വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളിലും കോഴിക്കോട് ജില്ലയിലെ വിലങ്ങാടുമുണ്ടായ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി കേരള കത്തോലിക്കാ മെത്രാന്‍ സമിതി സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച് നടപ്പിലാക്കുന്ന സുസ്ഥിര പുനരധിവാസ പദ്ധതി – ‘വേവ്സ്’ (വയനാട് ആന്റ് വിലങ്ങാട് എസ്റ്റാബ്ലിഷ്മെന്റ്സ് ആന്റ് സപ്പോര്‍ട്ട്സ്) ന്റെ ലോഗോ കേരള റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ പ്രകാശനം ചെയ്തു. കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍, ഡിസാസ്റ്റര്‍ മിറ്റിഗേഷന്‍ കമ്മിറ്റി അംഗങ്ങളായ കോട്ടയം അതിരൂപതാ വികാരി ജനറല്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ഫാ. റൊമാന്‍സ് ആന്റണി, അഡ്വ. വി.ബി. ബിനു എന്നിവര്‍ സംബന്ധിച്ചു. സുസ്ഥിര പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം കല്പറ്റ ആസ്ഥാനമായി ഓഫീസ് തുറന്ന് പ്രവര്‍ത്തിച്ചു വരികയാണ്. ഏജന്‍സികളായ കാരിത്താസ് ഇന്ത്യ, കാത്തലിക് റിലീഫ് സര്‍വ്വീസസ് എന്നിവയുടെ കൂടി പങ്കാളിത്തത്തോടെ പുനരധിവാസ മേഖലയിലെ സാമൂഹ്യ പ്രവര്‍ത്തന സംഘടനകളായ വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി, ശ്രേയസ്സ്, ജീവന, മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി, സെന്റര്‍ ഫോര്‍ ഓവറോള്‍ ഡെവലപ്മെന്റ് എന്നിവയിലൂടെയാണ് കത്തോലിക്കാ സഭ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി ചുമതലപ്പെടുത്തിയിട്ടുള്ള കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം വേവ്സ് പദ്ധതി നടപ്പിലാക്കുന്നത്. നൂറ് പുതിയ ഭവനങ്ങളുടെ നിര്‍മ്മാണം, ഗൃഹോപകരണങ്ങള്‍ നല്കല്‍, ജീവനോപാധി പ്രദാനം ചെയ്യല്‍, ഇതര സമാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് പുനധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സഭ പ്രധാനമായും നടപ്പിലാക്കുവാന്‍ ലക്ഷ്യമിട്ടിരിക്കുന്നത്.