യു.കെയില്‍ ക്‌നാനായക്കാര്‍ക്ക് സ്വന്തമായി ദേവാലയം; ചരിത്രം കുറിച്ച് യു.കെ ക്നാനായ കാത്തലിക് മിഷന്‍

ലിവര്‍പൂള്‍: യു.കെയിലെ ലിവര്‍പൂളില്‍ ക്‌നാനായക്കാര്‍ക്ക് സ്വന്തമായി ഒരു ദേവാലയം ലിവര്‍പൂള്‍ അതിരൂപത അനുവദിച്ചു തന്നു. പൂര്‍ണ്ണമായും സൗജന്യമായിട്ടാണ് ദേവാലയവും പാരീഷ് സെന്ററും ലഭിച്ചിരിക്കുന്നത്. ലിവര്‍പൂള്‍ ആര്‍ച്ച്ബിഷപ്പ് മാല്‍ക്കം മാക്മഹോനെയുമായി യു.കെ ക്‌നാനായ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഫാ. സുനി പടിഞ്ഞാറേക്കരയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയംഗങ്ങള്‍ നിരന്തരമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് ദേവാലയം പൂര്‍ണ്ണമായി ദീര്‍ഘകാലത്തേയ്ക്ക് സൗജന്യമായി ലഭിച്ചത്. ഈ ദേവാലയത്തില്‍ 500-ഓളം പേരെ ഉള്‍ക്കൊള്ളാന്‍ കഴിയും. ഇതോടൊപ്പം എല്ലാ സൗകര്യങ്ങളുമുള്ള വൈദികഭവനവും 400-ഓളം പേരെ ഉള്‍ക്കൊള്ളാവുന്ന ഹാളുമുണ്ട്. ഇതോടെ ലിവര്‍പൂള്‍ യു.കെയിലെ ക്‌നാനായക്കാരുടെ പ്രധാന കേന്ദ്രമായി മാറും. നിലവിലുള്ള സെന്റ് പയസ് ടെന്‍ത് ക്‌നാനായ കാത്തലിക് മിഷന്‍ ഇനിയും സെന്റ് പയസ് ടെന്‍ത് ക്‌നാനായ കാത്തലിക് ദേവാലയം എന്ന് പുനര്‍നാമകരണം ചെയ്യപ്പെടും.
യുകെയിലെ ക്നാനായ കത്തോലിക്കാ വിശ്വാസികള്‍ക്ക് അവരുടെ തനതായ പാരമ്പര്യങ്ങളും തനിമയും നിലനിറുത്തിക്കൊണ്ടുതന്നെ കത്തോലിക്കാ വിശ്വാസത്തില്‍ വളരുന്നതിനും പുതിയ തലമുറക്ക് അത് പകര്‍ന്നുനല്‍കുന്നതിനുമായിട്ടാണ് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ കീഴില്‍ ക്‌നാനായക്കാര്‍ക്ക് മാത്രമായി 15 ക്‌നാനായ മിഷനുകള്‍ സ്ഥാപിച്ചത്. ഇപ്രകാരം ക്നാനായ മിഷനുകള്‍ സ്ഥാപിക്കുന്നതിനും അതു വളര്‍ത്തുന്നതിനും വളരെയധികം ത്യാഗങ്ങള്‍ സഹിച്ച മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത, മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, ഗീവര്‍ഗീസ് മാര്‍ അപ്രേം, വികാരി ജനറാളായിരുന്ന ഫാ. സജി മലയില്‍പുത്തന്‍പുരയില്‍ എന്നിവരെ നന്ദിയോടെ ഓര്‍ക്കുന്നു. ലിവര്‍പൂള്‍ രൂപതയിലെ പെര്‍മനെന്റ് ഡീക്കന്‍ ആയ അനില്‍ ലൂക്കോസിന്റെ അക്ഷീണ പരിശ്രമവും ഇതിനു പിന്നിലുണ്ട്. കൂടാതെ ഗ്രേറ്റ് ബിട്ടണ്‍ രൂപത ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ അനുവാദവും പ്രോത്സാഹനവും ക്‌നായാക്കാര്‍ക്ക് കൂടുതല്‍ മുതല്‍ക്കൂട്ടായി. കൈക്കാരന്മാരായ ജോയി, ഫിലിപ്പ് എന്നിവരുടെ നിശ്ചയദാര്‍ഢ്യമായ പ്രവര്‍ത്തനങ്ങളും സ്വപ്ന സാക്ഷാല്‍ക്കാരത്തിന് വഴിയൊരുക്കി. ദേവാലയത്തിന്റെ പുനര്‍കൂദാശ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കും ശേഷം ഉടനെതന്നെ ഉണ്ടാവും. യൂറോപ്പില്‍ ഉള്ള കൂടുതല്‍ ആളുകള്‍ക്ക് ക്‌നാനായ മിഷനുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുവാനും അതുവഴി അവരവരുടെ സ്ഥലങ്ങളില്‍ ഇതുപോലുള്ള വിശ്വാസ കേന്ദ്രമായ സംവിധാനങ്ങള്‍ ഒരുക്കുവാനും പുതിയ ദേവാലയം പ്രചോദനമാകും.

 

Previous Post

കൈപ്പുഴ: പുളിനില്‍ക്കുംപറമ്പില്‍ മേരി ജോസഫ്

Next Post

ചമതച്ചാല്‍: മൂരിക്കുന്നേല്‍ ഏലിക്കുട്ടി

Total
0
Share
error: Content is protected !!