ഡാളസ് : ചരിത്രത്തില്‍ ആദ്യമായി അതിരുകള്‍ കടന്ന് KCWFNA അന്തര്‍ദേശീയ തലത്തില്‍ 5-ാം സമിറ്റ് സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 23 മുതല്‍ 26 വരെ മെക്സിക്കോയിലെ കാന്കുന് നഗരത്തിലെ മൂണ്‍ പാലസ് റിസോര്‍ട്ടില്‍ നടക്കാനിരിക്കുന്ന ഈ മഹാസമ്മേളനം വിശ്വാസം, സ്ത്രീശക്തീകരണം, ഐക്യം, സഹോദരിത്ത്വം എന്നിവയുടെ ഉത്സവമായി മാറും. Knanaya Catholic Women’s Forum of North America (KCWFNA) യുടെ മുഖ്യ സമ്മേളനം യുണൈറ്റഡ് സ്റ്റേറ്റ്സിന് പുറത്തായി ആദ്യമായി സംഘടിപ്പിക്കപ്പെടുന്നതിലൂടെ സംഘടനയുടെ വളര്‍ച്ചയുടെയും ആഗോള ഐക്യത്തിന്റെയും പുതിയ അധ്യായം ആരംഭിക്കുന്നതായി KCWFNA എക്സിക്യൂട്ടീവ് കമ്മറ്റിക്കു വേണ്ടി പ്രസിഡന്റ് ഡാനി പല്ലാട്ടുമഠം അറിയിച്ചു.
നാല് ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന ഈ സമിറ്റിന് തുടക്കം കുറിച്ചുകൊണ്ട് വിശുദ്ധ കുര്‍ബാനയും ഭംഗിയുറ്റ ഉദ്ഘാടനചടങ്ങും ആദ്യദിനത്തില്‍ നടക്കും. പ്രധാന ഹൈലൈറ്റുകള്‍ വിശുദ്ധ കുര്‍ബാനയും ഉദ്ഘാടനചടങ്ങും -വിശ്വാസത്തിന്റെയും സൗഹൃദത്തിന്റെയും സമന്വയം. ഫ്ലാഷ്മോബ് പ്രകടനങ്ങളും സാംസ്കാരിക അവതരണങ്ങളും – വൈവിധ്യത്തിന്റെ നിറചാര്‍ത്തുകള്‍. നേതൃത്വവും സ്ത്രീശക്തീകരണ സെഷനുകളും – പ്രചോദനവും പ്രാവര്‍ത്തികമായ മാതൃകകളും. KCWFNA അവാര്‍ഡ് നൈറ്റ് – ഉന്നത വനിതാ നേതാക്കളെ ആദരിക്കല്‍. സമാപന ബാന്ക്വെറ്റും ഗാലാ ആഘോഷവും – സന്തോഷത്തിന്റെയും ഐക്യത്തിന്റെയും അര്‍പ്പണം. ഓരോ ദിവസവും ”സഹോദരിത്ത്വം, ഐക്യം, ശക്തികരണം, പാരമ്പര്യം” എന്ന പ്രമേയങ്ങളിലൊന്നിനെ ആസ്പദമാക്കിയാണ് പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.

KCWFNAയുടെ ലക്ഷ്യം സമൂഹത്തില്‍ മാറ്റം സൃഷ്ടിക്കുന്ന വനിതകളെ പ്രോത്സാഹിപ്പിക്കുകയും ബന്ധിപ്പിക്കുകയും ചെയ്യുന്നതാണ്. ”ഞങ്ങളുടെ ആദ്യ അന്തര്‍ദേശീയ സമിറ്റ് ഒരു ലക്ഷ്യസ്ഥാന യാത്രയല്ല – അത് ലക്ഷ്യബോധത്താല്‍ ഏകീകൃതരായ സ്ത്രീകളുടെ പ്രസ്ഥാനം തന്നെയാണ്; ശക്തി, സംസ്കാരം, ബന്ധം എന്നിവ ആഘോഷിക്കാന്‍ അതിരുകള്‍ കടന്നൊരു പ്രചോദനാത്മക യാത്ര.” വിശ്വാസം, കല, പ്രചോദനം, വിനോദം, സംസ്കാരം എന്നിവയുടെ അതുല്യസമന്വയം കാന്‍കുണ്‍ നഗരത്തിലെ നീല കടല്‍തീരങ്ങളുടെയും സ്വര്ണ്ണസന്ധ്യാസൂര്യന്റെയും പശ്ചാത്തലത്തില്‍ ഈ സമ്മേളനം സ്ത്രീശക്തിയുടെ ചരിത്രത്തിലൊരു ഓര്‍മയായി മാറുമെന്നും പ്രസിഡന്റ് ഡാനി പല്ലാട്ടുമഠം പ്രസ്താവിച്ചു.
അമേരിക്കയിലും കാനഡയിലും നിന്നുമായി 400 ല്‍പരം വുമണ്‍സ് ഫോറം അംഗങ്ങള്‍ ഒത്തുചേരുന്ന, ബന്ധങ്ങളും സൗഹൃദങ്ങളും പുതുക്കുന്ന ഈ മാമാങ്കത്തിനു തിരിതെളിയുവാന്‍ എനി വെറും 4 നാളുകള്‍ മാത്രം. KCCNA പ്രസിഡന്റ് ജെയിംസ് ഇല്ലിക്കലിന്റെ നേതൃത്വത്തില്‍ KCCNA എക്സിക്യൂട്ടീവ് അംഗങ്ങളും സമ്മിറ്റിന്റെ ഉല് ഘാടന സമ്മേളത്തില്‍ പക്കെടുക്കും.





