അവരെല്ലാവരും മാലാഖമാര്‍ തന്നെ!

ആലിന്‍ ഷെറിന്‍ ഏബ്രഹാം – അവള്‍ ഇന്ന്‌ മാലാഖയാണ്‌. മനുഷ്യനായി ജനിച്ചു മാലാഖയായി ഉയര്‍ത്തപ്പെട്ടവള്‍. ആയുസിന്റെ പുസ്‌തകത്തില്‍ കേവലം പത്തു മാസം തികയാത്ത അവളുടെ പൂമേനിയിലെ പല ഭാഗങ്ങളും പലര്‍ക്കായി വിഭജിക്കപ്പെട്ടു. മനുഷ്യവംശത്തിന്റെ ജീവനു വേണ്ടി മുറിക്കപ്പെട്ട യേശുവിന്റെ ശരീരം കണക്കെ അവളും കുര്‍ബാനയായി തീര്‍ന്നു. ജ്വലിക്കുന്ന ഓര്‍മ്മയായി കേരളത്തിന്റെ മനസില്‍ അലിയുന്നു. വിടരും മുന്‍പേ വീണു കരിഞ്ഞ ആ സുന്ദര സൂനം മലയാളിയുടെ മനസില്‍ ജാതി-മത-വര്‍ഗ്ഗ-വര്‍ണ്ണ ചിന്തകള്‍ക്ക്‌ അതീതമായ മാനവസ്‌നേഹത്തിന്റെ അടയാളപ്പെടുത്തലായി എന്നും വിരാജിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ അരുണ്‍ – ഷെറിന്‍ ദമ്പതികളുടെ ഏക മകളായിരുന്നു ആലിന്‍ ഷെറിന്‍ ഏബ്രഹാം. ഫെബ്രുവരി 5-ാം തീയതി അമ്മയും ബന്ധുക്കളുമൊന്നിച്ചു കാറില്‍ പോയപ്പോള്‍, എം.സി റോഡില്‍ വച്ചുണ്ടായ അപകടത്തിലാണ്‌ ഈ കുഞ്ഞു മാലാഖയ്‌ക്കു പരിക്കേല്‍ക്കുന്നത്‌. ചികിത്സയിലിരിക്കെ ഫെബ്രുവരി 13 ന്‌ ഉച്ചയോടുകൂടി അവളുടെ മസ്‌തിഷ്‌ക മരണം സ്ഥിരീകരിക്കപ്പെട്ടു. ജീവിതത്തിന്റെ കയ്‌പേറിയ അനുഭവങ്ങളിലൂടെ കടന്നുപോയ അരുണ്‍ – ഷെറിന്‍ ദമ്പതികള്‍ തങ്ങളുടെ പൊന്നോമനയുടെ അവയവങ്ങള്‍ ദാനം ചെയ്യുവാന്‍ തീരുമാനിച്ചു. അവരോടൊപ്പം കുടുംബാംഗങ്ങള്‍ ഒന്നിച്ചു നിന്നു. കരള്‍, രണ്ടു വൃക്കകള്‍, ഹൃദയ വാല്‍വ്‌, നേത്രപടലങ്ങള്‍ എന്നിവ ദാനം ചെയ്‌തു. അങ്ങനെ ജീവിതത്തില്‍ മരണത്തിന്റെ നിഴല്‍ വീണ താഴ്‌വരയിലും മനുഷ്യത്വത്തിന്റെയും മാനവ സ്‌നേഹത്തിന്റെയും പര്യായമായി ആലിന്‍ ഷെറിന്‍ ഏബ്രഹാമും അവളുടെ മാതാപിതാക്കളും മാറി. അവളുടെ കണ്ണുകളിലൂടെ മറ്റുള്ളവര്‍ ഈ ലോകത്തെ കാണും.
ആലിന്‍ ഇനി 4 വ്യക്തികളിലൂടെ ഇനിയും ജീവിച്ചു കൊണ്ടേയിരിക്കും. തിരുവനന്തപുരം കിംസ്‌ ആശുപത്രിയില്‍ ചികിത്സയിലുള്ള ആറു മാസം മാത്രം പ്രായമുള്ള കുഞ്ഞിനാണ്‌ ആലിന്റെ കരള്‍ നല്‍കിയത്‌. കേരളത്തില്‍ കരള്‍ സ്വീകരിച്ചവരില്‍ ഏറ്റവും പ്രായം കുറഞ്ഞ കുഞ്ഞാണിത്‌. വൃക്കകള്‍ പത്തു വയസുള്ള കുട്ടിക്കാണ്‌ നല്‍കിയത്‌. നേത്ര പടലങ്ങള്‍ കൊച്ചി അമൃത ആശുപത്രിയിലെ നേത്ര ബാങ്കിനും ഹൃദയ വാല്‍വ്‌ തിരുവനന്തപുരം ശ്രീചിത്തിര ഇന്‍സ്റ്റിറ്റിയൂട്ടിനും കൈ
മാറി. തങ്ങളുടെ ഏക മകളുടെ മരണത്തിന്റെ മരവിപ്പിലും അവളുടെ അവയവങ്ങള്‍ ദാനം ചെയ്‌ത അരുണ്‍ – ഷെറിന്‍ ദമ്പതികളും മാലാഖമാര്‍ തന്നെ. പത്തു മാസം തികയാത്ത പൊന്നോമനയുടെ ശരീരഭാഗങ്ങള്‍ ആ പൂമേനിയില്‍ നിന്നു മറ്റുള്ളവര്‍ക്കു നല്‌കുന്നുവെങ്കില്‍ തികഞ്ഞ വൈകാരിക പക്വതയും മനോബലവും മനുഷ്യരോടുള്ള പ്രതിബദ്ധതയും അനിവാര്യമാണ്‌. ജ്ഞാനവും കര്‍മ്മവും സ്‌നേഹവുമെല്ലാം ഒരുപോലെ മാംസം ധരിച്ച ഒരു സ്‌നേഹപ്രവര്‍ത്തിയാണത്‌. സര്‍ക്കാര്‍ സംവിധാനമായ കെസോട്ട വഴിയാണ്‌ അവയവദാനത്തിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്‌. കൊച്ചിയില്‍ നിന്നുള്ള അവയവങ്ങള്‍ തിരുവനന്തപുരത്തു എത്തിക്കുവാന്‍ പോലീസും അനുബന്ധ സംവിധാനങ്ങളും ഉണര്‍ന്നു പ്രവര്‍ത്തിച്ചു. മല്ലപ്പള്ളിയില്‍ അക്ഷയ കേന്ദ്രം നടത്തുന്ന അരുണും അദ്ധ്യാപികയായ അമ്മയും ഉള്‍പ്പെടെ മുഴുവന്‍ കുടുംബാംഗങ്ങളും കേരളത്തിന്റെ മാത്രമല്ല ലോകത്തിന്റെയാകെ ആദരവ്‌ അര്‍ഹിക്കുന്നു. കേരള സര്‍ക്കാരിന്റെ കീഴില്‍ അവയവദാനവും അതിന്റെ കൈമാറ്റവും നിയന്ത്രിക്കുന്ന നോഡല്‍ ഏജന്‍സിയാണ്‌ കെ. സോട്ട. അവയവം ആവശ്യമുള്ള രോഗികളുടെ പട്ടിക തയ്യാറാക്കുന്നതും വിതരണത്തിലെ സുതാര്യത ഉറപ്പു വരുത്തുന്നതും സര്‍ക്കാരിന്റെ ഈ നോഡല്‍ ഏജന്‍സിയാണ്‌. ആരോഗ്യരംഗത്തു കേരളം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു മുന്‍പന്തിയില്‍ ആണെങ്കിലും അവയവദാന രംഗത്തു, സാക്ഷരതയില്‍ മുന്നിട്ടു നില്‍ക്കുന്ന നമ്മുടെ സംസ്ഥാനം, മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ പന്ത്രണ്ടാം സ്ഥാനത്താണ്‌. മഹാരാഷ്‌ട്രയില്‍ അമ്പതിനായിരത്തോളം ആളുകള്‍ അവയവദാനത്തിനു സമ്മതം കൊടുത്തു നില്‌ക്കുമ്പോള്‍, കേരളത്തില്‍ അത്‌ ആറായിരത്തില്‍ താഴെയാണ്‌. കഴിഞ്ഞ 13 വര്‍ഷത്തിനിടയില്‍ കേരളത്തില്‍ മരണാനന്തര അവയവദാനം 400 ന്‌ താഴെ മാത്രമാണ്‌ നടത്തിയിരിക്കുന്നത്‌. ജീവിച്ചിരിക്കുന്നവരില്‍ നിന്നുള്ള അവയവദാനം വര്‍ദ്ധിക്കുമ്പോഴും മരണശേഷമുള്ള അവയവദാനത്തില്‍ നാം പിറകിലാണ്‌. മസ്‌തിഷ്‌ക്ക മരണം സ്ഥിരികരിക്കുന്നതു സംബന്ധിച്ചുള്ള നിയമപ്രശ്‌നങ്ങളും ആശുപത്രികളെയും വ്യക്തികളെയും ഇക്കാര്യത്തില്‍ വിമുഖത ഉള്ളവരാക്കുന്നു. അവയവദാനം സംബന്ധിച്ച വ്യത്യസ്‌തങ്ങളായ പ്രചരണങ്ങളാണ്‌ ഇപ്പോഴും നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുക. ഒപ്പം അവയവ മാഫിയായുടെ അധാര്‍മ്മിക പ്രവര്‍ത്തനങ്ങളും ഇടപെടലുകളും ഇല്ലാതാക്കിയേ മതിയാവൂ.
ഇക്കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ കോഴിക്കോട്ടു മരിച്ച ഡോക്‌ടര്‍ അശ്വിന്റെ അവയവങ്ങള്‍ അദ്ദേഹത്തിന്റെ താല്‌പര്യപ്രകാരം 4 പേര്‍ക്കു പുതു ജീവന്‍ നല്‍കിയപ്പോള്‍, മരണമടഞ്ഞ കോട്ടയം സ്വദേശിനി റോസമ്മയുടെ അവയവങ്ങള്‍ അഞ്ചു പേര്‍ക്കു നല്‍കപ്പെട്ടു. ഒപ്പം കോട്ടയം മെഡിക്കല്‍ കോളജില്‍ മരണമടഞ്ഞ ജയില്‍ ഓഫീസര്‍ എ.ആര്‍. അനിലിന്റെ അവയവങ്ങള്‍ എട്ടു പേര്‍ക്കു ജീവന്റെ സമൃദ്ധി നല്‌കി. എന്നാല്‍ പത്തു മാസം പിന്നിടാത്ത ആലിന്റെ അവയവദാനം അതെന്നും
വേറിട്ടുതന്നെ നില്‍ക്കും. കാരണം അവളെ മാലാഖയാക്കുന്നതില്‍ അവളുടെ മാതാപിതാക്കളുടെ സമ്മതവും ത്യാഗവും ചേര്‍ത്തു വായിക്കപ്പെടും എന്നതു തന്നെ. ആവശ്യക്കാര്‍ക്കു ധാര്‍മ്മിക ശരികളും നിയമങ്ങളും ഉറപ്പു വരുത്തികൊണ്ട്‌ അവയവങ്ങള്‍ ദാനം ചെയ്‌ത ആലിന്‍ ഷെറിന്‍ ഏബ്രഹാമും അവളുടെ മാതാപിതാക്കളും നാടിനാകെ
മാതൃകയാകട്ടെ.
റവ. ഡോ. മാത്യു കുരിയത്തറ ഒ.എസ്‌.എച്ച്‌

Previous Post

ചെറുപുഷ്പ മിഷന്‍ ലീഗ് ക്നാനായ റീജിയണല്‍ നേതൃത്വ സംഗമം

Next Post

Cherupushpa Mission League Knanaya Regional Leadership Meet Held

Total
0
Share
error: Content is protected !!