പാര്‍ലമെന്റില്‍ കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ച ബഡ്‌ജറ്റ് പ്രസംഗം ഭാരതത്തിലെ മധ്യവര്‍ഗത്തിനു ആശ്വാസം നല്‍കുന്നതും ഒപ്പം നിരവധി സംശയങ്ങള്‍ ഉയര്‍ത്തുന്നതുമാണ്. ബഡ്‌ജറ്റ് ആനുകൂല്യങ്ങള്‍ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി ചര്‍ച്ച ചെയ്യുകയും തങ്ങള്‍ക്കനുകൂലമായ സാഹചര്യം സൃഷ്‌ടിക്കുവാന്‍ ഉപയോഗപ്പെടുത്തുകയും ചെയ്‌തു. ഡല്‍ഹിക്കുശേഷം നിയമസഭ തിരഞ്ഞെടുപ്പു നടക്കുന്ന ബിഹാറിനു ഒട്ടനവധി പദ്ധതികള്‍ നല്‍കപ്പെട്ടപ്പോള്‍ തുടര്‍ച്ചയായി അവഗണിക്കപ്പെട്ട വികാരമാണ് കേരളത്തിനുണ്ടായത്. ആദായനികുതിയില്‍ വന്‍തോതിലുള്ള ഇളവു പ്രഖ്യാപിച്ചതിലൂടെ ബഡ്‌ജറ്റിനു ജനപ്രിയ മുഖം കൈവന്നു. ആദായ നികുതിയിലുണ്ടായ മാറ്റം വഴി സര്‍ക്കാര്‍ ജോലിക്കാരില്‍ ഗണ്യമായ ഒരു വിഭാഗത്തിനു നികുതി വലയില്‍ നിന്നു പുറത്തു കടക്കാനായി. വികസിത രാജ്യം കെട്ടിപ്പെടുക്കാനുള്ള പ്രധാന മന്ത്രി നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാഴ്‌ചപ്പാടിന്റെ രൂപരേഖ എന്ന നിലയിലാണ് ബഡ്‌ജറ്റ് അവതരിപ്പിക്കപ്പെട്ടത്. ആദായ നികുതിയില്‍ വരുത്തിയ ഇളവിലൂടെ രാജ്യത്തെ മധ്യവര്‍ഗത്തിനു പണം ചെലവഴിക്കാനുള്ള ശേഷി കൂടുമെന്നും അതിലൂടെ നമ്മുടെ രാജ്യത്തിനു സുസ്ഥിരമായ സാമ്പത്തിക വളര്‍ച്ച നേടാനാകുമെന്നും ബഡ്‌ജറ്റിനെ അനുകൂലിക്കുന്നവര്‍ നിരീക്ഷിക്കുന്നു. ആദായ നികുതി പരിധി 12 ലക്ഷം രൂപയായി വര്‍ദ്ധിപ്പിച്ചതിലൂടെ നാളിതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും വലിയ നികുതിയിളവിനാണ് ധനമന്ത്രി കളമൊരുക്കിയത്. ബഡ്‌ജറ്റ് പ്രകാരം 12 ലക്ഷം രൂപ വരുമാനവും 75,000/- സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ ഉള്‍പ്പെടെ 12.75 ലക്ഷം രൂപ വരെയുള്ള വാര്‍ഷിക വരുമാനത്തിനു നികുതി നല്‍കേണ്ടതില്ല. നിലവില്‍ 7 ലക്ഷം രൂപ വരെയുള്ളവര്‍ക്കാണ് ഈ ആനുകൂല്യം ലഭിച്ചിരുന്നത്. എഴു ലക്ഷം മുതല്‍ 12 ലക്ഷം വരെ വാര്‍ഷിക വരുമാനമുണ്ടായിരുന്ന ഒരു കോടി ആളുകള്‍ക്കു നികുതി ബാധ്യത പൂര്‍ണ്ണമായും ഒഴിവാകുമെന്ന് ധനമന്ത്രി സൂചിപ്പിക്കുകയുണ്ടായി. പരോക്ഷ നികുതി ഇളവുകള്‍ വഴി 2600 കോടി രൂപ ജനങ്ങളുടെ കൈയ്യില്‍ എത്തുന്ന രീതിയിലാണ് കേന്ദ്രം രാജ്യത്തെ സാമ്പത്തികഘടന പരിഷ്‌ക്കരിച്ചിരിക്കുന്നത്. നമ്മുടെ രാജ്യത്തു സാമ്പത്തിക രംഗത്തു വലിയ ഒരുണര്‍വ് ഗവണ്‍മെന്റ് ഇതിലൂടെ പ്രതീക്ഷിക്കുന്നു. നികുതി വ്യവസ്ഥയില്‍ സമൂലമായ മാറ്റം നടപ്പാക്കുന്നതിന്റെ ഭാഗമായി പുതിയ നികുതി ബില്‍ ഈ ആഴ്‌ച പാര്‍ലമെന്റില്‍ അവതരിപ്പിക്കും. നികുതി പരിഷ്‌ക്കരണത്തിലെ ഘടനാപരമായ മാറ്റം അപ്പോഴാണ് ജനങ്ങള്‍ക്കു കൃത്യമായി മനസിലാക്കുവാന്‍ കഴിയുക.
മധ്യവര്‍ഗത്തിനുപുറമെ കര്‍ഷകര്‍, യുവജനങ്ങള്‍ എന്നിവര്‍ക്കുവേണ്ടിയുള്ള പ്രഖ്യാപനങ്ങളും ബഡ്‌ജറ്റില്‍ കാണുകയുണ്ടായി. ക്രെഡിറ്റ് കാര്‍ഡിന്റെ വായ്‌പാ പരിധി 3 ലക്ഷത്തില്‍ നിന്നു 5 ലക്ഷമായി വര്‍ദ്ധിപ്പിച്ചതു നിരവധി ആളുകള്‍ക്കു പ്രയോജനപ്പെടും. പ്രീമിയം തുക ഇന്ത്യയില്‍ തന്നെ നിക്ഷേപിക്കുമെങ്കില്‍ ഇന്‍ഷ്വുറന്‍സ് രംഗത്ത് നേരിട്ടുള്ള വിദേശ നിക്ഷേപം 100 ശതമാനം അനുവദിക്കാനാണ് തീരുമാനം. കേരളത്തിന്റെ ആവശ്യങ്ങളെ അപ്പാടെ അവഗണിച്ചു എന്നതില്‍ ഭരണ-പ്രതിപക്ഷ ഭേദമന്യേ കേരളത്തിനാകെ നിരാശയുണ്ട്. 25 ലക്ഷം കോടി രൂപ സംസ്ഥാനങ്ങള്‍ക്കായി നീക്കി വയ്‌ക്കുമ്പോള്‍ നാമമാത്രമായ തുക പോലും കേരളത്തിനു ലഭിക്കാത്ത സാഹചര്യം ഉണ്ടെന്നു പറയപ്പെടുന്നു. വയനാട് ദുരന്ത ബാധിതരുടെ പുനരധിവാസത്തിനു പ്രത്യേക സഹായം കേരളം ആവശ്യപ്പെടുകയും പ്രതീക്ഷിക്കുകയും ചെയ്‌തുവെങ്കിലും അതു പരിഗണിക്കപ്പെട്ടില്ല. യഥാര്‍ത്ഥത്തില്‍ പതിനാല് ആവശ്യങ്ങളടങ്ങിയ പട്ടിക സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ധനമന്ത്രിക്കു നല്‌കിയിരുന്നെങ്കിലും ഒന്നുപോലും പരിഗണിക്കപ്പെട്ടില്ലന്നത് ദുഃഖകരവും ഒരു പരിധിവരെ പ്രതിഷേധാര്‍ഹവുമാണ്. വൈവിധ്യങ്ങളുടെ വിളനിലമായ ഇന്ത്യയുടെ ഫെഡറല്‍ സ്വഭാവത്തെ ഉയര്‍ത്തിപ്പിടിക്കുന്നതും സംന്തുലിതവുമാകണം.
ദേശീയ ബഡ്‌ജറ്റ് എന്നാല്‍ ആ തത്വം എത്രത്തോളം പ്രതിഫലിച്ചിട്ടുണ്ടെന്ന് പരിശോധിക്കപ്പെടേണ്ടതാണ്. മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കാന്‍ 2000 കോടിയുടെ പ്രത്യേക സഹായമാണ് കേരളം ആവശ്യപ്പെട്ടത്. ജി.എസ്.ടി നഷ്‌ടപരിഹാരം നിര്‍ത്തലാക്കിയതടക്കമുള്ള സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് 24000 കോടിയുടെ പാക്കേജും വച്ചിരുന്നു. അടുത്തുതന്നെ കമ്മീഷന്‍ ചെയ്യേണ്ട വിഴിഞ്ഞം തുറമുഖ വികസനത്തിനു 5000 കോടിയും ആവശ്യപ്പെട്ടിരുന്നു. ഇതൊക്കെ അപ്പാടെ അംഗീകരിക്കുമെന്നു ആരും കരുതുന്നില്ല. എങ്കിലും ഇതിനൊന്നും യാതൊരു പരിഗണനയും ലഭിച്ചില്ല എന്നത് ദുഃഖകരമാണ്. കേരളം പതിറ്റാണ്ടുകള്‍കൊണ്ടു നേരിയെടുത്ത വികസനവും സാമൂഹികക്ഷേമവും കേന്ദ്രത്തില്‍ നിന്നു അര്‍ഹമായതു ലഭിക്കുവാനുള്ള തടസമാകുന്നത് വിചിത്രമാണ്. സംസ്ഥാനം പിന്നോക്കം പോയാല്‍ മാത്രമേ കേന്ദ്ര സഹായം ലഭിക്കു എന്ന സ്ഥിതി വിശേഷം ആശാസ്യമല്ല. പ്രത്യേകിച്ച് വയനാട് ദുരന്തത്തെ അപ്പാടെ മറന്നത് അനുചിതമാണെന്നു കരുതുന്നവരാണേറെയും. 144 കോടി ജനസംഖ്യയുള്ള രാജ്യത്തു നികുതിയിളവ് ലഭിച്ചിരിക്കുന്നത് 10.2 കോടി ആളുകള്‍ക്കാണ്. അവരുടെ ആശ്രിതരെ കൂടി പരിഗണിച്ചാല്‍ നാലിലൊന്നു പൗരന്മാര്‍ മാത്രമേ ഇതിന്റെ സന്തോഷം അനുഭവിക്കുന്നുള്ളൂ. അന്നന്നു ജീവിക്കാനുള്ള വരുമാനമില്ലാത്ത കര്‍ഷകര്‍, ആദിവാസികള്‍, ദളിതര്‍ എന്നിവരും നമ്മുടെ നാട്ടിലുണ്ട്. അവരുടെ ക്ഷേമവും സര്‍ക്കാരിന്റെ ചുമതലയാണ്. സംസ്ഥാനങ്ങളില്‍ നിന്നു കേന്ദ്രം പിരിക്കുന്ന നികുതിയുടെ 41% ആണ് തിരിച്ചു കൈമാറേണ്ടത്. എന്നാല്‍ ഈ തുകയുടെ 1.925% മാത്രമേ കേരളത്തിനു മടക്കി കിട്ടുന്നുള്ളു എന്നു പറയപ്പെടുന്നു. ആരോപണത്തില്‍ ശരിയുണ്ടെങ്കില്‍ നീതിയുക്തമായ പരിഹാരം അനിവാര്യമാണ്.
റവ. ഡോ. മാത്യു കുരിയത്തറ
കേന്ദ്ര ബഡ്‌ജറ്റ്: ആശ്വാസവും അവഗണനയും
