ക്നാനായ കത്തോലിക്കാ കുടുംബസംഗമവും സമുദായ ശക്തീകരണ വര്‍ഷ ഉദ്ഘാടനവും

കോട്ടയം: കോട്ടയം അതിരൂപതയിലെ മുഴുവന്‍ ക്നാനായ കുടുംബാംഗങ്ങളെയും ഉള്‍പ്പെടുത്തി പരിശുദ്ധ കത്തോലിക്കാ സഭ പ്രഖ്യാപിച്ചിരിക്കുന്ന മഹാജൂബിലി വര്‍ഷത്തിന്റെയും സമുദായ ശാക്തീകരണവര്‍ഷത്തിന്റെയും പ്രാധാന്യമുള്‍ക്കൊണ്ടുകൊണ്ട് അല്‍മായ സംഘടനയായ ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ ക്നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്റെയും ക്നാനായ കാത്തലിക് യൂത്ത് ലീഗിന്റെയും പങ്കാളിത്തത്തോടെ ക്നാനായ കത്തോലിക്കാ സമുദായ കുടുംബസംഗമവും സമുദായശാക്തീകരണവര്‍ഷത്തിന്റെ ഉദ്ഘാടനവും 2025 നവംബര്‍ മാസം 2-ാം തീയതി ഞായറാഴ്ച കോട്ടയത്ത് സംഘടിപ്പിക്കുന്നു. ഉച്ചകഴിഞ്ഞ് 2 മണിക്ക് ബി.സി.എം കോളേജ് മുറ്റത്ത് കെ.സി.സി പ്രസിഡന്റ് ബാബു പറമ്പെടുത്തുമലയില്‍ പതാക ഉയര്‍ത്തുന്നതോടെ ആഘോഷങ്ങള്‍ക്കു തുടക്കമാകും.
2.45 ന് മെഗാ മാര്‍ഗ്ഗംകളി ആരംഭിക്കും. കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ തിരിതെളിക്കും. അതിരൂപതാ ചാന്‍സലര്‍ ഫാ. തോമസ് ആദോപ്പിള്ളില്‍ സന്ദേശം നല്കും. ക്നാനായസമുദായത്തിന്റെ തനതുകലാരൂപമായ മാര്‍ഗ്ഗംകളിയെ അതിന്റെ തനിമ നിലനിര്‍ത്തിക്കൊണ്ട് സംരക്ഷിക്കുക, എല്ലാ ജനങ്ങളിലേക്കും എത്തിക്കുക എന്നീ ലക്ഷ്യങ്ങളോടെ സംഘടിപ്പിക്കുന്ന മെഗാമാര്‍ഗ്ഗംകളിയില്‍ 2025 പേര്‍ അണിനിരക്കും. മെഗാ മാര്‍ഗ്ഗംകളിയെത്തുടര്‍ന്ന് സമുദായത്തിന്റെ പാരമ്പര്യങ്ങള്‍ വിളിച്ചോതുന്ന ഫ്ളോട്ടുകളും വാദ്യമേളങ്ങളും അണിനിരക്കുന്ന വര്‍ണ്ണപ്പകിട്ടാര്‍ന്ന പ്രേഷിത കുടിയേറ്റ അനുസ്മരണ റാലി ബി.സി.എം. കോളേജിലേക്ക് നടത്തപ്പെടും. ഷെവലിയാര്‍ ജോയി ജോസഫ് കൊടിയന്തറ ഫ്ളാഗ് ഓഫ് ചെയ്യും. മലബാര്‍ ഉള്‍പ്പടെ 14 ഫൊറോനകളില്‍ നിന്നായി ഏഴായിരത്തിലധികം സമുദായ അംഗങ്ങള്‍ പങ്കെടുക്കുന്ന വര്‍ണ്ണശബളമായ റാലി ക്നാനായ സമുദായത്തിന്റെ തനിമയും പൈതൃകവും വിളംബരം ചെയ്യും.
റാലി ബി.സി.എം കോളേജ് ഓഡിറ്റോറിയത്തില്‍ എത്തിച്ചേരുമ്പോള്‍ ക്നാനായ സമുദായ ചരിത്ര നാള്‍വഴി ഉള്‍ക്കൊളളുന്ന വീഡിയോ അവതരണം നടത്തപ്പെടും. തുടര്‍ന്ന് 4.15 ന് കെ.സി.സി പ്രസിഡന്റും കുടുംബസംഗമത്തിന്റെ ചെയര്‍മാനുമായ ബാബു പറമ്പെടുത്തുമലയിലിന്റെ അദ്ധ്യക്ഷതയില്‍ നടത്തപ്പെടുന്ന പൊതുസമ്മേളനം കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്യും. അതിരൂപതാ പ്രോ-പ്രോട്ടോസിഞ്ചെല്ലൂസും കെ.സി.സി ചാപ്ലെയിനുമായ ഫാ. തോമസ് ആനിമൂട്ടില്‍ ആമുഖസന്ദേശം നല്കും. ബഹു. കേരള തുറമുഖ-സഹകരണ വകുപ്പു മന്ത്രി വി.എന്‍. വാസവന്‍, ബഹു. കേരള പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എന്നിവര്‍ സമ്മേളനത്തില്‍ വിശിഷ്ടാതിഥികളായി പങ്കെടുത്ത് സംസാരിക്കും. അതിരൂപതാ സഹായ മെത്രാന്മാരായ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, ഗീവര്‍ഗീസ് മാര്‍ അപ്രേം എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. ഫ്രാന്‍സിസ് ജോര്‍ജ് എം.പി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്റ്റീഫന്‍ ജോര്‍ജ്ജ്, കോട്ടയം അതിരൂപതാ സിഞ്ചെല്ലൂസും രാഷ്ട്രദീപിക ലിമിറ്റിഡ് എം.ഡിയുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, വൈദിക സമിതി സെക്രട്ടറി അബ്രാഹം പറമ്പേട്ട്, ബറുമറിയം പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടറും കെ.സി.സി മലബാര്‍ റീജിയണ്‍ ചാപ്ലെയിനുമായ ഫാ. ജോയി കട്ടിയാങ്കല്‍, കത്തോലിക്കാ കോണ്‍ഗ്രസ്സ് ഗ്ലോബല്‍ പ്രസിഡന്റ് പ്രൊഫ. രാജീവ് കൊച്ചുപറമ്പില്‍, സന്യാസിനി സമൂഹ പ്രതിനിധി സി. ഇമ്മാക്കുലേറ്റ് എസ്.വി.എം, കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് ഷൈനി ചൊള്ളമ്പേല്‍, കെ.സി.വൈ.എല്‍ പ്രസിഡന്റ് ജോണിസ് പി. സ്റ്റീഫന്‍, ഫാ. സുനില്‍ പെരുമാനൂര്‍ എന്നിവര്‍ സംസാരിക്കും. കെ.സി.സി ജനറല്‍ സെക്രട്ടറിയും കുടുംബസംഗമം ജനറല്‍ കണ്‍വീനറുമായ ബേബി മുളവേലിപ്പുറം സ്വാഗതവും കെ.സി.സി ട്രഷറര്‍ ജോണ്‍ തെരുവത്ത് നന്ദിയും പറയും. വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച അതിരൂപതാംഗങ്ങളെ ചടങ്ങില്‍ ആദരിക്കും. വൈകുന്നേരം 6.30 ന് കലാസന്ധ്യയും തുടര്‍ന്ന് സ്നേഹവിരുന്നും നടത്തപ്പെടുമെന്ന് കെ.സി.സി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

 

Previous Post

ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് Western Ontario വാര്‍ഷിക പൊതുയോഗം

Next Post

ഡിട്രോയിറ്റ് സെ.മേരീസ് ക്‌നാനായ കത്തോലിക്ക ഇടവകയില്‍ പാരീഷ് ഡേ ആഘോഷിച്ചു .

Total
0
Share
error: Content is protected !!