കോട്ടയം അതിരൂപതയിലെ സീനിയര്‍ വൈദികനും, കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് ഇടവകാംഗവും, കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ ഫാദര്‍ എബ്രഹാം പാറടിയില്‍ ന്റെ മൃതസംസ്‌കാരം കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് പള്ളിയില്‍, കോട്ടയം അതിരൂപതാ അധ്യക്ഷന്‍ മാത്യു മൂലക്കാട്ടിന്റെ മുഖ്യധാര്‍മികത്വത്തില്‍ നടത്തപ്പെട്ടു.
സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ വൈദികന് ആദരവുകള്‍ അര്‍പ്പിക്കുന്നതിനായി വിദ്യാര്‍ത്ഥികളും, അധ്യാപകരും, മാതാപിതാക്കളും ഒന്നുചേര്‍ന്ന് അണിനിരന്നു.
സ്‌കൂളിലെ സീനിയര്‍ എസ് പി സി കേഡറ്റുകളുടെ ഒരു പ്ലടൂണ്‍ സ്ലോ മാര്‍ച്ചില്‍ നിരനിരയായി കടന്നുവന്ന് വൈദികന്റെ ഭൗതിക ദേഹത്തിനു മുമ്പില്‍ സല്യൂട്ട് ചെയ്ത് അന്തിമോപചാരം അര്‍പ്പിച്ചപ്പോള്‍, മാതാപിതാക്കളെയും അധ്യാപകരെയും പ്രതിനിധീകരിച്ച്, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എബ്രഹാം ഒ എ, പ്രധാന അധ്യാപിക സിസ്റ്റര്‍ നമിത, പി ടി എ പ്രസിഡന്റ് ജോസ് കളരിക്കല്‍ എന്നിവര്‍ ചേര്‍ന്ന് പുഷ്പചക്രം സമര്‍പ്പിച്ചു.
കോട്ടയം അതിരൂപതയുടെ വിവിധ ഇടവകകളില്‍ വികാരിയായി സേവനം അനുഷ്ഠിക്കുകയും, വിവിധ സ്ഥാപനങ്ങളുടെ മേലധികാരിയായി പ്രവര്‍ത്തിക്കുകയും ചെയ്ത പാറടിയില്‍ അച്ഛന്‍, ഞാന്‍ നല്ലവണ്ണം യുദ്ധം ചെയ്തു ഞാനെന്റെ ഓട്ടം പൂര്‍ത്തിയാക്കി എന്ന പൗലോസ് അപ്പസ്‌തോലന്റെ വാക്കുകളെ അന്വര്‍ത്ഥമാക്കി കൊണ്ടാണ് നമ്മളിലൂടെ കടന്നു പോകുന്നതെന്ന് കോട്ടയം അതിരൂപതാ അധ്യക്ഷന്‍ അനുസ്മരിച്ചു. രോഗങ്ങളോട് യുദ്ധം ചെയ്ത നല്ലൊരു ഫൈറ്റര്‍ ആയിരുന്നു പാറടിയില്‍ അച്ഛന്‍ എന്നും, രോഗാവസ്ഥകളെ ഉള്‍ക്കൊണ്ടുകൊണ്ട് തന്നെ ദൈവജനത്തെ നയിക്കുന്നതില്‍ മുന്‍പന്തിയില്‍ നിന്നിരുന്ന അച്ഛന്റെ ജീവിതം നമുക്കെല്ലാവര്‍ക്കും ഒരു മാതൃകയാണെന്നും അഭിവന്ദ്യ പിതാവ് അനുസ്മരിച്ചു.
നിരവധി മെത്രാന്‍മാരുടെയും, വൈദികരുടെയും, സന്യസ്തരുടെയും, ഇടവകാംഗങ്ങളുടെയും, പൊതുജനങ്ങളുടെയും ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകളുടെ സാന്നിധ്യത്തിലാണ് മൃത സംസ്‌കാര ശുശ്രുഷകള്‍ നടത്തപ്പെട്ടത്.
ഇടവക വികാരി ഫാദര്‍ ജയിംസ് വടക്കേകണ്ടങ്കരിയിലിന്റെയും ഇടവകാംഗങ്ങളുടെയും നേതൃത്വത്തിലാണ് മൃത സംസ്‌കാര ശുശ്രൂഷകള്‍ ഏകോപിപ്പിച്ച് നടത്തപ്പെട്ടത്.





