”പൊന്റിഫ്” എന്ന വക്കിന്റെ അര്‍ത്ഥം ”പാലം പണിയുന്നവന്‍” എന്നാണ്. മാര്‍പാപ്പമാര്‍ക്കുള്ള നാമവിശേഷണമാണിത്. പോണ്‍സ് (പാലം), ഫാച്ചരെ (പണിയുക) എന്ന രണ്ട് ലാറ്റിന്‍ വാക്കുകളില്‍ നിന്നാണ് പൊന്റിഫ് എന്ന പദത്തിന്റെ മൂലം. ഇന്നലെ ആരംഭിച്ച പൊന്റിഫ് ഫ്രാന്‍സിസിന്റെ യാത്രയുടെ ആദ്യപാദം ഏറ്റവുംകൂടുതല്‍ മുസ്ലിം മതസ്ഥരുള്ള ഇന്‍ഡോനേഷ്യയിലേക്കാണ്. അതിനുശേഷം പപ്പൂവാന്യുഗിനിയായും റ്റിമോര്‍ ലെസ്റ്റെയിലേക്കും സിംഗപ്പൂരിലേക്കും യാത്ര ചെയ്യും. കത്തോലിക്കര്‍ ന്യൂനപക്ഷമുള്ള ഇന്‍ഡോനേഷ്യയെ സമ്പന്നരാജ്യങ്ങളുമായി തുലനം ചെയ്യാനാവില്ല. തന്റെ അപ്പസ്‌തോലിക സന്ദര്‍ശനത്തിനെത്തുന്ന മാര്‍പാപ്പ കത്തോലിക്കാ വിശ്വാസികളോട് ”ചെറിയ അജഗണമേ ഭയപ്പെടേണ്ട ഞാന്‍ നിങ്ങളോടൊപ്പമുണ്ട്” എന്ന സദ്വര്‍ത്ത എത്തിക്കും. ഒപ്പം വിദ്വേഷത്തിന്റേയും അക്രമത്തിന്റേയും വിവേചനത്തിന്റേയും അസഹിഷ്ണുതയുടേയും അതിരുകള്‍ ഭേദിച്ച് സുവിശേഷമൂല്യങ്ങള്‍ എല്ലാ ജനതകളോടും പങ്കുവയ്ക്കും.
”സുവിശേഷത്തിന്റെ സന്തോഷം” വ്യത്യസ്തമതങ്ങളിലും സംസ്‌കാരങ്ങളിലും ജീവിക്കുന്നവരെ അറിയിക്കും. ഒരുമയിലും സന്തോഷത്തിലും ജീവിക്കാന്‍ ആഹ്വാനം ചെയ്യും. പൊന്റിഫ് എന്നതിന്റെ പ്രായോഗികമൂല്യങ്ങള്‍ അദ്ദേഹം അനേകലക്ഷങ്ങളിലേക്ക് എത്തിക്കും.
ജാക്കര്‍ത്തയിലെ പ്രസിദ്ധമായ ഇസ്തിക്വിലാല്‍ മോസ്‌ക്കും സ്വര്‍ഗാരോപണ മാതാവിന്റെ കത്തീഡ്രലും ബന്ധിപ്പിക്കുന്ന ഒരു ടണല്‍ ഉണ്ട്. അത് കാലോചിതമായി ഈയിടെ പരിഷ്‌ക്കരിക്കുകയുണ്ടായി. ടണലിന്റെ ഒരറ്റം കത്തീഡ്രലും മറ്റേ അറ്റം മോസ്‌ക്കുമാണ്. കത്തീഡ്രലില്‍ മാര്‍പാപ്പ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും മോസ്‌ക്കില്‍ ഗ്രാന്‍ഡ് ഇമാമുമൊത്ത് പ്രാര്‍ത്ഥിക്കുകയും ചെയ്യും. ഈ ടണല്‍ ”സാഹോദര്യത്തിന്റെ ടണല്‍” എന്നാണിപ്പോള്‍ അറിയപ്പെടുക. ഇതൊരു പ്രതീകാത്മകം തന്നെ.
ഇന്നുച്ചക്കഴിഞ്ഞ് കത്തീഡ്രലില്‍ നടക്കുന്ന വി. കുര്‍ബാനയില്‍ 101 കുട്ടികളുടെ ഗായകസംഘം മാര്‍പാപ്പയെ ഇറ്റാലിയനിലും ഇന്‍ഡോനേഷ്യന്‍ ഭാഷയിലും സ്വാഗതം ചെയ്യും.
ചിന്തോദ്ദീപകം (മ്യൂസിങ്ങ്‌സ്)
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുസ്ലിം അഭയാര്‍ത്ഥികളോടും അവരുടെ രാജ്യങ്ങളോടുമുള്ള സവിശേഷ കാരുണ്യം എല്ലാവര്‍ക്കും അത്ര പ്രിയമില്ല. ഇറ്റലിയിലെ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി ഈ ഗ്രൂപ്പില്‍ പെടുന്നു. ”ഫ്രറ്റെല്ലി റ്റൂത്തി” (എല്ലാവരും സഹോദരര്‍) എന്ന ചാക്രിക ലേഖനമെഴുതിയ മാര്‍പാപ്പയ്ക്ക് ആരേയും തന്റെ സ്‌നേഹ വായ്പിന് പുറത്തുനിറുത്തുവാന്‍ സാധിക്കുകയില്ല. മാത്രമല്ല, സുവിശേഷമൂല്യങ്ങളോടും അജപാലന ദൗത്യത്തോടും വിശ്വസ്തത കാണിക്കുന്നവനാകണം ക്രിസ്തുവിന്റെ പ്രതിപുരുഷന്‍.
ഫാ. തോമസ് കോട്ടൂര്‍