യുകെ ക്‌നാനായ കാത്തലിക് മിഷനുകളുടെ വാര്‍ഷിക കുടുംബ സംഗമമായ ‘വാഴ്വ് 2025’ ആധ്യാത്മികതയുടെ തികവിലും ആഘോഷങ്ങളുടെ ആരവങ്ങള്‍ക്കുമൊപ്പം ഇത്തവണ ജീവകാരുണ്യത്തിന്റെ കൊയ്യാപ്പു കൂടി ചാര്‍ത്താനൊരുങ്ങുകയാണ്. ഇതാദ്യമായിട്ടാണ് യുകെയിലെ ക്‌നാനായ കത്തോലിക്കാ സമൂഹം ആഘോഷങ്ങളുടെ ഭാഗമായി നാട്ടിലെ നിരാലംബരായ ക്‌നാനായ കുടുംബത്തിന് ഭവനമൊരുക്കുന്നത്. ഈയാവശ്യത്തിനായി വാഴ്വിന് ലഭിക്കുന്ന സംഭാവനകളില്‍ നിന്ന് പത്തു ലക്ഷം രൂപാ കൂടുതലായി കണ്ടെത്തുക എന്നതാണ് വാഴ്വ് 2025 ന്റെ നാഷണല്‍ കമ്മറ്റി ലക്ഷ്യം വയ്ക്കുന്നത്. അതിനു വേണ്ടി സുമനസ്സുകളായ കൂടുതല്‍ ഫാമിലി സ്‌പോണ്‍സേഴ്സിനെ കണ്ടെത്തുകയെന്ന ശ്രമകരമായ ദൗത്യമാണ് ഫൈനാന്‍സ് കമ്മറ്റി ഏറ്റെടുത്തിരിക്കുന്നത്. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ആളുകള്‍ക്ക് സേവനം ലഭ്യമാകുന്ന തരത്തില്‍ വലിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുവേണ്ടിയുള്ള ശ്രമങ്ങളാണ് ഫാ.സുനി പടിഞ്ഞാറെക്കരയുടെ നേതൃത്വത്തിലുള്ള ക്‌നാനായ കാത്തലിക് മിഷന്‍ വിഭാവനം ചെയ്യുന്നത്.
ഒക്ടോബര്‍ മാസം നാലാം തീയതി ബര്‍മിംഗ്ഹാമിലെ ബഥേല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ വച്ചാണ് വാഴ്വ് നടത്തപ്പെടുന്നത്. ദിവ്യകാരുണ്യ ആരാധന, വിശുദ്ധ കുര്‍ബ്ബാന, യുവാക്കള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേക ഇന്റര്‍ സെഷനുകള്‍, പൊതു സമ്മേളനം യുകെയിലെ 15 ക്‌നാനായ മിഷനുകളില്‍ നിന്നുള്ള കലാപ്രതിഭകള്‍ പങ്കെടുക്കുന്ന കലാപരിപാടികള്‍ ഇങ്ങനെ ഒരു ദിവസം നീണ്ടു നില്‍ക്കുന്ന വാര്‍ഷിക സംഗമത്തിന് ഒരു കുടുംബത്തിന് നിര്‍ദ്ദേശിക്കുന്ന പ്രവേശന ടിക്കറ്റ് നിരക്ക് 20 പൗണ്ട് മാത്രമാണ്. സിംഗിള്‍ പ്രവേശനം 10 പൗണ്ടും, ഇന്റര്‍നാഷണല്‍ സ്റ്റുഡന്‍സിനും, നാട്ടില്‍ നിന്നും സന്ദര്‍ശകരായി എത്തിയിരിക്കുന്ന മാതാപിതാക്കള്‍ക്കും പ്രവേശനം സൗജന്യവുമായിരിക്കും അതാത് മിഷന്‍ ട്രസ്റ്റിമാരെയോ, വൈദികനെയോ ആണ് ഇതിനു വേണ്ടി സമീപിക്കേണ്ടത്.
ഏറ്റവും മിതമായ ടിക്കറ്റ് നിരക്കില്‍ മുഴുവന്‍ ക്‌നാനായ കുടുംബ ങ്ങളേയും പങ്കെടുപ്പിക്കുക എന്നതാണ് മിഷന്‍ വിഭാവനം ചെയ്യുന്നത്. ഉദാരമനസ്‌കരായ ക്‌നാനായ കടുംബങ്ങളുടെ അകമഴിഞ്ഞ സഹായസഹകരണവും, സ്‌പോണ്‍സേഴ്‌സിന്റെ സംഭാവനകളും ആണ് വാഴ്വിന്റെ പ്രധാന സാമ്പത്തിക സ്രോതസ്സ് . ചിലവ് പരമാവധി ചുരുക്കി, കാര്യക്ഷമമായ സാമ്പത്തിക അച്ചടക്കം പാലിച്ച് കൊണ്ടുള്ള സുതാര്യമായ സാമ്പത്തിക വിനിമയമാണ് ഓരോ വര്‍ഷവും വാഴ്വിന്റെ വിജയകരമായ നടത്തിപ്പ് സാധ്യമാക്കുന്നത്. ‘വീടൊരുക്കാം വാഴ്വിലൂടെ ‘ എന്ന സംരംഭത്തിന് സമുദായാംഗങ്ങളുടെ നിര്‍ലോഭമായ സഹകരണങ്ങളാണ് കമ്മറ്റി പ്രതീക്ഷിക്കുന്നത്.
ഫാ.സുനി പടിഞ്ഞാറേക്കര ചെയര്‍മാനും അഭിലാഷ് മൈലപ്പറമ്പില്‍ ജനറല്‍ കണ്‍വീനറും ഫാ. സജി തോട്ടം, ഫാ. ജോഷി കൂട്ടുങ്കല്‍ എന്നിവര്‍ കണ്‍വീനര്‍മാരായും സജി രാമച്ചനാട്ട് ജോയിന്റ് കണ്‍വീനറുമായുള്ള കമ്മറ്റിയാണ് 2025 വാഴ്വിന് ചുക്കാന്‍ പിടിക്കുന്നത്. ഫിനാന്‍സ് കമ്മറ്റിക്ക് നേതൃത്വം നല്‍കുന്നത് റെമി പഴയിടത്ത്, എബി നെടുവാമ്പുഴ എന്നിവരാണ്.





