കരുണാര്‍ദ്രസ്‌നേഹം കൊണ്ടും സര്‍വ്വാശ്ലേഷിയായ സാഹോദര്യഭാവം കൊണ്ടും ഹൃദയങ്ങളെ ജ്വലിപ്പിച്ച മനസുകളെ കീഴടക്കിയ ഇടയേശ്രാഷ്‌ടനായ ഫ്രാന്‍സിസ് മാര്‍ പാപ്പാ കാലത്തെ അതിജീവിച്ച് ഇനി മനുഷ്യഹൃദയങ്ങളില്‍ ജീവിക്കും. 12 വര്‍ഷത്തെ വലിയ മൂക്കുവനടുത്ത ഇടയശുശ്രൂഷ ചെയ്‌ത പത്രോസിന്റെ പിന്‍ഗാമി നമ്മെ വിട്ടുപിരിഞ്ഞുവെങ്കിലും അദ്ദേഹം ലോകത്തില്‍ വരച്ചിട്ടിരിക്കുന്ന പാദമുദ്രകള്‍ മായിക്കുവാന്‍ കാലത്തിനു കഴിയുകയില്ല. ലോകത്തിനു അളവുകളില്ലാത്ത നന്മ ചെയ്‌ത ജസ്യൂട്ട് സമൂഹത്തില്‍നിന്ന് ആദ്യമായി പാപ്പായായി തിരഞ്ഞെടുക്കപ്പെട്ട ഫ്രാന്‍സിസ് മാര്‍പാപ്പാ ആധുനിക കാലഘട്ടത്തില്‍ യൂറോപ്പിനു പുറത്തുനിന്ന് പാപ്പാസ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ട വ്യക്തിയുമായിരുന്നു. അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്‌സിലെ സഹായ മെത്രാനും, ആര്‍ച്ചുബിഷപ്പുമൊക്കെയായിരുന്ന അദ്ദേഹം പരി. കത്തോലിക്കാസഭയുടെ 266-ാം മാര്‍പാപ്പായായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മുതല്‍ സഭയുടെ ചിന്താധാരയിലും പ്രവര്‍ത്തനശൈലിയിലും കാലഘട്ടത്തിനിണങ്ങുന്ന കാതലായ മാറ്റങ്ങള്‍ക്കു തുടക്കം കുറിച്ചു. സഭ അരികുകളിലേക്കു കടന്നു ചെല്ലണമെന്ന അദ്ദേഹത്തിന്റെ പ്രബോധനവും ഇടയന്മാര്‍ക്കു ആടുകളുടെ മണമുണ്ടാകണമെന്ന ഉദ്‌ബോധനവും സഭയിലെ വൈദികരും മെത്രാന്മാരുമെല്ലാം കരിയറിസത്തിന്റെ തടവറയില്‍ നിന്നു മോചിതമാകണമെന്ന നിഷ്‌കര്‍ഷയും നല്‌കിയതോടൊപ്പം റോമന്‍ കൂരിയായുടെ പരിഷ്‌ക്കരണത്തില്‍ തന്നെ അതിനുള്ള ശ്രമം ആരംഭിക്കുകയും ചെയ്‌തു. അദ്ദേഹം എഴുതിയതില്‍ `ദൈവമേ അങ്ങേക്കു സ്‌തുതി, (Laudato Si എല്ലാവരും സോദരര്‍ Fratelli tutti) എന്നീ ചാക്രിക ലേഖനങ്ങള്‍ ക്രൈസ്‌തവലോകത്തു മാത്രമല്ല, ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെടുകയും അതിലെ ആശയങ്ങളുടെ അനിവാര്യത ആധുനിക ലോകത്തില്‍ എത്രത്തോളം പ്രധാനപ്പെട്ടതാണെന്നു തിരിച്ചറിയുകയും ചെയ്‌തു. കാര്‍ക്കശ്യത്തിന്റെ വാളുകൊണ്ടല്ല സ്‌നേഹത്തിന്റെയും കരുണയുടെയും വീശുമുറം കൊണ്ടാണ് അദ്ദേഹം സഭയെ നയിച്ചത്. ക്രിസ്‌തുവാകുന്ന കണ്ണാടിയിലൂടെ ലോകത്തെ കാണുകയും ക്രിസ്‌തുവിന്റെ സുവിശേഷത്തെ ഈ കാലഘട്ടത്തോടു ചേര്‍ത്തുവച്ചു വ്യാഖ്യാനിക്കുകയും ചെയ്‌തു. സുവിശേഷം ജീവിക്കുന്നതില്‍ ആനന്ദം കണ്ടെത്തണമെന്നും സുവിശേഷത്തിന്റെ ആനന്ദത്തിലേക്കു എല്ലാവരും കടന്നുവരണമെന്നും നിഷ്‌കര്‍ഷിച്ചു. കരുണയും സ്‌നേഹവും കൊണ്ടു ലോകത്തെ കീഴടക്കിയ ക്രിസ്‌തുവിന്റെ ശൈലിതന്നെയാണ് സഭാശുശ്രൂഷയില്‍ അദ്ദേഹം തുടര്‍ന്നു പോന്നത്. ആരെയും അകാരണമായി വിധിക്കാത്ത യേശുക്രിസ്‌തുവിന്റെ മനോഭാവം (non-judgemental attitude) പല കാര്യങ്ങളിലും സ്വീകരിച്ചതുകൊണ്ട് ചിലപ്പോഴെങ്കിലും അദ്ദേഹം വിമര്‍ശിക്കപ്പെടുകയോ സംശയിക്കപ്പെടുകയോ ചെയ്‌തിട്ടുണ്ട്. പ്രത്യേകിച്ചും ലൈംഗിക ന്യൂനപക്ഷങ്ങളുടെ കാര്യത്തിലും കുടിയേറ്റക്കാരോടുള്ള മൃദുസമീപനത്തിലും ഇസ്ലാമിനോടുള്ള സഹിഷ്‌ണുതനിറഞ്ഞ സൗഹൃദത്തിലുമൊക്കെ വിരുദ്ധാഭിപ്രായക്കാര്‍ സഭയിലുണ്ടായിരുന്നു. പക്ഷേ, അതൊന്നും ക്രിസ്‌തുവിനോടും അവന്റെ സുവിശേഷത്തോടുമുള്ള പ്രതിബദ്ധതയില്‍ വിട്ടുവീഴ്‌ച ചെയ്യുവാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചില്ല.
ലോകസമാധാനത്തിനുവേണ്ടി ഇത്രയേറെ പരിശ്രമിക്കുകയും പ്രവര്‍ത്തിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്‌ത മറ്റൊരാള്‍ ഈ കാലഘട്ടത്തില്‍ ഉണ്ടായിട്ടില്ല. റഷ്യന്‍ ഉക്രൈന്‍ യുദ്ധത്തിന്റെയും ഗാസയിലെ ഇസ്രായേല്‍ ഹമാസ് യുദ്ധത്തിന്റെയും പശ്ചാത്തലത്തില്‍ സമാധാനത്തിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം നിരന്തരം ഓര്‍മ്മപ്പെടുത്തി. യുദ്ധം ഭ്രാന്താണെന്നും അതില്‍ ആരും ജയിക്കുന്നില്ലായെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. കഴിഞ്ഞ ഈസ്റ്റര്‍ ദിന സന്ദേശത്തില്‍ മാര്‍ പാപ്പാ ഏറ്റവും അവസാനമായി ലോകത്തോടു സംസാരിച്ചത് യുദ്ധത്തിനു വിരാമമിട്ടു രക്ത ചൊരിച്ചില്‍ ഒഴിവാക്കി സമാധാനം സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചായിരുന്നു. സഭ കേവലമൊരു മ്യൂസിയമായി അധഃപതിക്കരുതെന്നും യുദ്ധമുഖത്തു മുറിവേറ്റു കിടക്കുന്നവരെ ശുശ്രൂഷിക്കുന്ന ആശുപത്രി കണക്കെ അതു തന്റെ ദൗത്യം നിര്‍വഹിക്കണമെന്നും അദ്ദേഹം പ്രബോധിപ്പിച്ചു. പൗരോഹിത്യ മേധാവിത്വത്തെ (clericalism) പാപമായിട്ടാണ് വിശേഷിപ്പിച്ചത്. സമര്‍പ്പിതര്‍ ലോകത്തിനു സന്തോഷം പകരുന്നവരും ലോകത്തെ ഉണര്‍ത്തേണ്ടവരുമാണെന്നു നിരന്തരം അവരെ ഓര്‍മ്മപ്പെടുത്തി. മുകളില്‍ നിന്നു താഴേക്കു നിര്‍ദ്ദേശം നല്‍കി മുകളില്‍ നിന്നും താഴെയുള്ളവരെ ഭരിക്കുന്ന പിരമിഡല്‍ സഭയുടെ ശൈലിയില്‍ നിന്നു വിഭിന്നമായി സംവാദത്തിലൂടെയും (dialogue) വിവേചനത്തിലൂടെയും (discernment) ശ്രവണത്തിലൂടെയുമെല്ലാം (listening) ദൈവഹിതത്തെ മനസിലാക്കി, സുവിശേഷത്തിന്റെ വഴിയെ ഒരുമിച്ചു നടക്കുന്ന സിനഡാത്മക ശൈലിക്കു (synodality) അദ്ദേഹം ഊന്നല്‍ നല്‌കി. സിനാഡാലിറ്റിയെ പറ്റിതന്നെ, ചിന്തിക്കുവാന്‍ ഒരു സിനഡു വിളിച്ചുകൂട്ടുവാന്‍ മാര്‍പാപ്പാ ശ്രമിച്ചു. ഭൂമി നമ്മുടെ പൊതു ഭവനമാണെന്നും നാമെല്ലാവരും അതിന്റെ സൂക്ഷിപ്പുകാരും സംരക്ഷകരുമാണെന്ന അദ്ദേഹത്തിന്റെ നിലപാട് പരിസ്ഥിതി സംരക്ഷണത്തിനുള്ള മാഗ്നാകാര്‍ട്ടയാണ്. സഭയിലെ അധികാര കേന്ദ്രീകരണത്തിനു സഭയിലെ വനിതാവിവേചനത്തിനുമെതിരെ നിലപാട് എടുത്ത പരിശുദ്ധ പിതാവ് അതവസാനിപ്പിക്കാനാവശ്യമായ ക്രമീകരണങ്ങള്‍ക്കു റോമന്‍ കൂരിയായില്‍ തന്നെ തുടക്കമിട്ടു. പുരോഹിതരും മെത്രാന്മാരുമിരുന്ന പല പദവികളിലും അല്‌മായരും സ്‌ത്രീകളും സ്ഥാനം പിടിച്ചു. പ്രത്യാശയുടെ തീര്‍ത്ഥാടകരാകാന്‍ മനുഷ്യാവതാരത്തിന്റെ മഹാജൂബിലിയുടെ നിറവിലായ സഭയെ പ്രേരിപ്പിച്ചു. വാക്കും പ്രവര്‍ത്തിയും തമ്മിലുള്ള പൊരുത്തവും സുവിശേഷത്തിന്റെ ലാളിത്യവും ജീവിച്ചു കാണിച്ചു. സ്വര്‍ഗപ്രാപ്‌തനായ ഫ്രാന്‍സിസ് പാപ്പാ കാലത്തെ അതിജീവിക്കുകയും അദ്ദേഹത്തിന്റെ കര്‍മ്മ ചൈതന്യം ഇനിയും സഭയെ നവീകരിക്കുകയും ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല.
റവ. ഡോ. മാത്യു കുരിയത്തറ ഒ.എസ്.എച്ച്.



