുന്നു. അങ്ങനെ അല്‌മായര്‍ ജീവിതമാതൃകകൊണ്ടും ദൈവിക പുണ്യങ്ങളായ വിശ്വാസം, ശരണം, ഉപവി എന്നിവയുടെ ദീപ്‌തിയാലും മറ്റുള്ളവര്‍ക്കു ക്രിസ്‌തുവിനെ കാണിച്ചുകൊടുക്കുവാന്‍ കടപ്പെട്ടിരിക്കുന്നു. (Cfr.LG.N. 31-2). സഭയില്‍ എല്ലാവരും ഒരേ പാതയിലൂടെയല്ല ചരിക്കുന്നതെങ്കിലും എല്ലാവരും വിശുദ്ധി പ്രാപിക്കാനായി വിളിക്കപ്പെട്ടിരിക്കുന്നു. LG.32-3) എല്ലാവരും വിശുദ്ധിയിലേക്കു ക്ഷണിക്കപ്പെട്ടിരിക്കുന്നു എന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ദര്‍ശനം തികച്ചും മൗലികവും പുതുമനിറഞ്ഞതുമാണ്.
അല്‌മായരുടെ ഔന്നത്യവും പ്രേഷിതജീവിതവും
തിരുസഭ വൈവിധ്യത്തോടുകൂടിയാണ് ഭരിക്കപ്പെടുന്നതും നയിക്കപ്പെടുന്നതും. സഭയില്‍ പലരായിരിക്കുന്ന നാം ക്രിസ്‌തുവില്‍ ഒരു ശരീരമായിരിക്കുന്നു. LG.32-1, Rom.12/4-5) സഭയില്‍ എല്ലാവരും തുല്യമാഹാത്മ്യമുള്ളവരാണ്. ക്രിസ്‌തുവിന്റെ ശരീരത്തെ കരുപിടിപ്പിക്കുക എന്ന ചുമതലയിലും എല്ലാ വിശ്വാസികളും സമന്മാരാണ്. അജപാലകര്‍ കര്‍ത്താവിന്റെ മാതൃകയനുസരിച്ചു തമ്മില്‍ തമ്മിലും മറ്റു വിശ്വാസികള്‍ക്കും ശുശ്രൂഷകരായിരിക്കണം. എന്നാല്‍ അജപാലകരും അല്‌മായരും പരസ്‌പരം ബന്ധപ്പെട്ടാണിരിക്കുന്നതെന്നു കൗണ്‍സില്‍ നിഷ്‌കര്‍ഷിക്കുന്നു. വിശ്വാസികള്‍ അജപാലകരോടും സര്‍വ്വാത്മനാ സഹകരിക്കുകയും വേണം. ദാനങ്ങളിലും ശുശ്രൂഷകളിലും പ്രവര്‍ത്തനത്തിലുമുള്ള വൈവിധ്യം ദൈവമക്കളെയെല്ലാം ഒന്നാക്കി തീര്‍ക്കുന്നു. കാരണം “ഇവയെല്ലാം ഒരേ അരൂപിയുടെ പ്രവര്‍ത്തനമാണ്”. (1 കോറ: 12/11) ഇപ്രകാരം സഭയിലുള്ള വൈവിധ്യത്തെയും സഭയിലെ ഐക്യത്തെയുംപറ്റി കൗണ്‍സില്‍ ഊന്നി പറയുന്നു. അല്‌മായര്‍ ദൈവത്തിന്റെ ജനമായി കൂട്ടിച്ചേര്‍ക്കപ്പെട്ട, ഒരു ശിരസിന്റെ കീഴില്‍, ക്രിസ്‌തുവിന്റെ ഏക ശരീരത്തില്‍ (Church as body of Christ) സംയോജിക്കപ്പെട്ടിരിക്കുകയാണ്. ക്രിസ്‌തുവാണ് സഭയുടെ ശിരസ്.
അല്‌മായര്‍ ആരുതന്നെയായാലും സഭയുടെ വളര്‍ച്ചയ്‌ക്കും സഭയുടെ നിരന്തരമായ വിശുദ്ധീകരണത്തിനുംവേണ്ടി തങ്ങള്‍ക്കു ലഭിച്ച ശക്തി മുഴുവന്‍ ഉപയോഗപ്പെടുത്തണം. അല്‌മായര്‍ക്ക് സഭയുടെ പ്രേഷിതപ്രവര്‍ത്തനത്തില്‍ വലിയ ഉത്തരവാദിത്വമുണ്ട്. സഭയുടെ രക്ഷാകരദൗത്യത്തിലുള്ള ഭാഗഭാഗിത്വമാണ് അല്‌മായരുടെ പ്രേഷിതത്വം. എല്ലാവരെയും മാമ്മോദീസായും സ്ഥൈര്യലേപനവും വഴി സഭയുടെ പ്രേഷിതത്വത്തിനായി നിയോഗിച്ചിരിക്കുന്നത് നമ്മുടെ കര്‍ത്താവു തന്നെയാണ്. ചില സ്ഥലങ്ങളില്‍ സഭയ്‌ക്ക് ഭൂമിയുടെ ഉപ്പായി പ്രവര്‍ത്തിക്കാന്‍ അല്‌മായരിലൂടെ മാത്രമെ സാധിക്കു (LG.33-2) . അത്തരം സ്ഥലങ്ങളിലും സാഹചര്യങ്ങളിലും സഭയ്‌ക്കു പ്രവേശനം ലഭിക്കാനും പ്രവര്‍ത്തിക്കാനും അവസരമുണ്ടാക്കാന്‍ അല്‌മായര്‍ പ്രത്യേകമായി വിധിക്കപ്പെട്ടിരിക്കുന്നു. അവര്‍ സഭയുടെ ദൗത്യത്തിനു ഒരു സാക്ഷിയും സജിവവുമായ ഉപകരണവുമായി വര്‍ത്തിക്കേണ്ടിയിരിക്കുന്നു. മേല്‍ പ്രസ്‌താവിച്ചിരിക്കുന്ന കാര്യങ്ങളില്‍നിന്ന്, അല്‌മായര്‍ എല്ലാ കാര്യങ്ങളിലും ഇടയന്മാര്‍ക്ക് വിധേയരായിരിക്കണമെന്ന ധാരണ നീക്കിയശേഷം അല്‌മായരും വൈദികരും പരസ്‌പരം സഹായിച്ചും ആശ്രയിച്ചും കഴിയണമെന്നു പ്രമാണരേഖ പഠിപ്പിക്കുന്നു. നിലവിലിരുന്ന ആശയമനുസരിച്ച് സഭാധികാരികളുടേതു മാത്രമായ അപ്പസ്‌തോലവേലയില്‍ സഹകരിക്കുക എന്നതു മാത്രമായിരുന്നു അല്‌മായരുടെ ശ്ലൈഹികവൃത്തി. അല്‌മായര്‍ക്കു സഭാധികാരികളുടെ പ്രേഷിത വൃത്തിയില്‍ സ്‌തുത്യര്‍ഹമായി സഹകരിക്കാമെങ്കിലും `അല്‌മായ പ്രേഷിതത്വം’ എന്ന പദം മുഖ്യമായും അല്‌മായരുടേതായ അപ്പസ്‌തോല ജോലിയാണ് സൂചിപ്പിക്കുന്നതെന്ന് ഈ പ്രമാണ രേഖയും അല്‌മായരുടെ അപ്പസ്‌തോല ജോലിയെപ്പറ്റിയുള്ള ഡിക്രിയും വ്യക്തമാക്കുന്നുണ്ട് (L.G. 33 footnote). അതുകൊണ്ട് രക്ഷയുടെ ദൈവിക പദ്ധതി എല്ലാക്കാലത്തും എല്ലാ മനുഷ്യരിലേക്കും കൂടുതല്‍ വ്യാപിപ്പിക്കുക എന്ന മഹനീയ ധര്‍മ്മം അല്‌മായര്‍ക്കുണ്ടെന്ന് കൗണ്‍സില്‍ പ്രമാണരേഖ ഊന്നിപറയുന്നു.
അല്‌മായരുടെ പൗരോഹിത്യം
ക്രിസ്‌തുവിന്റെ പൊതു പൗരോഹിത്യത്തിലും പ്രവാചകത്വത്തിലും രാജത്വത്തിലും അല്‌മായര്‍ പങ്കുചേരുന്നുണ്ട്. അതു മെത്രാന്മാര്‍ക്കും പുരോഹിതര്‍ക്കുമുള്ള ശുശ്രൂഷ പൗരോഹിത്യത്തില്‍നിന്നു വ്യത്യസ്‌തമാണ്. നിത്യപുരോഹിതനായ ക്രിസ്‌തുനാഥന്‍ അവിടുത്തെ ശുശ്രൂഷയും ദൗത്യവും അല്‌മായര്‍വഴിയും തുടര്‍ന്നുകൊണ്ടുപോകുവാന്‍ തിരുമനസായി (LG. 34). ക്രിസ്‌തു തന്റെ ജീവിതത്തോടും ദൗത്യത്തോടും അല്‌മായരെ ഗാഢമായി ബന്ധിച്ചിട്ടുണ്ട്. മാത്രമല്ല തന്റെ പൗരോഹിത്യ കര്‍ത്തവ്യത്തില്‍ അവര്‍ക്കു ഭാഗഭാഗിത്വം നല്‌കുകയും ചെയ്‌തിരിക്കുന്നു. ദൈവമഹത്വത്തിനും മനുഷ്യരക്ഷയ്‌ക്കും വേണ്ടിയുള്ള ആദ്ധ്യാത്മിക ആരാധനയാണ് ഇതുവഴി നടത്തേണ്ടത്. ഇതിനുവേണ്ടി, ക്രിസ്‌തുവിനു സമര്‍പ്പിതരും പരിശുദ്ധാത്മാവില്‍ ആഭിഷിക്തരുമായ അല്‌മായര്‍, വിശിഷ്യാ വിളിക്കപ്പെടുകയും നിയമിക്കപ്പെടുകയും ചെയ്‌തിരിക്കുന്നു. അവരുടെ സകല ജോലികളും പ്രാര്‍ത്ഥനയും പ്രേഷിതപ്രവര്‍ത്തനവും വിവാഹ ജീവിതവും, കുടുംബകാര്യങ്ങളും അവര്‍ സഹിക്കുന്ന ജീവിതക്ലേശങ്ങളുമെല്ലാം, പരിശുദ്ധാരൂപിയില്‍ നിര്‍വഹിക്കപ്പെടുമ്പോള്‍ അവ ക്രിസ്‌തുവിലൂടെ ദൈവത്തിനു സ്വീകാര്യമായ ആദ്ധ്യാത്മിക ബലിയായി തീരുന്നു. (1 പത്രോസ് 2/5).
അല്‌മായരുടെ പ്രവാചകത്വം
ക്രിസ്‌തുനാഥന്‍ താന്‍ തിരഞ്ഞെടുത്ത, തന്റെ നാമത്തിലും ശക്തിയിലും പഠിപ്പിക്കുന്ന, ഹയരാര്‍ക്കി വഴി മാത്രമല്ല; അല്‌മായര്‍ വഴിയും തന്റെ പ്രവാചകധര്‍മ്മം തുടരുന്നു. അങ്ങനെ സുവിശേഷത്തിന്റെ ശക്തി, അല്‌മായരുടെ സാമൂഹികവും ഗാര്‍ഹികവുമായ അനുദിനജീവിതത്തില്‍ പ്രകാശിക്കാന്‍ ഇടയാകുന്നു. ക്രിസ്‌തുവിന്റെ സുവിശേഷം ഏതു കുടുംബങ്ങളെ സ്വാധീനിക്കുന്നുവോ അങ്ങനെയുള്ള കുടുംബങ്ങള്‍ അത്മായ പ്രേഷിതത്വത്തിന്റെ ഒന്നാംതരം പ്രവര്‍ത്തനരംഗവും പഠനക്കളരിയുമായി തീരും (cfr. LG. 35-1) – ഭൗതികകാര്യങ്ങളില്‍ വ്യാപൃതരായിരിക്കുമ്പോള്‍കൂടെയും അല്‌മായര്‍ക്കു ലോകമെങ്ങും സുവിശേഷ പ്രചരണത്തിനുവേണ്ടി അതിവിശിഷ്‌ടമായ ഒരു ജോലി നിര്‍വഹിക്കുവാന്‍ സാധിക്കുമെന്നും അതിനവര്‍ക്കു കടമയുണ്ടെന്നും പ്രമാണരേഖ പഠിപ്പിക്കുന്നു.
അല്‌മായരുടെ രാജത്വം
ക്രിസ്‌തു തന്റെ രാജകീയ അധികാരം അല്‌മായര്‍ക്കു പങ്കുവയ്‌ക്കുന്നുണ്ട് (Cfr. Rom 6/12) . സത്യത്തിന്റെയും ജീവന്റെയും വിശുദ്ധിയുടെയും പ്രസാദവരത്തിന്റെയും നീതിയുടെയും സ്‌നേഹത്തിന്റെയും സമാധാനത്തിന്റെതുമായ തന്റെ രാജ്യം അല്‌മായരിലൂടെ വിസ്‌തൃതമാക്കാന്‍ ക്രിസ്‌തു ആഗ്രഹിക്കുന്നു (LG. 36). സഭയുടെ അംഗങ്ങള്‍വഴി ക്രിസ്‌തു മാനവരാശിയെ മുഴുവന്‍ അവിടുത്തെ രക്ഷാകരമായ പ്രകാശത്താല്‍ ശോഭായമാനമാക്കും. അതുപോലെതന്നെ പാപത്തിനു പ്രേരിപ്പിക്കുന്ന ലോകത്തിന്റെ പ്രസ്ഥാനങ്ങള്‍ക്കും സാഹചര്യങ്ങള്‍ക്കും പരിഹാരമുണ്ടാക്കാന്‍, അല്‌മായര്‍ സംഘടിതമായി ശ്രമിക്കണമെന്നു പ്രമാണരേഖ ഉദ്‌ബോധിപ്പിക്കുന്നു. സഭയുടെ അംഗങ്ങളെന്ന നിലയ്‌ക്കും മനുഷ്യസമൂഹത്തിന്റെ അംഗങ്ങളെന്ന നിലയ്‌ക്കും വിശ്വാസികള്‍ക്കുള്ള കടമകള്‍ ഏവയെന്ന് വേര്‍തിരിച്ചറിയാന്‍ അല്‌മായര്‍ ശ്രമിക്കുകയും ഇവ രണ്ടും കൂട്ടിയിണക്കിക്കൊണ്ടുപോകുവാന്‍ അല്‌മായര്‍ പരിശ്രമിക്കുകയും ചെയ്യണം.
അല്‌മായരും ഹയരാര്‍ക്കിയും
അജപാലകരില്‍നിന്നു ആത്മീയ സഹായങ്ങള്‍ പ്രത്യേകിച്ചു കൂദാശകളും ദൈവവചന ശുശ്രൂഷയും സമൃദ്ധമായി സ്വീകരിക്കാന്‍ അല്‌മായര്‍ക്കുള്ള അവകാശത്തെ, കൗണ്‍സില്‍ ഊന്നിപറയുന്നു. അറിവും സാമര്‍ത്ഥ്യവും കാര്യക്ഷമതയുമുള്ള അല്‌മായര്‍ക്കും സഭയുടെ നന്മയെ സംബന്ധിക്കുന്ന കാര്യങ്ങളെപ്പറ്റി അഭിപ്രായം പറയാന്‍ അവകാശം ഉണ്ടെന്നു മാത്രമല്ല ചിലപ്പോളതിനു കടമയുമുണ്ട്. ഒപ്പം ക്രിസ്‌തുവിന്റെ പ്രതിപുരുഷന്മാരും, സഭയിലെ ഉപദേഷ്‌ടാക്കളും ഭരണകര്‍ത്താക്കളും എന്ന നിലയ്‌ക്ക് അജപാലകരോട് ക്രിസ്‌തീയമായ അനുസരണം കാണിക്കുവാന്‍ അവര്‍ കടപ്പെട്ടവരാണ്. ഒപ്പം മെത്രാന്മാര്‍ അല്‌മായര്‍ക്കു സഭയിലുള്ള സ്ഥാനവും ഉത്തരവാദിത്വവും അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയും അവരുടെ വിവേകപൂര്‍വ്വകമായ ഉപദേശം മഹാമനസ്‌കതയോടെ ഉപയോഗപ്പെടുത്തുകയും വേണം. സഭാശുശ്രൂഷയിലുള്ള ചുമതലകള്‍ വിശ്വാസപൂര്‍വം അവരെ ഏല്‌പിക്കുകയും പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യവും സൗകര്യവും നല്‍കുകയും വേണം (LG.37). പരസ്‌പരമുള്ള സഹകരണത്തിന്റെയും കൂട്ടുത്തരവാദിത്വത്തിന്റെയും ശൈലിയാണ് സഭ പ്രോത്സാഹിപ്പിക്കുക. ക്രിസ്‌തുവിന്റെ സാക്ഷിയായും ദൈവത്തിന്റെ ആസ്‌തിക്യത്തിന്റെ അടയാളമായിട്ടുമായിരിക്കണം അല്‌മായര്‍ ലോകസമക്ഷം നിലകൊള്ളേണ്ടത്. ശരീരത്തിനു ആത്മാവ് എങ്ങനെയോ അങ്ങനെയായിരിക്കണം ലോകത്തിനു അല്‌മായരെന്നു കൗണ്‍സില്‍ ഉദ്‌ബോധിപ്പിക്കുന്നു.
V. തിരുസഭയില്‍ എല്ലാവരും വിശുദ്ധിയിലേക്കു
വിളിക്കപ്പെട്ടിരിക്കുന്നു
തിരുസഭയെ സംബന്ധിക്കുന്ന പ്രമാണ രേഖയുടെ അഞ്ചാം അദ്ധ്യായത്തില്‍ തിരുസഭയില്‍ എല്ലാവരും ഭരിക്കുന്നവരും ഭരണിയരും വിശുദ്ധിയിലേക്കു വിളിക്കപ്പെട്ടിരിക്കുന്നു എന്നു പ്രഖ്യാപിക്കുന്നു LG.39. തിരുസഭ പരിശുദ്ധയാണ് (cfr. LG.39). അതിന്റെ അംഗങ്ങളും പരിശുദ്ധരാകാന്‍ വിളിക്കപ്പെട്ടവരാണ്. ഈ വിശുദ്ധീകരണം നടക്കുന്നത് പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനംവഴിയാണ്. പരിശുദ്ധാത്മാവ് വിശ്വാസികളുടെ ഹൃദയങ്ങളില്‍ വസിക്കുകയും നവീകരണത്തിനും ദൈവൈക്യത്തിനും നമ്മെ ഒരുക്കുകയും ചെയ്യുന്നു. പൗലോസ് ശ്ലീഹായുടെ വചനത്തെ ആധാരമാക്കിയാണ് തിരുസഭയില്‍ എല്ലാവരും വിശുദ്ധിയിലേക്കു ക്ഷണിക്കപ്പെട്ടിരിക്കുന്നു എന്ന കാര്യം കൗണ്‍സില്‍ പ്രസ്‌താവിക്കുക: “ഇതാണ് ദൈവതിരുമനസ് നിങ്ങളുടെ വിശുദ്ധീകരണം” (1. തെസ. 4/3, എഫേ. 1/4). ഈ പ്രബോധനംവഴി വിശുദ്ധി തിരുസഭയിലെ ഏതെങ്കിലും പ്രത്യേക ഗണത്തില്‍ പെട്ടവരുടെ (Eg. സന്ന്യാസികള്‍) കുത്തകയാണെന്ന ധാരണ കൗണ്‍സില്‍ തിരുത്തുന്നു. ഒപ്പം ആദ്ധ്യാത്മിക ജീവിതമെന്നത് ഏതാനും ഭക്താഭ്യാസങ്ങളില്‍ മാത്രം അടങ്ങിയിരിക്കുന്നു എന്ന അബദ്ധ ധാരണയെയും കൗണ്‍സില്‍ നിരാകരിക്കുന്നു. കൗണ്‍സില്‍ തുടരുന്നു: എല്ലാ പൂര്‍ണ്ണതയുടെയും ദിവ്യഗുരുവും മാതൃകയുമായ ഈശോ തന്റെ എല്ലാ ശിഷ്യന്മാരെയും, അവരുടെ ജീവിതാവസ്ഥ പരിഗണിക്കാതെ, തന്റെ പിതാവു പരിപൂര്‍ണ്ണനായിരിക്കുന്നതുപോലെ പരിപൂര്‍ണരാകാന്‍ ഉപദേശിച്ചുകൊണ്ട് (Mt.5/48) ജീവിത വിശുദ്ധിയിലേക്കു ആഹ്വാനം ചെയ്‌തു. ഈശോ തന്നെ ജീവിത വിശുദ്ധിയുടെ കര്‍ത്താവും മകുടവുമായി നിലകൊള്ളുന്നു. വിശ്വാസത്തിന്റെ മാമ്മോദീസ വഴി എല്ലാവരും ദൈവസുതരും ദൈവസ്വഭാവത്തില്‍ പങ്കാളികളുമായിതീരുന്നു. അങ്ങനെ അവര്‍ യഥാര്‍ത്ഥത്തില്‍ വിശുദ്ധീകരിക്കപ്പെടുന്നു. കൂടാതെ ദൈവത്തിന്റെ അനുഗ്രഹംവഴി തങ്ങള്‍ പ്രാപിച്ച വിശുദ്ധിയില്‍ സ്ഥിരമായി നില്‍ക്കുകയും തങ്ങളുടെ ജീവിതത്തില്‍ അതിനെ മകുടംചൂടിക്കുകയും ചെയ്യുന്നു. അതുകൊണ്ട് വ്യത്യസ്‌ത ജീവിതാന്തസിലും പരിതസ്ഥിതികളിലും ആയിരുന്നാലും ക്രിസ്‌തീയ വിശ്വാസികളെല്ലാവരും ക്രൈസ്‌തവ ജീവിതത്തിന്റെ പൂര്‍ണതയും സ്‌നേഹത്തിന്റെ തികവും പ്രാപിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നു എന്ന വസ്‌തുത സ്‌പഷ്‌ടമാണ് (LG.41/2). പിതാവായ ദൈവത്തെ സത്യത്തിലും ആത്മാവിലും ആരാധിച്ചുകൊണ്ട്, പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുകയും പിതാവിന്റെ സ്വരത്തിനു വഴങ്ങുകയും ചെയ്യുന്നവര്‍, വിവിധങ്ങളായ ജീവിതസ്ഥിതികളിലും കടമകളിലും, ഒരേ ഒരു വിശുദ്ധിയാണ് ലക്ഷ്യമാക്കുക.
എല്ലാവരും വിശുദ്ധിയിലേക്കു ക്ഷണിക്കപ്പെട്ടിരിക്കുന്നു എന്ന വസ്‌തുത ഊന്നിപറഞ്ഞശേഷം മെത്രാന്മാര്‍, വൈദികര്‍, ഡീക്കന്‍മാര്‍, വൈദിക വിദ്യാര്‍ത്ഥികള്‍, അല്‌മായര്‍, സഹനം ഏറ്റെടുക്കുന്നവര്‍ എന്നിവരെല്ലാം തങ്ങളുടെ ജീവിതാന്തസിലൂടെ, അതിന്റെ ധര്‍മ്മങ്ങള്‍ യഥാവിധി നിറവേറ്റുന്നതിലൂടെ വിശുദ്ധി പ്രാപിക്കുമെന്നു വ്യക്തമാക്കുന്നു. മെത്രാന്മാര്‍, അജഗണത്തിന്റെ ഇടയന്മാര്‍, നിത്യപുരോഹിതനായ ഈശോയുടെ മാതൃക അനുസരിച്ച്, എല്ലാറ്റിനും ഉപരിയായി വിശുദ്ധി, ജാഗ്രത, വിനയം, ധൈര്യം എന്നിവ പാലിച്ചുകൊണ്ട് തങ്ങളുടെ ധര്‍മ്മം നിര്‍വഹിക്കണം. അങ്ങനെ അവര്‍ തങ്ങളുടെ ഈ ശുശ്രൂഷയെ തങ്ങളുടെ സ്വന്തം വിശുദ്ധീകരണത്തിന് ഒരു മാര്‍ഗമാക്കിതീര്‍ക്കണം (LG.41-2).
മെത്രാന്മാരെപ്പോലെ വൈദികരും തങ്ങളുടെ അനുദിന കര്‍ത്തവ്യങ്ങളുടെ നിര്‍വഹണംവഴി ദൈവസ്‌നേഹത്തിലും സഹോദരസ്‌നേഹത്തിലും വളരണം. മറ്റു വൈദികരോടു ഗാഢമായ ഐക്യം പുലര്‍ത്തികൊണ്ടും എല്ലാവരുടെയും മുന്‍പില്‍ ദൈവത്തിനു സാക്ഷ്യം നല്‌കണം. വൈദികര്‍ ദൈവജനത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും ബലി അര്‍പ്പിക്കുകയും ചെയ്യുമ്പോള്‍, തങ്ങളുടെ കൃത്യത്തെപ്പറ്റി പൂര്‍ണബോധവാന്മാരായി, തങ്ങള്‍ കൈകാര്യം ചെയ്യുന്നവയുടെ വിശുദ്ധി, തങ്ങളില്‍ തന്നെ അനുകരിക്കേണ്ടതാണ്. ഇവിടെ രൂപതാ വൈദികരുടെ കാര്യം എടുത്തുപറയുന്നത് സന്ന്യാസവൈദികര്‍ മാത്രം പുണ്യപൂര്‍ണതയില്‍ ചരിക്കുന്നു എന്നുള്ള തെറ്റിദ്ധാരണ മാറ്റുവാനാണ്.
ഡീക്കന്മാര്‍ സകല ദുഷ്‌പ്രവണതകളില്‍നിന്നും അകന്ന് തങ്ങളെതന്നെ നിര്‍മ്മലതയില്‍ സൂക്ഷിക്കണം. ദൈവത്തിന്റെ സ്‌നേഹിതരും മനുഷ്യരുടെ മുന്‍പില്‍ നന്മയുടെ മൂര്‍ത്തിഭാവങ്ങളായി അവര്‍ നിലകൊള്ളണം.
അല്‌മായര്‍, ക്രൈസ്‌തവ ദമ്പതിമാരും മാതാപിതാക്കന്മാരും, വിശ്വസ്‌ത സ്‌നേഹത്തിലും പ്രസാദവരത്തിലും ആയുഷ്‌കാലം മുഴുവന്‍ നിലനില്‍ക്കാന്‍ പരസ്‌പരം സഹായിച്ചുകൊണ്ടു വിശുദ്ധിയിലേക്കുള്ള അവരുടേതായ മാര്‍ഗത്തിലൂടെ ചരിക്കണം. സന്താനങ്ങളെ ദൈവത്തില്‍നിന്നുള്ള ദാനമായി കണ്ട് സ്‌നേഹത്തോടെ സ്വീകരിച്ച്, ക്രിസ്‌തീയ പ്രബോധനവും സുവിശേഷ സുകൃതങ്ങളുംകൊണ്ടു പൂരിതരാക്കണം.
ദാരിദ്ര്യം, അനാരോഗ്യം, രോഗം, തുടങ്ങി പലവിധ കഷ്‌ടതയാല്‍ ഞെരുക്കപ്പെടുന്നവരും നീതിക്കുവേണ്ടി മര്‍ദനമനുഭവിക്കുന്നവരും, അവരുടെ സഹനങ്ങള്‍വഴി ലോക രക്ഷയ്‌ക്കുവേണ്ടി സഹിച്ച ക്രിസ്‌തുവിനോടു സവിശേഷമായ വിധത്തില്‍ തങ്ങള്‍ അനുരൂപപ്പെടുകയാണെന്നു മനസിലാക്കണം.
ചുരുക്കത്തില്‍ ജീവിതസ്ഥിതി, കര്‍ത്തവ്യങ്ങള്‍ എന്നിവ ഏതായിരുന്നാലും അവയെല്ലാം സ്വര്‍ഗീയ പിതാവിന്റെ കരങ്ങളില്‍നിന്നു വരുന്നവയായി വിശ്വസിച്ച് സ്വീകരിക്കുകയും, ദൈവതിരുമനസിനോടു സഹകരിക്കുകയും ചെയ്യുന്നപക്ഷം, ഈ സാഹചര്യങ്ങളില്‍കൂടി തന്നെ ക്രിസ്‌തീയ വിശ്വാസികള്‍ വിശുദ്ധിയില്‍ അനുദിനം വളര്‍ന്നുവരും. (Cfr. LG.41).
വിശുദ്ധിയുടെ മാര്‍ഗങ്ങള്‍
ദൈവസ്‌നേഹത്തിലും പരസ്‌നേഹത്തിലും വളര്‍ന്നുകൊണ്ട് ഒരുവനു വിശുദ്ധി പ്രാപിക്കാം. ദൈവവചനം കേള്‍ക്കുകയും അവിടുത്തെ തിരുമനസു നിറവേറ്റാന്‍ പരിശ്രമിക്കുകയും ചെയ്യണം. കൂദാശകള്‍ സ്വീകരിക്കുക, പ. കുര്‍ബാനയ്‌ക്കു പ്രഥമ പരിഗണന നല്‍കുക എന്നിവ ആവശ്യമാണ്.
പ്രാര്‍ത്ഥന, സ്വയം പരിത്യാഗം, സഹോദരസ്‌നേഹം, മറ്റു സുകൃതാഭ്യാസങ്ങള്‍ എന്നിവയില്‍ ഓരോരുത്തനും ബദ്ധശ്രദ്ധനായിരിക്കട്ടെയെന്നു കൗണ്‍സില്‍ ഓര്‍മ്മപ്പെടുത്തുന്നു. വിശ്വാസത്തിനുവേണ്ടിയുള്ള രക്തസാക്ഷിത്വത്തെ സഭ, അസാധാരണ ദാനമായും സ്‌നേഹത്തിന്റെ ഏറ്റവും വലിയ തെളിവായും പരിഗണിക്കുന്നുണ്ട്. വിശുദ്ധിക്കും പ്രത്യേകമായ ജീവിതാവസ്ഥയുടെ പൂര്‍ണതയ്‌ക്കും വേണ്ടി പരിശ്രമിക്കുവാന്‍ എല്ലാ ക്രൈസ്‌തവ വിശ്വാസികളും വിളിക്കപ്പെട്ടിരിക്കുന്നുവെന്നും അതവരുടെ കര്‍ത്തവ്യമാണെന്നും `പ്രമാണരേഖ’ ഊന്നി പഠിപ്പിക്കുന്നു.
VI. സന്ന്യാസ സമൂഹങ്ങള്‍
തിരുസഭയെ സംബന്ധിച്ചുള്ള പ്രമാണരേഖയിലെ ആറാം അദ്ധ്യായത്തില്‍ സന്ന്യാസ സമൂഹങ്ങളെക്കുറിച്ചാണ് പ്രതിപാദിക്കുക. യഥാര്‍ത്ഥത്തില്‍ തിരുസഭയുടെ ഹൃദയത്തിലാണ് സന്ന്യാസത്തിനു സ്ഥാനം. യേശുനാഥന്റെ മാതൃക അനുകരിച്ചുകൊണ്ട് സുവിശേഷോപദേശങ്ങളായ ബ്രഹ്‌മചര്യം, ദാരിദ്ര്യം, അനുസരണം എന്നിവ അനുഷ്‌ഠിച്ചുകൊണ്ടു ജീവിക്കുന്ന വിവിധ സിദ്ധികളുള്ള സന്ന്യാസ സമൂഹങ്ങള്‍ സഭയില്‍ ഉണ്ട്. സുവിശേഷോപദേശങ്ങള്‍ വ്രതമായോ വാഗ്‌ദാനമായോ എടുത്തുകൊണ്ടാണ് ഒരാള്‍ അതിന്റെ അനുഷ്‌ഠാനത്തിനു തയ്യാറാവുക. അതുവഴി അയാള്‍ ദൈവത്തിനു സമ്പൂര്‍ണമായി സമര്‍പ്പിക്കപ്പെടുകയും ദൈവമഹത്വത്തിനും ശുശ്രൂഷയ്‌ക്കുമായി പ്രതിഷ്‌ഠിതനാവുകയും ചെയ്യുന്നു. സുവിശേഷോപദേശങ്ങളുടെ അനുഷ്‌ഠാനം വഴി സമര്‍പ്പിതര്‍ തിരുസഭയോടും സഭയുടെ പരിപാവനമായ രഹസ്യങ്ങളോടും പ്രത്യേകമാംവിധം സംയോജിക്കപ്പെടുന്നു (Cfr LG. 43, 44).
രണ്ടാമതായി ഈ പ്രമാണരേഖ എടുത്തുപറയുന്ന മറ്റൊരു കാര്യം സമര്‍പ്പിതര്‍ തിരുസഭാധികാരത്തിനു കീഴില്‍ വിധേയപ്പെടേണ്ടവരാണെന്ന വസ്‌തുതയാണ്. ദൈവജനത്തെ മേയിക്കുക എന്നതു സഭയിലെ ഹയരാര്‍ക്കിയുടെ ചുമതല ആയതിനാല്‍, ദൈവത്തോടും മനുഷ്യരോടുമുള്ള സ്‌നേഹത്തെ പോഷിപ്പിക്കുന്ന സുവിശേഷോപദേശങ്ങളുടെ അനുവര്‍ത്തനത്തെ നിയമങ്ങള്‍ വഴിയായി, ബുദ്ധിപൂര്‍വം വേണ്ടവിധം നിയന്ത്രിക്കേണ്ടതു ഹയരാര്‍ക്കിയുടെ കടമയാണ്. (Cfr. LG. 44). സമര്‍പ്പിതര്‍, തങ്ങളുടെ പ്രത്യേകവിധമായ ജീവിതരീതി അനുശാസിക്കുന്ന പ്രകാരം, തിരുസഭയോടുള്ള കടമകള്‍ നിറവേറ്റുന്നതില്‍, സഭാനിയമങ്ങള്‍ക്കനുസൃതമായി മെത്രാന്മാരോട് അനുസരണവും ബഹുമാനവും പ്രകടിപ്പിക്കേണ്ടതാണ്. സുവിശേഷോപദേശങ്ങളുടെ അനുഷ്‌ഠാനം, അതനുഷ്‌ഠിക്കുന്ന വ്യക്തിയുടെ മനുഷ്യത്വത്തിന്റെ വികസനത്തില്‍ ഒരു ന്യൂനതയും വരുത്തുന്നില്ലെന്നു മാത്രമല്ല ഈ വികസനത്തെ ത്വരിതപ്പെടുത്തുകയേ ഉള്ളൂ എന്ന് കൗണ്‍സില്‍ നിരീക്ഷിക്കുന്നു. (Cfr. LG. 46). സുവിശേഷോപദേശങ്ങള്‍ സ്വയമേവ ഏറ്റെടുത്തിരിക്കുന്നതുകൊണ്ട് അവ സ്വന്തം ഹൃദയവിശുദ്ധീകരണത്തിനും ആത്മീയ സ്വാതന്ത്ര്യത്തിനും ഉപകരിക്കുന്നതോടൊപ്പം തീഷ്‌ണമായ ഉപവിയെ ജ്വലിപ്പിച്ചുകൊണ്ടുമിരിക്കുമെന്നാണു സഭ പഠിപ്പിക്കുന്നത്. ആയതിനാല്‍ ഈ സുവിശേഷോപദേശങ്ങള്‍ അനുസരിച്ച് ജീവിക്കുവാന്‍ വിളി ലഭിച്ചവര്‍, ദൈവദത്തമായ ആ വിളിയില്‍ നിലനില്‍ക്കുകയും അതില്‍ അഭിവൃദ്ധി പാലിക്കുകയും ചെയ്യട്ടെയെന്നു കൗണ്‍സില്‍ പ്രമാണരേഖ പഠിപ്പിക്കുന്നു. സമര്‍പ്പിത ജീവിതത്തെ സംബന്ധിക്കുന്ന പ്രത്യേകമായ ഡിക്രി Perfectae Caritatis ഇക്കാര്യങ്ങള്‍ കൂടുതലായി വിശകലനം ചെയ്യുന്നുണ്ടെങ്കിലും തിരുസഭയെ സംബന്ധിക്കുന്ന പ്രമാണരേഖയില്‍ ഇക്കാര്യങ്ങള്‍ ഉള്‍ക്കൊള്ളിക്കുകവഴി സമര്‍പ്പിത ജീവിതത്തിനു സഭയുടെ ഹൃദയത്തില്‍ സ്ഥാനമുണ്ടെന്ന കാര്യം കൗണ്‍സില്‍ പിതാക്കന്മാര്‍ ഊട്ടി ഉറപ്പിക്കുന്നു.
VII. തീര്‍ത്ഥാടക സഭയുടെ യുഗാന്ത്യക്ഷയോന്മുഖ
പ്രകൃതിയും സ്വര്‍ഗീയ സഭയുമായുള്ള ഐക്യവും
തിരുസഭയെ സംബന്ധിക്കുന്ന പ്രമാണരേഖയുടെ 7-ാം അദ്ധ്യായത്തില്‍ ഈ ഭൂമിയിലെ തീര്‍ത്ഥാടക സഭയുടെ യുഗാന്ത്യക്ഷയോന്മുഖ പ്രകൃതിയും (eschatological nature) അതിനു സ്വര്‍ഗീയസഭയുമായുള്ള ബന്ധവും എടുത്തുപറയുന്നു. ഭൂമിയില്‍നിന്നു ഉയര്‍ത്തപ്പെട്ട ക്രിസ്‌തുനാഥന്‍ എല്ലാവരെയും തന്റെ പക്കലേക്കു ആകര്‍ഷിച്ചു. പരിശുദ്ധാത്മാവിനെ തന്റെ ശിഷ്യന്മാരിലേക്കു അയയ്‌ക്കുകയും ആത്മാവുവഴി തന്റെ മൗതികശരീരമായ സഭയെ രക്ഷയുടെ സാര്‍വത്രിക കൂദാശയായി സ്ഥാപിക്കുകയും ചെയ്‌തു. സഭ ഈ ലോകത്തില്‍ അപൂര്‍ണ്ണയെങ്കിലും യഥാര്‍ത്ഥ വിശുദ്ധികൊണ്ട് അലംകൃതയാണ്. Cfr. LG. 48 ലോകത്തിന്റെ അവസാനത്തില്‍ നന്മ ചെയ്‌തവര്‍ ജീവന്റെ ഉയിര്‍പ്പിനും തിന്മ ചെയ്‌തവര്‍ വിധിയുടെ ഉയിര്‍പ്പിനുമായി പുറത്തുവരും. (യോഹ. 5/29). ഭൂമിയില്‍ തീര്‍ത്ഥാടനം ചെയ്യുന്ന സഭയിലെ അംഗങ്ങളും, മരിച്ചു വിശുദ്ധീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ശുദ്ധീകരണസ്ഥലത്തില്‍ വേദന അനുഭവിക്കുന്നവരും ത്രിയേക ദൈവത്തെ യഥാര്‍ത്ഥമായി കണ്ടനുഭവിച്ചുകൊണ്ടിരിക്കുന്ന സ്വര്‍ഗ്ഗത്തിലെ മകുടം ചൂടിയ സഭയും തമ്മില്‍ പരസ്‌പരം ബന്ധപ്പെട്ടിരിക്കുന്നു (എഫേ. 4/16). ഇപ്രകാരമുള്ള പരസ്‌പര ബന്ധത്തിന്റെ പശ്ചാത്തലത്തിലാണ് തീര്‍ത്ഥാടകസഭ ആദ്യ നൂറ്റാണ്ടു മുതലേ മരിച്ചവരുടെ ഓര്‍മ്മ ആചരിച്ചുപോന്നത്. സ്വര്‍ഗീയ മഹത്വത്തിലുള്ളവരോ മരണാനന്തരം ശുദ്ധീകരിക്കപ്പെടുന്നവരോ ആയ നമ്മുടെ സഹോദരന്മാരോടുള്ള സജീവമായ ഐക്യം സംബന്ധിച്ച് നമ്മുടെ പൂര്‍വികര്‍ക്കുണ്ടായിരുന്ന വിശ്വാസം, രണ്ടാം വത്തിക്കാന്‍ കൗണ്‍സിലും, രണ്ടാം നിക്യാ, ഫ്‌ളോറന്‍സ്, ത്രെന്തോസ് എന്നീ സൂനഹദോസുകള്‍ക്കൊപ്പം, സ്വീകരിക്കുന്നു.
VIII. പരിശുദ്ധ കന്യകാമറിയവും സഭയും
തിരുസഭയെ സംബന്ധിക്കുന്ന പ്രമാണരേഖയുടെ എട്ടാം അദ്ധ്യായത്തില്‍ പ. കന്യകാമറിയത്തിനു യേശുവിന്റെ മനുഷ്യാവതാരത്തിലും സഭയുടെ രഹസ്യങ്ങളിലുമുള്ള സ്ഥാനത്തെക്കുറിച്ചു വിശദമാക്കുന്നു. മാലാഖയുടെ മംഗളവാര്‍ത്ത അനുസരിച്ച് ദൈവവചനത്തെ സ്വന്തം ഹൃദയത്തിലും ശരീരത്തിലും സ്വീകരിക്കുകയും, അങ്ങനെ ലോകത്തിനു ജീവന്‍ പ്രദാനം ചെയ്യുകയും ചെയ്‌ത കന്യകാമറിയത്തെ ദൈവത്തിന്റെയും രക്ഷകന്റെയും യഥാര്‍ത്ഥ മാതാവായി അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യണം. ശിരസായ ക്രിസ്‌തുവിനോടു ചേര്‍ന്ന് അവിടുത്തെ വിശുദ്ധരോടു സമ്പര്‍ക്കം പുലര്‍ത്തി വിരാജിക്കുന്ന ഈ സഭയില്‍, വിശ്വാസികള്‍ മഹത്വപൂര്‍ണയും നിത്യകന്യകയും നമ്മുടെ ദൈവവും കര്‍ത്താവുമായ ഈശോമിശിഹായുടെ മാതാവുമായ മറിയത്തിന്റെ സ്‌മരണ ആചരിക്കണമെന്നു കൗണ്‍സില്‍ നിഷ്‌കര്‍ഷിക്കുന്നു. (Cfr. LG. 52, 53, 54) വിശുദ്ധ ഗ്രന്ഥവും പൂജ്യമായ പാരമ്പര്യങ്ങളും പ. മറിയത്തിനു മനുഷ്യന്റെ രക്ഷാപദ്ധതിയുള്ള സ്ഥാനം വ്യക്തമായി പ്രകാശിപ്പിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്നുണ്ട്. മംഗളവാര്‍ത്തയില്‍ മറിയം തന്റെ സമ്മതം വാഗ്‌ദാനം ചെയ്‌തു. അവള്‍ കര്‍ത്താവിന്റെ ദാസിയായി തന്റെ പുത്രനുവേണ്ടിയും അവിടുത്തെ ദൗത്യത്തിനുവേണ്ടിയും സ്വയം പ്രതിഷ്‌ഠിച്ചു. (Cf. LG. 56) അവിടുത്തേക്കു വിധേയയായും അവിടുത്തോടുകൂടിയും സര്‍വ്വശക്തനായ ദൈവത്തിന്റെ കാരുണ്യത്തില്‍ രക്ഷാകര രഹസ്യത്തില്‍ പങ്കുവഹിച്ചു. മനുഷ്യരക്ഷയില്‍ മറിയത്തിനുള്ള സ്വാധീനം ഏതെങ്കിലും വസ്‌തുനിഷ്‌ഠമായ ആവശ്യകതയില്‍നിന്നു ഉണ്ടായതല്ല, ദൈവം തിരുമനസായതുകൊണ്ടുമാത്രം അവള്‍ പങ്കുകാരിയായതാണ്. കന്യകയും മാതാവുമായ മറിയം സഭയുടെ പ്രതിരൂപമാണ്. വി. അംബ്രോസ് പഠിപ്പിക്കുന്നതുപോലെ വിശ്വാസത്തിലും ഉപവിയിലും ക്രിസ്‌തുവിനോടുള്ള പൂര്‍ണമായ യോജിപ്പിലും ദൈവജനനി സഭയുടെ മാതൃകയാണ് (LG. 63). എല്ലാ സുകൃതങ്ങളുടെയും മാതൃകയായ മറിയം സഭക്കൊരു മാതൃകയാണ്. പ. മറിയത്തോടുള്ള വണക്കം എഫേസൂസ് സൂനഹദോസിനുശേഷം വളരെയധികം വര്‍ദ്ധിച്ചിട്ടുണ്ട്. എന്നാല്‍ മറിയത്തിനോടുള്ള വണക്കം ത്രിയേക ദൈവത്തിനു നല്‌കുന്ന ആരാധനയില്‍നിന്നു വ്യത്യസ്‌തമാണെന്നും സഭ ഉദ്‌ബോധിപ്പിക്കുന്നു. പ. മറിയം തീര്‍ത്ഥാടകരായ ദൈവജനത്തിനു സുനിശ്ചിതമായ പ്രതീക്ഷയുടെയും സമാശ്വാസത്തിന്റെയും അടയാളമാണ്. ഇപ്രകാരം തിരുസഭയെ സംബന്ധിച്ചുള്ള പ്രമാണരേഖയില്‍ പ. മറിയത്തിനു സഭയിലുള്ള സവിശേഷ സ്ഥാനത്തെക്കുറിച്ചും അവള്‍ക്കു നല്‌കേണ്ട വണക്കത്തെക്കുറിച്ചും ഊന്നി പറയുന്നു.
ഉപസംഹാരം
ജനതകളുടെ പ്രകാശം എന്നാരംഭിക്കുന്ന തിരുസഭയെ സംബന്ധിച്ചുള്ള പ്രമാണരേഖയാണ് ദൈവശാസ്‌ത്രപരമായി നോക്കുമ്പോള്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ഏറ്റവും വലിയ സംഭാവന. ഈ പ്രമാണരേഖയെ ചൂഴ്‌ന്നാണ് കൗണ്‍സിലിന്റെ മറ്റു പ്രബോധനങ്ങളെല്ലാം രൂപംകൊണ്ടിട്ടുള്ളത്. തിരുസഭ ദൈവജനമാണെന്നു വിശുദ്ധ ഗ്രന്ഥവീക്ഷണം കൃത്യമായി പഠിപ്പിക്കുന്നതോടൊപ്പം, മെത്രാന്മാരുടെ സംഘതാത്മകമായ അധികാരത്തെ വിശദീകരിച്ചുകൊണ്ട്, ഒന്നാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പാപ്പാധികാര നിര്‍വചനത്തിനു പൂര്‍ണത നല്‌കിയിരിക്കുന്നു. വൈദിക അല്‌മായ വിടവു നികത്തുവാന്‍ ഈ പ്രമാണരേഖയ്‌ക്കു കഴിഞ്ഞിട്ടുണ്ട്. സഭയുടെ മൗതികവും ആദ്ധ്യാത്മികവുമായ അന്തഃസത്തയെപറ്റിയുള്ള പരാമര്‍ശത്തിനു ഊന്നല്‍ നല്‌കിയിട്ടുണ്ട്. സഭയില്‍ സമര്‍പ്പിത സമൂഹത്തിന്റെ പ്രാധാന്യവും രക്ഷാകരപദ്ധതിയിലെ മറിയത്തിന്റെ സ്ഥാനം സഭയില്‍ അവള്‍ക്കുള്ള വണക്കവുമെല്ലാം ഈ പ്രമാണരേഖയില്‍ വിശദീകരിച്ചിട്ടുണ്ട്. മഹാജൂബിലിയോടനുബന്ധിച്ച് തിരുസഭയെ സംബന്ധിച്ചുള്ള പ്രമാണരേഖയുടെ പഠനം, നമ്മുടെ ക്രൈസ്‌തവജീവിതത്തെ കൂടുതല്‍ അര്‍ത്ഥപൂര്‍ണവും സഭാത്മകവുമാക്കുവാന്‍ സഹായിക്കും.