കോട്ടയം: അക്കാദമിക അക്കാദമികേതര മേഖലകളില്‍ ഒരു പോലെ മികവ് പുലര്‍ത്തി കോട്ടയം സെന്റ് ആന്‍സ് ഹയര്‍ സെക്കന്ററി സ്കൂള്‍ കെ സി ബി സി ഏര്‍പ്പെടുത്തിയ ഔട്ട്സ്റ്റാന്റിംഗ് ഹയര്‍ സെക്കന്ററി സ്കൂള്‍ അവാര്‍ഡ് സ്വന്തമാക്കി. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ , 99% , 98 % എന്നതാണ് +2 വിജയശതമാനം . യഥാക്രമം 97, 63 ഫുള്‍ A+ വിജയവും നേടാനായി. വര്‍ഷങ്ങളായി സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ തിളക്കമുള്ള നേട്ടങ്ങള്‍ കൈവരിക്കാന്‍ സ്കൂളിന് കഴിയുന്നു. കഴിഞ്ഞ വര്‍ഷം 6 ജനങ്ങളിലും ഈ വര്‍ഷം അഞ്ച് ഇനങ്ങളിലും സംസ്ഥാന തലത്തില്‍ സ്കൂള്‍ A ഗ്രേഡ് നേടി. സംഘനൃത്തം , നാടകം , മാര്‍ഗ്ഗംകളി, ഒപ്പന , മംഗലംകളി, നാടന്‍പാട്ട് ഇനങ്ങളില്‍ വര്‍ഷങ്ങളായി അജയ്യത തുടരുന്നു. കായിക രംഗത്തും വലിയ കുതിപ്പാണ് സ്കൂള്‍ നടത്തുന്നത്. കബഡി, ഖോ-ഖോ, വടംവലി, വുഷു തുടങ്ങിയ ഇനങ്ങളില്‍ വര്‍ഷങ്ങളായി സ്കൂള്‍ കായിക താരങ്ങള്‍ സംസ്ഥാന ദേശീയ തലത്തില്‍ മെഡലുകള്‍ നേടുന്നു.
വര്‍ഷങ്ങളായി എന്‍സിസി ,എസ് പി സി, എന്‍ എസ് എസ്, ഗൈഡിംഗ് , യൂണിറ്റുകളിലായി ആകെ അഡ്മിഷന് നേടുന്ന 70 ശതമാനത്തോളം പെണ്‍കുട്ടികള്‍ക്കും ആത്മവിശ്വാസം വളര്‍ത്തുന്ന മികച്ച വ്യക്തിത്വ വികസന സാധ്യതകളാണ് സ്കൂള്‍ തുറന്നിടുന്നത്. അഭിരുചിക്കിണങ്ങുന്ന നല്ല തൊഴില്‍ സാധ്യതകള്‍ കണ്ടെത്താന്‍ കഴിയും വിധം കരിയര്‍ ഗൈഡന്‍സ് സെല്‍ സ്കൂളില്‍ സജീവമാണ്. അക്കാദമിക പിന്നോക്കം നില്ക്കുന്ന കുട്ടികള്‍ക്ക് റെമെഡിയല്‍ കോച്ചിംഗ് നല്കി വിജയം ഉറപ്പാക്കാന്‍ അധ്യാപകര്‍ ബദ്ധശ്രദ്ധരാണ്. മെന്‍ഡറിംഗ് പ്രോഗ്രാമും കാര്യക്ഷമമായി നടപ്പിലാക്കുന്നു. വിവിധ ക്ലബ്ബ് പ്രവര്‍ത്തനങ്ങളിലും സ്കൂള്‍ മികവ് പുലര്‍ത്തുന്നു. ഈ വര്‍ഷം 44 ടീമുകള്‍ പങ്കെടുത്ത ഓള് കേരള ധന്യന്‍ മാര്‍ മാക്കീല്‍ മെമ്മോറിയല്‍ ക്വിസ് മത്സരം ഏറെ ശ്രദ്ധേയമായിരുന്നു. കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന സമ്മേളനത്തില്‍ വെച്ച് കെ സി ബി സി വിദ്യാഭ്യാസ കമ്മീഷന് ചെയര്മാന് റൈറ്റ് റവ ഡോ പോള്‍ ആന്റണി മുല്ലശ്ശേരിയില് നിന്ന് സെന്റ് ആന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പാള്‍ ജോബി ജോസഫും അധ്യാപകരും ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.





