റാഗിങ്‌ ക്രിമിനലുകള്‍ മാപ്പ്‌ അര്‍ഹിക്കുന്നില്ല

കോട്ടയം മെഡിക്കല്‍ കോളജിനോടനുബന്ധിച്ചുള്ള ഗവണ്‍മെന്റ്‌ നഴ്‌സിംഗ്‌ കോളജ്‌ ഹോസ്റ്റലില്‍ കെട്ടിയിട്ടു പീഡിപ്പിക്കുകയും ദേഹമാസകലം കോമ്പസുകൊണ്ടു കുത്തുകയും ഡിവൈഡറുകള്‍കൊണ്ട്‌ പോറുകയും ചെയ്യുന്ന മനഃസാക്ഷിയെ പിടിച്ചു കുലുക്കുന്ന അതിദാരുണമായ സംഭവത്തിന്റെ വീഡിയോ പുറത്ത്‌ വന്നിരിക്കുന്നു. കഴിഞ്ഞ നവംബറില്‍ ആരംഭിച്ച്‌ അടുത്ത ദിവസം വരെ തുടര്‍ന്നുവന്ന ക്രൂരതയുടെ വാര്‍ത്തകള്‍ കഴിഞ്ഞ ആഴ്‌ചയാണ്‌ പത്രദ്വാര നാം അറിഞ്ഞത്‌. പൂക്കോട്‌ വെറ്ററിനറി കോളജില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്‍ ക്രൂരമായ പീഡനത്തെ തുടര്‍ന്ന്‌ കൊല്ലപ്പെട്ടതിന്റെയോ സ്വയം ജീവിതം അവസാനിപ്പിച്ചതിന്റെയോ ഓര്‍മ്മകള്‍ക്കു ഒരു വയസു തികയുന്ന അന്നാണ്‌ സംസ്‌ക്കാരശൂന്യമായ ഈ ആഭാസത്തിനെതിരെ അപ്‌നാദേശിനു വീണ്ടും എഴുതേണ്ടി വരുന്നത്‌. ആഴ്‌ചയില്‍ 800 രൂപ സീനിയേഴ്‌സില്‍ ചിലര്‍ക്കു മദ്യം വാങ്ങാന്‍ ആഴ്‌ചപ്പടി നല്‌കേണ്ടിയിരുന്നു. അതു 2000 രൂപയായി വര്‍ദ്ധിപ്പിച്ചപ്പോള്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കു നിവൃത്തിയില്ലാതായി. മാസപ്പടി മുടങ്ങിയപ്പോഴാണ്‌ ക്രൂരതക്കു ആക്കം കൂടിയത്‌. റാഗിങിനു വിധേയരായ കുട്ടികളിലൊരാളുടെ സ്വകാര്യഭാഗത്തു ജിംനേഷ്യത്തില്‍ ഉപയോഗിക്കുന്ന ഡംബലുകള്‍ അടുക്കി വച്ചു. കോമ്പസുകൊണ്ടുള്ള കുത്തുകളേറ്റിടത്തും വൈഡറുകൊണ്ടുള്ള പോറലുകളിലും കണ്ണുകളിലും നീറുന്ന ലോഷന്‍ ഒഴിച്ചു. പീഡനത്തിന്റെ ദൃശ്യങ്ങള്‍ എടുത്ത്‌ അതുകണ്ട്‌ ആനന്ദിക്കുകയും നിര്‍ബന്ധിച്ച്‌ മദ്യം കുടിപ്പിക്കുകയും മദ്യം കുടിക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്‌തു. പീഡനങ്ങള്‍ സഹിക്കവയ്യാതായപ്പോള്‍ പൊറുതി മുട്ടി കുട്ടികള്‍ കോളജ്‌ അധികൃതര്‍ക്കും പോലീസിനും പരാതി നല്‍കി. രോഗികളെ അലിവോടെ പരിചരിക്കുകയും അവരുടെ വേദന പരിഹരിക്കുവാന്‍ പരമാവധി ഇടപെടുകയും അനുകമ്പയോടും മനുഷ്യത്വത്തോടുംകൂടി അവരെ പരിചരിക്കുകയും ചെയ്യാന്‍ കടപ്പെട്ട നഴ്‌സിംഗ്‌ വിദ്യാര്‍ത്ഥികളില്‍ നിന്നാണ്‌ കാടത്തത്തിന്റെയും സംസ്‌ക്കാരശൂന്യതയുടെയും നേര്‍ക്കാഴ്‌ചകള്‍ ഉണ്ടായത്‌ എന്ന വസ്‌തുത നമ്മെ ഒരേസമയം ലജ്ജിപ്പിക്കുകയും ഭീതിപ്പെടുത്തുകയും ചെയ്യുന്നു. സി.പി.എം അനുകൂല സംഘടനയായ കേരള ഗവണ്‍മെന്റ്‌ സ്റ്റുഡന്‍സ്‌ നഴ്‌സസ്‌ അസോസിയേഷന്‍ സെക്രട്ടറി മലപ്പുറം വണ്ടൂര്‍ സ്വദേശി കെ.പി. രാഹുല്‍ രാജ്‌, അസോസിയേഷന്‍ അംഗങ്ങളായ മൂന്നിലവ്‌ വാളകംകര സ്വദേശി സാമുവല്‍ ജോണ്‍സണ്‍, വയനാട്‌ പുല്‍പ്പള്ളി സ്വദേശി എന്‍.എസ്‌. ജീവ, മലപ്പുറം മഞ്ചേരി മയ്യനാട്‌ സ്വദേശി സി. റിജില്‍ ജിത്ത്‌, കോരുത്തോട്‌ മടക്ക സ്വദേശി എന്‍. വി. വിവേക്‌ എന്നിവരാണ്‌ റാഗിങ്‌ കേസില്‍ ഇപ്പോള്‍ റിമാന്‍ഡിലുള്ളത്‌. ഇനിയൊരിക്കലും ഇതുപോലുള്ള ക്രൂരത ആവര്‍ത്തിക്കാതിരിക്കാനുള്ള സാഹചര്യം സത്വരമായി ഉണ്ടാക്കിയേ മതിയാവൂ. ഈ മനുഷ്യത്വ വിരോധികളായ ക്രൂരന്മാര്‍ക്കു തുടര്‍ന്ന്‌ നഴ്‌സിംഗ്‌ പഠനം തുടരാനാവില്ലെന്ന നഴ്‌സിംഗ്‌ കൗണ്‍സിലിന്റെ നിലപാട്‌ സ്വാഗതാര്‍ഹമാണ്‌. കുട്ടികളോടു കരുണയും അവര്‍ക്കു തെറ്റു തിരുത്താനുള്ള സാഹചര്യം അനുവദിക്കുന്നതിനെ കുറ്റം പറയുന്നില്ല. പക്ഷേ അതിന്റെ പേരും പറഞ്ഞു റാഗിങ്‌ അക്രമം നടത്തിയ കുട്ടികള്‍ക്കു ജാമ്യം നല്‍കുകയും അവരെ ആ കോളജില്‍ തന്നെ തുടര്‍ന്നു പഠിക്കാന്‍ അനുവദിക്കുകയും ചെയ്‌ത കോടതി വിധിയെക്കുറിച്ചു സാധാരണ ജനങ്ങള്‍ക്കു അമര്‍ഷമുണ്ട്‌.
കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌ ഹോസ്റ്റലില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ റാഗ്‌ ചെയ്‌തെന്ന പരാതിയില്‍ പതിനൊന്ന്‌ വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡു ചെയ്‌തതു കഴിഞ്ഞ ആഴ്‌ചയാണ്‌. ശാരീരികാതിക്രമം പോലുള്ളവ നടക്കാത്തതിനാല്‍ പോലീസ്‌ നടപടി ഉണ്ടായില്ല. പി.ടി.എ യോഗം ചേര്‍ന്ന്‌ അവിടെ വിഷയം ചര്‍ച്ച ചെയ്യുകയും റാഗിങ്‌ നടത്തിയവര്‍ക്കു ബോധവല്‌ക്കരണ ക്ലാസ്‌ നല്‍കുവാന്‍ തീരുമാനിക്കുകയും ചെയ്‌തു. ഇത്‌ അതീവ ഗൗരവമുള്ള കാര്യമല്ലെങ്കിലും ഇതിനു ഇരയായവര്‍ക്ക്‌ ഉണ്ടാകുന്ന മാനസികാഘാതം വലുതാണ്‌. പണ്ടു കോളജുകളില്‍ മാത്രമുണ്ടായിരുന്ന റാഗിങ്‌ ഇന്ന്‌ സ്‌കൂളുകളിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുന്നു. ചോറ്റാനിക്കരയിലെ സ്വകാര്യ സ്‌കൂളില്‍ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാഗിങ്ങിനു ഇരയായ വിദ്യാര്‍ത്ഥി പാര്‍പ്പിട സമുച്ചയത്തില്‍ നിന്നു ചാടി ജീവനൊടുക്കിയത്‌ അടുത്ത കാലത്താണ്‌. ക്ലോസറ്റില്‍ മുഖമമര്‍ത്തി ഫ്‌ളഷു ചെയ്‌തതടക്കമുള്ള ക്രൂരതകളാണ്‌ ആ വിദ്യാര്‍ത്ഥിയോടു സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചെയ്‌തതെന്ന്‌ കുട്ടിയുടെ അമ്മ പറയുകയുണ്ടായി. നിലവില്‍ റാഗിങ്ങിനെതിരെ കര്‍ശനമായ നിയമങ്ങളുണ്ട്‌. റാഗ്‌ ചെയ്യുന്നതും അതു മറച്ചു വയ്‌ക്കുന്നതും ഒരുപോലെ നിയമവിരുദ്ധമാണ്‌. എല്ലാ കോളജുകളിലും ആന്റി റാഗിങ്‌ സമിതികളുണ്ട്‌. ഈ സമിതികള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണം. അദ്ധ്യയന വര്‍ഷത്തിന്റെ ആരംഭത്തില്‍ തന്നെ റാഗിങ്ങിനെതിരെ ബോധവല്‍ക്കരണം നടത്തുകയും ഇക്കാര്യത്തില്‍ വീഴ്‌ച വന്നാല്‍ ശക്തമായ നടപടി എടുക്കുകയും ചെയ്യണം. ജീവിതത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും നിറ സ്വപ്‌നങ്ങളുമായി കോളജില്‍ വരുന്ന വിദ്യാര്‍ത്ഥികളുടെ സ്വപ്‌നങ്ങളെ പിച്ചിച്ചീന്തുന്നവരോടു അതിരു കടന്ന ഔദാര്യം കാണിച്ചു കൂടാ. അതിനു കൊടിയുടെ നിറമോ രാഷ്‌ട്രീയ പാര്‍ട്ടിയുടെ പിന്‍ബലമോ സംഘടനയുടെ ചട്ടക്കൂടോ തടസമാവരുത്‌. പലപ്പോഴും സംഘടനയുടെയോ രാഷ്‌ട്രീയപാര്‍ട്ടിയുടെയോ പിന്‍ബലം ഉള്ളതുകൊണ്ടാണ്‌ ഇത്തരത്തിലുള്ള ക്രൂരതകള്‍ ഹോസ്റ്റലുകളിലും കാമ്പസുകളിലും അരങ്ങേറുക. കഴിഞ്ഞ നവംബറില്‍ തുടങ്ങിയ റാഗിങ്‌ ഹോസ്റ്റല്‍ വാര്‍ഡനായ പ്രിന്‍സിപ്പലോ ഇരുപത്തിനാലു മണിക്കൂറും ഹോസ്റ്റലിന്റെ ചാര്‍ജുള്ള അദ്ധ്യാപകനോ അറിഞ്ഞില്ലന്നത്‌ അവരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്‌ചയായേ കാണാനാവൂ. ഇങ്ങനെയുള്ള കാര്യങ്ങള്‍ കുട്ടികള്‍ നേരിട്ടു പരാതിപ്പെട്ടില്ലെന്ന കാരണത്താല്‍ അവര്‍ കണ്ണടച്ചിരിക്കുന്നതു ശരിയായ സമീപനമല്ല. റാഗിങ്‌ നടത്തിയ കുട്ടികളുടെ ഭാവിയില്‍ ഇരുള്‍ വീഴുന്നതോടൊപ്പം റാഗിങിന്‌ വിധേയരായ കുട്ടികള്‍ക്കുണ്ടായ ശാരീരിക മാനസിക ആഘാതങ്ങളും ചെറുതല്ല. പി.ടി.എ, വിദ്യാര്‍ത്ഥി സംഘടനകള്‍, ആന്റി റാഗിങ്‌ സമിതികള്‍ എന്നിവര്‍ എല്ലാം ഇക്കാര്യത്തില്‍ കണ്ണും കാതും തുറന്നിരിക്കണം. സ്വാര്‍ത്ഥതയുടെ പേരില്‍ കുറ്റക്കാരെ സംരക്ഷിക്കുന്ന രീതി ആരില്‍ നിന്നും ഉണ്ടായിക്കൂടാ.
                                                                                                                                  റവ. ഡോ. മാത്യു കുരിയത്തറ OSH

Previous Post

പാപ്പായുടെ സൗഖ്യവും തിരിച്ചുവരവും ആണ് പ്രധാനം- കര്‍ദ്ദിനാള്‍ പീയെത്രോ പരോളിന്‍

Next Post

വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ട് കൈമാറി

Total
0
Share
error: Content is protected !!