2025 ഒക്ടോബര്‍ നാലാം തീയതി ക്‌നാനായ കാത്തലിക് മിഷന്‍സ് യുകെയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന കുടുംബ കൂട്ടായ്മയായ വാഴ് വ് 2025 ന്റെ പ്രചരണാര്‍ത്ഥം അഭിവന്ദ്യ കോട്ടയം അതിരൂപത അധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് കൈമാറിയ ദീപശിഖയ്ക്ക് യുകെയില്‍ വിവിധ മിഷനുകളില്‍ ഉജ്ജ്വല സ്വീകരണം.
ദീപശിഖ പ്രയാണത്തിന് യുകെയിലെ ആദ്യ സ്വീകരണം നല്‍കിയത് മാഞ്ചസ്റ്റര്‍ സെന്റ് മേരിസ് ക്‌നാനായ മിഷന്‍ വിശുദ്ധ കുര്‍ബാന കേന്ദ്രമായ സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡിലാണ്. കൈക്കാരന്മാരായ ജോസ് ആലപ്പാട്ട്, കിഷോര്‍, സിജിന്‍ കൈതവേലി എന്നിവര്‍ മിഷന്‍ ഡയറക്ടര്‍ ഫാ. സുനി പടിഞ്ഞാറേക്കരക്ക് ദീപശിഖ കൈമാറി. തുടര്‍ന്ന് വാഴ് വിന്റെ വിജയത്തിനായിട്ടുള്ള പ്രാര്‍ത്ഥന അര്‍പ്പിച്ചു.
തുടര്‍ന്ന് ദീപശിഖാ പ്രയാണം പ്രഥമ ക്‌നാനായ മിഷന്‍ ഇടവകയായ മാഞ്ചസ്റ്ററിലേക്ക് യാത്രതിരിച്ചു. സെന്റ് മേരീസ് ക്‌നാനായ കാത്തലിക് മിഷന്‍ മാഞ്ചസ്റ്റര്‍ ഇടവക അംഗങ്ങള്‍ ഊഷ്മളമായ സ്വീകരണമാണ് ദീപശിഖ പ്രയാണത്തിന് നല്‍കിയത്.
വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം കൈക്കാരന്‍ ജോസഫ് ഡെന്നിസും പാരിഷ് കൗണ്‍സില്‍ അംഗങ്ങളും ഒന്നുചേര്‍ന്ന്ദീപശിഖ മിഷന്‍ ഡയറക്ടര്‍ ഫാ. സുനി പടിഞ്ഞാറേക്കരയ്ക്ക് കൈമാറി.തുടര്‍ന്ന് വാഴ് വിന്റെ വിജയത്തിന് ആയിട്ടുള്ള മധ്യസ്ഥ പ്രാര്‍ത്ഥന ഒന്നുചേര്‍ന്ന് പ്രാര്‍ത്ഥിച്ചു.
വാഴ് വിന്റെ പ്രചരണാര്‍ത്ഥം നടത്തപ്പെടുന്ന ദീപശിഖാ പ്രയാണത്തിന് സെന്റ് പയസ് ടെന്‍ത് ക്‌നാനായ കാത്തലിക് മിഷന്‍ ലിവര്‍പൂളില്‍ വമ്പിച്ച സ്വീകരണമാണ് ഒരുക്കിയത്. സ്ഥാനമൊഴിയുന്ന കൈകാരന്മാരും പുതുതായി സ്ഥാനം ഏറ്റെടുത്ത കൈക്കാരന്മാരും ആയവരായ ജോയി പാവക്കുളത്ത് ഫിലിപ്പ് കുഴിപ്പറമ്പില്‍ ജോജോ വലിയവീട്ടില്‍ സോജന്‍ തോമസ് മുകളേല്‍വടകേത് എന്നിവര്‍ സംയുക്തമായി ദീപശിഖ മിഷന്‍ ഡയറക്ടര്‍ ഫാ. സുനി പടിഞ്ഞാറേക്കരയ്ക്ക് കൈമാറി.
എല്ലാ മിഷനുകളിലും ദീപശിഖ സ്വീകരണം ക്രമീകരിച്ചിട്ടുണ്ട്. ഒക്ടോബര്‍ നാലിന് ബഥേല്‍ സെന്ററില്‍ ദീപശിഖാ പ്രയാണം പൂര്‍ത്തിയാകും





