ഈശോയുടെ പിറവിതിരുനാളിനോടനുന്ധിച്ചു ദൈവാലയത്തിലെ തിരുകര്‍മ്മത്തിന്റെ ഭാഗമായി നടത്തുന്ന ഒരു പ്രധാന ശുശ്രൂഷയാണു തീയുഴല്ച്ചാക്രമം. പലപ്പോഴും വളരെ ലാഘവത്തോടെ വെറുമൊരു അനുഷ്ഠാനമായിട്ടാണു ചിലയിടങ്ങളിലെങ്കിലും ഇതു നടത്തുന്നതെന്നു തോന്നിപ്പോകും. ഏതാനും ചിലര്‍ ഇതില്‍ പങ്കെടുക്കുന്നു; അധികം പേരും നോക്കിനില്ക്കുന്നു; അങ്ങനെ അവസാനിക്കുന്നു ഈ കര്‍മ്മം. എന്നാല്‍, തീയുഴല്ച്ച ഈശോമിശിഹായിലുള്ള വിശ്വാസത്തിന്റെ പ്രഖ്യാപനവും പ്രതിഫലനവും ആണ്
ചരിത്രത്തിലേക്കു നോക്കുമ്പോള്‍
ചരിത്രത്തിലേക്കു നോക്കുമ്പോള്‍ സീറോ മലബാര്‍ സഭയുടെ ആരാധനക്രമചരിത്രത്തില് വളരെ പ്രാധാന്യമുള്ള ഒരു കര്‍മ്മമാണു പിറവിതിരുനാളിനോടനുബന്ധിച്ചുള്ള തീയുഴല്ച്ച. 1599-ലെ ഉദയംപേരൂര്‍ സൂനഹദോസിനു മുമ്പേതന്നെ പൗരസ്ത്യ സുറിയാനി പാരമ്പര്യത്തിലെ ഈ ക്രമം മലബാര്‍ സഭയില്‍ തിരുപ്പിറവി ആഘോഷത്തോടനുബന്ധിച്ചു രാത്രിയില്‍ തുടര്ന്നിരുന്നവെന്നു രേഖകള്‍ സാക്ഷിക്കുന്നു. സ്പാനിഷ് മിഷനറി ആയിരുന്ന അന്തോണിയോ മോണ്സറേറ്റാണ് ഇത്തരത്തിലുള്ള ഒരു കര്‍മ്മം മലബാര്‍ സഭയില്‍ നടത്തിയിരുന്നതിനെക്കുറിച്ച് ഉദയം പേരൂര്‍ സൂനഹദൂസിന് മുന്‍പേ തന്നെ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, ഉദയംപേരൂര്‍ സൂനഹദോസ് ആചാരപരമായ ഈ കര്‍മ്മം ഹൈന്ദവ അഗ്നിപൂജയുടെ അനുകരണമാണെന്നു തെറ്റിദ്ധരിപ്പിച്ച് ദേവാലയത്തില്‍ ഇത് ഇനിമേല്‍ തുടരരുതെന്നു നിരോധിച്ചു. എങ്കിലും, ഇതു തുടര്‍ന്നുപോന്നു. പിന്നീട് 1823 മുതല്‍ 27 വരെ വികാരി അപ്പസ്തോലിക്കയായിരുന്ന ബിഷപ്പ് മിലസ് പ്രെസന്തര് ഗാസ്റ്റും 1853 മുതല്‍ 68 വരെ മാര്‍ത്തോമാ ക്രിസ്ത്യാനികളെ ഭരിച്ചിരുന്ന ആര്‍ച്ച് ബിഷപ്പ് ബര്ണാര്ദ്ദീന് ബാസിനെല്ലിയും പ്രകാശത്തിന്റെ ഈ കര്‍മ്മം പാഷണ്ഡതയാണെന്നും യഹൂദ പാരമ്പര്യത്തിലുള്ളതാണെന്നും പറഞ്ഞു നിരോധിച്ചു. എന്നാല്‍, ഈ നിരോധനങ്ങള്‍ക്കൊന്നും മലബാര്‍ സഭയിലെ വിശ്വാസികള്‍ അത്ര പ്രാധാന്യം കൊടുത്തില്ല. ഈ തിരുകര്‍മ്മം നിര്‍ബാധം പിറവിത്തിരുനാള്ദിനം തുടര്‍ന്നുപോന്നു.
തൃശ്ശൂരിലെ ചര്‍ച്ച് ഓഫ് ഈസ്റ്റ് സഭയിലും സീറോ മലബാര്‍ സഭയിലും യാക്കോബായ ഓര്‍ത്തഡോക്സ് സഭകളിലും ഇന്നും ഇതു തുടര്‍ന്നു പോരുന്നു. ഈ കര്‍മ്മത്തിന്റെ ഉറവിടത്തെക്കുറിച്ചു വ്യക്തമായ അറിവു നല്കുന്ന രേഖകള്‍ ഇല്ല എന്നുവേണം പറയാന്‍. എങ്കിലും, 1909-ല്‍ കളപ്പുരക്കല്‍ അന്ത്രയാ എന്ന മലയാളി വൈദികന് എഡിറ്റ് ചെയ്ത Methodus Officiorum pro diebus Festivis Collecta എന്ന ഗ്രന്ഥത്തില്‍ ഈ തിരുകര്‍മ്മത്തിന്റെ ക്രമം അച്ചടിച്ചു നല്കിയിരിക്കുന്നു. 1926-ല്‍ അത് പുനഃ പരിശോധന നടത്തി കൃത്യമായി അച്ചടിച്ച് ആചരിച്ചു പോരുകയും ചെയ്യുന്നു.
ആഴി കൂട്ടുന്ന രീതി
ഇന്നത്തെ പിറവിത്തിരുനാള്‍ ആഘോഷത്തില്‍ അതിന്റെയൊരു ഭാഗമായിട്ടുതന്നെയാണു തിരുക്കര്‍മ്മത്തില്‍ തീയുഴല്ച്ച ചേര്‍ത്തിരിക്കുന്നത്. തിരുനാളാഘോഷത്തില്‍ ദേവാലയത്തില്‍ മിശിഹായുടെ പിറവി പ്രഘോഷത്തിനുശേഷമാണ് ഈ കര്‍മ്മം നടത്തുന്നത്.ദേവാലയാങ്കണത്തില്‍ സാധിക്കുമെങ്കില്‍ ആന വാതിലിനുനേരെ അധികം ആഴത്തില്‍ അല്ലാതെ ത്രികോണാകൃതിയില്‍ ഒരു കുഴി ഉണ്ടാക്കുന്നു. പെട്ടെന്നു കത്തുന്ന തരത്തിലുള്ള വിറകോ ചുട്ടോ തലേവര്‍ഷത്തെ കുരുത്തോലയും കൂട്ടിചേര്‍ത്ത് തീ കത്തിക്കാന്‍ സൗകര്യമുണ്ടാക്കുന്നു. ത്രികോണത്തിന്റെ 3 മൂലയിലും 3 എണ്ണപ്പന്തങ്ങള്‍ ഒരുക്കിവെക്കുന്നു.
ദൈവാലയത്തിലെ പിറവി ശുശ്രൂഷയും ‘സഗീദീനന്മാര് …………’ എന്ന ഗീതവും ആലപിച്ചശേഷം വിശ്വാസികള്‍ അലങ്കരിച്ച കുരിശും തിരികളുമായി തീയുഴല്ച്ചയ്ക്കു പ്രദക്ഷിണമായി കാര്‍മികനോടൊപ്പം ആഴി ഒരുക്കിയിരിക്കുന്നിടത്ത് എത്തിച്ചേരുന്നു. കാര്മ്മികന് കിഴക്കോട്ട് അല്ലെങ്കില്‍ ദേവാലയത്തിലേക്കു നോക്കി നിന്നുകൊണ്ട് കര്‍മ്മങ്ങള്‍ ആരംഭിക്കുന്നു. ഓരോ എണ്ണപ്പന്തവും കത്തിക്കുമ്പോള്‍ ‘അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി……’ എന്ന സ്തോത്രഗീതം ആലപിക്കുന്നു. എല്ലാവരും ആഴിയില്‍ കുന്തിരിക്കം ഇട്ടുകൊണ്ട് മൂന്നുപ്രാവശ്യം വലം വയ്ക്കുന്നു. തുടര്‍ന്ന് പ്രദിക്ഷണമായിത്തന്നെ ദേവാലയത്തിലേക്കു തിരിച്ചു കയറി തിരുകര്‍മ്മങ്ങള്‍ തുടരുന്നു.
അന്ത്യോക്യന്‍ ആരാധനക്രമം പാലിക്കുന്ന കത്തോലിക്ക സഭയിലും ഓര്‍ത്തഡോക്സ്, യാക്കോബായ അകത്തോലിക്കാ സഭകളിലും തീയുഴല്ച്ച നടത്തുന്നതില്‍ ചില വ്യത്യാസങ്ങളുണ്ട് എന്നു മാത്രം. ദേവാലയത്തിലെ രാത്രി ജപത്തിന്റെ ഇടയ്ക്കാണ് ഈ കര്‍മ്മം നടത്തുന്നത്. വിശ്വാസികള്‍ ഒരുമിച്ചു വടക്കേ വാതിലിലൂടെയാണു ആഴി ഒരുക്കിയിരിക്കുന്നിടത്തെത്തുന്നത്. ആഴി കത്തിക്കുന്നതിനായി കുരിശാകൃതിയിലാണു കുഴി കുഴിച്ച് വിറകോ ചൂട്ടോ അടുക്കുന്നത്. കുരിശാകൃതിയില്‍ കുഴിക്കുന്ന കുഴിയുടെ നാലു കോണുകളിലുമായി 4 എണ്ണപ്പന്തങ്ങള്‍ ക്രമപ്പെടുത്തുന്നു. വിശ്വാസികള്‍ കാര്‍മികനോടൊപ്പം ഇവിടെ എത്തിക്കഴിയുമ്പോള്‍ പ്രത്യേക പ്രാര്‍ത്ഥനകളും ലേഖനവായനയും സുവിശേഷ പ്രഘോഷണവും നടത്തി പിറവിയാഘോഷണം ഇവിടെയാണ് നടത്തുന്നത്. തുടര്‍ന്ന്, എണ്ണപ്പന്തങ്ങള്‍ കത്തിച്ചുകൊണ്ട് ‘അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി…..’ എന്ന സ്തുതി കീര്‍ത്തനവും ‘വെളിവു നിറഞ്ഞോരീശോ…..’ എന്ന ഗീതകവും ആലപിച്ചുകൊണ്ട് മൂന്നുപ്രാവശ്യം പ്രദക്ഷിണം നടത്തി ദേവാലയത്തിന്റെ തെക്കേ വാതിലിലൂടെ അകത്തു പ്രവേശിക്കുന്നു.
വിശ്വാസപ്രഘോഷണം
മേല്‍പ്പറഞ്ഞത് ഇതിന്റെ ക്രമമാണ്. എന്നാല്‍, ഈ കര്മ്മത്തിന് ആഴമായ അര്‍ത്ഥമുണ്ടെന്നു നാം മനസ്സിലാക്കണം.
അഗ്നിയും അഗ്നികുണ്ഡവും
അഗ്നിയും അഗ്നികുണ്ഡവും നിറഞ്ഞ പ്രകാശ ധോരണിയും രക്ഷാകരചരിത്രത്തില്‍ വളരെ സവിശേഷമായ അര്‍ത്ഥങ്ങള്‍ ഉള്‍ക്കൊള്ളുന്നതും ദൈവീകമായ ചിന്തകള്‍ പകരുന്നതുമാണ്.
ഹോറബ് മലയില്‍ വെച്ചു മോശയ്ക്കു ദൈവം പ്രത്യക്ഷപ്പെട്ടത് അഗ്നി ജ്വാലയിലായിരുന്നല്ലോ (പുറപ്പാട് 3, 2-6)
സീനായ് മലയില്‍ ദൈവം മോശയ്ക്ക് പ്രത്യക്ഷപ്പെട്ടത് അഗ്നിയുടെ രൂപത്തിലായിരുന്നു (പുറപ്പാട് 19, 18-20)
ഇസ്രായേല്‍ജനം മരുഭൂമിയിലൂടെ യാത്ര തുടര്‍ന്നപ്പോള്‍ അവര്‍ക്കു പ്രകാശവും വഴികാട്ടിയുമായത് ദൈവത്തിന്റെ സാന്നിധ്യമായ അഗ്നിസ്തംഭമായിരുന്നു (പുറം 13, 21-22).
ഈശോയുടെ ജനന സമയത്ത് ദൈവത്തിന്റെ തേജസ് പ്രകാശത്തിന്റെ രൂപത്തില്‍ അന്ധകാരത്തില്‍ പ്രകാശിച്ചു രാത്രിയെ പ്രകാശിപ്പിച്ചു; ഏശയ്യാ പ്രവാചകന് അതേക്കുറിച്ച് ഇങ്ങനെ പ്രവചിച്ചു; ‘അന്ധകാരത്തിലായിരുന്നവര്ക്ക് അവന് പ്രകാശമായി ഉദയം ചെയ്തു’ (9, 1).
പുതിയ നിയമത്തില്‍ ഈശോയുടെ മാമോദിസാ വേളയില്‍ സ്വര്‍ഗ്ഗം തുറക്കപ്പെട്ടപ്പോള്‍ അഗ്നി മധ്യേയാണു പിതാവും പരിശുദ്ധ റൂഹായും പ്രത്യക്ഷപ്പെട്ടതെന്നു സുറിയാനി പിതാക്കന്മാര് പഠിപ്പിക്കുന്നു.
ഈശോയുടെ രൂപാന്തരീകരണ വേളയില്‍ ദൈവത്തിന്റെ ഉജ്ജ്വല പ്രകാശം നിറഞ്ഞാണ് അവിടുന്ന് പ്രത്യക്ഷനായത് (മര്‍ക്കോസ് 9, 1-11)
അഗ്നി ദൈവീകമായ വെളിപ്പെടുത്തലാണ്. അഗ്നിയില്‍ പ്രകാശവും തീയും രശ്മിയും വേര്‍തിരിക്കാനാവാത്തതുപോലെ ഒരുമിച്ച് ചേര്‍ന്നിരിക്കുന്നതുകൊണ്ട് അതു പരിശുദ്ധ ത്രിത്വത്തിന്റെ വെളിപ്പെടുത്തലായിട്ടാണു പൗരസ്ത്യ സഭാ പിതാക്കന്മാര് പഠിപ്പിക്കുന്നത് (മാര്‍ അപ്രേം, വിശ്വാസഗീതങ്ങള്‍ 40, 1-9).
ദൈവത്തിന്റെ സാന്നിധ്യത്തെ സൂചിപ്പിക്കുന്ന തീയുഴല്ച്ചയിലെ അഗ്നിയും അഗ്നികുണ്ഡവും ദൈവസാന്നിധ്യം അനുഭവിക്കാന്‍ ഇടയാകണമെന്ന് ആരാധനക്രമ ദൈവശാസ്ത്രജ്ഞന്മാര് ഓര്‍മിപ്പിക്കുന്നു. ദൈവത്തിന്റെ മഹത്തായ വെളിപ്പെടുത്തലുകളെല്ലാം പ്രകാശവും നിറഞ്ഞതായിരുന്നുവെന്ന് പഴയനിയമത്തില്‍നിന്നു നമുക്കു മനസ്സിലാക്കാമല്ലോ?
തീയുഴല്ച്ച പരമ പരിശുദ്ധ ത്രിത്വത്തിലും ലോകത്തിന്റെ പ്രകാശമായ രക്ഷകനായ ഈശോമിശിഹായിലുള്ള വിശ്വാസത്തിന്റെയും പ്രഘോഷണമാണ്. അതു ദൈവസാന്നിധ്യത്തെ സൂചിപ്പിക്കുന്ന അനുഷ്ഠാനമാണെന്നു വ്യക്തമാണല്ലോ?.
തീയുഴല്ച്ചക്ക് ഈശോയുടെ തിരുസ്വരൂപമോ ഐക്കണോ വഹിച്ചുകൊണ്ടു അഗ്നികുണ്ഡത്തിനു ചുറ്റും പ്രദക്ഷിണം നടത്തുകയും അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി എന്ന സ്തുതി കീര്‍ത്തനം ആലപിക്കുകയും ചെയ്യുമ്പോള്‍ മാലാഖമാര്‍ അട്ടിടയന്മാര്ക്കു സന്തോഷ സന്ദേശമായി ലോകരക്ഷകന് പിറന്നിരിക്കുന്നു എന്നു പ്രഖ്യാപനം നടത്തിയതിനെയാണ് ഓര്‍മ്മിപ്പിക്കുന്നത്.
ദൈവാലയത്തിനു പുറത്തു നടക്കുന്ന ഈ കര്‍മ്മത്തില്‍ നിന്നു ലോകത്തിനു മുഴുവനായും സര്‍വ്വ ജനങ്ങള്‍ക്കുമായി രക്ഷകന് പിറന്നിരിക്കുന്നു എന്ന പ്രഖ്യാപനമാണു നടത്തുന്നത്. രക്ഷയുടെ സന്ദേശം ലോകത്തിനു മുഴുവന്‍ ഉള്ളതാണെന്ന് ഈ തിരുകര്‍മ്മം ഓര്‍മിപ്പിക്കുന്നു
ത്രികോണാകൃതിയില്‍ കുഴി ഉണ്ടാക്കുന്നതും മൂന്ന് എണ്ണ പന്തങ്ങള്‍ കത്തിക്കുന്നതും പരിശുദ്ധ ത്രിത്വം ഭൂമിയിലിറങ്ങി വസിക്കുന്നു എന്നതിനെയാണു സൂചിപ്പിക്കുന്നത്.
ഈ തീയുഴല്ച്ച കര്‍മ്മത്തിലൂടെ മനുഷ്യനായി പിറന്ന ദൈവപുത്രനായ മിശിഹായെ ലോകത്തിന്റെ വെളിച്ചമായി പ്രഖ്യാപിക്കുന്ന വിശ്വാസ പ്രഘോഷണമാണു നടത്തുന്നത്.
നിത്യപ്രകാശമായ ദൈവപുത്രനായ മിശിഹായെ ലോകത്തിന്റെ മുമ്പില്‍ ഈ തിരുകര്മ്മത്തിലൂടെ പ്രഘോഷിക്കുന്നതിലൂടെ പ്രകാശത്തിന്റെ സന്ദേശം ഉള്‍ക്കൊള്ളാന്‍ സഭ നമ്മെ ആഹ്വാനം ചെയ്യുകയാണ്.
ഈ തിരുക്കര്‍മ്മത്തിലൂടെ ലോകത്തിന്റെ പ്രകാശമായ ഈശോയുടെ യഥാര്‍ത്ഥ വ്യക്തിത്വം മനസ്സിലാക്കാന്‍ നമ്മെ സഹായിക്കുന്നു. അതായത്, മുള്‍ച്ചെടികളില്‍ എരിയാത്ത മുള്പ്പെടര്പ്പായി പ്രത്യക്ഷപ്പെട്ട ദൈവം തന്നെയാണ് വെളിപാടിന്റെ പൂര്‍ണ്ണതയായി മനുഷ്യനായി അവതരിച്ചതെന്ന് ഈ അഗ്നികുണ്ഡം നമ്മെ ഓര്‍മിപ്പിക്കുന്നു.
മോശ കണ്ട അഗ്നിയില്‍ ദൈവത്വം മറഞ്ഞിരുന്നതു പോലെ ഈശോമിശിഹായില്‍ വിഭജിക്കാനാവാത്ത വിധം മനുഷ്യത്വവും ദൈവത്വവും സമ്മേളിച്ചിരിക്കുന്നു എന്നു ബോധ്യപ്പെടുകയും പ്രഖ്യാപിക്കുകയും വിശ്വസിക്കുകയുമാണ് ഈ തിരുക്കര്‍മ്മത്തിലൂടെ.
അതാണല്ലോ
‘സാഗദീനന് മാര്‍ ലാലാഹൂസാക്
വല്നാശൂസാക് ദ്ലാ പൂലാഗാ’
കര്‍ത്താവേ അവിഭജ്യമായ നിന്റെ ദൈവത്വത്തെയും മനുഷ്യത്വത്തെയും ഞങ്ങള്‍ ആരാധിക്കുന്നുവെന്ന് തിരുകര്‍മ്മങ്ങള്‍ക്കിടയില്‍ നാം പാടുന്നത്.
ഈശോമിശിഹായിലുള്ള വിശ്വാസത്തിന്റെ ആഘോഷത്തിലെ തീയുഴല്ച്ചയില് അതിന്റെ അര്‍ത്ഥതലങ്ങള്‍ മനസ്സിലാക്കി ഹൃദയപൂര്‍വ്വം പങ്കെടുത്തു ദൈവത്വവും മനുഷ്യത്വവും ഒന്നു ചേര്‍ന്നിരിക്കുന്ന ദൈവപുത്രനിലുള്ള വിശ്വാസത്തില്‍ നമുക്ക് ആഴപ്പെടാം.
ഫാ. ജോര്‍ജ് കറുകപ്പറമ്പില്‍





