ക്രിസ്ത്യന്‍ മാനേജ്മെന്റുകള്‍ക്കെതിരെയുള്ള പൊതുവിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന പിന്‍വലിക്കണം- കെ സി വൈ എല്‍

ഭിന്നശേഷി സംവരണ വിഷയത്തോടനുബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ബഹു. വി. ശിവന്‍കുട്ടി നടത്തുന്ന പ്രസ്താവനകള്‍ അങ്ങേയറ്റം പ്രതിഷേധാര്‍ഹം ആണെന്ന് കെ സി വൈ എല്‍ കോട്ടയം അതിരൂപതാസമിതി വിലയിരുത്തി. ഒക്ടോബര്‍ 1 ന് രാജപുരത്ത് വെച്ച് ചേര്‍ന്ന അതിരൂപത എക്‌സിക്യൂട്ടീവ് മീറ്റിംഗ് ലാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. വര്‍ഷങ്ങളായി കേരളത്തില്‍ കത്തോലിക്കാ മാനേജ്മെന്റുകള്‍ വിദ്യാഭ്യാസ രംഗത്ത് നടത്തിക്കൊണ്ടിരിക്കുന്ന വലിയ സംഭാവനകള്‍ ആര്‍ക്കും തള്ളികളയാന്‍ സാധിക്കില്ലാത്ത ഈ കാലഘട്ടത്തിലും യാഥാര്‍ഥ്യങ്ങളെ മറച്ചു വെച്ചുള്ളതും, സത്യവിരുദ്ധവും ക്രിസ്ത്യന്‍ കത്തോലിക്കാ മാനേജ്മെന്റുകളെയും അധ്യാപകരെയും അപമാനിക്കുന്നതുമായ ഇത്തരം പ്രസ്താവനകള്‍ മന്ത്രിയുടെ ഭാഗത്തു നിന്നും ഉണ്ടാകാന്‍ പാടില്ലായിരുന്നു. അവകാശങ്ങള്‍ ചോദിക്കുമ്പോള്‍ മതത്തിന്റെ പേരു പറഞ്ഞ് പ്രതിരോധിക്കുന്നത് ഒരു ജനാധിപത്യ സര്‍ക്കാരിന് ഭൂഷണമല്ല. ആയതിനാല്‍ തന്റെ പ്രസ്താവനകള്‍ പിന്‍വലിക്കാന്‍ മന്ത്രി തയ്യാറാകണം.

കത്തോലിക്ക സഭയുടെ കീഴിലുള്ള എല്ലാ സ്‌കൂളിലും ഭിന്നശേഷി സംവരണത്തിനായി കോടതി വിധി പ്രകാരം എല്ലാ ഒഴിവുകളും മാറ്റി വച്ചുകൊണ്ടുള്ള സത്യവാങ്മൂലം നല്കിയിട്ടുള്ളതാണ്. ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ എല്ലാ നിര്‍ദ്ദേശങ്ങളും കത്തോലിക്കാ മാനേജ്മെന്റുകള്‍ പാലിച്ച് പോരുന്നുമുണ്ട്. വിദ്യാഭ്യാസ ആരോഗ്യ മേഖലകളില്‍ കേരളം നമ്പര്‍ 1 എന്ന് കൊട്ടിഘോഷിക്കുമ്പോള്‍ കത്തോലിക്ക സഭ വിദ്യാഭ്യാസ ആരോഗ്യ മേഖലകളില്‍ നല്‍കിയ സംഭാവനകളുടെ പങ്ക് വളരെ വലുതാണ്.

കെ സി വൈ എല്‍ അംഗങ്ങള്‍ ഉള്‍പ്പെടെ 16000-ത്തോളം അധ്യാപകരുടെ ജീവിതവും ഭാവിയുമാണ് സര്‍ക്കാരിന്റെ മുന്‍പിലുള്ളത് എന്ന വസ്തുത മന്ത്രി മനസ്സിലാക്കണം. ഭിന്നശേഷി വിഷയത്തില്‍ എന്‍.എസ്.എസിനു ലഭിച്ച സുപ്രീം കോടതി വിധിയില്‍ സമാന സ്വഭാവമുള്ള മറ്റു മാനേജ്മെന്റുകളുടെ കാര്യത്തിലും ഈ വിധി ബാധകമാണ് എന്നിരിക്കെ, മറ്റുള്ളവരും സുപ്രീം കോടതിയില്‍ നിന്നും സമാന വിധി വാങ്ങണമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പിടിവാശി ജനാധിപത്യ മര്യാദകള്‍ക്ക് ചേരുന്നതല്ല.

അനാവശ്യ പിടിവാശി ഉപേക്ഷിച്ച് സുപ്രീം – ഹൈക്കോടതി വിധികള്‍ മാനിച്ചു കൊണ്ട് അധ്യാപക നിമനാംഗീകാരം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും തെറ്റിദ്ധാരണ പരത്തുന്ന അങ്ങേയറ്റം ദൗര്‍ഭാഗ്യകരമായ പ്രസ്താവന പിന്‍വലിക്കാന്‍ മന്ത്രി തയാറാകണം എന്നും കെ സി വൈ എല്‍ കോട്ടയം അതിരൂപതാസമിതി ആവശ്യപ്പെട്ടു. യോഗത്തിന് കെ സി വൈ എല്‍ അതിരൂപത പ്രസിഡന്റ് ജോണിസ് പി സ്റ്റീഫന്‍ അധ്യക്ഷത വഹിച്ചു. അതിരൂപത ചാപ്ലയിന്‍ ഫാ. മാത്തുകുട്ടി കുളക്കാട്ടുകുടിയില്‍ യോഗത്തിന് ആമുഖസന്ദേശം നല്‍കി. കെ സി വൈ എല്‍ അതിരൂപത ഡയറക്ടര്‍ ഷെല്ലി ആലപ്പാട്ട്, ജോയിന്റ് ഡയറക്ടര്‍ സ്റ്റെഫി പുതിയകുന്നേല്‍ എന്നിവര്‍ വിഷയത്തെ കുറിച്ച് സംസാരിച്ചു. അതിരൂപത സെക്രട്ടറി ചാക്കോ ഷിബു യോഗത്തിന് സ്വാഗതവും ട്രഷറര്‍ ആല്‍ബിന്‍ ബിജു നന്ദിയും രേഖപ്പെടുത്തി. ഭാരവാഹികളായ നിതിന്‍ ജോസ്, ജാക്‌സണ്‍ സ്റ്റീഫന്‍, ബെറ്റി തോമസ്, അലന്‍ ബിജു എന്നിവര്‍ പങ്കെടുത്തു.

 

Previous Post

കൂടല്ലൂര്‍: പാലക്കാട്ട് ബേബി ജേക്കബ്

Next Post

കെ.എസ്.എസ്.എസ് 61-ാമത് വാര്‍ഷികാഘോഷവും 1500 കുടുംബങ്ങള്‍ക്കായുള്ള ലോണ്‍ മേളയും സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!