ഭിന്നശേഷി അവകാശ സംരക്ഷണം – നെറ്റ് വര്‍ക്ക് മീറ്റിംഗ് സംഘടിപ്പിച്ചു

കോട്ടയം: ഭിന്നശേഷിയുള്ളവരുടെ മുഖ്യധാരാവല്‍ക്കരണത്തിനും അവകാശ സംരക്ഷണത്തിനും വഴിയയൊരുക്കുക എന്ന ലക്ഷ്യത്തോടുകൂടി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നെറ്റ് വര്‍ക്ക് മീറ്റിംഗ് സംഘടിപ്പിച്ചു. അസീം പ്രേംജി ഫൗണ്ടേഷന്റെ സഹകരണത്തോടെ കെ.എസ്.എസ്.എസ് നടപ്പിലാക്കുന്ന അന്ധബധിര ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഓണ്‍ ലൈനിലും ഓഫ് ലൈനിലുമായി സംഘടിപ്പിച്ച സംസ്ഥാനതല നെറ്റ് വര്‍ക്ക് മീറ്റിംഗിന്റെ ഉദ്ഘാടനം കോട്ടയം തെള്ളകം ചൈതന്യയില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ മെമ്പര്‍ സിസിലി ജെയിംസ് നിര്‍വ്വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. സെന്‍സ് ഇന്റര്‍ നാഷണല്‍ ഇന്‍ഡ്യ അഡ്വക്കസി & നെറ്റ് വര്‍ക്ക് വിഭാഗം മേധാവി പരാഗ് നാംദിയോ, കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഷൈല തോമസ്, കെ.എസ്.എസ്.എസ് നവചൈതന്യ വികലാംഗ ഫെഡറേഷന്‍ പ്രസിഡന്റ് തോമസ് കൊറ്റോടം എന്നിവരും മീറ്റിംഗില്‍ സന്നിഹിതരായിരുന്നു. ബഹുവൈകല്യമുള്ള കുട്ടികളുടെ മാതാപിതാക്കള്‍ക്കും പരിശീലകര്‍ക്കും അധ്യാപകര്‍ക്കും ഇത്തരം കുട്ടികള്‍ക്കുള്ള അവകാശങ്ങളെക്കുറിച്ചും ആനുകൂല്യങ്ങളെക്കുറിച്ചും അവബോധം വളര്‍ത്തിയെടുക്കുന്നതോടൊപ്പം അതിനായുള്ള കര്‍മ്മ രേഖ രൂപീകരിച്ച് സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഡിപ്പാര്‍ട്ട്‌മെന്റ് പ്രതിനിധികളുമായി സംവദിക്കുന്നതിനും അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് നെറ്റ് വര്‍ക്ക് മിറ്റിംഗ് സംഘടിപ്പിച്ചത്. തിരുവനന്തപുരം മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി, ബെത്തേരി ശ്രേയസ് എന്നീ സംഘടനകളില്‍ നിന്നുമുള്ള പരിശീലകരും മാതാപിതാക്കളും കെ.എസ്.എസ്.എസ് സമുഹാധിഷ്ഠിത പുനരധിവാസ പദ്ധതി അംഗങ്ങളും ഫെഡറേഷന്‍ ഭാരവാഹികളും മീറ്റിംഗില്‍ പങ്കെടുത്തു.

Previous Post

വേദപാഠ ക്ലാസ്സുകള്‍ക്ക് തുടക്കം കുറിച്ചു

Next Post

അപ്നാദേശ് പ്ലാറ്റിനം ജൂബിലി: മാധ്യമ സെമിനാര്‍ നടത്തി

Total
0
Share
error: Content is protected !!