അമേരിക്കയിലെ ക്നാനായ കത്തോലിക്കാ റീജിയന്റെ പ്രഥമ പ്രതിനിധി സമ്മേളനം കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത അഭി. മാര്‍ മാത്യു മൂലക്കാട്ട് പിതാവ് ഉദ്ഘാടനം ചെയിതു. ‘ക്നാനായ പൈതൃകത്തില്‍ വേരൂന്നിയ അജപാലന നവീകരണം’ എന്നതാണ് സമ്മേളനത്തിന്റെ ആപ്തവാക്യം. ജൂണ്‍ 2, 3, 4 എന്നീ മൂന്ന് ദിവസം നീണ്ട് നില്ക്കുന്ന പ്രതിനിധി സമ്മേളനം അമേരിക്കയില്‍ ആദ്യമായി സന്ദര്‍ശനത്തിന് എത്തിയ കോട്ടയം അതിരൂപതയിലെ മലങ്കര സഹായ മെത്രാന് അഭിവന്ദ്യ കുരിശുമൂട്ടില്‍ മാര്‍ ഗീവര്‍ഗീസ് അപ്രേം പിതാവിന്റെ സാന്നിധ്യം കൊണ്ട് വളരെ ശ്രദ്ധേയമായി. അഭിവന്ദ്യ മാര്‍ മാത്യു മൂലക്കാട്ട് പിതാവിന്റെ മുഖ്യ കാര്‍മികത്വത്തില്‍ അര്പ്പിക്കപ്പെട്ടവിശുദ്ധ ബലിയില്‍ സഹായ മെത്രാന് ഗീവര്‍ഗീസ് മാര്‍ അപ്രേം പിതാവും ക്നാനായ റീജിയന് ഡയറക്ടറും ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ വികാരി ജനറലുമായ മോണ്‍. തോമസ് മുളവനാല്‍ അച്ഛനും റീജിയണിലെ മാറ്റ് മുഴുവന്‍ വൈദികരും സഹകാര്മ്മീകര് ആയിരുന്നു.

അഭിവന്ദ്യ മാര്‍ മാത്യു മൂലക്കാട്ട് പിതാവ് തന്റെ ഉത്ഘാടന പ്രസംഗത്തില്‍ തിരുസഭ പെന്തക്കുസ്താ തിരുന്നാളിന് തയ്യാറെടുക്കുന്ന ഈ പവിത്രമായ അവസാന നാളുകളില്‍ പരിശുദ്ധ അമ്മയോടൊപ്പം ക്രിസ്തുശിക്ഷ്യന്മാര്‍ എങ്ങനെ പ്രാര്‍ത്ഥനാനിരതരായി ഒരുമയോടും സ്നേഹത്തോടും ക്രിസ്തു ചൈതന്യത്തില്‍ പരിശുദ്ധാത്മനിവേശിതമായി പ്രേഷിത വേലയ്ക്കായി ഇറങ്ങിയോ അതുപോലെ ഈ മൂന്ന് ദിവസം പ്രയോജനകരവും ഫലപ്രദവുമായിരിക്കട്ടെ എന്ന് ആശംസിച്ചു. ആരേയും ഒഴിവാക്കാതെ എല്ലാവരെയും ശ്രവിച്ചും കൂട്ടായ ചര്‍ച്ചകളിലൂടെയും സഭയില്‍ കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി സിനഡാലിറ്റിയിലൂടെ നടക്കുന്ന തുറവിയുടെ ചൈതന്യം എല്ലാ ചര്‍ച്ചകളിലും തീരുമാനങ്ങളിലും ഉണ്ടാകട്ടെയെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. അതിദ്രുതഗതിയില്‍ നടക്കുന്ന ക്നാനായ കുടിയേറ്റത്തിന്റെ വെളിച്ചത്തില്‍ പരിശുദ്ധ പിതാവ് ലെയോ പതിനാലാമന്‍ മാര്‍പ്പാപ്പയോടൊപ്പം നിര്‍മ്മിത ബുദ്ധിയും നവമാധ്യമങ്ങളും ഉള്‍ക്കൊള്ളുന്ന ഈ അത്യാധുനിക കാലഘട്ടത്തില്‍ ക്നാനായ പാരമ്പര്യത്തില്‍ ശക്തമായ ഊന്നല്‍ കൊടുത്തുകൊണ്ട് പൂര്‍വീകര്‍ പകര്‍ന്നു നല്കിയ വിശ്വാസജ്വാല തലമുറകളിലേക്ക് പകര്‍ന്ന് നല്‍കാനുള്ള പക്വമായ തീരുമാനങ്ങളും ആശയങ്ങളും ഈ സമ്മേളനത്തില്‍ ഉണ്ടാകട്ടെയെന്ന് അഭിവന്ദ്യ പിതാവ് ആശംസിച്ചു.
സീറോ മലബാര്‍ സഭയുടെ പ്രോപ്പര്‍ ടെറിട്ടറിക്ക് വെളിയില്‍ ആദ്യമായി സ്ഥാപിതമായ ചിക്കാഗോ രൂപതയിലെ ക്നാനായ റീജിയന്റെ പ്രഥമ സമ്മേളനത്തിലേക്ക് റീജിയന് ഡയറക്ടര്‍ ബഹുമാനപ്പെട്ട മോണ്‍. തോമസ് മുളവനാലച്ചന് പിതാക്കന്മാരെയും വൈദികരെയും സിസ്റ്റേഴ്സിനെയും അല്മായ പ്രതിനിധികളെയും സ്വാഗതം ചെയ്തു.

അമേരിക്കയുടെ വിവിധഭാഗങ്ങളില്‍ ഉള്ള പതിനഞ്ചിടവകകളിലും ഏഴു മിഷനുകളില്‍ നിന്നുമായി എഴുപത് പ്രതിനിധികളാണ് ക്നാനായ റീജിയന് കോണ്ഫ്രന്സില് പങ്കെടുക്കുന്നത്. ജൂണ്‍ നാല് ബുധനാഴ്ച നടക്കുന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം അഭി. മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വഹിക്കുമ്പോള്‍ ചിക്കാഗോ സെ. തോമസ് സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന് മാര്‍. ജോയി ആലപ്പാട്ട് പിതാവ് അധ്യക്ഷത വഹിക്കും. സമാപന സമ്മേളനത്തില്‍ അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ അപ്രേം പിതാവും ക്യാനഡ മിസിസാഗ സീറോ മലബാര്‍ രൂപതാ വികാരി ജനറല്‍ ബഹുമാനപ്പെട്ട മോണ്‍. പത്രോസ് ചമ്പക്കര അച്ചനും അനുഗ്രഹപ്രഭാഷണങ്ങള്‍ നടത്തും. ഡാളസ് ക്രൈസ്റ്റ് ദ കിംഗ് ക്നാനായ കത്തോലിക്കാ ഇടവകയാണ് പ്രതിനിധി സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്. ഇടവക വികാരി ബഹുമാനപ്പെട്ട എബ്രഹാം കളരിക്കല്‍, തിയോഫിന്‍ ചാമക്കാല, മറ്റ് കൈക്കാരന്മാര് എന്നിവരാണ് പ്രതിനിധി സമ്മേളനത്തിന് വേണ്ട ഒരുക്കങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത്.





