ലഹരി സംഘങ്ങളുടെ നീരാളിപിടുത്തത്തില്‍ നിന്ന് നമ്മുടെ രാജ്യത്തെ മോചിപ്പിക്കേണ്ടതിന്റെ അടിയന്തരമായ പ്രാധാന്യത്തെക്കുറിച്ചു ഭരണകര്‍ത്താക്കള്‍ ഉണര്‍ന്നു ചിന്തിക്കാന്‍ തുടങ്ങിയതു പ്രതീക്ഷ നല്‍കുന്നു. ഈ കഴിഞ്ഞ ആഴ്‌ചയാണ് കര്‍ണാടകയിലും ആസാമിലും പോലീസ് വന്‍ ലഹരി വേട്ട നടത്തിയത്. അന്താരാഷ്‌ട്ര വിപണിയില്‍ 75 കോടി രൂപ വിലമതിക്കുന്ന 38.87 കിലോ എം.ഡി.എം.എ യുമായി, അന്താരാഷ്‌ട്ര ലഹരികടത്തു റാക്കറ്റിന്റെ ഭാഗമായി ദക്ഷിണാഫ്രിക്കക്കാരായ രണ്ടു യുവതികളെ മംഗ്‌ളൂരു പോലീസാണ് അറസ്റ്റ് ചെയ്‌തത്. 2016 ല്‍ മെഡിക്കല്‍ വിസയിലും 2020 ല്‍ ബിസിനസ് വിസയിലുമായി ഇന്ത്യയില്‍ എത്തിയ ഇവര്‍ ഡല്‍ഹിയില്‍ നിന്നു ബംഗ്‌ളൂരിലേക്ക് ലഹരി മരുന്ന് എത്തിക്കുന്ന ജോലിയില്‍ വ്യാപൃതരായിരുന്നു. നീലിമംഗല, ഹൊസകോട്ടെ, കെ.ആര്‍ പുരം എന്നിവിടങ്ങളില്‍ നൈജീരിയക്കാര്‍ക്ക് ഉള്‍പ്പെടെ ഇവര്‍ ലഹരി എത്തിക്കുകയും വിതരണം കഴിഞ്ഞ ഉടനെ ഡല്‍ഹിയിലെത്തുകയും ആഡംബര ജീവിതം നയിക്കുകയും ചെയ്യുന്നവരാണ് അറസ്റ്റിലായ ബംബ ഫാന്റ, അബിഗൈല്‍ അഡോണീസ് എന്നിവര്‍. കഴിഞ്ഞ ആറു മാസത്തിനിടെ 59 തവണ ഇവര്‍ ഡല്‍ഹിയില്‍ നിന്നു ബംഗ്‌ളൂരിലേക്ക് വിമാനയാത്ര ചെയ്‌തതായിട്ടാണ് പോലീസ് നല്‍കുന്ന വിവരം. ഇംഫാല്‍, ഗോഹട്ടി എന്നിവിടങ്ങളില്‍ നിന്നാണ് ലഹരിക്കായി ഉപയോഗിക്കാന്‍ എത്തിച്ച 88 കോടി രൂപ വിലവരുന്ന മെത്താംഫെറ്റാമൈന്‍ ഗുളികകള്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ പിടിച്ചെടുത്തത്. രാജ്യാന്തര ലഹരി കടത്ത് സംഘത്തിലെ നാലു പേരെ അറസ്റ്റു ചെയ്‌തിട്ടുണ്ട്. രഹസ്യ വിവരത്തെ തുടര്‍ന്ന് ഇംഫാലില്‍ ഏതാനും ദിവസം മുന്‍പു നടത്തിയ പരിശോധനയില്‍ ലിലോംഗ് മേഖലയില്‍ നിന്ന് 102.39 കിലോ മെത്താംഫെറ്റാമൈന്‍ ഗുളിക പിടിച്ചെടുത്തതാണ് ആദ്യ സംഭവം. മണിപ്പൂരിലെ മോറെയില്‍ നിന്നാണ് ലഹരി മരുന്ന് എത്തിച്ചത്. അതേ ദിവസം തന്നെയാണ് ആസാം, മിസോറാം അതിര്‍ത്തിയില്‍ സല്‍ച്ചാറിനു സമീപം ആഡംബര വാഹനത്തില്‍ നിന്ന് 7.48 കിലോ ലഹരി ഗുളിക പിടിച്ചെടുത്തത്. ഈ മാസമാദ്യം ഐസ്വാളില്‍ 46 കിലോ ലഹരി ഗുളിക പിടിച്ചതാണ് രാജ്യത്തു നടന്ന മറ്റൊരു ലഹരി വേട്ട. കേരളത്തിലും പോലീസിന്റെയും എക്‌സൈസ് വകുപ്പിന്റെയും സംയുക്തമായ റെയ്‌ഡും അറസ്റ്റും നടക്കുന്നതും ഈ ദിവസങ്ങളില്‍ നാം അറിയുകയുണ്ടായി. സംസ്ഥാനത്തെ ലഹരി വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഈ മാസം 24 ന് മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചിരിക്കുകയാണ്. യോഗത്തില്‍ മന്ത്രിമാരും പോലീസ്, എക്‌സൈസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. ലഹരിക്കെതിരെ സംസ്ഥാനം ഇതുവരെ സ്വീകരിച്ച നടപടികള്‍ ഈ യോഗത്തില്‍ വിലയിരുത്തപ്പെടും. ഒപ്പം ലഹരി എത്തിക്കുന്നവരെയും ലഹരിയുടെ ഉറവിടവും കണ്ടെത്തുന്നതടക്കമുള്ള കാര്യങ്ങളില്‍ സ്വീകരിക്കേണ്ട നടപടികള്‍ പ്രസ്‌തുത യോഗം ചര്‍ച്ച ചെയ്യും. ലഹരി വേട്ടയുമായി ബന്ധപ്പെട്ട സമഗ്രപദ്ധതിക്കു രൂപം നല്‍കുന്നതും യോഗം ചര്‍ച്ച ചെയ്യും.
ഈ അടുത്ത ദിവസമാണ് കളമശ്ശേരിയിലെ പോളിടെക്‌നിക് കോളജിന്റെ മെന്‍സ് ഹോസ്റ്റലില്‍ നിന്ന് പോലീസ് റെയ്‌ഡില്‍ 2 കിലോ കഞ്ചാവു പിടിച്ചെടുക്കുകയും ഏതാനും വിദ്യാര്‍ത്ഥികള്‍ അറസ്റ്റിലാവുകയും ചെയ്‌തത്. ഹോളി ആഘോഷത്തിന്റെ ഭാഗമായി വില്‌പനക്കായി കലാലയ ഹോസ്റ്റലില്‍ സംഭരിച്ചതാണ് ഈ കഞ്ചാവ്. ലഹരി വസ്‌തുക്കളുടെ സംഭരണത്തിനും വിപണനത്തിനും കലാലയങ്ങളും അനുബന്ധ സ്ഥാപനങ്ങളും വേദിയാകുന്നത് എത്രയോ ആപത്‌ക്കരമായ പ്രവണതയാണ്. വാട്ട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കിയാണ് കഞ്ചാവു വില്‌പന നടത്തിയിരുന്നതെന്നും പറയപ്പെടുന്നു. കഞ്ചാവിന്റെ സംഭരണത്തിലും വിപണനത്തിലും വിദ്യാര്‍ത്ഥികളെ കൂടാതെ വിപുലമായ ഒരു ശൃംഖല പ്രവര്‍ത്തിക്കുന്നുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല. ലഹരി മാഫിയായുടെ ശൃംഖല തകര്‍ക്കേണ്ടത് തലമുറയുടെ നിലനില്‍പ്പിനു ആവശ്യമാണ്. കൃത്യമായ നിരീക്ഷണവും തയ്യാറെടുപ്പും നടത്തി റെയ്‌ഡിലൂടെ ഹോസ്റ്റലില്‍ നിന്ന് കഞ്ചാവു പിടിച്ചെടുത്തതില്‍ പോലീസിനെ അഭിനന്ദിക്കാതെ തരമില്ല. ഒപ്പം ഹോളി ആഘോഷത്തിന്റെ മറവില്‍ കോളജില്‍ കഞ്ചാവു വില്‌പനക്കുള്ള സാധ്യത മുന്‍കൂട്ടി കണ്ടറിഞ്ഞ് വിവരം പോലീസിനെ അറിയിച്ച കോളജ് പ്രിന്‍സിപ്പലും അഭിനന്ദനം അര്‍ഹിക്കുന്നു. ഹോസ്റ്റലിലെ റെയ്‌ഡുമായി ബന്ധപ്പെട്ട സംശയ നിഴലിലായ ചില വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളുണ്ട്. ഇതിന്റെ പേരില്‍ ലഹരിയുമായി ബന്ധപ്പെട്ട ഈ വിഷയത്തില്‍ രാഷ്‌ട്രീയ ആരോപണ പ്രത്യാരോപണങ്ങള്‍ രാഷ്‌ട്രീയ പാര്‍ട്ടികളും വിദ്യാര്‍ത്ഥി സംഘടനകളും നടത്തുന്നത് ദൗര്‍ഭാഗ്യകരമാണ്, കേരളത്തിലെ യുവജനങ്ങളെ തകര്‍ക്കുന്ന ലഹരിയുടെ വ്യാപനത്തെ കേവലം രാഷ്‌ട്രീയ തര്‍ക്കത്തിനപ്പുറം സംസ്ഥാനത്തിന്റെ പൊതുവിഷയമായി രാഷ്‌ട്രീയ പാര്‍ട്ടികളും വിദ്യാര്‍ ത്ഥി സംഘടനകളും പൊതുസമൂഹവും കാണണം. ഒപ്പം പുറം രാജ്യങ്ങളില്‍ നിന്നും അന്യ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ലഹരിയുടെ കടന്നുവരവിനെ പൂര്‍ണ്ണമായി തടഞ്ഞാല്‍ മാത്രമേ ലഹരിവിരുദ്ധ പോരാട്ടങ്ങള്‍ വിജയം കാണുകയുള്ളൂ. ലഹരിക്കടിമയായ ഒരമ്മയുടെ മകന്‍ അമ്മയെ ബലാത്‌ക്കാരം ചെയ്‌ത വാര്‍ത്ത കേരളത്തിനാകെ അപമാനമാണ്. കേവലം വിതരണക്കാരെയോ കൊച്ചുപരല്‍ മീനുകളെയോ പിടിച്ചതുകൊണ്ടു ലഹരിവിരുദ്ധ പോരാട്ടങ്ങള്‍ അസാനിപ്പിച്ചു കൂടാ. പ്രത്യുത ലഹരി വസ്‌തുക്കളുടെ കടന്നുവരവിന്റെ ഉറവിടങ്ങള്‍ കണ്ടെ ത്തി നിയമനടപടികള്‍ എടുക്കുകയും പ്രതിരോധം തീര്‍ക്കുകയും ചെയ്യേണ്ടത് അനുപേക്ഷണീയമാണ്. ഇന്ത്യയില്‍ മയക്കുമരുന്ന് ദുരുപയോഗത്തിന് ഇരയാകുന്നവരില്‍ 15 ശതമാനം പേരും 20 വയസില്‍ താഴെയുള്ളവരാണ്. രാജ്യത്തിന്റെ ഭാവിയും പ്രതീക്ഷയുമായവര്‍ ഈ വിധത്തില്‍ വഴി തെറ്റുമ്പോള്‍ രാജ്യത്തിന്റെ ഭാവിതന്നെ അപകടത്തിലാവുകയാണ്. ലഹരിയുടെ നീരാളി പിടുത്തത്തില്‍ നിന്നു നമ്മുടെ യുവജനങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ബാധ്യത നമുക്കെല്ലാവര്‍ക്കും ഉണ്ടെന്ന തിരിച്ചറിവാണ് ഈ വിഷയത്തില്‍ വീണ്ടും വീണ്ടും മുഖപ്രസംഗം എഴുതുവാന്‍ അപ്‌നാദേശിനെ പ്രേരിപ്പിക്കുന്നത്. അത് അപ്‌നാദേശിന്റെ സാമൂഹ്യപ്രതിബദ്ധതയില്‍ ഊന്നി നിന്നുള്ള ധാര്‍മ്മിക ഇടപെടല്‍ മാത്രമായി കണ്ടാല്‍ മതി.
റവ. ഡോ. മാത്യു കുരിയത്തറ
ലഹരിക്കെതിരെ നാടുണരുമ്പോള്‍
