ലഹരിക്കെതിരെ നിതാന്തജാഗ്രതയാണാവശ്യം

കേരളം ലഹരിയുടെ കയത്തില്‍ മുങ്ങി താന്നുകൊണ്ടിരിക്കുന്നു. നമ്മുടെ യുവതീയുവാക്കളും കൗമാരക്കാരും വരെ അതുപയോഗിക്കുന്നവരും അതിന്റെ ഇരകളുമായി മാറുന്നു. മുന്‍പു കഞ്ചാവു പോലുള്ള മയക്കുമരുന്നുകളാണ്‌ ഉപയോഗിച്ചിരുന്നെങ്കില്‍ ഇന്ന്‌ എം.ഡി.എം.എ പോലുള്ള രാസലഹരികളാണ്‌ കൂടുതല്‍ ഉപയോഗിക്കുന്നത്‌. ഈ ഫെബ്രുവരി അവസാന ആഴ്‌ചയില്‍ മയക്കുമരുന്നിനെതിരെ 8 ദിവസം സംസ്ഥാന വ്യാപകമായി നടത്തിയ റെയ്‌ഡില്‍ 1.312 കിലോ ഗ്രാം എം.ഡി.എം.എ യും 154 കിലോ കഞ്ചാവും പിടികൂടി. 18.15 ഗ്രാം ഹാഷിഷ്‌ ഓയിലും ബ്രൗണ്‍ഷുഗറും ഹെറോയിനും വിവിധ തരം ടാബലറ്റുകളും പിടികൂടിയവയില്‍ പെടുന്നു. മയക്കുമരുന്ന്‌ കൈവശം വെച്ചതുമായി ബന്ധപ്പെട്ട്‌ 2762 പേരെ അറസ്റ്റ്‌ ചെയ്യുകയും ചെയ്‌തു. കേരളത്തിലേക്ക്‌ വന്‍തോതില്‍ മയക്കുമരുന്നു എത്തുന്നുണ്ട്‌ എന്ന സൂചനയാണ്‌ ഒരാഴ്‌ച മാത്രം നടത്തിയ പരിശോധനകളില്‍ പോലീസിനു മനസിലാക്കാന്‍ കഴിഞ്ഞത്‌. ലഹരി മാഫിയായിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പോലീസിനു അനുമതി ലഭിച്ചാല്‍ വന്‍ ലഹരി സംഘത്തെ കണ്ടെത്താന്‍ കഴിയുമെന്നാണ്‌ നിഗമനം. നമ്മുടെ അടുത്ത തലമുറയെ ഒന്നായി നശിപ്പിക്കാവുന്ന ലഹരിയെന്ന വിപത്തിനെതിരെ അതിശക്തമായ നടപടി ഉണ്ടായില്ലെങ്കില്‍ നമ്മുടെ യുവതയും കൗമാരവും അതീവ ഗുരുതരമായ അവസ്ഥയില്‍ എത്തിച്ചേരും അടുത്ത കാലത്തു നടന്ന കൊലപാതകങ്ങളില്‍ പകുതിയിലേറെയും കരണമായിരിക്കുന്നത്‌ മയക്കുമരുന്നിന്റെ ഉപയോഗമാണന്ന്‌ വെളിപ്പെടുകയുണ്ടായി. ലഹരിക്കടിമപ്പെട്ട യുവതീയുവാക്കള്‍ കുടുംബത്തും സമൂഹത്തിലും വലിയ അക്രമങ്ങളും ഹിംസയും കാട്ടിക്കൂട്ടാറുണ്ട്‌. ലഹരിക്കടിമപ്പെട്ട മക്കള്‍ മാതാപിതാക്കളെ ഉപദ്രവിക്കുകയും കൊല്ലുകയും ചെയ്യുന്ന കഥകള്‍ വ്യാപകമായിക്കൊണ്ടിരിക്കുന്നു. ലഹരിയുടെ ഉപയോഗത്തിന്റെ പാര്‍ശ്വഫലങ്ങളിലൊന്നാണ്‌ അനിയന്ത്രിതമായ വയലന്‍സ്‌. സ്വന്തം സഹപാഠിയെ കൂട്ടുകാര്‍ തന്നെ സംഘം ചേര്‍ന്നു മര്‍ദ്ദിക്കുകയും ഗുരുതരമായി പരിക്കേല്‌പിക്കുകയും ചെയ്യുന്ന സാഹചര്യങ്ങള്‍ വിരളമല്ല. താമരശ്ശേരിയില്‍ മഹമ്മദ്‌ ഷഹബാസ്‌ എന്ന പത്താം ക്ലാസുകാരന്‍ കൊല്ലപ്പെട്ടതു സഹപാഠികളുടെ മര്‍ദ്ദനം മൂലമാണ്‌. സഹപാഠിയെ നിഷ്‌ഠൂരമായി മര്‍ദ്ദിച്ചതിനെക്കുറിച്ചു ഊറ്റം കൊള്ളുന്ന കൗമാരങ്ങള്‍ നാളത്തെ തലമുറയെക്കുറിച്ചു സ്വപ്‌നം കാണുന്നവരെ ഭയപ്പെടുത്തുന്നു.
കേരളം ഈ നൂറ്റാണ്ടില്‍ നേരിടുന്ന ഏറ്റവും വലിയ വിപത്തായി ലഹരി വസ്‌തുക്കളുള്‍പ്പെട്ട മയക്കുമരുന്നിന്റെ ഉപയോഗത്തെ നാം കാണണം. ഗവണ്‍മെന്റിന്റെയും പൊതുസമൂഹത്തിന്റെയും എക്‌സൈസ്‌ പോലീസ്‌ അധികാരികളുടെയൊക്കെ സത്വര ശ്രദ്ധയും ക്രിയാത്മകമായ ഇടപെടലും കര്‍ക്കശമായ നടപടികളും ഉണ്ടായേ തീരൂ. പലപ്പോഴും ലഹരി മാഫിയായുടെ പിന്നിലെ വന്‍ റാക്കറ്റുകള്‍ പിടിക്കപ്പെടാതിരിക്കുകയും ചെറിയ മത്സ്യങ്ങള്‍ മാത്രം വലയിലാവുകയും ചെയ്യുന്നുവെന്ന ആരോപണം പൊതുസമൂഹത്തിലുണ്ട്‌. കേരളത്തില്‍ മാത്രമല്ല രാജ്യത്ത്‌ എവിടെയും സര്‍ക്കാരില്‍ സ്വാധീനമുള്ളവര്‍ ഇത്തരം റാക്കറ്റിലുണ്ടെന്നു കരുതുന്നവരുണ്ട്‌. സ്വാധീനമുള്ളവരുടെ സംരക്ഷണം കൂടാതെ ഇത്തരം വലിയ റാക്കറ്റുകള്‍ക്കു പ്രവര്‍ത്തിക്കുവാനാകില്ലെന്നു കരുതുന്നവരാണേറയും. കേരള സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെടലുകള്‍ നടത്തുന്നുണ്ടെങ്കിലും ഇനിയും കൂടുതല്‍ കര്‍ക്കശമായ നടപടികള്‍ ഉണ്ടാകണം. പോലീസ്‌ ,എക്‌സൈസ്‌ തുടങ്ങിയ സംവിധാനങ്ങളെ ഇക്കാര്യത്തില്‍ ശക്തിപ്പെടുത്തുകയും ഉപയോഗിക്കുകയും ചെയ്യണം. ഒരു കാലത്തു ലഹരിയില്‍ മുങ്ങിയ പഞ്ചാബ്‌ ഇക്കാര്യത്തില്‍ ക്രിയാത്മകമായ നേട്ടം കൈവരിച്ചതായി വായിക്കുവാനിടയായി. 2014 ല്‍ വിവിധ തട്ടുകളിലായി ലഹരി മോചന കേന്ദ്രങ്ങള്‍ എല്ലാ ജില്ലയിലും സ്ഥാപിച്ചു പ്രവര്‍ത്തിച്ചു വരുന്നു. ലഹരിക്കടിമയായ പലരും സെന്ററിലെത്തി അഡ്‌മിറ്റ്‌ ആകാന്‍ വിമുഖത കാണിക്കുന്നതുകൊണ്ട്‌ അവിടെ അത്തരക്കാര്‍ക്കായി ഒ.പി സൗകര്യമുള്ള ക്ലിനിക്കുകള്‍ ആരംഭിച്ചു പ്രവര്‍ത്തനം തുടങ്ങിയത്‌ പഞ്ചാബില്‍ വളരെ ഫലപ്രദമായി എന്നു കണ്ടെത്തിയിട്ടുണ്ട്‌. അമ്മമാരാണ്‌ കുട്ടികളുടെ പെരുമാറ്റത്തിലെ വ്യത്യാസം ആദ്യം തിരിച്ചറിയുന്നത്‌ എന്നതുകൊണ്ട്‌ ഇക്കാര്യത്തില്‍ അമ്മമാര്‍ക്ക്‌ ബോധവല്‍ക്കരണം നല്‍കി കുട്ടികളെ തുടക്കത്തിലെ കണ്ടെത്തി ബോധവല്‍ക്കരണവും ആവശ്യമെങ്കില്‍ ചികിത്സയും നല്‍കാന്‍ സംവിധാനം ഒരുക്കണം. ലഹരി വിമുക്ത സമൂഹത്തിനുവേണ്ടി നാട്‌ മുഴുവന്‍ ഒരുമിക്കണം. കുട്ടികളുടെ ഊര്‍ജ്ജം ഫലപ്രദമായി ഉപയോഗിക്കുവാന്‍ സ്‌പോര്‍ട്‌സ്‌, ഗെയിംസ്‌, വായനശാല പോലുള്ള സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തണം. എല്ലാറ്റിലുമുപരിയായി കുടുംബാന്തരീക്ഷം കൂടുതല്‍ സൗഹൃദവും ആനന്ദദായകവും സംവേദനക്ഷമവും ആകണം. മാതാപിതാക്കളും മക്കളുമെല്ലാം ഒരുമിച്ചിരുന്ന്‌ സ്വാതന്ത്ര്യത്തോടെ സംസാരിക്കുന്ന അവസ്ഥ ഉണ്ടാകണം. ഓരോരുത്തരും അഭിമുഖീകരിക്കുന്ന പ്രതിസന്ധികള്‍ക്കു കൂട്ടുത്തരവാദിത്വത്തോടെ പരിഹാരം ഉണ്ടാക്കണം. അധ്യാപകര്‍ക്കു കുട്ടികളെ നന്നായി മനസിലാക്കുവാനും ആവശ്യമായ ശിക്ഷണം കൊടുക്കാനുമാകണം. കഴിഞ്ഞ തലമുറ അദ്ധ്യാപകരെയും മാതാപിതാക്കളെയും ആവശ്യത്തിനു പേടിച്ചിരുന്നുവെങ്കില്‍ ഇന്ന്‌ അവര്‍ കുട്ടികളെ പേടിക്കുന്ന സ്ഥിതി സംജാതമായിരിക്കുന്നു. ഈ സ്ഥിതി സംജാതമാക്കിയതില്‍ സര്‍ക്കാരിനും പൊതുസമൂഹത്തിനും ഒരു പരിധി വരെ ഉത്തരവാദിത്വമുണ്ട്‌. കുട്ടികളെ ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നതിന്റെ പേരില്‍ കോടതി കയറേണ്ട ഗതികേട്‌ അവര്‍ക്കുണ്ടാകരുത്‌. ഒപ്പം സ്‌നേഹപൂര്‍വ്വം തിരുത്തുകയും ചേര്‍ത്തുപിടിക്കുകയും ചെയ്യുന്നതാണ്‌ അനുപാത രഹതിമായ ശിക്ഷയേക്കാള്‍ ഫലപ്രദം എന്ന വസ്‌തുത ഉത്തരവാദിത്വപ്പെട്ടവര്‍ മറന്നു കൂടാ.
                                                                                                            റവ.ഡോ. മാത്യു കുരിയത്തറ OSH

Previous Post

കെ.എസ്.എസ്.എസ് വനിതാദിനാഘോഷം സംഘടിപ്പിച്ചു

Next Post

വനിതാ ദിനാചരണമൊരുക്കി ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി

Total
0
Share
error: Content is protected !!