സീറോ മലബാര്‍ സഭയ്‌ക്ക്‌ പുതിയ ഇടയശ്രേഷ്‌ഠന്‍

സീറോ മലബാര്‍ സഭയുടെ നാലാമത്തെ മേജര്‍ ആര്‍ച്ച്‌ ബിഷപ്പായി ഷംഷാബാദ്‌ രൂപതാദ്ധ്യക്ഷന്‍ മാര്‍ റാഫേല്‍ തട്ടില്‍ പിതാവ്‌ തിരഞ്ഞെടുക്കപ്പെടുകയും സ്ഥിരീകരിക്കപ്പെടുകയും ചെയ്‌തിരിക്കുന്നു. ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ പ്രേരണയില്‍ എല്ലാവര്‍ക്കും സ്വീകാര്യനും പൊതുസമ്മതനും സഭയുടെ സാക്ഷ്യജീവിതത്തെക്കുറിച്ചും പ്രേക്ഷിതമാനത്തെക്കുറിച്ചും കൃത്യമായ ദര്‍ശനം സൂക്ഷിക്കുന്നവനുമായ തട്ടില്‍ പിതാവിനെ തിരഞ്ഞെടുത്തതുവഴി സീറോ മലബാര്‍ സഭയുടെ സിനഡു പിതാക്കന്മാര്‍, ദൈവഹിതപ്രകാരം പരിശുദ്ധാത്മാവിന്റെ നിറവില്‍ തങ്ങളെ ഏല്‌പിച്ച ഉത്തരവാദിത്വം അര്‍ഹിക്കുന്ന ഗൗരവത്തോടെ പൂര്‍ത്തിയാക്കുകയാണുണ്ടായത്‌. സീറോ മലബാര്‍ സഭയ്‌ക്കു പ്രത്യേകമായി ഭാരതസഭയ്‌ക്കും ആഗോള സഭയ്‌ക്കും ഇതു സന്തോഷകരമായ സദ്‌വാര്‍ത്തയാണ്‌. പൗരസ്‌ത്യ സഭകളില്‍ സവിശേഷ സ്ഥാനമുള്ള സീറോ മലബാര്‍ സഭയ്‌ക്കു കൂടുതല്‍ പ്രേഷിത തീക്ഷ്‌ണതയോടെ മിശിഹായ്‌ക്കു സാക്ഷ്യം വഹിക്കുവാനും ലോകത്തിന്റെ പ്രകാശവും ഭൂമിയുടെ ഉപ്പുമായി തീരുവാനും പുതിയ മേജര്‍ ആര്‍ച്ച്‌ ബിഷപ്പിന്റെ ഇടയദൗത്യത്തിന്‍ കീഴില്‍ സാധിക്കട്ടെ. മേജര്‍ ആര്‍ച്ച്‌ ബിഷപ്പായിരുന്ന കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണ്‌ സീറോ മലബാര്‍ സഭാ സിനഡ്‌ പുതിയ ഇടയനെ തിരഞ്ഞെടുത്തത്‌. 50 ലക്ഷത്തിലേറെയുള്ള സീറോ മലബാര്‍ വിശ്വാസികള്‍ക്കും ഇതു ചരിത്ര നിമിഷമാണ്‌. തൃശ്ശൂര്‍ അതിരൂപതാംഗമായ മാര്‍ റാഫേല്‍ തട്ടില്‍ പിതാവ്‌ 1956 ഏപ്രില്‍ 21-നു തട്ടില്‍ തോമാ ഔസേപ്പ്‌ – ത്രേസ്യാ ദമ്പതികളുടെ പത്താമത്തെ പുത്രനായി ജനിച്ചു. 1980 ല്‍ മാര്‍ കുണ്ടുകുളം പിതാവിന്റെ കൈവയ്‌പുവഴി പൗരോഹിത്യത്തിലേക്കു ഉയര്‍ത്തപ്പെട്ടു. റോമിലെ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന്‌ സഭാനിയമത്തില്‍ ഡോക്‌ടറേറ്റ്‌ നേടിയ അദ്ദേഹം തൃശ്ശൂര്‍ അതിരൂപതയില്‍ വിവിധ സേവന മേഖലകളില്‍ പ്രവര്‍ത്തിച്ചു. 2010 ല്‍ തൃശ്ശൂര്‍ അതിരൂപതയുടെ സഹായമെത്രാനായ അദ്ദേഹത്തെ 2014 ജനുവരി 31 ന്‌ മാര്‍പാപ്പ ഇന്ത്യയിലെ സീറോ മലബാര്‍ സഭയുടെ അധികാര പരിധിയ്‌ക്കു പുറത്തുള്ള സീറോ മലബാര്‍ വിശ്വാസികളുടെ അപ്പസ്‌തോലിക്‌ വിസിറ്റേറ്റര്‍ ആയി നിയമിച്ചു. 2018 ല്‍ സീറോ മലബാര്‍ സഭയിലെ ഭൂവിസ്‌തൃതികൊണ്ടു ഏറ്റവും വലിയ രൂപതയായ ഷംഷാബാദ്‌ രൂപതയുടെ മെത്രാനായി നിയമിതനായി. നാലു ദശാബ്‌ദം പിന്നിട്ട അദ്ദേഹത്തിന്റെ സുദീര്‍ഘമായ അജപാലന പരിചയവും സഹായമെത്രാനും മെത്രാനുമെന്ന നിലയിലുള്ള മേല്‌പട്ട ശുശ്രൂഷയും അപ്പസ്‌തോലിക വിസിറ്റേറ്റര്‍ എന്ന നിലയില്‍ ഇന്ത്യയിലും വിദേശത്തുമുള്ള സീറോ മലബാര്‍ വിശ്വാസികളോടും മറ്റു രൂപതാദ്ധ്യക്ഷന്മാരോടുമുള്ള അടുത്ത ബന്ധവുമൊക്കെ, തനിക്കു ഭരമേല്‍പ്പിക്കപ്പെട്ട പുതിയ ഉത്തരവാദിത്വം നല്ല രീതിയില്‍ നിര്‍വഹിക്കുവാന്‍ പ്രാപ്‌തി നല്‌കുമെന്ന കാര്യത്തില്‍ സംശയമില്ല.
സമഗ്രമായ സഭാദര്‍ശനം, എല്ലാവരുടെയും ഇടയിലുള്ള പൊതു സ്വീകാര്യത, ഹൃദയത്തില്‍ സൂക്ഷിക്കുന്ന പ്രേക്ഷിത ഭാവം, സൗമ്യതയോടെയും പ്രസരിപ്പോടും കൂടി ഇടപെടാനുള്ള ആര്‍ജ്ജവം എല്ലാം പുതിയ ഇടയദൗത്യം ഫലപ്രദമായി നിര്‍വഹിക്കുവാന്‍ അദ്ദേഹത്തിനു മുതല്‍ കൂട്ടാകുമെന്നു പ്രതീക്ഷിക്കാം.
സീറോ മലബാര്‍ സഭ സങ്കീര്‍ണ്ണമായ സാഹചര്യത്തിലൂടെ കടന്നുപോകുന്ന അവസരത്തിലാണ്‌ പുതിയ മേജര്‍ ആര്‍ച്ച്‌ബിഷപ്പിന്റെ സ്ഥാന ലബ്‌ധി. സീറോ മലബാര്‍ സിനഡ്‌ അംഗീകരിച്ചതും മാര്‍പാപ്പ നടപ്പാക്കണമെന്നു ആവശ്യപ്പെട്ടതുമായ സിനഡല്‍ കുര്‍ബാനയുടെ പേരില്‍ എറണാകുളം അങ്കമാലി അതിരൂപതയില്‍ പ്രതിസന്ധി നിലനില്‌ക്കുന്നു. എറണാകുളം അതിരൂപതയുടെ ബസിലിക്കാ മാസങ്ങളായി അടഞ്ഞു കിടക്കുന്നു. എല്ലാവരെയും കേട്ടുകൊണ്ട്‌ സമവായത്തിലൂടെ, പരമാവധി സാധ്യതകള്‍ പ്രയോജനപ്പെടുത്തി സഭയില്‍ ശാന്തി പുലരാന്‍ പുതിയ സഭാദ്ധ്യക്ഷന്റെ നേതൃത്വ ശുശ്രൂഷ കാരണമാകട്ടെയെന്നാണ്‌ സഭയെ സ്‌നേഹിക്കുന്ന എല്ലാവരുടെയും പ്രാര്‍ത്ഥന. കളകള്‍ പറിക്കാനല്ലല്ലോ നമ്മളെ വിളിച്ചിരിക്കുന്നത്‌. “കളയേയും വിളയിലേക്ക്‌ വളര്‍ത്താനായാല്‍ അതല്ലേ നന്ന്‌. എന്റെ ശൈലി അതാണ്‌. ഒരാളുടെയും കുറവുകള്‍ തെരയാതെ അവരുടെ നിറവുകള്‍ കണ്ടെത്താന്‍ ശ്രമിക്കുക” തൃശ്ശൂര്‍ അതിരൂപതയുടെ സഹായമെത്രാനായി നിയമിതനായപ്പോള്‍ അദ്ദേഹത്തിന്റെ ശൈലിയെക്കുറിച്ചുള്ള പ്രതികരണം ഇതായിരുന്നു. ഇന്നത്തെ സഭാ-സാമൂഹിക ചുറ്റുപാടില്‍ ഈ പ്രതികരണത്തിനു ഏറെ പ്രസക്തിയുണ്ട്‌. നൂറ്‌ വര്‍ഷം പാരമ്പര്യമുള്ള സീറോ മലബാര്‍ സഭ അതിന്റെ തനതായ പാരമ്പര്യത്തിലും ശൈലിയിലും അധിഷ്‌ഠിതമായ സ്വയം ഭരണത്തിലേക്കു കടന്നതിന്റെ സീറോ മലബാര്‍ ഹയരാര്‍ക്കി സ്ഥാപിച്ചതിന്റെ ശതാബ്‌ദി ആഘോഷിച്ച്‌ അധികനാള്‍ പിന്നിടുന്നതിനു മുന്‍പാണ്‌ സഭക്കു പുതിയ സഭാദ്ധ്യക്ഷനെ ലഭിച്ചിരിക്കുന്നത്‌. പുതിയ സഭാദ്ധ്യക്ഷന്റെ ശുശ്രൂഷക്കു കീഴില്‍, ക്രിസ്‌തുവിനോടുള്ള പ്രതിബന്ധതയിലും സഭയോടുള്ള അനുസരണത്തിലും സംവാദത്തിന്റെ സിനഡാത്മക ശൈലിയിലും സഭാ മക്കളേവരും സാക്ഷ്യത്തിന്റെ ജീവിതം നയിക്കാന്‍ പ്രാപ്‌തരാകട്ടെയെന്നു പ്രാര്‍ത്ഥിക്കാം. എല്ലാത്തിനെയും കൂട്ടിയിണക്കുന്ന സ്‌നേഹത്തിന്റെ ശൈലി സഭാമക്കളേവരെയും അതിനു ശക്തിപ്പെടുത്തണം.
പുതിയ വലിയ പിതാവിനു അപ്‌നാദേശിന്റെ വായനക്കാരുടെ പ്രാര്‍ത്ഥനാശംസകള്‍.

Previous Post

ജനാധിപത്യത്തിന്റെ സൗന്ദര്യം നഷ്‌ടപ്പെടുത്തരുത്‌

Next Post

സാമ്പത്തിക ഞെരുക്കത്തിനിടയിലെ പുതിയ തസ്‌തികകള്‍

Total
0
Share
error: Content is protected !!