ചിക്കാഗോ : സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ ക്രിസ്തുമസിനോടനുബന്ധിച്ച് പൊതുവായ ക്രിസ്തുമസ് കരോള്‍ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു. ഡിസംബര്‍ 21 ഞായറാഴ്ച രാവിലെ പത്തുമണിക്കുള്ള കുര്‍ബ്ബാനയ്ക്ക് ശേഷമാണ് ഇടവകയുടെ മതബോധന സ്‌കൂളിലെ കുട്ടികളും വിവിധ മിനിസ്ട്രികളും കൂടാരയോഗങ്ങളും ചേര്‍ന്ന് വിപുലമായ പൊതുവായ കരോള്‍ ആഘോഷങ്ങള്‍ പാരിഷ് ഹാളില്‍ സംഘടിപ്പിക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമായി ക്രിസ്തുമസ് കരോള്‍ ഗാനാലാപനവും വൈവിധ്യമാര്‍ന്ന വിനോദപരിപാടികളും സംഘടിപ്പിക്കും.
ക്രിസ്തുമസിനൊരുക്കമായി ഇടവക തലത്തില്‍ മികച്ച പ്രാര്‍ത്ഥനാമുറി, മികച്ച പുല്‍ക്കൂട്, മികച്ച ക്രിസ്തുമസ് അലങ്കാരങ്ങള്‍ എന്നിവയ്ക്ക്കായുള്ള മത്സരങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. കൂടാതെ കൂടാരയോഗ തലത്തില്‍ ഏറ്റവും കൂടുതല്‍ ഭവനങ്ങള്‍ സന്ദര്‍ശിച്ച കൂടാരയോഗം, ഏറ്റവും കൂടുതല്‍ കരോള്‍ സംഭാവനകള്‍ സ്വരൂപിച്ച കൂടാരയോഗം, ഏറ്റവും മികച്ച കരോള്‍ പ്രകടനം നടത്തിയ കൂടാരയോഗം എന്നിവര്‍ക്കായുള്ള മത്സരങ്ങളും പതിവുപോലെ ഇത്തവണയും സംഘടിപ്പിക്കുന്നുണ്ട്. നവീന്‍ കണിയാപറമ്പില്‍ ജെസ്ലിന്‍ പ്ലാത്താനത്ത് എന്നിവരാണ് ഇടവകതലത്തില്‍ ക്രിസ്തുമസ് കരോളിന് നേതൃത്വം നല്‍കുന്നത്.
ചെറുപുഷ്പ മിഷന്‍ ലീഗിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസിനൊരുക്കമായി അറോഹാ 2025 എന്ന പേരില്‍ ക്രിസ്തുമസ് ആശംസാകാര്‍ഡുകള്‍ തയ്യാറാക്കി ക്രിസ്തുമസ് കരോളുമായി ഇടവകയുടെ സമീപ പ്രദേശങ്ങളിലുള്ള നേഴ്‌സിങ്ങ് ഹോമുകള്‍ ഡിസംബര്‍ 20 ശനിയാഴ്ച സന്ദര്‍ശിക്കും.
വികാരി. ഫാ. സിജു മുടക്കോടില്‍, അസി. വികാരി ഫാ. അനീഷ് മാവേലിപുത്തെന്‍പുര, സെക്രട്ടറി. സിസ്റ്റര്‍ ശാലോം, കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയില്‍, ലൂക്കോസ് പൂഴിക്കുന്നേല്‍, ജോര്‍ജ്ജ് മറ്റത്തിപ്പറമ്പില്‍, നിബിന്‍ വെട്ടിക്കാട്ട്, പാരിഷ് കൗണ്‍സില്‍ സെക്രട്ടറി സണ്ണി മേലേടം, സജി പൂതൃക്കയില്‍ & മനീഷ് കൈമൂലയില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള മതബോധന സ്‌കൂള്‍ അധ്യാപകര്‍ എന്നിവര്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കും.
റിപ്പോര്‍ട്ട് : അനില്‍ മറ്റത്തിക്കുന്നേല്‍






