ജൂലൈ ഒന്നാം തീയതി കര്‍ദ്ദിനാളന്മാരുടെ സാധാരണ കണ്‍സിസ്റ്ററിയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ കാര്‍ലോ അക്കുറ്റിസിനെ വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തുന്നതിന് അംഗീകാരം നല്‍കി. 2025 ലെ ജൂബിലി വര്‍ഷത്തിലായിരിക്കും നാമകരണ സംബന്ധിയായ ആഘോഷങ്ങള്‍.
2006 ല്‍ 15-ാം വയസില്‍ ലുക്കീമിയ (രക്താര്‍ബുദം) ബാധിച്ച് നിര്യാതനായ കാര്‍ലോ ഒരു കമ്പ്യൂട്ടര്‍ വിദഗ്ദ്ധനായിരുന്നു. ലോകമെങ്ങും നടക്കുന്ന ദിവ്യകാരുണ്യാത്ഭുതങ്ങള്‍ ശേഖരിച്ച് അത് ഇന്റര്‍നെറ്റ് വഴി എല്ലായിടത്തും എത്തിക്കുന്നതില്‍ കാര്‍ലോ വിദഗ്ദ്ധനായിരുന്നു. ”മില്ലേനിയല്‍ സെയിന്റ്” എന്നറിയപ്പെട്ടിരുന്ന കാര്‍ലോ മീഡിയ സങ്കേതങ്ങളിലെ തന്റെ വൈദഗ്ദ്ധ്യവും ഉപയോഗിച്ച് സുവിശേഷ പ്രഘോഷണം നടത്തിയ ഈ കൗമാര പ്രായക്കാരന്‍ ഒരു കമ്പ്യൂട്ടര്‍ ജീനിയസ് ആയിരുന്നു. ”എന്റെ മുഴുവന്‍ സമയവും ആരോഗ്യത്തിലും അനാരോഗ്യത്തിലും ദൈവത്തിന് അപ്രീതിയുണ്ടാക്കുന്നതൊന്നും ഞാന്‍ ചെയ്തിട്ടില്ല.” എന്നാണ് കാര്‍ലോയുടെ അവസാന വാക്കുകള്‍. അസീസിയിലെ ഫ്രാന്‍സിസിന്റെ ”ഫാന്‍” ആയിരുന്ന കാര്‍ലോ, അവിടുത്തെ മേരി മേജര്‍ ബസിലിക്കയില്‍ തന്റെ ആഗ്രഹപ്രകാരം കബറടക്കപ്പെട്ടു. ലോക മെമ്പാടുമുള്ള അനേകം യുവതയുടെ ഹരമാണ് കാര്‍ലോ. “Heaven can’t wait” എന്ന ഒരു സിനിമ കാര്‍ലോയുടെ ജീവിതകഥ വെള്ളിത്തിരയിലാക്കിയിട്ടുണ്ട്.
കാര്‍ലോ അക്കൂറ്റിസിനോടൊപ്പം മറ്റ് 14 പേരെയും വിശുദ്ധരാക്കാന്‍ മാര്‍പാപ്പ അംഗീകാരം നല്‍കി. ഡമാസ്‌കസിലെ രക്തസാക്ഷികള്‍ (1860) എന്നറിയപ്പെടുന്ന 11 പേര്‍, കൊണ്‍സലാത്ത മിഷനറി സ്ഥാപകന്‍ ഇറ്റലിക്കാരനായ ഫാ. ജൂസപ്പെ അല്ലാമാനോ, ഇറ്റലിയിലെ ”ഒബ്‌ളേറ്റ്‌സ് ഓഫി ദി ഹോളി സ്പിരിറ്റ്” എന്ന സന്ന്യാസിനി സമൂഹത്തിന്റെ സ്ഥാപക സിസ്റ്റര്‍, എലേന ഗ്വേര, ക്യാനസായിലെ ”സിസ്റ്റേഴ്‌സ് ഓഫ് ഹോളി സ്പിരിറ്റിന്റെ സ്ഥാപക സിസ്റ്റര്‍ മാരീ ലെയോണി പരഡീസ് എന്നിവരാണ് 14 പേര്‍.
വിശുദ്ധരായി നാമകരണം ചെയ്യുമ്പോള്‍ ഇവരെ അനുകരിക്കുവാനും മാദ്ധ്യസ്ഥ്യം അപേക്ഷിക്കുവാനും ഇവരുടെ പ്രബോധനങ്ങള്‍ ഉള്‍ക്കൊള്ളുവാനും സഭ തന്റെ വിശ്വാസികളെ ക്ഷണിക്കുന്നു.
കര്‍ദ്ദിനാള്‍ ഫ്രാന്‍സിസ് മാമ്പേര്‍ട്ടി പ്രോട്ടോഡീക്കന്‍
പുതിയ കര്‍ദ്ദിനാള്‍ പ്രോട്ടോഡീക്കണായി ഫ്രഞ്ചുകാരനായ ഫ്രാന്‍സിസ് മാമ്പേര്‍ട്ടിയെ മാര്‍പാപ്പ നിയമിച്ചു. സഭയില്‍ ഒരു പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കുമ്പോള്‍ അത് ലോകത്തെ അറിയിക്കുകയാണ് പ്രോട്ടോഡീക്കന്റെ ചുമതല. അനുണ്‍സിയോ വോബിസ് ഗൗഡിയും മാഞ്ഞും- ഹബേമൂസ് പാപ്പാം (നിങ്ങളെ വലിയ സന്തോഷവാര്‍ത്ത അറിയിക്കുന്നു, നമുക്കൊരു പാപ്പ ഉണ്ടായിരിക്കുന്നു) എന്നാണദ്ദേഹം ലോകത്തെ അറിയിക്കുന്നത്. പുതിയ മാര്‍പാപ്പ സ്വീകരിച്ച പേരും അദ്ദേഹം വെളിപ്പെടുത്തും. വെളുത്ത പുക കണ്ടതിനുശേഷമാണ് പ്രോട്ടോഡീക്കന്‍ അപ്പസ്‌തോലിക്ക് പാലസിലെ ”ആന്‍ജലൂസ്” ജനാലയില്‍ പ്രത്യക്ഷപ്പെട്ട് ജനത്തെ സന്തോഷവാര്‍ത്ത അറിയിക്കുന്നത്. അതിനുശേഷം പുതിയ മാര്‍പാപ്പ ബസിലിക്ക ചത്വരത്തില്‍ കാത്തിരിക്കുന്ന ജനാവലിയേയും ലോകം മുഴുവനേയും ആശീര്‍വദിക്കും. അപ്പസ്‌തോലിക്ക് സിഗ്നേച്ചറിലെ ഇപ്പോഴുള്ള പ്രീഫക്റ്റ് പദവി ഫ്രാന്‍സിസ് കാര്‍ഡില്‍ മമ്പേര്‍ട്ടി തുടരും. 2003 മുതല്‍ ഈ പദവി വഹിച്ചിരുന്ന കര്‍ദ്ദിനാള്‍ മര്‍ത്തിനോയ്ക്ക് 91 വയസ്സായിതിനാല്‍ കൊണ്‍ക്ലോവിന്‍ പ്രവേശനമില്ല.
ചരിത്രനിമിഷം
ഫ്രാന്‍സിസ് മാര്‍പാപ്പ തിരഞ്ഞെടുക്കപ്പെട്ട് ബാല്‍ക്കണിയിലെത്തി ജനസഞ്ചയത്തെ ആശീര്‍വദിക്കുന്നതിനുമുമ്പ് ”ദൈവം എന്നെ ആശീര്‍വദിക്കാന്‍ നിങ്ങള്‍ എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണം” എന്ന് പറഞ്ഞിട്ട് അല്പം മുന്നോട്ട് നീങ്ങി തല കുനിച്ചുനിന്നു. ജനത്തിന്റെ ആശീര്‍വാദത്തിനും പ്രാര്‍ത്ഥനക്കുമായി ചരിത്രത്തിലാദ്യമായിരിക്കണം ഒരു മാര്‍പാപ്പ സാധാരണ ജനത്തിന്റെ മുമ്പില്‍ തലകുനിക്കുക.
ഫാ. തോമസ് കോട്ടുര്‍