മംഗലവാര്‍ത്തക്കാലം ആരംഭിക്കുന്നു. മനുഷ്യകുലത്തെ രക്ഷിക്കാന്‍, തന്റെ പുത്രനെ തന്നെ പിതാവായ ദൈവം ലോകത്തിലേക്ക് അയക്കുന്ന, വിശുദ്ധ വിശ്വാസ സത്യങ്ങളുടെ ഓര്മ്മക്കാലമാണത്. ‘തന്റെ ഏകജാതനെ നല്കാന് തക്കവിധം പിതാവായ ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു’.
മംഗലവാര്‍ത്തക്കാലം ഒരര്‍ത്ഥത്തില്‍ കാത്തിരിപ്പിന്റെ കാലമാണ്.
ഹെര്‍മന്‍ ഹെസ്സെയുടെ ‘സിദ്ധാര്‍ത്ഥ എന്ന നോവലില്‍ തന്റെ ജീവിത സിദ്ധികളായി (പാഠങ്ങളായി) സിദ്ധാര്‍ത്ഥ മൂന്ന് കാര്യങ്ങള്‍ പറയുന്നുണ്ട്: ‘I can pray
I can fast and
I can wait’-
പ്രാര്‍ത്ഥിക്കാന്‍
ഉപവസിക്കാന്‍
കാത്തിരിക്കാന്‍ – കഴിയുമെന്ന്. ക്ഷമയോടെയുള്ള കാത്തിരിപ്പ് ജീവിതത്തിന്റെ മഹത്തായ സിദ്ധിയാണ്. പുലരിയാവാന്‍ കാത്തിരിക്കുന്ന കാവല്ക്കാരെ പോലെ ദൈവത്തെ കാത്തിരിക്കുന്ന ഇസ്രായേലിന്റെ( Ps130/7) പ്രത്യാശയും ക്ഷമയും ജാഗ്രതയും ധ്യാന വിഷയമാക്കിയാല്‍ അത് വ്യക്തമാകും.
ബൈബിളില്‍ കാത്തിരിപ്പിന്റെ ജീവിതകഥകള്‍ ദൈവവുമായുള്ള ഗാഢ ബന്ധത്തിന്റെയും പ്രത്യാശയുടെയും സൂചകങ്ങളാണ്.
ജീവിതം തന്നെ ഒരു കാത്തിരിപ്പാണ്. ഓരോ ദിവസവും കാത്തിരിപ്പിന്റെ വിവിധ രൂപങ്ങള്‍ നമ്മുടെ അനുഭവങ്ങളാണ്. ഓരോ കാത്തിരിപ്പിലും വ്യത്യസ്ത വികാരങ്ങളും,
തയ്യാറെടുപ്പുകളും സ്വാഭാവികമാണ്. അതിഥിയെ കാത്തിരിക്കുന്നവര്‍ ,മക്കളെ നോക്കിയിരിക്കുന്നവര്‍ ,പരീക്ഷയുടെ റിസള്‍ട്ട് കാത്തിരിക്കുന്നവര്‍, വിസ കാത്തിരിക്കുന്നവര്‍, രോഗ പരിശോധനാഫലങ്ങള്‍ നോക്കിയിരിക്കു ന്നവര്‍ അങ്ങനെ കാത്തിരിപ്പിന്റെ രൂപങ്ങളും അവയുടെ വൈകാരിക തലങ്ങളും ഏറെ വൈവിധ്യമു ള്ളതാണ്. ഓരോ കാത്തിരിപ്പിനും അതിന്റേതായ തയ്യാറെടുപ്പുകളും മനോനിലയും സ്വാഭാവികമാണ്.
മംഗല വാര്ത്തക്കാലത്തില് രക്ഷകനായ ഈശോയുടെ ആഗമനത്തിനായി ഒരുങ്ങി കാത്തിരിക്കാം. ഈ കാത്തിരിപ്പിന്റെ ഭാവതലങ്ങള്‍ എങ്ങനെയായിരിക്കണം?
1. തന്റെ ഏകജാതനെ നല്കുന്ന പിതാവുമായി അഗാധമായ സ്നേഹബന്ധം പുലര്‍ത്തുക. അതായത് തികഞ്ഞ ദൈവാശ്രയ ബോധത്തിലും പ്രത്യാശയിലും ആയിരിക്കുക.
2.മനുഷ്യാവതാരം ചെയ്ത ദൈവപുത്രന്റെ മാതൃകയില്‍ ജീവിതത്തെ നവീകരിക്കുക. സുവിശേഷത്തിലെ അഷ്ടഭാഗ്യങ്ങളും അന്ത്യവിധിയില്‍ ക്രിസ്തുവിന്റെ വലതുഭാഗത്ത് ഉണ്ടായിരുന്നവരുടെ ജീവിതക്രമങ്ങളും സ്വായത്തമാക്കണം അത്രമാത്രം .
ജീവിത വിശുദ്ധിയുടെ പരിമളം കാത്തിരിപ്പിന് ദൈവിക ചൈതന്യം പകരും .
Fr. Thomas Kottoor





