തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ തവണ കേന്ദ്ര ബഡ്‌ജറ്റ് അവതരിപ്പിച്ച റിക്കാര്‍ഡ് ഇനി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്. തുടര്‍ച്ചയായി 9 തവണയാണ് അവര്‍ കേന്ദ്ര ബഡ്‌ജറ്റ് അവതരിപ്പിച്ചത്. തിരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങള്‍ക്കു വമ്പന്‍ പദ്ധതികള്‍ പ്രഖ്യാപിക്കുന്ന തിരഞ്ഞെടുപ്പിന് രാഷ്‌ട്രീയ നിറം നല്‌കുന്ന ഒരു ബഡ്‌ജറ്റ് അല്ല ധനമന്ത്രി അവതരിപ്പിച്ചത്. പ്രത്യുത ചെറുകിട പദ്ധതികളും അടിത്തട്ടിനെ സ്വാധീനിക്കുന്ന നയസമീപനങ്ങളും കൊണ്ട് ശ്രദ്ധേയമാകുന്ന തരത്തിലുള്ള ഒരു ബഡ്‌ജറ്റാണിത്. ബഡ്‌ജറ്റില്‍ ഏഴു മേഖലക്കു ഊന്നല്‍ നല്‍കുന്നു. ബയോഫാര്‍മ ബഡ്‌ജറ്റ് 10000 കോടി (5 വര്‍ഷം) ചിപ്പ് ഉപകരണ നിര്‍മ്മാണം (സെമി കണ്ടക്‌ടര്‍), ഇന്ത്യന്‍ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ വികസനം, ഇലക്‌ട്രോണിക്‌സ് ഘടക നിര്‍മ്മാണം. അപൂര്‍വ്വ ധാതുഖനനം (ഒഡീഷ, കേരളം, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, എന്നിവക്കു നേട്ടം, 40000 കോടി), മരുന്ന നിര്‍മ്മാണം (മൂന്നു കെമിക്കല്‍ പാര്‍ക്കുകള്‍; ഇതുവഴി ഇറക്കുമതി കുറയ്‌ക്കാനാകുമെന്നു കരുതപ്പെടുന്നു), കണ്ടെയ്‌നര്‍ നിര്‍മ്മാണത്തില്‍ ഇന്ത്യയെ ആഗോള ശക്തിയാക്കുക എന്ന ലക്ഷ്യത്തോടെ കണ്ടെയ്‌നര്‍ നിര്‍മ്മാണ കേന്ദ്രത്തിനു 10000 കോടി, മെഗാ ടെക്‌സ്റ്റൈല്‍ പാര്‍ക്കുകള്‍, (ഖാദി, കൈത്തറി, കരകൗശല പ്രോത്സാഹനത്തിന്) മഹാത്മഗാന്ധി ഗ്രാമസ്വരാജ് എന്നീ കാര്യങ്ങള്‍ ബഡ്‌ജറ്റില്‍ എടുത്തു പറയുന്നുണ്ട്. ഒപ്പം അതിവേഗ റെയില്‍ ഇടനാഴിയും ചരക്ക് ഇടനാഴികകളും സര്‍വ്വകലാശാല ടൗണ്‍ഷിപ്പുകളും മെഡിക്കല്‍ ടൂറിസവും ബഡ്‌ജറ്റില്‍ ലക്ഷ്യമിടുന്നു.
ഓപ്പറേഷന്‍ സിന്ദൂറിനുശേഷമുണ്ടായ ആദ്യ ബഡ്‌ജറ്റില്‍ പ്രതിരോധ മേഖലയ്‌ക്കുള്ള വിഹിതം 15 ശതമാനം വര്‍ദ്ധിപ്പിച്ച് 7.85 ലക്ഷം കോടിയാക്കി. റോഡ് വികസനത്തിനു എട്ടു ശതമാനം വര്‍ദ്ധിപ്പിച്ച് 3.09 ലക്ഷം കോടിയും ആരോഗ്യമേഖലക്കു പത്തു ശതമാനം വര്‍ദ്ധിപ്പിച്ച് 1.06 ലക്ഷം കോടിയുമാക്കി. വളര്‍ച്ചക്കു വേഗം കൂട്ടുക, പ്രതീക്ഷകളെ യഥാര്‍ത്ഥ്യമാക്കുക, വികസനം സാധ്യമാക്കുക എന്നീ മൂന്നു കര്‍ത്തവ്യങ്ങളില്‍ അധിഷ്‌ഠിതമാണ് ബഡ്‌ജറ്റ്. ബഡ്‌ജറ്റിനെ ചരിത്രപരമെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു. രാജ്യത്തിന്റേത് സ്ഥിരതയുള്ള വളര്‍ച്ചയാണെന്നും മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബഡ്‌ജറ്റ് യുവശക്തിയില്‍ ഊന്നിയുള്ളതാണെന്നും കേന്ദ്ര ധനമന്ത്രി നിര്‍മ്മല സിതാരാമന്‍ വിശേഷിപ്പിച്ചു. ഏതാനും ദിവസം മുന്‍പു പ്രഖ്യാപിച്ച ഇക്കോണമിക് സര്‍വ്വേ ചൂണ്ടിക്കാണിച്ച പ്രധാന വെല്ലുവിളികള്‍ക്കുള്ള പരിഹാരം കാണുകയാണ് ഇപ്പോഴത്തെ സാഹചര്യത്തില്‍ ചെയ്യേണ്ടിയിരുന്നതെന്നും എന്നാല്‍ അതിലൊന്നും സര്‍ക്കാരോ ധനമന്ത്രിയോ ശ്രദ്ധ ഊന്നിയില്ലെന്നും മുന്‍ കേന്ദ്ര ധനകാര്യ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം എം.പി വിമര്‍ശനം ഉന്നയിച്ചു. ആദായ നികുതി നിരക്കില്‍ പുതിയ മാറ്റങ്ങള്‍ ഒന്നും ഉണ്ടാക്കിയിട്ടില്ല. പുതിയ ആദായ നികുതി നിയമം ഏപ്രില്‍ ഒന്നിനു നിലവില്‍ വരുമെന്നും ലളിതവല്‍ക്കരിച്ച നികുതി ചട്ടങ്ങളും ഫോമുകളും ഉടന്‍ പുറത്തിറക്കുമെന്നും കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ചു.
കേന്ദ്ര ബഡജ്‌റ്റില്‍ കേരളം ചോദിച്ചതൊക്കെ ഏറെക്കുറെ അവഗണിക്കപ്പെട്ടു എന്ന ചിന്ത പങ്കുവയ്‌ക്കുന്നവരുണ്ട്. അതിവേഗ റെയിലും എയിംസും ദേശീയ ജലപാതയും കേരളത്തിനില്ല. കടലാമ പ്രജനന കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചുള്ള വിനോദ സഞ്ചാരപാത, അപൂര്‍വ്വ ധാതു ഇടനാഴി എന്നിവയുടെ പ്രയോജനം കേരളത്തിനു ലഭിക്കും. കേരളത്തെ പൂര്‍ണ്ണമായും അവഗണിക്കുന്ന ബഡ്‌ജറ്റാണിതെന്നും മുഖ്യമന്ത്രി പിണറായി വിജയനും എയിംസും അതിവേഗ റെയിവേയുമൊക്കെ പ്രതീക്ഷിച്ച കേരളത്തിനെ ആമ സംരക്ഷണ കേന്ദ്രം തന്ന് കേന്ദ്രം പരിഹസിക്കുകയാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പറയുകയുണ്ടായി. എന്നാല്‍ അടുത്ത അഞ്ചു വര്‍ഷം കേന്ദ്രത്തില്‍ നിന്നുള്ള കേരളത്തിന്റെ നികുതി വിഹിതം 1.925 ശതമാനത്തില്‍ നിന്ന് 2.382 ശതമാനമാക്കിയത് കേരളത്തിന് നേട്ടമാണ്. എന്നാല്‍ മുന്‍ ധനകാര്യ കമ്മീഷന്‍ അനുവദിച്ച റവന്യൂ കമ്മി നികത്തുന്നതിനുള്ള ഗ്രാന്റും വിവിധ മേഖലകള്‍ക്കു നല്‍കുന്ന സഹായ ധനവും ഇത്തവണയില്ല. നടപ്പു വര്‍ഷം കേന്ദ്രത്തില്‍ നിന്നു കിട്ടിയ നികുതി വിഹിതം 26,814.70 കോടിയായിരുന്നത് 36,355.39 കോടിയാകും. എന്നാല്‍ ഗ്രാന്റുകള്‍ ഇല്ലാതാക്കുന്നതോടെ ധനകാര്യ കമ്മീഷന്‍ ശുപാര്‍ശ വഴി കിട്ടുമെന്നു പ്രതീക്ഷിച്ച് കേരളം ബഡ്‌ജറ്റില്‍ ഉള്‍പ്പെടുത്തിയതില്‍ അടുത്ത സാമ്പത്തികവര്‍ഷം മാത്രം 32000 കോടി കുറവു വരും. കാന്‍സര്‍ മരുന്നുകള്‍, പ്രമേഹ മരുന്നുകള്‍ എന്നിവയുടെ വില കുറയുന്നത് രോഗികള്‍ക്കു ആശ്വാസമാകും. അര്‍ബുദ രോഗങ്ങള്‍ക്കുള്ള 17 ജീവന്‍ രക്ഷാ മരുന്നുകള്‍ക്ക് തീരുവയിളവുണ്ടാകും. ഏഴു അപൂര്‍വ്വ രോഗങ്ങളുടെ മരുന്നുകള്‍ക്ക് ഇറക്കുമതി തീരുവ ഇളവു ചെയ്‌തു. തദ്ദേശ മരുന്നു നിര്‍മ്മാണ മേഖലയെ ശക്തിപ്പെടുത്താനും ഇന്ത്യയെ ആഗോള ബയോഫാര്‍മസ്യൂട്ടിക്കല്‍ ഹബ്ബായി മാറ്റാനും ഉദ്ദേശിച്ചാണ് ബയോ ഫാര്‍മ ശക്തി പദ്ധതി. ആഗോള സാമ്പത്തിക അനിശ്ചിതത്വം നിലനില്‍ക്കുന്ന ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്നു അനുദിനം വിദേശ മൂലധനം തിരികെ പോകുന്നതു ശുഭകരമല്ല. ഇന്ത്യന്‍ രൂപ തകര്‍ന്നുകൊണ്ടിരിക്കുന്ന അവസ്ഥയില്‍ മൂലധന വിപണിയെ പുനരുജ്ജീവിപ്പിക്കാനുള്ള ക്രിയാത്മക നിര്‍ദേശങ്ങള്‍ ഉണ്ടാകണമായിരുന്നു. കേര കര്‍ഷര്‍ക്കും കശുവണ്ടി കൊക്കോ കര്‍ഷകര്‍ക്കും പ്രയോജനം ലഭിക്കുന്നതിനുള്ള സാധ്യത ബഡ്‌ജറ്റിലുള്ളതു കേരളത്തിനു ഗുണകരമാകും. എന്നാല്‍ രാസവളം നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന വസ്‌തുക്കളുടെ താരിഫ് ഇളവ് ഇല്ലാതാകുന്നത് രാസവളത്തിന്റെ വില ഇനിയും കൂട്ടാനിടയാകും. ഇതു കര്‍ഷകര്‍ക്കാകെ പ്രതികൂലമായി വരാം. ഇന്ത്യ-അമേരിക്ക ഉഭയ കക്ഷി വ്യാപാര കരാറിലെ വ്യവസ്ഥകള്‍ ഇനിയും പൂര്‍ണ്ണമായും പുറത്തു വന്നിട്ടില്ലാത്ത സ്ഥിതിക്ക്, ആ കരാര്‍ ഇന്ത്യന്‍ ക്ഷീര മേഖലക്കും കാര്‍ഷിക മേഖലക്കും തിരിച്ചടിയാകുമോ എന്ന ആശങ്കയും ബാക്കി നില്‌ക്കുന്നു.
റവ. ഡോ. മാത്യു കുരിയത്തറ ഒ.എസ്.എച്ച്
കേന്ദ്ര ബഡ്‌ജറ്റും ചില നിരീക്ഷണങ്ങളും





