ലിവര്‍പൂള്‍: സെന്റ് പയസ് ടെന്ത് ക്നാനായ കാത്തലിക് മിഷന് ലിവര്‍പൂള്‍ രൂപത നല്കിയ ദേവാലയവും വൈദിക ഭവനവും ലഭിച്ചതിന്റെ സന്തോഷത്തിലാണ് യുകെയിലെ ക്നാനായ കത്തോലിക്കാ സമൂഹം. നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ വൈദിക ഭവനത്തിന്റെ വെഞ്ചിരിപ്പ് കര്‍മ്മമാണ് ദുഖ്റാന തിരുനാളിനോടനുബന്ധിച്ച് ജൂലൈ മൂന്നാം തീയതി ചൊവ്വാഴ്ച ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിര്‍വഹിച്ചത്. യുകെ യുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള നിരവധി വൈദീകര്‍ വെഞ്ചരിപ്പ് ചടങ്ങുകള്‍ക്ക് സഹകാര്‍മികരായി.
2025 ജൂലൈ മൂന്നിന് ഔവര്‍ ലേഡി ഒഫ് വാല്‍സിംഗ്ഹാം ദേവാലയത്തില്‍ വൈകുന്നേരം ആറ് മണിക്ക് ആരംഭിച്ച വിശുദ്ധ കുര്‍ബാനയെ തുടര്‍ന്നാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ വൈദിക ഭവനത്തിന്റെ ( st Pius X Presbutery , Litherland ) വെഞ്ചരിപ്പ് കര്‍മ്മം നടന്നത്. യുകെയിലെ ക്നാനായ സമൂഹത്തിന്റെ പതിനഞ്ചു മിഷനുകള്‍ക്കും സ്വന്തമായ ദേവാലയമെന്നതാണ് തന്റെ ആഗ്രഹമെന്നും അതിനു വേണ്ടിയുള പരിശ്രമങ്ങള്‍ക്ക് തന്റെ പൂര്‍ണ്ണമായ പിന്തുണയും പ്രാര്‍ത്ഥനയും ഉണ്ടാവുമെന്നും മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തന്റെ സന്ദേശത്തില്‍ എടുത്തു പറഞ്ഞു. ക്നാനായ മിഷന് കോര്‍ഡിനേറ്റര്‍ ഫാ. സുനി പടിഞ്ഞാറേക്കര സ്വാഗതവും കൈക്കാരന്മാരുടെ പ്രതിനിധി ജോയി പാവക്കുളം നന്ദിയും പറഞ്ഞു.
നാനൂറിലേറെ പേര്‍ക്ക് ഒരേ സമയം തിരുകര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ കഴിയുന്ന ദേവാലയവും. മൂന്നൂറിലേറെ പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വലിയ ഹാളും വൈദിക ഭവനവും ഉള്‍പ്പെടുന്ന പ്രോപ്പെര്ട്ടിയാണ് ക്നാനായ സമൂഹത്തിനായി ലഭ്യമായിരിക്കുന്നത്. അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കി സെപ്റ്റംബര്‍ മാസം ഇരുപതാം തിയതി ദേവാലയത്തിന്റെ വെഞ്ചരിപ്പു കര്‍മ്മങ്ങള്‍ വിപുലമായി നടത്തുന്നതിനുള്ള ശ്രമങ്ങള്‍ നടന്നു വരുന്നു. ഗ്രേറ്റ് ബ്രിട്ടണ് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ അനുഗ്രഹാശിര്‍വാദങ്ങളോടെ ലിവര്‍പ്പൂള്‍ ആര്‍ച്ച് ബിഷപ്പ് മാല്‍ക്കം മാക്മഹോനുമായി യുകെ ക്നാനായ കാത്തലിക് മിഷന്‍സ് കോ-ഓര്‍ഡിനേറ്റര്‍ ഫാ. സുനി പടിഞ്ഞാറേക്കരയുടെ നേതൃത്വത്തില്‍ ഡീക്കന്‍ അനില്‍ . ഒഴുകയില്‍, കൈക്കാരന്മാരായ ഫിലിപ്പ് കുഴിപ്പറമ്പില്‍, ജോയി പാവക്കുളത്ത് എന്നിവര്‍ നാളുകളായി നടത്തിയ ചര്‍ച്ചകളുടെയും ആശയവിനിമയങ്ങളുടേയും ശ്രമഫലമായിട്ടാണ് മനോഹരമായ ദൈവാലയവും സൗകര്യപ്രദമായ ഹാളും വൈദിക മന്ദിരവും ലഭിച്ചിരിക്കുന്നത്.
വൈദിക ഭവന വെഞ്ചിരിപ്പിനു ശേഷം സ്നേഹവിരുന്നും ഉണ്ടായിരുന്നു. യുകെയുടെ വിവിധ ഭാഗങ്ങളില്‍നിന്നുമായി നൂറുകണക്കിന് ക്നായായക്കാരാണ് വെഞ്ചരിപ്പ് കര്മ്മത്തിന് സാക്ഷികളാകാനെത്തിച്ചേര്ന്നത്.






