വീല്‍ ചെയറില്‍ സഞ്ചരിക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ സാഹസികമായ ഒരു അജപാലന യാത്രയ്ക്ക് ഒരുങ്ങുന്നു. ഇറ്റലിക്ക് പുറത്ത് 11 ദിവസത്തോളം ബഹുദൂരം സഞ്ചരിച്ച് നാലു രാജ്യങ്ങള്‍ സന്ദര്‍ശിക്കാനുള്ള ഒരുക്കങ്ങളാണ് വത്തിക്കാനിലിപ്പോള്‍. ഇന്‍ഡോനേഷ്യ, റ്റീമോര്‍ലെസ്റ്റെ (Timorlesta), പപ്പുവഗിനിയ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളിലാണ് മാര്‍പാപ്പ എത്തുക. ഏഷ്യയിലെ വടക്ക് കിഴക്കുള്ള ഇന്‍ഡോനേഷ്യ ഒരു മുസ്ലിം രാജ്യമാണ്. 279 മില്യണ്‍ ജനങ്ങളുള്ള ഈ രാജ്യത്ത് 12% മാത്രമേ ക്രിസ്ത്യാനികള്‍ ഉള്ളൂ. അതില്‍ 3% മാത്രമേ കത്തോലിക്കരുള്ളൂ. ഏതാണ്ട് 8.6 മില്യണ്‍. പപ്പുവാഗിനിയായിലാവട്ടെ ജനസംഖ്യയുടെ 27% കത്തോലിക്കരാണ്. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഇവിടം രണ്ടു പ്രാവശ്യം സന്ദര്‍ശിച്ചിട്ടുണ്ട്. കോട്ടയം അതിരൂപതക്കാരനായ ആര്‍ച്ച്ബിഷപ്പ് കുര്യന്‍ വയലുങ്കല്‍ വത്തിക്കാന്റെ പ്രതിനിധിയായി (നൂണ്‍ഷ്യോ)ഇവിടെ സേവനം ചെയ്തിട്ടുണ്ട്. ഇദ്ദേഹത്തിന്റെ കാലത്താണ് പാപ്പുവാഗിനിയക്ക് ഒരു കര്‍ദ്ദിനാള്‍ ഉണ്ടാവുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പ ഇദ്ദേഹം ന്യൂണ്‍ഷ്യോയായിരുന്നപ്പോള്‍ പാപ്പുവാഗിനിയ സന്ദര്‍ശിക്കാന്‍ ഒരുക്കള്‍ പൂര്‍ത്തിയാക്കിയതാണ്. എന്നാല്‍ കോവിഡ് കാരണം നടന്നില്ല. ഈസ്റ്ററ്റിമോര്‍ എന്നു വിളിക്കുന്ന റ്റിമോര്‍ ലെസ്റ്റെ എന്ന ചെറിയ രാജ്യത്ത് 83% വും കത്തോലിക്കരാണ്. പോര്‍ട്ടുഗീസ് കോളനിയായിരുന്ന ഈ കൊച്ചുരാജ്യത്ത് ഫിലിപ്പൈന്‍സ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കത്തോലിക്കരുള്ള ഏഷ്യന്‍ രാജ്യമാണ് റ്റിമോര്‍. താരതമ്യേന പൊക്കം കുറഞ്ഞ ആളുകളാണിവിടെ.
സിംഗപ്പൂരില്‍ ചൈനീസ് വംശജരാണ് കൂടുതല്‍. ജനസംഖ്യയിലെ 19 ശതമാനം വരുന്ന ക്രിസ്ത്യാനികളില്‍ 36% വും കത്തോലിക്കരാണ്. ഏതാണ്ട് 220, 900 വിശ്വാസികള്‍. ജനസംഖ്യയിലെ 7%. ബുദ്ധമതാനുയായികള്‍ ഏറെയുള്ള ഈ രാജ്യത്ത് കത്തോലിക്കര്‍ക്ക് ആവശ്യമായ പള്ളികളും സ്ഥാപനങ്ങളും പ്രവര്‍ത്തന ക്ഷമമാണ്. മാര്‍പാപ്പയുടെ കുര്‍ബാനയില്‍ സംബന്ധിക്കുവാനായി നാല്പതിനായിരം ടിക്കറ്റുകള്‍ ഇതിനോടകം ലഭ്യമാക്കി.
മാര്‍പാപ്പയുടെ അപ്പോസ്തലിക യാത്രകള്‍ ക്രമീകരിക്കുന്നത് 16 അംഗ ഡെലഗേഷനാണ്. അതിന്റെ തലപ്പത്ത് ഒരു മലയാളി വൈദികന്‍. മോണ്‍. ജോര്‍ജ് കൂവക്കാട്. നയതന്ത്ര പരിശീലനം നേടിയ ഈ വൈദികന്‍ ചങ്ങനാശ്ശേരി അതിരൂപതാ മാമ്മൂട് ഇടവകക്കാരനാണ്. അദ്ദേഹത്തിന്റെ അമ്മയ്ക്ക് ജന്മദിനത്തില്‍ വീഡിയോ ആശംസകള്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നല്‍കിയത് വലിയ വാര്‍ത്തയായിരുന്നല്ലൊ.
വിശ്വാസത്തിന്റെ വെളിച്ചം (Lumen Fidei) ചെറിയ സമൂഹങ്ങളിലേക്ക് എത്തിക്കാനും അവരെ വിശ്വാസത്തില്‍ ദൃഢപ്പെടുത്താനുമാണ് പരിശുദ്ധ പിതാവിന്റെ അപ്പസ്‌തോലിക യാത്രകള്‍. മാര്‍പാപ്പയുടെ പ്രായവും ആരോഗ്യവും പരിഗണിച്ച് വത്തിക്കാനിലെ ചിലര്‍ക്കെങ്കിലും ഈ സന്ദര്‍ശനങ്ങളെക്കുറിച്ച് ആകുലതകളുണ്ട്. അതും വളരെ കുറച്ച് സൗകര്യങ്ങളുള്ള ഈ രാജ്യങ്ങളിലേക്ക് ഇത്രയും ദീര്‍ഘമേറിയ യാത്രകള്‍ പരിശുദ്ധ പിതാവിന് താങ്ങാനാവുമോ?
ദൈവത്തില്‍ ആശ്രയിച്ച് തന്റെ അപ്പസ്‌തോലിക ദൗത്യം നിര്‍വഹിക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ പാവപ്പെട്ടവരോടും ദുര്‍ബലരോടും വികലാംഗരോടും അവിടെ ജോലി ചെയ്യുന്ന വൈദികരോടും സന്ന്യസ്തരോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുമ്പോള്‍ സുവിശേഷത്തിന്റെ സന്തോഷം ഏറെയാണ്.
പിന്നാമ്പുറം
ബംഗ്ലാദേശിലെ മുന്‍ നൂണ്‍ഷ്യോ ചങ്ങനാശ്ശേരി അതിരൂപതക്കാരനായ ആര്‍ച്ച്ബിഷപ്പ് ജോര്‍ജ് കോച്ചേരിക്ക് ഫ്രാന്‍സിസ് മാര്‍പാപ്പയെ സ്വവസതിയില്‍ (നൂണ്‍സിയേച്ചര്‍) സ്വീകരിക്കാനുള്ള അസുലഭ ഭാഗ്യം കിട്ടിയിട്ടുണ്ട്. 2017 ഡിസംബറില്‍ തന്റെ മുട്ടുവേദനയേയും അവഗണിച്ചാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ബംഗ്ലാദേശിലെത്തുന്നത്. ശ്രമകരമെങ്കിലും മാര്‍പാപ്പയ്ക്ക് താമസ സൗകര്യം ഒരുക്കുക നൂണ്‍ഷ്യോയ്ക്ക് സക്കേവൂസ്” അനുഭവമായിരുന്നത്രെ. മാര്‍പാപ്പയ്ക്ക് അഭയാര്‍ത്ഥികളോടും അതിരുകളില്‍ ജീവിക്കുന്നവരോടുമുള്ള പരിഗണനയും താല്പര്യവും തനിക്ക് നേരിട്ടറിയാന്‍ കഴിഞ്ഞു എന്ന് ചങ്ങനാശ്ശേരി ചെത്തിപ്പുഴ ആശുപത്രി ക്യാമ്പസില്‍ താമസിക്കുന്ന പിതാവ് പറഞ്ഞു. അള്‍ജിയേഴ്‌സിലെ നൂണ്‍ഷ്യോ കുര്യന്‍ വയലുങ്കല്‍ പിതാവ് മാര്‍പാപ്പയുടെ സന്ദര്‍ശനത്തിനായി എല്ലാ ഒരുക്കങ്ങളും പപ്പുവാഗിനിയായില്‍ സജ്ജീകരിച്ചെങ്കിലും അത് സാധിക്കാതെ പോയതില്‍ വളരെ വിഷമമുണ്ട്. ഭാവിയില്‍ ദൈവം അനുവദിച്ചാല്‍ മാര്‍പാപ്പയെ എന്നെങ്കിലും താന്‍ വസിക്കുന്ന നൂണ്‍സിയേച്ചറിലേക്ക് വന്നെത്തുമെന്നാണ് വയലുങ്കല്‍ പിതാവിന്റെ പ്രാര്‍ത്ഥനയും പ്രതീക്ഷയും.
പത്രോസിന്റെ സിംഹാസനത്തില്‍ നിന്നും വീല്‍ചെയറിലേക്കുള്ള പ്രയാണം പ്രതീകാത്മകം തന്നെ. ഒപ്പം അനുഗ്രഹപ്രദവും.
ഫാ. തോമസ് കോട്ടൂര്‍