കല്ലറ: കാത്തലിക്ക് ബിഷപ്പ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ സഭയ്ക്കും സമൂഹത്തിനും രാജ്യത്തിനും മാതൃകയായവരെ ആദരിക്കുന്നതിനായി ദേശീയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ കല്ലറ സെന്റ് തോമസ് പഴയപള്ളി ഇടവകക്കും അഭിമാന നിമിഷം. സിബിസിഐ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ സലേഷ്യന്‍സ് ഓഫ് ഡോണ്‍ബോസ്കോ സഭയുടെ ഭാഗമായി അരുണാചല്‍ പ്രദേശ്, ആസ്സാം, നാഗാലാന്‍ഡ് എന്നീ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മിഷനറിയായി സേവനം ചെയ്യുന്ന ഫാ. ജോസുകുട്ടി മഠത്തിപ്പറമ്പില്‍ (പാറേമ്യാലില്‍) ലൂടെയാണ് ആ അവാര്‍ഡ് കല്ലറ പഴയപള്ളി ഇടവകയിലേക്കും എത്തുന്നത്. വിശുദ്ധ ബൈബിളിനെ ആഗോളതലത്തില്‍ ജനങ്ങളിലേക്ക് ഡിജിറ്റലായി എത്തിക്കുന്നതില്‍ നല്കിയ സമഗ്രമായ സംഭാവനകള്‍ പരിഗണിച്ചാണ് ഫാ. ജോസ് കുട്ടിക്ക് അവാര്‍ഡ് നല്‍കുന്നത്.
ഫാ. ജോസ് കുട്ടിക്ക് പുറമെ കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് അടക്കം 19 പേര്‍ക്കാണ് അവാര്‍ഡുകള്‍ നല്‍കുന്നത്. കല്ലറ മഠത്തിപ്പറമ്പില്‍ എം ജെ തോമസ് (കുഞ്ഞുമോന് ) & ഗ്രേസിക്കുട്ടി ദമ്പതികളുടെ പുത്രനായ ഫാ. ജോസ്കുട്ടി 2011 ഡിസംബര്‍ 31 ന് അന്തരിച്ച ആര്‍ച്ച് ബിഷപ്പ് മാര്‍. എബ്രഹാം വിരുത്തികുളങ്ങരയുടെ കൈവെയ്പ്പ് ശുഷ്രൂഷവഴി വൈദീക പട്ടം സ്വീകരിച്ചു. അരുണാചല്‍ പ്രദേശിലെ ഉള്‍ഗ്രാമങ്ങളില്‍ സേവനം ചെയ്തുവരുമ്പോള്‍ എഴുത്തും വായനയും അറിയാത്ത ജനങ്ങളുടെയും, സംസാരഭാഷ മാത്രമുള്ള സ്ഥലങ്ങളിലെ ജനങ്ങളുടേയുമൊക്കെ ബുദ്ധിമുട്ട് മനസ്സിലാക്കിയാണ്, വിശുദ്ധ ബൈബിളിനെ കേള്‍ക്കുവാന്‍ സാധിക്കുന്ന ഓഡിയോ രൂപത്തിലേക്ക് മാറ്റുവാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്.
പൂര്‍ണ്ണമായും സൗജന്യമായി ഡൗണ്ലോഡ്ചെയ്യുവാന് സാധിക്കുന്ന, 45 ഓളം ഭാഷകളില്‍ വായിക്കുവാനും ശ്രവിക്കുവാനും സാധിക്കത്തക്കവിധത്തില്‍, ബൈബിള്‍ ഓണ്‍ എന്ന ആപ്പിന് രൂപം കൊടുത്തുകൊണ്ട് ലോകമെമ്പാടുമുള്ള ജനങ്ങളിലേക്ക് ദൈവവചനം എത്തിക്കുവാന്‍ ഫാ. ജോസ്കുട്ടിക്കും ബൈബിള്‍ ഓണ്‍ എന്ന ആപ്പിന്റെ സഹ സ്ഥാപകന്‍ തോംസണ്‍ ഫിലിപ്പിനും സാധിച്ചു. പ്രാര്‍ത്ഥനകളും ഗാനങ്ങളുമടക്കം ആത്മീയയാത്രക്ക് ഏറെ സഹായകമായ ഒരു ഡിജിറ്റല്‍ പ്ലാറ്റഫോം ആയി ബൈബിള്‍ ഓണ്‍ എന്ന ആപ്പിനെ മാറ്റിക്കൊണ്ട് സുവിശേഷ വല്ക്കരണത്തില് നിര്‍ലോഭമായ സംഭാവന നല്കുവാന് അദ്ദേഹത്തിന് സാധിച്ചു. The Commission for Bible under the Conference of the Catholic Bishops of India (CCBI) യുടെ ക്രിയേറ്റിവ് മിനിസ്റ്ററി അവാര്‍ഡ് അടക്കം വിവിധ അവാര്‍ഡുകള്‍ ബൈബിള്‍ ഓണ്‍ ആപ്പിന്റെ സാരഥികളായ ഫാ. ജോസ്കുട്ടിയും തോംസണ്‍ ഫിലിപ്പും നേടിയിട്ടുണ്ട്. വിദ്യാഭ്യാസത്തില്‍ PhD നേടിയിട്ടുള്ള ഫാ. ജോസ്കുട്ടി വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ 18 ഓളം ഗോത്രഭാക്ഷകളിലേക്ക് തര്‍ജ്ജിമ ചെയ്ത ബൈബിള്‍ പ്രസിദ്ധീകരിക്കുകയും പുസ്തകങ്ങള്‍ രചിക്കുകയും ചെയ്തിട്ടുണ്ട്. സലേഷ്യന്‍സ് ഓഫ് ഡോണ്‍ബോസ്കോയുടെ ദിമാപൂര്‍ പ്രോവിന്സിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഫാ. ജോസ്കുട്ടി, ആസാം, മണിപ്പൂര്‍, മേഘാലയ, നാഗാലാന്റ് എന്നിവിടങ്ങളിലായാണ് വൈദീക പഠനം പൂര്‍ത്തിയാക്കിയത്.
റിപ്പോര്‍ട്ട് : അനില്‍ മറ്റത്തിക്കുന്നേല്‍





