ആത്മശരീരങ്ങളോടെ സ്വര്‍ഗ്ഗത്തിലേക്കു കരേറ്റപ്പെട്ട മനുഷ്യവംശത്തിന്റെ അമ്മ -പരിശുദ്ധ കന്യകാമറിയം

പരിശുദ്ധ കത്തോലിക്കാ സഭയുടെ വിശ്വാസസത്യങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് പരിശുദ്ധ കന്യകാമറിയത്തെക്കുറിച്ചുള്ള വിശ്വാസസത്യങ്ങള്‍. ഇവയെ മരിയന്‍ വിശ്വാസ സത്യങ്ങള്‍ എന്നാണ് പേരു പറയുന്നത്. ദൈവമാതൃത്വം, അമലോത്ഭവം, നിത്യകന്യത്വം സ്വര്‍ഗ്ഗാരോപണം എന്നിവയാണ് ഈ നാലു മരിയന്‍ വിശ്വാസസത്യങ്ങള്‍. രക്ഷകനായ ഈശോയെ ഉദരത്തില്‍ വഹിച്ച ദൈവമാതാവായ കന്യകാമറിയം അവളുടെ ഭൗമിക ജീവിതത്തിന്റെ അവസാനം പുത്രനായ മിശിഹാതന്നെ തന്റെ രക്ഷാകരകര്‍മ്മത്തിന്റെ ഫലമായി ആത്മാവോടും ശരീരത്തോടുംകൂടെ പരിശുദ്ധ ത്രിത്വത്തിന്റെ മഹത്വത്തിലേക്കു സംവഹിച്ചു. രക്ഷാകരചരിത്രത്തിന്റെ ഫലം പൂര്‍ണ്ണമായി ലഭ്യമായ ആദ്യത്തെ മനുഷ്യസ്ത്രീയാണ് പരിശുദ്ധ കന്യകാമറിയം. ഇതാണ് സഭ വിശ്വാസസത്യമായി പ്രഖ്യാപിച്ചിരിക്കുന്നതും ഓഗസ്റ്റ് മാസം 15- തീയതി തിരുനാളായി ആഘോഷിക്കുന്നതും.

എന്താണ് മറിയത്തിന്റെ സ്വര്‍ഗ്ഗാരോപണം?

പുത്രനായ മിശിഹായില്‍ വിശ്വസിക്കുന്നവര്‍ ആരും നശിച്ചു പോകുകയില്ല എന്നു വിശുദ്ധ യോഹന്നാന്‍ ശ്ലീഹാ തന്റെ സുവിശേഷത്തില്‍ പഠിപ്പിക്കുന്നു (യോഹ 3, 16-17). എല്ലാവരും ദൈവമഹത്വത്തില്‍ പങ്കുകാരാകാനായിട്ടാണു വിളിക്കപ്പെട്ടിരിക്കുന്നതെന്നു വിശുദ്ധ പത്രോസ് ശ്ലീഹായും (2 പത്രോ 1, 4) രണ്ടാം വത്തിക്കാന്‍ സൂനഹദോ (ജനതകളുടെ പ്രകാശം 39-42) സും നമ്മെ പഠിപ്പിക്കുന്നു. മരണത്തോടെ ഉത്ഥിതനായ മിശിഹായിലായിരിക്കുവാനാണു നമ്മുടെ വിളി (ഫിലി 1, 23). പരിശുദ്ധ കന്യകാമറിയവും അങ്ങനെ തന്നെ രക്ഷിക്കപ്പെട്ടവളാണ്.
ദൈവമാതാവും നിത്യകന്യകയും അമലോത്ഭവയുമായ മറിയത്തെ അവളുടെ മരണശേഷം ശരീരം ഭൂമിയില്‍ അഴുകി നശിക്കാന്‍ അനുവദിക്കാതെ സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെട്ടു. മഹത്വീകരിക്കപ്പെട്ട ശരീരത്തോടെ സ്വര്‍ഗ്ഗത്തില്‍ ത്രിതൈ്വക ദൈവമഹത്വത്തില്‍ പങ്കുകാരാക്കിയ മറിയത്തെ ദൈവം പ്രപഞ്ചത്തിന്റെ മുഴുവന്‍ രാജാവായി വാഴിച്ചു (തിരുസഭ 59).
ഒരു മനുഷ്യവ്യക്തിയില്‍ ദൈവത്തിന്റെ കൃപയ്ക്ക് എത്രമാത്രം പാരമ്യത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയും എന്നതിന്റെ മകുടോദാഹരണമാണ് പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗ്ഗാരോപണം. മരണം കൂടാതെ മറിയം സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെട്ടു എന്നു സഭ വിശ്വസിക്കുന്നില്ല; പഠിപ്പിക്കുന്നുമില്ല.
ചരിത്ര ഗ്രന്ഥങ്ങളിലും വിവിധ പാരമ്പര്യങ്ങളിലും ഈ വലിയ ദൈവിക രഹസ്യത്തെ വിവിധ പേരുകളിലാണ് അറിയപ്പെടുന്നത്; സ്വര്‍ഗ്ഗാരോപണം, വാങ്ങിപ്പ്, കടന്നുപോകല്‍, മറിയത്തിന്റെ ഉറക്കം എന്നിങ്ങനെ മലയാളത്തിലും പൗരസ്ത്യ സുറിയാനി സഭയില്‍ ശൂനായാ തിരുനാള്‍ എന്നും പാശ്ചാത്യ സുറിയാനി സഭയില്‍ ശൂനോയോ തിരുനാള്‍ എന്നും പറഞ്ഞുവരുന്നു.

സ്വര്‍ഗ്ഗാരോപണം എന്ന ദൈവീക സത്യത്തില്‍ മൂന്ന് കാര്യങ്ങളാണ് സഭ ഏറ്റു പറയുന്നത്;
1) പരിശുദ്ധ കന്യകാമറിയത്തിന്റെ ഈ ലോകത്തുനിന്നുള്ള വേര്‍പാട് അല്ലെങ്കില്‍ അവളുടെ മരണം,
2) ആത്മശരീരങ്ങളോടെയുള്ള അവളുടെ സ്വര്‍ഗ്ഗത്തിലേക്കുള്ള കരേറ്റം,
3) സ്വര്‍ഗ്ഗത്തില്‍ പുത്രനായ മിശിഹായോടൊപ്പം പരിശുദ്ധ ത്രിത്വത്തിന്റെ മഹത്വത്തിലുള്ള അവളുടെ രാജ്ഞിയായ വാഴ്ച.

സ്വര്‍ഗ്ഗാരോപണത്തിലൂടെ മറിയം പരിപൂര്‍ണ്ണമായി വീണ്ടെടുക്കപ്പെട്ടു. അവളാണു വീണ്ടെടുക്കപ്പെട്ടവരുടെയും സഭയുടെയും ആദ്യ രൂപം. അവള്‍ മരണത്തോടെ ആത്മാവോടും മഹത്വീകരിക്കപ്പെട്ട ശരീരത്തോടുംകൂടെ ദൈവസന്നിധിയില്‍ എത്തിച്ചേര്‍ന്നു എന്നതാണുസത്യം.
മറിയത്തിനു ലഭിച്ച പ്രത്യേകത ഇതാണ്; നമുക്ക് ഓരോരുത്തര്‍ക്കും നാളെ, അതായത് കര്‍ത്താവിന്റെ മഹത്വപൂര്‍ണമായ പ്രത്യാഗമനത്തില്‍ ലഭിക്കാനിരിക്കുന്ന ആത്മശരീരങ്ങളോടെയുള്ള മഹത്വീകരണം മറിയത്തിന് അവളുടെ മരണത്തോടെതന്നെ ലഭിച്ചു. മരണത്തോടെ മറിയം മഹത്വീകരിക്കപ്പെട്ട ശരീരത്തോടും ആത്മാവോടുംകൂടെ നിത്യപറുദീസായിലേക്ക്, ദൈവത്തിന്റെ മഹത്വത്തിലേക്കു സംവഹിക്കപ്പെട്ടു. നമുക്ക് ഈ മഹത്വീകരണം കര്‍ത്താവിന്റെ മഹത്വത്തിലുള്ള വരവിലാണു സംഭവിക്കുന്നത്.

അങ്ങനെയെങ്കില്‍ മറിയത്തിനു മാത്രം ഇങ്ങനെ സംഭവിക്കാനുള്ള കാരണം എന്താണ്?

അതിന്റെ പ്രധാന കാരണം മറിയത്തിന്റെ അതുല്യമായ സ്ഥാനമാണ്. അവള്‍ ദൈവമാതാവാണ്; എമ്മേ ദ് ആലാഹാ-തെയോതോക്കോസ്. ദൈവപുത്രനു ശരീരം നല്‍കി അവനെ തന്റെ ഉദരത്തില്‍ വഹിച്ച മറിയത്തിന്റെ ശരീരം ഭൂമിയില്‍ അഴുകിപ്പോകുന്നത് ദൈവത്തിന്റെ പദ്ധതിയല്ല; അവിടുത്തെ പദ്ധതിക്ക് അതു യോജിച്ചതുമല്ല. പാപത്തിന്റെ ഫലമാണു മരണവും ശരീരത്തിന്റെ ജീര്‍ണ്ണതയും. മറിയത്തിനു അതു ബാധകമല്ല. കാരണം ദൈവമാതാവാകാന്‍ ദൈവം നമ്മളെ അമലോത്ഭവയായി ജനിപ്പിച്ചു; നിത്യകന്യകയായി പരിപാലിച്ചു. എങ്കില്‍, അവള്‍ സ്വര്‍ഗ്ഗാരോപതയായേ മതിയാകൂ. അതുകൊണ്ട് അവളെ ദൈവം സ്വര്‍ഗ്ഗത്തിലേക്കു കരേറ്റി. ഈ വിശ്വാസം ദൈവശാസ്ത്രപരമായി യുക്തിസഹവും സാമാന്യബുദ്ധിക്കു മനസ്സിലാക്കാവുന്നതാണ്.

ഇതിന് എന്താണ് തെളിവുള്ളത്?
ഈ ദൈവിക യാഥാര്‍ത്ഥ്യം മനസ്സിലാക്കുവാന്‍ പല തെളിവുകളാണ് മരിയ ശാസ്ത്രജ്ഞന്മാര്‍ നമുക്ക് നല്‍കുന്നത്. ഇവ സത്യത്തില്‍ തെളിവുകള്‍ എന്നതിനേക്കാള്‍ അടയാളങ്ങളായിട്ടുവേണം മനസ്സിലാക്കേണ്ടത് . ശാസ്ത്രീയ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ തെളിയിക്കാവുന്ന ഒന്നല്ല വിശ്വാസസത്യം; ഈ മരിയന്‍ വിശ്വാസ സത്യവും അങ്ങനെ തന്നെ. ഇതേക്കുറിച്ച് വിശുദ്ധ ഗ്രന്ഥത്തില്‍ വ്യക്തമായ ഭാഷയിലുള്ള തെളിവുകള്‍ നമുക്കു ലഭ്യമല്ല. എന്നാല്‍ പഴയ-പുതിയ നിയമ ഗ്രന്ഥങ്ങളില്‍ മറിയത്തെക്കുറിച്ചുള്ള നിരവധി ഉപമകളും അവള്‍ക്കു മരിയശാസ്ത്ര വിചിന്തനത്തില്‍ ചാര്‍ത്തിയിരിക്കുന്ന നിരവധി അപദാനങ്ങളും മറിയത്തിന്റെ സ്വര്‍ഗ്ഗാരോപണത്തിലേക്കു വിരല്‍ ചൂണ്ടുന്നതാണ്.

ഒന്നാമത്തേതു വിശുദ്ധ ഗ്രന്ഥത്തിലെ സൂചനകളാണ്.

ഇസ്രായേല്‍ ജനങ്ങള്‍ കാനാന്‍ ദേശത്തേക്കുള്ള തങ്ങളുടെ യാത്രയില്‍ വഹിച്ചുകൊണ്ടുനടന്ന വാഗ്ദാന പേടകം മറിയത്തിന്റെ ആത്മശരീരങ്ങളോടെയുള്ള കരേറ്റത്തെ സൂചിപ്പിക്കുന്നതാണ്. ദ്രവിക്കാത്ത മരംകൊണ്ടു നിര്‍മ്മിച്ചതും കര്‍ത്താവിന്റെ ആലയത്തില്‍ സ്ഥാപിക്കപ്പെട്ടതുമായ ഉടമ്പടിയുടെ പേടകം മറിയത്തിന്റെ പ്രതീകമാണ്. എല്ലാ ജീര്‍ണതകളില്‍നിന്നും സംരക്ഷിക്കപ്പെടുകയും സ്വതന്ത്രമാക്കപ്പെടുകയും സ്വര്‍ഗ്ഗത്തിന്റെ വലിയ മഹത്വത്തിലേക്ക് ഉയര്‍ത്തപ്പെടുകയും ചെയ്ത മറിയത്തിന്റെ മാതൃകയാണ് വാഗ്ദാന പേടകം എന്ന് മറിയത്തിന്റെ സ്വര്‍ഗ്ഗാരോപണം വിശ്വാസസത്യമായി പ്രഖ്യാപിച്ചുകൊണ്ടുള്ള ശ്ലൈഹിക പ്രബോധനത്തിന്റെ 26- ഖണ്ഡികയില്‍ പന്ത്രണ്ടാം പിയൂസ് മാര്‍പാപ്പ ചുണ്ടിക്കാണിക്കുന്നത് ഇവിടെ ശ്രദ്ധേയമാണ്.
വിശുദ്ധ ഗ്രന്ഥത്തിലെ മറ്റു പല പരാമര്‍ശങ്ങളും മറിയത്തിന്റെ സ്വര്‍ഗ്ഗാരോപണത്തെ ക്കുറിച്ചുള്ളതാണെന്നു മരിയ ശാസ്ത്രജ്ഞന്‍മാര്‍ പഠിപ്പിക്കുന്നു. ‘കര്‍ത്താവേ എഴുന്നേറ്റ് ശക്തിയുടെ പേടകത്തിന്റെ വിശ്രമസ്ഥലത്തേക്കു വരണമേ’ (സങ്കീ 132,8) എന്നതും ‘അങ്ങനെ ദാവീദും ഇസ്രായേല്‍ ഭവനവും ആര്‍ത്തുവിളിച്ചും കാഹളം മുഴക്കിയും കര്‍ത്താവിന്റെ പേടകം കൊണ്ടുവന്നു’ എന്നതും (2രാജാ 6, 15) ‘ആത്മനാഥനെ ചാരി വിജനപ്രദേശത്തുനിന്നും വരുന്ന ഇവള്‍ ആരാണ് എന്ന് മറിയത്തെ കണ്ട് സ്വര്‍ഗ്ഗവാസികള്‍ ആശ്ചര്യപ്പെട്ടു’ എന്നും ‘മരുഭൂമിയില്‍ നിന്നുയര്‍ന്ന സുഗന്ധദ്രവ്യങ്ങളുടെയും കുന്തിരിക്കത്തിന്റെയും മീറെയുടേയും ധൂമസ്തംഭംപോലെ വരുന്നവള്‍’ എന്നുമുള്ള ഉത്തമഗീത (ഉത്തമഗീതം 3, 6) പരാമര്‍ശവും പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗ്ഗാരോപണത്തെക്കുറിച്ചുള്ള അടയാളങ്ങളായി മനസ്സിലാക്കി വരുന്നു. രണ്ടാമത്തേത് മറിയത്തിന്റെ കബറിടമാണ്.

ജെറുസലേമില്‍ ഒലിവുമലയുടെ താഴ്വരയിലുള്ള അഞ്ചാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച സ്വര്‍ഗാരോപണത്തിന്റെ ദൈവാലയത്തില്‍ വണങ്ങിവരുന്ന കബറിടം മറിയത്തിന്റേതാണെന്ന് ഇന്നും വിശ്വസിക്കുന്നു. വിശുദ്ധ എസ്തപ്പാനോസിന്റെ കവാടത്തിനു മുകളില്‍നിന്നു കെദ്രോന്‍ താഴ്വര കടന്നു ചെല്ലുമ്പോള്‍ പഴയ ജെറുസലം പട്ടണത്തിന്റെ മതിലിനരികെ ഗത് സമെന്‍ തോട്ടത്തിനടുത്താണ് ഈ ദൈവാലയം. വിശുദ്ധ യോവാക്കിമിനെയും വിശുദ്ധ യൗസേപ്പിനെയും അനുസ്മരിക്കാനുള്ള പ്രത്യേക സ്ഥലങ്ങള്‍ ഇവിടെയുണ്ട്. കബറിടത്തിനുചുറ്റും ഇന്നും സുഗന്ധദ്രവ്യങ്ങള്‍ പൂശിയും പൂക്കള്‍കൊണ്ട് അലങ്കരിച്ചും തിരികള്‍ തെളിച്ചും ആദരിച്ചു വരുന്നു. കബറിടത്തിനടുത്ത് കല്ലുകൊണ്ടുള്ള ഒരു ബെഞ്ചു കാണാം. മറിയത്തിന്റെ ശരീരം അടക്കം ചെയ്യുന്നതിനുമുമ്പ് അതില്‍ കിടത്തി സുഗന്ധദ്രവ്യങ്ങള്‍ പൂശി എന്നാണ് പാരമ്പര്യം. കല്ലില്‍ കൊത്തിക്കുഴിച്ച് ഉണ്ടാക്കിയതാണ് കല്ലറ. അത് ഇന്നും ശൂന്യമായി കാണപ്പെടുന്നു.

മൂന്നാമത്തേതു മറിയത്തിന്റെ സ്വര്‍ഗ്ഗാരോപണത്തെക്കഉറിച്ചുള്ള ഐതിഹ്യങ്ങളാണ്
മറിയത്തിന്റെ കല്ലറ അവസാനമായി തുറന്നത് എ. ഡി 451 ലാണ്. കാല്‍സിഡോണ്‍ സൂനഹദോസ് സമ്മേളിച്ചിരുന്ന സമയത്ത് തങ്ങളുടെ തലസ്ഥാനത്ത് പ്രതിഷ്ഠിക്കുവാന്‍ പരിശുദ്ധ മറിയത്തിന്റെ തിരുശേഷിപ്പു കൊണ്ടുവരുവാന്‍ മാര്‍സിയോണ്‍ ചക്രവര്‍ത്തി ജെറുസലേം പാത്രിയാര്‍ക്കസിനോട് ആവശ്യപ്പെട്ടു. തുറന്നപ്പോള്‍ അത് ശൂന്യമായി കിടന്നിരുന്നു എന്ന് ചരിത്രം സാക്ഷിക്കുന്നു. ഈ ശൂന്യമായ കല്ലറ മറിയത്തിന്റെ സ്വര്‍ഗ്ഗാരോപണത്തിനി തെളിവല്ലെങ്കിലും അത് അടയാളമായി കരുതിവരുന്നു.
അതുപോലെതന്നെ മറിയത്തിന്റെ സ്വര്‍ഗ്ഗാരോപണവുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. മറിയത്തിന്റെ മരണസമയത്ത് വിദൂരത്തായിരുന്ന ശ്ലീഹന്മാര്‍ എല്ലാവരും എത്തിയെന്നും പുത്രനായ മിശിഹാ മറിയത്തിന്റെ മരണസമയത്തു സന്നിഹിതനായി അമ്മയുടെ ആത്മാവിനെ കൈകളില്‍ സ്വീകരിച്ചെന്നും മൃതശരീരം കല്ലെറയിലേയ്ക്കു കൊണ്ടുപോകുന്നവഴി അത്ഭുതം സംഭവിച്ചെന്നും മേഘത്തേരില്‍ തോമാശ്ലീഹാ ആകാശവിതാനത്ത് മറിയത്തെ കണ്ടുവെന്നും ജെറുസലത്ത് എത്തിയപ്പോള്‍ തോമായുടെ നിര്‍ബന്ധത്തിനു വഴങ്ങി കല്ലറ തുറന്നപ്പോള്‍ അത്ഭുതം നടന്നു എന്നുമുള്ള ഐതിഹ്യങ്ങളെല്ലാം മറിയത്തിലുള്ള വിശ്വാസം ആഴപ്പെടുത്തുന്നതും അവളുടെ സ്വര്‍ഗ്ഗാരോപണം ബലപ്പെടുത്തുന്നതുമാണ്. മറിയത്തോടുള്ള ഭക്തിയും ദൃഢമായ പാരമ്പര്യവും ഒന്നിച്ചു ചേര്‍ന്നുള്ള വിശ്വാസദാര്‍ഢ്യമാണ് ഈ ഐതിഹ്യങ്ങളിലൂടെ തെളിയുന്നത്.

നാലാമത്തേത് അപ്രമാണിക രേഖകള്‍ ആണ്
മറിയത്തിന്റെ സ്വര്‍ഗ്ഗാരോപണത്തിന്റെ വിവരണം നല്‍കുന്ന അപ്രമാണിക രേഖകള്‍ സ്വര്‍ഗ്ഗകാരോപണത്തിന്റെ തെളിവായിതന്നെ ചില മരിയന്‍ ശാസ്ത്രജ്ഞന്‍മാര്‍ എടുത്തുകാണിക്കുന്നു. അരിമത്യാകാരന്‍ യൗസേപ്പിന്റെ വിവരണം എന്ന ആ പ്രമാണിക ഗ്രന്ഥമാണ് ഇതില്‍ പ്രധാനപ്പെട്ടത്. മരണത്തോടെതന്നെ മറിയം സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെട്ടുവെന്ന വിശ്വാസം ആദ്യകാലത്തുതന്നെ ആരംഭിച്ചുവെന്നു സൂചനകള്‍ നല്‍കുന്നതാണ് ഈ അപ്രമാണിക രേഖയിലെ പരാമര്‍ശം. മറിയം മരിച്ചു കഴിഞ്ഞപ്പോള്‍ അവളുടെ ശരീരം ജോസഫാത്തിന്റെ താഴ്വരയില്‍ അടക്കം ചെയ്തു. മാലാഖമാര്‍ ഇറങ്ങിവന്ന് ഈ ശരീരം സ്വര്‍ഗ്ഗത്തിലേക്കു കൊണ്ടുപോയി. ഈ സമയം ഉറക്കത്തിലായിരുന്ന തോമാശ്ലീഹായ്ക്ക് ഇതേക്കുറിച്ച് ഒരു ദര്‍ശനം ഉണ്ടായി. തുടര്‍ന്ന്, തോമാശ്ലീഹാ അത്ഭുതകരമായി ജെറുസലേമിലേക്കു സംവഹിക്കപ്പെട്ടു. ശ്ലീഹായ്ക്കു മറിയത്തെ മാലാഖമാര്‍ സംവഹിക്കുന്നത് ഒരിക്കല്‍കൂടി കാണുവാന്‍ അനുഗ്രഹം ലഭിച്ചു. ‘എന്നെയും നിന്റെ പുത്രന്റെയടുത്തേക്ക് എത്തിക്കണമെന്നു’ തോമാശ്ലീഹാ പ്രാര്‍ത്ഥിച്ചു. നിനക്ക് എന്റെ അടുത്തുവരാം എന്നു പറഞ്ഞുകൊണ്ട് മറിയം അവളുടെ അരക്കെട്ട് എറിഞ്ഞു കൊടുക്കുകയും ചെയ്തു. മറ്റു ശ്ലീഹന്മാരോടു പരിശുദ്ധ അമ്മയെ എവിടെ അടക്കം ചെയ്തു എന്നു ചോദിച്ചു. അവര്‍ ആ സ്ഥലത്തെത്തിയെങ്കിലും അവളുടെ ശരീരം കല്ലറയില്‍ കണ്ടില്ല. അവര്‍ മാലാഖമാരുടെ കാഹളവും സ്വര്‍ഗ്ഗീയ സംഗീതവും കേട്ടു. ഇതില്‍നിന്നും ആത്മശരീരങ്ങളോടെ മറിയം സ്വര്‍ഗത്തിലേക്ക് എടുക്കപ്പെട്ടുവെന്ന് അന്നുമുതല്‍ ഈ സംഭവം കേട്ടവരെല്ലാം വിശ്വസിച്ചു തുടങ്ങി. ഈ കഥ അപ്രമാണികമാണ്; എങ്കിലും, മറിയം മരണത്തോടെ സ്വര്‍ഗപ്രാപ്തിയായി എന്ന വിശ്വാസം വളരുവാന്‍ ഇതും അടിസ്ഥാനമായി.

അഞ്ചാമത്തേത് സഭാ പിതാക്കന്മാരുടെ സാക്ഷ്യമാണ്
മറ്റൊരു പ്രധാന തെളിവായിട്ടു കണക്കാക്കുന്നത് സഭാ പിതാക്കന്മാരുടെ പ്രബോധനങ്ങളാണ്. പാശ്ചാത്യ പൗരസ്ത്യ വ്യത്യാമെന്ന്യേ എല്ലാ സഭാപിതാക്കന്മാരും തന്നെ മറിയത്തിന്റെ സ്വര്‍ഗ്ഗാരോപണം അംഗീകരിച്ച പഠിപ്പിക്കുന്നവരാണ്. (ഏതാനും ചിലര്‍ അതിനെ നിഷേധിക്കുന്നു എന്നതും ഇവിടെ മറക്കുന്നില്ല). വിശുദ്ധ എപ്പിഫാനിയോസും ടൂര്‍സിലെ വിശുദ്ധ ഗ്രിഗരിയും ദമാസ്‌കസിലെ വിശുദ്ധ യോഹന്നാനും മറിയത്തിന്റെ സ്വര്‍ഗ്ഗാരോപണം അംഗീകരിക്കുന്ന പേരുകളില്‍ ചിലതു മാത്രമാണ്.
ആറാമത്തേതു പുരാതന രേഖകളും പഠനങ്ങളുമാണ്
മറിയത്തിന്റെ സ്വര്‍ഗ്ഗാരോപണം 1950-ല്‍ വിശ്വാസസത്യമായി പ്രഖ്യാപിച്ചെങ്കിലും ആദ്യ നൂറ്റാണ്ടു മുതല്‍തന്നെ മറിയം ആത്മശരീരങ്ങളുടെ സ്വര്‍ഗ്ഗപ്രാപ്തയായി എന്നു വിശ്വസിച്ചു പോരുന്നു. രണ്ടാം നൂറ്റാണ്ടില്‍ സര്‍ദസിലെ മെലീത്തോ (Melito of Sardes) മറിയത്തിന്റെ സ്വര്‍ഗ്ഗപ്രാപ്തി വിശദമായി വിവരിക്കുന്ന രേഖയാണ് സ്വര്‍ഗ്ഗാരോപണത്തെകുറിച്ചുള്ള ഒരു പ്രധാന രേഖയായി (Michael O’corral) കരുതുന്നത്. ഇതില്‍ മറിയത്തിന്റെ നിത്യകന്യത്തെക്കുറിച്ചും അവരുടെ ശരീരത്തെ മഹത്വീകരിക്കപ്പെട്ട സക്രാരി എന്നും സജീവപാത്രം എന്നും സ്വര്‍ഗ്ഗീയ ദൈവാലയമെന്നും വിശേഷണം നല്‍കി വിളിക്കുന്നു.

മറിയത്തിന്റെ സ്വര്‍ഗ്ഗാരോപണത്തെക്കുറിച്ചുള്ള ഏറ്റവും ആധികാരികമായ രേഖയായി കരുതുന്നത് രണ്ടാം നൂറ്റാണ്ടില്‍ വിരചിതമായ (Liber requier-Book of Mary’s Repose) എന്ന അപ്രമാണിക ഗ്രന്ഥമാണ്. ഇതു കൂടാതെയും മറ്റു പല രേഖകളുണ്ട്.

സലാമസിലെ എപ്പിഫാനിയൂസ് ശപിച്ചുതള്ളിയ കൊള്ളി സിഡിഎസ് (Colliridius) എന്ന ഒരു സംഘം എഴുതിയ ( Books of Dormition) എന്ന അപ്രമാണികരേഖ പ്രധാനപ്പെട്ട ഒന്നാണ്.
Studium Biblicum Franciscanum മറിയത്തിന്റെ സ്വര്‍ഗ്ഗ സ്വര്‍ഗ്ഗപ്രാപ്തി അപ്പോസ്‌തോലികകാലം മുതല്‍തന്നെ നിലനിന്നിരുന്ന ഒരു വാചിക പാരമ്പര്യമായി സാക്ഷ്യപ്പെടുത്തുന്നു

ഏഴാമത്തേത് Sensus Fidelium-വിശ്വാസികളുടെ വിശ്വാസബോധമാണ്
ആദ്യകാലംമുതല്‍ വിശ്വാസികളുടെ മനസ്സില്‍ ഉണ്ടായിരുന്ന വിശ്വാസം, മറിയം ആത്മശരീരങ്ങളുടെ സ്വര്‍ഗ്ഗത്തിലേക്കു കരേറ്റപ്പെട്ടു എന്നാണ്. വിശ്വാസികളുടെ സമൂഹം ഒന്നാകെ വിശ്വസിക്കുന്ന കാര്യങ്ങള്‍ തെറ്റുപറ്റാന്‍ സാധിക്കുകയില്ല എന്നതു സഭയുടെ അടിസ്ഥാന വിലയിരുത്തലാണ്. ഇതിനാണു വിശ്വാസികളുടെ വിശ്വാസബോധം- sensus fidelium   എന്നു പറയുന്നത്. ദൈവത്തിന്റെ പരിശുദ്ധ റൂഹായാല്‍ പ്രചോദിതരായി വിശ്വാസത്തെയും ധാര്‍മിക നിയമങ്ങളെയും സംബന്ധിക്കുന്ന കാര്യങ്ങളില്‍ യോജിപ്പു പുലര്‍ത്തുമ്പോള്‍ അവരുടെ പ്രകൃതിതീതമായ വിശ്വാസബോധത്തില്‍ സഭ വിശ്വസിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു എന്നത് സഭയുടെ സ്വഭാവം തന്നെയാണ് (മതബോധനഗ്രന്ഥം 92, 93). ഇങ്ങനെ വിശ്വാസികളുടെ വിശ്വാസത്തില്‍ വളര്‍ന്നുവന്ന മറിയം ആത്മശരീരങ്ങളോടെ സ്വര്‍ഗത്തിലേക്കു കരേറ്റപ്പെട്ടു എന്ന സത്യം നൂറ്റാണ്ടുകള്‍ക്ക്‌ശേഷം വിശ്വാസസത്യമായി സഭ പ്രഖ്യാപിച്ചു.

Munificentissimus Deus -അത്യുദാരനായ ദൈവം
മറിയത്തിന്റെ സ്വര്‍ഗ്ഗാരോപണം വിശ്വാസസത്യമായി പ്രഖ്യാപിച്ചുകൊണ്ടു പന്ത്രണ്ടാം പീയൂസ് മാര്‍പ്പാപ്പാ പ്രസിദ്ധീകരിച്ച രേഖയാണ് Munificentissimus Deus, അത്യുധാരനായ ദൈവം എന്ന അപ്പസ്‌തോലിക കോണ്‍സ്റ്റിറ്റിയൂഷന്‍. മാര്‍പ്പാപ്പ ഇങ്ങനെ പറയുന്നു: ‘……… കന്യകാമറിയത്തിന്റെ ശരീരത്തോടുകൂടിയുള്ള സ്വര്‍ഗ്ഗാരോപണം ദൈവത്താല്‍ വെളിവാക്കപ്പെട്ടതും തന്മൂലം സഭയുടെ എല്ലാ മക്കളും വിശ്വസിക്കേണ്ട സത്യമാണെന്ന് തെളിയിക്കുന്ന സുനിശ്ചിതവും ദൃഢവുമായ ഒരു തെളിവ് സഭയുടെ സാധാരണ പ്രബോധന അധികാരത്തിന്റെ സാര്‍വത്രിക സമ്മതത്തില്‍നിന്നും നമുക്കു ലഭിക്കുന്നു’.
പരിശുദ്ധ കന്യകാമറിയം ആത്മശരീരങ്ങളോടെ തന്റെ പുത്രനാല്‍ പരിശുദ്ധ ത്രിത്വത്തിന്റെ മഹത്വത്തിലേക്ക് എടുക്കപ്പെട്ടു എന്നത് ആദ്യകാലം മുതല്‍ വിശ്വാസികള്‍ വിശ്വസിച്ചു പോന്നിരുന്നു. ഈ വിശ്വാസപാരമ്പര്യമാണ് മറിയത്തിന്റെ സ്വര്‍ഗ്ഗാരോപണം വിശ്വാസസത്യമായ പ്രഖ്യാപിച്ചപ്പോള്‍ പരിശുദ്ധ പിതാവ് അടിസ്ഥാനമായി എടുത്തത്. ഇതിന്റെ അടിസ്ഥാനത്തില്‍ മാര്‍പാപ്പ ഇങ്ങനെ നിര്‍വചിക്കുന്നു. ‘ദൈവമാതാവും നിത്യകന്യകയുമായ മറിയം തന്റെ ഇഹലോക ജീവിതത്തിന്റെ അവസാനം ആത്മശരീരങ്ങളുടെ സ്വര്‍ഗത്തിലേക്കു സംഭവിക്കപ്പെട്ടു എന്നതു ദൈവം വെളിപ്പെടുത്തിയ വിശ്വാസ സത്യമാണെന്ന് നാം പ്രഖ്യാപിക്കുന്നു’. (H. Denzinger 3900- 3904  ) മതബോധനഗ്രന്ഥം 966, 974, ജനതകളുടെ പ്രകാശം 59).

ഇവിടെ മറ്റൊരു കാര്യം ബോധ്യമാകേണ്ടതായിട്ടുണ്ട്. കര്‍ത്താവീശോമിശിഹായുടെയും പരിശുദ്ധ കന്യകാ മറിയത്തിന്റെയും സ്വര്‍ഗ്ഗപ്രാപ്തിയില്‍ സാമ്യമോ വ്യത്യാസമോ ഉണ്ടോ? സാരമായ വ്യത്യാസമാണുള്ളതെന്നു നാം മനസ്സിലാക്കണം. മലയാളഭാഷയില്‍ ഒരു അക്ഷരത്തിന്റെയും ഇംഗ്ലീഷ് ഭാഷയില്‍ ഏതാനും ചില അക്ഷരങ്ങളുടെയും വ്യത്യാസത്തിലാണ് സ്വര്‍ഗ്ഗാരോഹണം സ്വര്‍ഗാരോപണം, Ascension, Assumption എന്നീ രണ്ടു പദങ്ങള്‍ ഉപയോഗിക്കുന്നത്. അത് വെറും ഭാഷാപരമായ വ്യത്യാസം മാത്രമല്ല. ദൈവശാസ്ത്രപരവും വിശ്വാസപരവുമായ വ്യത്യാസം അവ തമ്മിലുണ്ട്. സ്വര്‍ഗ്ഗാരോഹണം, Ascension കര്‍ത്താവായ ഈശോ മരണോദ്ഥാനങ്ങള്‍ക്കുശേഷം നാല്‍പ്പതാംനാള്‍ സ്വര്‍ഗ്ഗത്തിലേക്ക് കരേറി എന്നതാണ് അര്‍ത്ഥമാക്കുന്നത്. പിതാവിന്റെ ഇഷ്ടപ്രകാരം തന്റെ ഭൗമികദൗത്യം പൂര്‍ത്തിയാക്കിയ ഈശോ കര്‍ത്താവും ദൈവമായിരുന്നതുകൊണ്ട് സ്വര്‍ഗ്ഗത്തില്‍നിന്നും അവരോഹണം ചെയ്ത അവിടുന്ന് തന്നെത്താന്‍ സ്വര്‍ഗ്ഗത്തിലേക്ക് ആരോഹണം ചെയ്തു എന്നു സാരം. എന്നാല്‍, മറിയം മനുഷ്യസ്ത്രീയായിരുന്നു, അവളെ അമലോല്‍ഭവയായി ജനിപ്പിച്ച് ദൈവമാതാവാക്കിയ ദൈവം അവളുടെ ഭൗമിക ജീവിതം പൂര്‍ത്തിയാക്കിയപ്പോള്‍ പുത്രനായ മിശിഹാ തന്റെ പ്രിയ മാതാവിനെ ആത്മശരീരങ്ങളോടെ സ്വര്‍ഗത്തിലേക്കു കരേറ്റി. മറിയത്തിനു തനിയെ അതു സാധിക്കുമായിരുന്നില്ല. ദൈവമാണ് അതു നടത്തിയത്. അതു ദൈവപുത്രനായ മിശിഹാവഴിയായിരുന്നതുകൊണ്ട് സ്വര്‍ഗ്ഗരോപണം എന്നു പേരു പറയുന്നു.

സ്വര്‍ഗ്ഗാരോപണവും വിശ്വാസജീവിതവും തമ്മില്‍ എന്താണു ബന്ധം ?
എല്ലാവര്‍ഷവും ആദരവോടും ബഹുമാനത്തോടുംകൂടി ആഘോഷിക്കുന്ന വലിയ തിരുനാളാണ് മറിയത്തിന്റെ സ്വര്‍ഗ്ഗരോപണം. വിശ്വാസജീവിതത്തില്‍ ഇതിനെന്തു സ്ഥാനമാണുള്ളത് എന്നതു ചിന്തനീയമാണ്.
1  ഒരു ക്രിസ്തീയ വിശ്വാസിയുടെ അനുദിനജീവിതം സ്വര്‍ഗ്ഗത്തെ ലക്ഷ്യമാക്കിയുള്ളതാകുവാന്‍ ഈ വിശ്വാസസത്യം നമ്മെ സഹായിക്കുന്നു. സ്വര്‍ഗ്ഗാരോപണം മാനവ മഹത്വീകരണത്തിന്റെ അടയാളവും പ്രതീക്ഷയുമാണ്. മറിയം രക്ഷിക്കപ്പെട്ട മാനവവംശത്തിലെ പ്രഥമ വനിതയാണ്. അതുവഴി അവള്‍ മനുഷ്യവംശത്തിനു മാതൃകയാണ്.
2  സ്വര്‍ഗ്ഗത്തിലായിരുന്നുകൊണ്ട് സ്വര്‍ഗ്ഗാരോപിതയായ മറിയം നമ്മുടെ വിശ്വാസത്തിന്റെ പ്രതീക്ഷ ഒരിക്കല്‍കൂടി രൂഢമൂലമാക്കുന്നു. സ്വര്‍ഗ്ഗം ഉണ്ടെന്നും നമ്മള്‍ സ്വര്‍ഗ്ഗത്തില്‍ എത്തിച്ചേരാന്‍ ഉള്ളവരാണെന്നും സ്വര്‍ഗ്ഗാരോപണം നമ്മെ ഓര്‍മിപ്പിക്കുന്നു.
3  യുഗാന്ത്യത്തില്‍ കര്‍ത്താവു മഹത്വത്തില്‍ ആഗതനാകുമ്പോള്‍ മാനവകുലത്തിനു സംഭവിക്കാനിരിക്കുന്ന മഹത്വീകരണം മറിയത്തില്‍ ദൈവം അവളുടെ മരണത്തോടെ പൂര്‍ത്തിയാക്കി. ഈ മഹനീയ ദൈവീക യാഥാര്‍ഥ്യം നമ്മുടെ നിത്യരക്ഷ ഉറപ്പുവരുത്തുന്നു. നാമെല്ലാം കര്‍ത്താവില്‍ മഹത്വീകരിക്കപ്പെടേണ്ടവരാണെന്നു സ്വര്‍ഗ്ഗാരോപണംനമ്മെ ഓര്‍മിപ്പിക്കുന്നു.
4  മനുഷ്യശരീരത്തിന്റെ മഹനീയതയെ സ്വര്‍ഗ്ഗാരോപണം ഓര്‍മിപ്പിക്കുന്നു. ശരീരം ദൈവത്തിന്റെ സൃഷ്ടിയാണ്; ദൈവാത്മാവിന്റെ വാസസ്ഥാനമാണ്. അതു കര്‍ത്താവില്‍ മഹീകരിക്കപ്പെടാന്‍ ഉള്ളതാണ് അതുകൊണ്ട് അത് വിശുദ്ധമായി കാത്തുസൂക്ഷിക്കാനുള്ള ഉത്തരവാദിത്വം നമുക്കുണ്ടെന്ന് ഈ തിരുനാള്‍ നമ്മെ ഓര്‍മിപ്പിക്കുന്നു.
5  പരിശുദ്ധ മറിയത്തിന്റെ സ്വര്‍ഗ്ഗാരോപണത്തിലൂടെ നമുക്കു മൂന്നാമതൊരു അമ്മയെ ലഭിച്ചിരിക്കുന്നു എന്നതാണ് സത്യം. പെറ്റമ്മയും പോറ്റമ്മയാകുന്ന സഭയും കൂടാതെ സ്വര്‍ഗത്തില്‍ നമുക്ക് ഒരു അമ്മ ഉണ്ടായിരിയ്ക്കുന്നു. പ. മറിയത്തിന്റെ സ്വര്‍ഗ്ഗാരോപണം വിശ്വാസസത്യമായി പ്രഖ്യാപിച്ചതോടെ നാം മൂന്നാമതൊരു അമ്മയുള്ള മക്കളായി തീര്‍ന്നിരിക്കുന്നു. സ്വര്‍ഗ്ഗസ്ഥിതയായ അമ്മ നമുക്കായി ത്രിതൈ്വക മഹത്വത്തില്‍ മധ്യസ്ഥം വഹിക്കുന്നു.
6  നമ്മുടെ ചിന്തകള്‍ സ്വര്‍ഗ്ഗത്തോളം ഉയര്‍ന്നതായിരിക്കണം എന്ന് ഈ തിരുനാള്‍ ഓര്‍മിപ്പിക്കുന്നു. സ്വര്‍ഗ്ഗവും സ്വര്‍ഗ്ഗപ്രാപ്തിയും മുന്നില്‍ കണ്ടുകൊണ്ടുള്ള ജീവിതമാണ് നാം ക്രമപ്പെടുത്തേണ്ടത്. ഹൃദയവും വിചാരങ്ങളും ഉന്നത ചിന്തകള്‍ കൊണ്ടു നിറയ്ക്കണം. സ്വര്‍ഗീയത ആഗ്രഹിക്കണം. സ്വര്‍ഗ്ഗത്തിലെ നമ്മുടെ അമ്മയോടൊപ്പം ആയിരിക്കുവാനുള്ള ആഗ്രഹത്തോടെ ജീവിതം ക്രമപ്പെടുത്തണം.
7  സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെടാന്‍ തക്കവിധത്തില്‍ ആത്മാവിലും ശരീരത്തിലും വിശുദ്ധി നിറഞ്ഞ ജീവിതം നയിക്കുവാന്‍ നമ്മെ സ്വര്‍ഗ്ഗാരോപിതയായ അമ്മ നമ്മെ ഓര്‍മിപ്പിക്കുന്നു.
8  സ്വര്‍ഗ്ഗാരോപണത്തിരുനാള്‍ മാനവരാശിക്ക് നിത്യതയെക്കുറിച്ചുള്ള പ്രതീക്ഷ നല്‍കുക മാത്രമല്ല ആ പ്രതീക്ഷ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. നാം തെരഞ്ഞെടുക്കപ്പെട്ടവരാണ്; പരിശുദ്ധ മറിയത്തെപോലെ നാമം ദൈവമഹത്വത്തില്‍ രൂപാന്തരപ്പെടും; സ്വര്‍ഗീയ മഹത്വത്തിലേക്ക് എടുക്കപ്പെടും.
9  മറിയത്തിന്റെ സ്വര്‍ഗ്ഗാരോപണം മനുഷ്യനെക്കുറിച്ചുള്ള ദൈവീകമായ ഒരു ദര്‍ശനം നമുക്ക് നല്‍കുന്നു. മനുഷ്യനില്‍ ആത്മാവും ശരീരവുമുണ്ട്. എന്നാല്‍, അവ തമ്മില്‍ വേര്‍തിരിച്ചു കാണാതെ പൂര്‍ണ്ണവ്യക്തിയായി മനുഷ്യനെ കാണാനുള്ള മനുഷ്യദര്‍ശനം സ്വര്‍ഗ്ഗാരോപണത്തില്‍ വ്യക്തമാണ്. മറിയത്തിന്റെ സ്വര്‍ഗ്ഗാരോപണം ഈശോയുടെ ഉയിര്‍പ്പിന്റെ ഫലമാണ്. അതു മിശിഹായുടെ മഹത്വത്തിലുള്ള പരിപൂര്‍ണ്ണ പങ്കാളിത്തമാണ്. ഈ അര്‍ത്ഥത്തില്‍ മറിയത്തിന്റെ മഹത്വീകരണം സഭയുടെ മുഴുവനായും നമ്മള്‍ ഓരോരുത്തരുടെയും ആത്മാവിന്റെയും ശരീരത്തിന്റെയും മഹത്വീകരണത്തിന്റെ മാതൃകയും തുടക്കവുമാണ്.

ദൈവമാതാവും നിത്യകന്യകയും അമലോത്ഭവയും സ്വര്‍ഗ്ഗാരോപിതയുമായ പരിശുദ്ധ കന്യകാമറിയത്തെ അമ്മയായി നമുക്കു സ്വീകരിക്കാം. അവള്‍ ഭൂമിയിലും സ്വര്‍ഗ്ഗത്തിലും നമുക്ക് അമ്മയാണ്. ഈലോകജീവിതത്തില്‍ നമുക്കു മാതൃകയും സംരക്ഷകയും ആണ്. സ്വര്‍ഗ്ഗത്തില്‍ അവള്‍ നമുക്കു മധ്യസ്ഥയായി നിലകൊള്ളുന്നു. ഈ തിരുനാള്‍ ദിവസം നമുക്കു നമ്മെതന്നെ മറിയത്തിനു സമര്‍പ്പിക്കാം. വിശുദ്ധ ജോണ്‍ പോള്‍ മാര്‍പാപ്പയുടെ വാക്കുകളോടു ചേര്‍ത്ത് അമ്മയോടുള്ള സ്‌നേഹം നമുക്ക് ഈ വാക്കുകളില്‍ സമര്‍പ്പിക്കാം; ‘അമ്മേ ഞാന്‍ പൂര്‍ണ്ണമായും നിന്റേതാണ്’ -Totus Tuus.  ഈ വാക്കുകള്‍ കൂടെക്കൂടെ ഉച്ചരിച്ചുകൊണ്ട് പരിശുദ്ധ കന്യകാമറിയത്തോടുള്ള സ്‌നേഹത്തില്‍ നമുക്കു വളരാം; അവളുടെ കൈകള്‍ പിടിച്ചുകൊണ്ട് ഈശോയിലേക്കു നമുക്കു നടന്നടുക്കാം. ഈശോയുടെ അടുത്തേക്ക് നമ്മെ കൈപിടിച്ച് നടത്തുന്ന അമ്മയാണ് സ്വര്‍ഗ്ഗാരോപിതയായ പരിശുദ്ധ കന്യകാമറിയം. പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗ്ഗാരോപണം വെറുമൊരു വിശ്വാസമോ ചരിത്ര സംഭവമോ അല്ല. അത് സഭയുടെ വിശ്വാസസത്യമാണ്. ഓരോ വിശ്വാസിയ്ക്കും സഭ നല്‍കുന്ന പ്രത്യാശയുടെ സന്ദേശമാണിത്.

ഈശോമിശിഹായില്‍ വിശ്വസിച്ചു വിശുദ്ധ ജീവിതം നയിക്കുന്നവര്‍ക്ക് സ്വര്‍ഗീയ മഹത്വത്തില്‍ എത്തിച്ചേരാനാകുമെന്ന ഉറപ്പു നല്‍കുന്ന അടയാളമാണ് മറിയത്തിന്റെ സ്വര്‍ഗ്ഗാരോപണം. ഒരിക്കല്‍ക്കൂടി ദൈവമാതാവും നിത്യകന്യകയും അമലോത്ഭവയുമായ പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ മംഗളങ്ങള്‍ ഹൃദയപൂര്‍വ്വം പ്രാര്‍ത്ഥനയോടെ നേര്‍ന്നുകൊള്ളുന്നു. അമ്മ നമുക്കുവേണ്ടി മധ്യസ്ഥ്യം വഹിക്കട്ടെ.

കൃപ നിറഞ്ഞ മറിയമേ സ്വസ്തി, കര്‍ത്താവു നിന്നോടുകൂടെ, നീ സ്ത്രീകളില്‍ അനുഗ്രഹീതയാണ്; നിന്റെ ഉദരഫലമായ ഈശോയും അനുഗ്രഹത്തിനാണ്. പരിശുദ്ധ മറിയമേ തമ്പുരാന്റെ അമ്മേ, പാപികളായ ഞങ്ങള്‍ക്കു വേണ്ടി, ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും നിന്റെ പുത്രനായ മിശിഹായോട് അപേക്ഷിക്കണമേ ആമേന്‍.

ഫാ. ജോര്‍ജ് കറുകപ്പറമ്പില്‍

Previous Post

കൈപ്പുഴ: പാലത്തുരുത്ത് പുളിയം പറമ്പില്‍ അച്ചുക്കുട്ടി

Next Post

മടമ്പം പി കെ എം കോളേജ് ഓഫ് എഡ്യൂക്കേഷനില്‍ കോഴ്സ് ഉദ്ഘാടനം

Total
0
Share
error: Content is protected !!