സര്‍ക്കാര്‍ ആശുപത്രികളില്‍ അലംഭാവം അരുത്‌

ഇക്കഴിഞ്ഞ ജൂലൈ 4-ാം തീയതി കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം ഇടിഞ്ഞുവീണ്‌ തലയോലപ്പറമ്പ്‌ സ്വദേശി ബിന്ദു മരിച്ചത്‌ കേരളത്തില്‍ വലിയ പ്രതിഷേധത്തിനാണ്‌ ഇടയാക്കിയത്‌. സ്വന്തം മകള്‍ നവമിയുടെ ചികിത്സയ്‌ക്കു കൂട്ടിരിക്കാന്‍ വന്നതായിരുന്നു ബിന്ദു. ഭര്‍ത്താവും രണ്ടു മക്കളുമടങ്ങുന്ന കുടുംബത്തിലെ എല്ലാ കാര്യങ്ങളും നോക്കിനടത്തിയിരുന്നത്‌ ബിന്ദുവായിരുന്നു എന്നാണ്‌ ഭര്‍ത്താവ്‌ വിശ്രുതന്‍ പറഞ്ഞത്‌. അടുത്തകാലത്താണ്‌ കേരളത്തിലെ മറ്റൊരു മെഡിക്കല്‍ കോളജില്‍ തീപിടുത്തമുണ്ടായത്‌. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ യൂറോളജി ഡിപ്പാര്‍ട്ടുമെന്റില്‍ ആശുപത്രി ഉപകരണങ്ങള്‍ ലഭിക്കാതെ വന്നതിനെതുടര്‍ന്ന്‌ വകുപ്പു മേധാവി സാമൂഹ്യമാധ്യമത്തില്‍ പോസ്റ്ററിട്ടത്‌ ഏറെ മാധ്യമശ്രദ്ധയും പൊതുജനശ്രദ്ധയും നേടിയിരുന്നു. അദ്ദേഹം സോഷ്യല്‍ മീഡിയായില്‍ നടത്തിയ ഈ പോസ്റ്റിംഗിന്റെ പേരില്‍ അദ്ദേഹത്തിനു ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നു ഏറെ വിമര്‍ശനവും നേരിടേണ്ടിവന്നു. മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിന്റെ പൊതുജനാരോഗ്യമേഖലയെക്കുറിച്ചും അവമതിപ്പുണ്ടാക്കാന്‍ മാത്രമേ ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ക്കു സാധിക്കുകയുള്ളുവെന്നാണ്‌ ഗവണ്‍മെന്റ്‌ വൃത്തങ്ങള്‍ ആരോപിച്ചത്‌. സര്‍വീസ്‌ ചട്ടങ്ങളുടെ ലംഘനവും അതിലുണ്ടെന്ന്‌ ചൂണ്ടിക്കാണിക്കപ്പെട്ടു. പോസ്റ്റിട്ട വ്യക്തിയാകട്ടെ ഉത്തരവാദിത്വപ്പെട്ടവരുടെ ശ്രദ്ധയില്‍ പല പ്രാവശ്യം ഇക്കാര്യങ്ങള്‍ അറിയിച്ചതിനുശേഷം പിന്നെയും ഒന്നും നടക്കാതെ വന്നപ്പോള്‍ രോഗികളോടുള്ള പ്രതിബദ്ധതയുടെ പേരിലാണ്‌ `പ്രൊഫഷണല്‍ സൂയിസൈഡ്‌’ എന്ന നിലയില്‍ താന്‍ ഇക്കാര്യം ചെയ്‌തതെന്ന നിലപാടാണ്‌ സ്വീകരിച്ചത്‌. ഡോക്‌ടറുടെ സേവന മികവിനെക്കുറിച്ച്‌ സര്‍ക്കാരിനോ പൊതുജനങ്ങള്‍ക്കോ യാതൊരു ആക്ഷേപവും ഇല്ലെന്നിരിക്കെ പൊതുജനശ്രദ്ധയില്‍ അദ്ദേഹം കൊണ്ടുവന്ന കാര്യങ്ങള്‍ ഗൗരവമുള്ളതുതന്നെയാണ്‌.
കോട്ടയം മെഡിക്കല്‍ കോളജിലുണ്ടായ ബിന്ദുവിന്റെ ദാരുണ മരണത്തില്‍ ഉത്തരവാദിത്വപ്പെട്ടവര്‍ക്ക്‌ വീഴ്‌ച സംഭവിച്ചുവെന്നും ആരോഗ്യവകുപ്പു മന്ത്രി രാജിവയ്‌ക്കണമെന്നുമൊക്കെ പറഞ്ഞു പ്രതിപക്ഷം സമരത്തന്റെ പാതയിലാണ്‌. തകര്‍ന്നുവീണ കെട്ടിടം ഏതാനു വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ അപകടാവസ്ഥയിലുള്ളതാണെന്നു ബന്ധപ്പെട്ടവര്‍ റിപ്പോര്‍ട്ടു നല്‌കിയിട്ടും, അതിലെ പല ഭാഗങ്ങളും മെഡിക്കല്‍ കോളജില്‍ ഇപ്പോഴും ഉപയോഗിക്കപ്പെട്ടതാണ്‌ വിമര്‍ശനത്തിന്‌ ഇടയാക്കിയത്‌. ബിന്ദു വീണ ഭാഗത്ത്‌ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനു താമസമുണ്ടായെന്നും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക്‌ ആവശ്യമായ ജെ.സി.ബി എത്തിക്കാനാവശ്യമായ സൗകര്യങ്ങള്‍ കുറവായിരുന്നു എന്നും പറയപ്പെടുന്നു. പിണറായി സര്‍ക്കാരിന്റെ മുന്‍ഗണനാ വിഷയങ്ങളിലൊന്നാണ്‌ പൊതുജനാരോഗ്യം. സര്‍ക്കാര്‍ ആശുപത്രികളിലും മെഡിക്കല്‍ കോളജുകളിലും കുറെയേറെ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്‌ എന്ന വസ്‌തുതയും നിഷേധിക്കാനാവില്ല. എങ്കിലും ആരോഗ്യമന്ത്രി പറഞ്ഞതുപോലെ സിസ്റ്റത്തില്‍ പ്രശ്‌നങ്ങള്‍ പലതും ബാക്കിനില്‍ക്കുന്നു. പലപ്പോഴും പ്രശ്‌നങ്ങള്‍ പലതും ബാക്കിനില്‍ക്കുന്നു. പലപ്പോഴും ആശുപത്രികള്‍ക്കാവശ്യമായ ഉപകരണങ്ങള്‍ കൃത്യസമയത്തു ലഭ്യമാക്കുന്നതിനോ, അതിന്റെ അറ്റകുറ്റപ്പണികള്‍ യഥാസമയം നടത്തുന്നതിനോ സാധിക്കുന്നില്ല എന്ന ആക്ഷേപം പൊതുവേയുണ്ട്‌. ഇന്നു നമ്മുടെ സര്‍ക്കാര്‍ ആശുപത്രികളെയും മെഡിക്കല്‍ കോളജുകളെയും ആശ്രയിക്കുന്ന ആയിരക്കണക്കിനു രോഗികള്‍ ഉണ്ടെന്നിരിക്കെ അവരുടെ ആശകള്‍ക്കും പ്രതീക്ഷകള്‍ക്കും സിസ്റ്റത്തിന്റെ പ്രശ്‌നംമൂലം നിറംകെട്ടുപോകരുത്‌. സിസ്റ്റത്തിലുള്ള പ്രശ്‌നങ്ങളെ പരിഹരിക്കുക എന്നതുതന്നെയാണ്‌ ഉത്തരവാദിത്വപ്പെട്ട ഗവണ്‍മെന്റില്‍നിന്നു സാധാരണക്കാര്‍ പ്രതീക്ഷിക്കുക. അതിനു നേതൃത്വം കൊടുക്കുവാന്‍ ബന്ധപ്പെട്ടവര്‍ക്കു സാധിക്കണം. സംസ്ഥാന മെഡിക്കല്‍ കോളജുകള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ ആശുപത്രികളില്‍, നിലവാരം സംബന്ധിച്ച്‌ നിശ്ചിത ഇടവേളകളില്‍ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌ നിയമപ്രകാരം നടത്തേണ്ട പരിശോധന നടക്കുന്നുണ്ടോയെന്ന്‌ ജൂലൈ 8-ാം തീയതി ഹൈക്കോടതി ആരാഞ്ഞിട്ടുണ്ട്‌. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ ചീഫ്‌ ജസ്റ്റീസ്‌ അദ്ധ്യക്ഷനായ ബഞ്ച്‌ ഗവണ്‍മെന്റിന്‌ നിര്‍ദേശം നല്‌കിയിട്ടുണ്ട്‌. കേരളം ആരോഗ്യരംഗത്ത്‌ ഭാരതത്തിലെ മറ്റേതു സംസ്ഥാനത്തേക്കാളും മുന്നിലാണ്‌ എന്നുള്ളത്‌ ഒരു വസ്‌തുതയാണ്‌. രാജഭരണകാലം മുതല്‍ അതുതന്നെയായിരുന്നു അവസ്ഥ. ആരോഗ്യരംഗത്തെ കേരളത്തിന്റെ മുന്നേറ്റത്തിനു കാലാകാലങ്ങളിലെ ഗവണ്‍മെന്റുകളുടെ ഇച്ഛാശക്തി കാരണമായിട്ടുണ്ട്‌. ഇപ്പോഴത്തെ ഇടതുപക്ഷ സര്‍ക്കാര്‍ ആശുപത്രി സംവിധാനങ്ങള്‍ കുറെയൊക്കെ വിപുലപ്പെടുത്തിയെന്നതും സത്യമാണ്‌. എന്നാല്‍ കേരളത്തില്‍ ആരോഗ്യരംഗത്തു എല്ലാം നല്ലനിലയിലാണ്‌, വിദേശ നിലവാരത്തോടു കിടപിടിക്കുന്നതാണ്‌ എന്ന നറേറ്റീവ്‌ എപ്പോഴും ശരിയായിരിക്കണമെന്നില്ല. കുറവുകളെ ചൂണ്ടിക്കാണിക്കുമ്പോള്‍ പഴയ ഗവണ്‍ മെന്റിനെ കുറ്റപ്പെടുത്തുന്നതും കേരളം നോര്‍ത്ത്‌ ഇന്ത്യന്‍ സംസ്ഥാനങ്ങളേക്കാള്‍ മുന്നിലാണെന്നുമൊക്കെ പറഞ്ഞുകൊണ്ട്‌, കാര്യകാരണങ്ങളെ നിഷേധിക്കുന്നതും പ്രതിരോധം സൃഷ്‌ടിക്കുന്നതും ഭൂഷണമല്ല. അതുപോലെ ആത്മാര്‍ത്ഥതയും സത്യസന്ധതയും രോഗികളോടുള്ള പ്രതിബദ്ധതയും മുഖമുദ്രയാക്കിയ ഒത്തിരി ഡോക്‌ടര്‍മാര്‍ നമുക്കുണ്ട്‌ എന്നതും അഭിമാനകരമാണ്‌. അവരുടെ മനോധൈര്യത്തെയും ആത്മാര്‍ ത്ഥതയെയും സിസ്റ്റത്തിന്റെ തകരാറിന്റെ പേരില്‍ കുറ്റപ്പെടുത്തിക്കൂടാ. ഒരുകാര്യംകൂടി ഞങ്ങള്‍ തുറന്നുപറയട്ടെ. കേരളത്തില്‍ അതികഠിന ചൂടും തീവ്രമഴയുമൊക്കെയുള്ള കാലാവസ്ഥയായതിനാല്‍ നൂറ്റിഎഴുപത്തിയഞ്ചും ഇരുന്നൂറുംകോടി രൂപ മുടക്കി പണിയുന്ന ആശുപത്രി കെട്ടിടങ്ങളുടെ വാര്‍ക്കയുടെ മുകളില്‍ റൂഫ്‌ വര്‍ക്ക്‌ ചെയ്‌താല്‍ ചുരുങ്ങിയത്‌ ഒരു പത്തുവര്‍ഷംകൂടി അതിനു അധിക ആയുസു കിട്ടുമെന്ന കാര്യത്തില്‍ സംശയമില്ല. പണിതീര്‍ന്നു രണ്ടുവര്‍ഷം പിന്നിട്ട മാനന്തവാടി മെഡിക്കല്‍ കോളജിലെ ആശുപത്രി കെട്ടിടം ചോര്‍ന്നൊലിക്കുന്ന സ്ഥിതി ദൃശ്യമാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്‌തു. ഒപ്പം ആരോഗ്യകാര്യങ്ങളില്‍ പെട്ടെന്നു ഫണ്ടു വിട്ടുകിട്ടുവാന്‍ ഇപ്പോഴുള്ള നടപടിക്രമങ്ങള്‍ കാലതാമസം വരുത്തുന്നുണ്ടെങ്കില്‍, അടിയന്തരമായി നടപടിക്രമങ്ങള്‍ ലഘൂകരിക്കണം. സര്‍ക്കാര്‍ ആശുപത്രികളെ കൂടുതലായി ആശ്രയിക്കുന്ന സാധാരണക്കാരെ നിരാശരാക്കരുത്‌.
റവ.ഡോ. മാത്യു കുരിയത്തറ

Previous Post

ചെറുപുഷ്പ മിഷന്‍ ലീഗ് – തിരുബാലസഖ്യം കൈപ്പുഴ ഫൊറോന പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനം

Next Post

ചെറുപുഷ്പ മിഷന്‍ ലീഗ് -തിരുബാലസഖ്യം കിടങ്ങൂര്‍ മേഖല പ്രവര്‍ത്തന ഉദ്ഘാടനം നടത്തി

Total
0
Share
error: Content is protected !!