History

കോട്ടയം അതിരൂപതയുടെ മുഖപത്രം

കോട്ടയം അതിരൂപതയെ ഒരു ചരടില്‍ കോര്‍ത്തിണക്കുന്ന ജിഹ്വ-അപ്‌നാദേശ്‌. പേരു സൂചിപ്പിക്കുന്നതുപോലെ ദേശീയ വികാരം കത്തിജ്വലിച്ചു നിന്ന ഒരു കാലത്തായിരുന്നു അപ്‌നാദേശിന്റെ തുടക്കം. 1950 -ല്‍. എന്നാല്‍, അപ്‌നാദേശിന്റെ പൂര്‍വരൂപത്തിന്‌ മൂന്നു പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്‌.
ക്രാന്തദര്‍ശിയും കോട്ടയം രൂപതാ ബിഷപ്പുമായിരുന്ന മാര്‍ അലക്‌സാണ്ടര്‍ ചൂളപ്പറമ്പില്‍ ഒരു വര്‍ത്തമാന പത്രത്തിന്റെ സാധ്യത മുന്‍കൂട്ടി കണ്ടു. പത്രങ്ങള്‍ വിരളമായിരുന്ന ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ ജനങ്ങളുമായി ആശയവിനിമയം നടത്താന്‍ പത്രങ്ങള്‍ക്കുള്ള സാധ്യത അതിവിപുലമാണെന്ന്‌ അദ്ദേഹം മനസിലാക്കി.

1920 -ല്‍ കോട്ടയത്തുള്ള കാത്തലിക്‌ മിഷന്‍ പ്രസില്‍ നിന്നും റവ.ഡോ. ജോസഫ്‌ ചക്കുങ്കല്‍ എഡിറ്ററായി `കോട്ടയം മാസിക’ എന്ന പേരില്‍ ഒരു മാസിക പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. അഭി. ചൂളപ്പറമ്പില്‍ പിതാവിന്റെയും ദീര്‍ഘദര്‍ശികളായിരുന്ന ഏതാനും സമുദായസ്‌നേഹികളുടെയും ശ്രമഫലമായി മാസികയെ ഒരു വാരികയാക്കി രൂപാന്തരപ്പെടുത്തി. അക്കാലത്ത്‌ പത്രത്തിന്റെയും, പ്രസിന്റെയും ഉത്തരവാദിത്വം ഏറ്റെടുത്തു നടത്തിയിരുന്നത്‌ ക്‌നാനായ സമുദായത്തിന്റെ പുരാതനപ്പാട്ടുകള്‍ ആദ്യമായി പുസ്‌തകരൂപത്തില്‍ പ്രസിദ്ധപ്പെടുത്തിയ പി.യു. ലൂക്കാസ്‌ പുത്തന്‍പുരയ്‌ക്കല്‍ ആണ്‌. 1922 ഓഗസ്റ്റ്‌ ഒന്നിന്‌ ഒരു സമ്പൂര്‍ണ വാര്‍ത്താപത്രികയായി ഇതിനെ ഉടച്ചുവാര്‍ത്തു. പേരിലും മാറ്റം വന്നു-`കോട്ടയം പത്രിക’. ഇന്നത്തെ വര്‍ത്തമാന ദിനപത്രത്തിന്റെ വലിപ്പത്തില്‍ ആറു പേജുകളോടുകൂടി എല്ലാ ബുധനാഴ്‌ചയും ഇതു പുറത്തിറങ്ങി.

വിദേശ-സ്വദേശ വാര്‍ത്തകള്‍, ഇന്നത്തെ തപാല്‍, വര്‍ത്തമാനക്കത്ത്‌, ചതുരംഗം, ലേഖനങ്ങള്‍, കഥ, കവിത തുടങ്ങിയ വിഭവങ്ങളാണ്‌ ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നത്‌. ശ്രീ. ജോസഫ്‌ മാളിയേക്കല്‍ പത്രാധിപരായിരുന്ന കാലത്ത്‌ `കോട്ടയം പത്രിക’ കേരളത്തിലെ പത്രങ്ങളില്‍ പ്രമുഖ സ്ഥാനം നേടി. 1927 ജനുവരി 29 മുതല്‍ നാലു പേജോടെ എല്ലാ ബുധനാഴ്‌ചകളിലും ശനിയാഴ്‌ചകളിലും പത്രിക വായനക്കാരെ തേടിച്ചെന്നു.

രാജവാഴ്‌ചയ്‌ക്കും ജനദ്രോഹിയായ ദിവാനുമെതിരേ പത്രിക ശക്തിയോടെ ഗര്‍ജിച്ചിരുന്നു. 1935 സെപ്‌റ്റംബര്‍ 18 -ന്‌ പുറത്തിറങ്ങിയ പത്രത്തിലും വിമര്‍ശനത്തിന്റെ അഗ്നി പരത്തിയ ഒരു വാര്‍ത്തയുണ്ടായിരുന്നു. `മതം മാറുന്നതില്‍ ആക്ഷേപം’ എന്നതായിരുന്നു ഇതിന്റെ തലക്കെട്ട്‌. പത്രത്തിന്റെ ലൈസന്‍സ്‌ റദ്ദാക്കിക്കൊണ്ടാണ്‌ അധികാരികള്‍ ഇതിനെതിരേ പ്രതികരിച്ചത്‌. കോട്ടയം പത്രിക ഇതോടെ ഓര്‍മകളിലേക്ക്‌ മടങ്ങി.

കാത്തലിക്‌ മിഷന്‍ പ്രസില്‍ അച്ചടിച്ചു പ്രസിദ്ധപ്പെടുത്തുകയും ഇടയ്‌ക്ക്‌ മുടങ്ങുകയും ചെയ്‌ത ചേരമര്‍ ക്രിസ്‌ത്യന്‍ മഹാസഭയുടെ `ചേരമര്‍ ദൂതന്‍’ എന്ന പത്രത്തിലൂടെ 1935 നവംബര്‍ 10 മുതല്‍ ഒരു ഫീനിക്‌സ്‌ പക്ഷിയെപ്പോലെ കോട്ടയം പത്രിക പുനര്‍ജനിച്ചു. 1937 വരെ ഈവിധം പ്രസിദ്ധീകരണം തുടര്‍ന്നു.
മാറ്റത്തിന്റെ ചിറകടി ഏറെയുണ്ടായ ദശകമാണ്‌ പിന്നീടു കടന്നുവന്നത്‌. സ്വാതന്ത്യത്തിന്റെ പൊന്‍പുലരിയിലേക്ക്‌ ഭാരതം കടന്നു. അക്കാലത്ത്‌ പത്രങ്ങള്‍ നിരവധിയുണ്ടായിരുന്നെങ്കിലും ജനാധിപത്യാദര്‍ശങ്ങളും അന്നത്തെ രാഷ്‌ട്രീയനിലയും തമ്മിലുള്ള അന്തരം ജനങ്ങളെ ഖിന്നരാക്കിയിരുന്നു. പൗരബോധം ഉണര്‍ത്തുവാന്‍ ലക്ഷ്യമിട്ട്‌ മാര്‍ തോമസ്‌ തറയിലിന്റെ താല്‍പര്യപ്രകാരമാണ്‌ ഇപ്പോഴത്തെ രൂപത്തിലുള്ള `അപ്‌നാദേശ്‌’ സമാരംഭിച്ചത്‌. 1950 നവംബര്‍ ഒന്നിനായിരുന്നു പുതിയ വാരികയുടെ തുടക്കം.

സ്വാതന്ത്ര്യാനന്തരം രാജ്യത്താകെ ആഞ്ഞുവീശിയ ദേശീയ വികാരം ഉള്‍ക്കൊണ്ടാണ്‌ അന്നത്തെ സാരഥികള്‍ ഈ പത്രത്തെ `അപ്‌നാദേശ്‌’ എന്നു നാമകരണം ചെയ്‌തത്‌. ഭീരുത്വത്തിനും സേവയ്‌ക്കും വീരാരാധനയ്‌ക്കും, പക്ഷപാതത്തിനും സ്ഥാനംകൊടുക്കാത്ത ഒരു മാധ്യമമാണ്‌ അപനാദേശിലൂടെ അവര്‍ ലക്ഷ്യമിട്ടത്‌. `ജീവിക്കുക, ജീവിക്കാന്‍ അനുവദിക്കുക’ എന്ന ആദര്‍ശ മുദ്രാവാക്യം തന്നെ പത്രത്തിന്റെ വിശാല മനോഭാവം വ്യക്തമാക്കുന്നു.
സാമൂഹ്യവ്യവസ്ഥയെയും ജനങ്ങളെയും ബാധിക്കുന്ന വിഷയങ്ങളില്‍ മുഖംനോക്കാതെ അപ്‌നാദേശ്‌ തൂലിക ചലിപ്പിച്ചു. പനമ്പിള്ളിയുടെ തെറ്റായ വിദ്യാഭ്യാസ നയവും സ്വകാര്യ കോളജ്‌ മാനേജ്‌മെന്റുകള്‍ക്കു മൂക്കുകയറിടാനുള്ള ശ്രമവും ശക്തമായി എതിര്‍ക്കാന്‍ അപ്‌നാദേശ്‌ മുന്‍നിരയിലുണ്ടായിരുന്നു. മദ്യം, മയക്കുമരുന്ന്‌, ബന്ദ്‌, രാഷ്‌ട്രീയ കൊലപാതകം, ആഡംബരം, ധൂര്‍ത്ത്‌, വര്‍ഗീയ തിന്മകള്‍ എന്നിവയ്‌ക്കെതിരേ ഈ ജിഹ്വ എന്നും പ്രതികരിച്ചു കൊണ്ടിരിക്കുന്നു.
ദിനപത്രങ്ങള്‍ വ്യാപകമായതോടെ രാഷ്‌ട്രീയ – സമൂഹ്യ വിഷയങ്ങളെ അവഗണിക്കാതെ തന്നെ സാമുദായിക വാര്‍ത്തകള്‍ക്കു പ്രാമുഖ്യം നല്‍കി പ്രസിദ്ധീകരണ രംഗത്ത്‌ ചുവടുറപ്പിച്ചു. ഫാ. ജോസ്‌ ചാഴികാട്ട്‌, ഫാ.മാത്യു മണക്കാട്ട്‌, ഫാ. ഏബ്രാഹം മുത്തോലത്ത് ,ഫാ.തോമസ്‌ ആദോപ്പിള്ളി, ഫാ.ഫിലിപ്പ്‌ പന്നിവേലില്‍, ഫാ. ജോസ്‌ പൂത്തൃക്കയില്‍, ഫാ.മാത്യു കുഴിപ്പള്ളില്‍, ഫാ. ലൂക്ക്‌ പൂത്തൃക്കയില്‍, ഫാ. ഏബ്രഹാം പറമ്പേട്ട്‌, ഫാ. സജി കൊച്ചുപറമ്പില്‍ എന്നിവര്‍ വിവിധ കാലങ്ങളില്‍ ചീഫ്‌ എഡിറ്റര്‍മാരായി പ്രവര്‍ത്തിച്ചു. ഫാ. മാത്യു കുരിയത്തറയാണ് ഇപ്പോഴത്തെ ചീഫ്‌ എഡിറ്റര്‍.

1974 -ല്‍ ദൈ്വവാരികയായി രൂപാന്തരപ്പെട്ട അപ്‌നാദേശ്‌, 1980 -ല്‍ ഓട്ടോമാറ്റിക്‌ സിലിണ്ടര്‍ പ്രസ്സും, 1999 -ല്‍ ഓഫ്‌സെറ്റ്‌ സംവിധാനവും സ്വന്തമാക്കി. കമ്പ്യൂട്ടര്‍ പേജിനേഷനും മള്‍ട്ടി കളറും അപ്‌നാദേശിന്റെ മുഖച്ഛായ മാറ്റാന്‍ സഹായിച്ചിട്ടുണ്ട്‌. ടാബ്ലോയ്‌ഡ്‌ സൈസില്‍ 24 പേജുള്ള അപ്‌നാദേശ്‌ ഒന്നിടവിട്ട ഞായറാഴ്‌ചകളില്‍ പുറത്തുവരുന്നു.

അഞ്ചു ഭൂഖണ്‌ഡങ്ങളിലേക്കും തപാലില്‍ എത്തുന്ന കത്തോലിക്ക പ്രസിദ്ധീകരണമെന്ന ഖ്യാതി അപ്‌നാദേശിനു സ്വന്തം. കോട്ടയം അതിരൂപതയുടെ ഓരോ ഉള്‍ത്തുടിപ്പുകളും ഇതില്‍ പ്രതിഫലിക്കുന്നു. അതുകൊണ്ടു തന്നെ അപ്‌നാദേശ്‌ ഇല്ലാത്ത ക്‌നാനായ കുടുംബങ്ങള്‍ വിരളമാണ്‌. സാഹിത്യ – സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ തൂലിക അപ്‌നാദേശിന്റെ താളുകളെ സമ്പന്നമാക്കുന്നു.

മാധ്യമപ്രവര്‍ത്തന രംഗത്തെ അപ്‌നാദേശിന്റെ പുതിയ കാല്‍വയ്‌പായിരുന്നു 2009-ല്‍ ആരംഭിച്ച അപ്‌നാദേശ്‌ ഓണ്‍ലൈന്‍ പത്രം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടിയേറി പാര്‍ക്കുന്ന ക്‌നാനായ മക്കളെ സാഹോദര്യത്തിന്റെയും സമുദായബോധത്തിന്റെയും സ്‌നേഹചരടില്‍ കോര്‍ത്തിണക്കാന്‍ ഓണ്‍ലൈന്‍ പത്രം ഏറെ സഹായിക്കുന്നു. www.apnades.in -ന്‌ അറുപതിലേറെ രാജ്യങ്ങളില്‍ വായനക്കാരുണ്ടെന്നുള്ളത്‌ “ഹിന്ദുവില്‍ പോയാലും ബന്ധങ്ങള്‍ വേര്‍പിടാതോര്‍ക്കുന്ന” ക്‌നാനായക്കാരുടെ ഇഴമുറിയാത്ത ഹൃദയബന്ധത്തെയാണ്‌ വിളിച്ചോതുന്നത്‌.

error: Content is protected !!