ബനഡിക്റ്റ് 16-ാമന്‍ മാര്‍പാപ്പയുടെ പേഴ്‌സണല്‍ സെക്രട്ടറിയായിരുന്ന ആര്‍ച്ചിബിഷപ്പ് ജോര്‍ജ് ഗെന്‍സ്വയിനെ, ലിത്തുവേനിയ എസ്‌തോണിയ, ലെത്തോണിയ എന്നീ ബാള്‍ട്ടിക്ക് രാജ്യങ്ങളുടെ അപ്പസ്‌തോലിക്ക് ന്യൂണ്‍ഷിയോ ആയി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. വത്തിക്കാനിലെ ഉദ്യോഗങ്ങളില്‍ നിന്നും മാറി ജര്‍മ്മനിയില്‍ വിശ്രമജീവിതം നയിച്ചുവരവേ ആണ് ഈ നിയമനം.
‘Nothing But Truth’ എന്ന ഗെന്‍സ്വയിന്റെ പുസ്തകത്തില്‍ ബനഡിക്റ്റ് മാര്‍പാപ്പയോടുള്ള തന്റെ കടപ്പാടും വത്തിക്കാന്‍ ഭരണങ്ങളിലെ നൂലാമാലകളും ഈ പുസ്തകത്തില്‍ വെളിവാക്കുന്നുണ്ട്. മാത്രമല്ല, ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അജപാലനശൈലിയോട് വലിയ ആഭിമുഖ്യമില്ലാതിരുന്നയാളുമാണ് ഗെന്‍സ്വയിന്‍. ഇദ്ദേഹത്തിന്റെ ഈ നിയമനം പാരമ്പര്യവാദികളെ ഏറെ സന്തോഷിപ്പിച്ചിട്ടുണ്ട് എന്നാണ് വത്തിക്കാന്‍ ഇടനാഴികകളിലെ സംസാരം.
ഫ്രാന്‍സിസ് മാര്‍പാപ്പ ചൈന സന്ദര്‍ശിച്ചേക്കും
ഫ്രാന്‍സിസ് മാര്‍പാപ്പ അവസരം കിട്ടിയാല്‍ ചൈന സന്ദര്‍ശിക്കുമെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി പിയെട്രൊ പരോളിന്‍, അതിനുള്ള കരുക്കള്‍ നീക്കുകയാണത്രെ. ഈ സന്ദര്‍ശനം കത്തോലിക്കാസഭയിലെ ഒരു ചരിത്രസംഭവമായി കാണക്കാക്കപ്പെടും. ചൈനയോടും ജനങ്ങളോടും സംസ്‌ക്കാരത്തോടും ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കുള്ള മതിപ്പും അവിടുത്തെ കത്തോലിക്കരുടെ മതസ്വാതന്ത്ര്യത്തിനുവേണ്ടിമുള്ള ഒരു ശ്രമമാണിത്. മെത്രാന്‍ നിയമനത്തില്‍ ചൈനീസ് ഭരണകൂടവുമായി സംഘര്‍ഷങ്ങള്‍ ഇപ്പോഴും നിലനില്ക്കുന്നുണ്ട്. ഈ സംഘര്‍ഷങ്ങളുടെ മഞ്ഞുരുക്കാന്‍ ഈ സന്ദര്‍ശനം സഹായിക്കുമെന്നത് നിസ്തര്‍ക്കമാണ്. റോമിലെ ഊര്‍ബന്‍ യൂണിവേഴ്‌സിറ്റിയില്‍ കാര്‍ഡിനല്‍ ചെല്‍സോ, കോസ്റ്റന്തീനിയുടെ ബഹുമതിച്ചടങ്ങിലാണ് കര്‍ദ്ദിനാള്‍ പരോളിന്‍ ഈ സദ്‌വാര്‍ത്ത പങ്കുവച്ചത്. കര്‍ദ്ദിനാള്‍ ചെല്‍സോ കോസ്റ്റന്തീനി 1940 കളില്‍ ചൈനയില്‍ സുവിശേഷവത്ക്കരണം നടത്തിയ മിഷനറിയാണ്.
ഫാ. തോമസ് കോട്ടൂര്‍