പ്രിയ ബഹു. അച്ചാ, ദൈവജനമേ,
ദൈവജനമെന്ന നിലയില്‍ സ്വര്‍ഗ്ഗീയ ജറുസലേമിനെ ലക്ഷ്യമാക്കി തീര്‍ത്ഥാടനം ചെയ്യുന്ന സഭയില്‍ തെക്കുംഭാഗ ജനതയ്ക്കായി സ്ഥാപിതമായതാണല്ലോ കോട്ടയം അതിരൂപത. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലും പൗരസ്ത്യ കാനന്‍നിയമവും അജപാലന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനായി രൂപതകളില്‍ വിവിധങ്ങളായ ആലോചനാ സമിതികള്‍ വിഭാവനം ചെയ്തിട്ടുണ്ട്. അതിരൂപതയില്‍ പ്രാദേശികവും കാലികവുമായ വിഷയങ്ങള്‍ സംഘാതമായി ചര്‍ച്ച ചെയ്യുന്നതിനും ക്രിയാത്മകമായ തീരുമാനങ്ങളിലെത്തിച്ചേരുന്നതിനും അതിരൂപതാദ്ധ്യക്ഷനെ സഹായിക്കുന്ന ആലോചനാസമിതിയാണ് അതിരൂപതാ അസംബ്ലി
(CCEO cc. 235-242)).
മൂന്ന് അസംബ്ലികള്‍ നാം ഇതിനോടകം നടത്തുകയുണ്ടായി. അതിരൂപതാ വൈദികസമിതിയില്‍ ആലോചിച്ച് മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പിതാവിന്റെ നേതൃത്വത്തില്‍ നാലാമത്തെ അതിരൂപതാ അസംബ്ലിക്കായി ഒരുക്കങ്ങള്‍ യഥാസമയം ആരംഭിച്ചെങ്കിലും കോവിഡ് സാഹചര്യം മൂലം നീട്ടിവയ്‌ക്കേണ്ടിവന്നതിനാല്‍ പ്രസ്തുത അസംബ്ലി 2022 ഒക്‌ടോബര്‍ മാസത്തില്‍ നടത്തുവാന്‍ ആഗ്രഹിക്കുന്നു.
2023 ഒക്‌ടോബര്‍ മാസത്തില്‍ റോമില്‍ നടക്കാനിരിക്കുന്ന മെത്രാന്മാരുടെ സിനഡിന്റെ വിഷയമായ ‘സിനഡല്‍ സഭ: കൂട്ടായ്മ, പങ്കാളിത്തം, മിഷന്‍’ എന്നത് പ്രധാന പഠനവിഷയമായി അസംബ്ലിയില്‍ നാം ഉള്‍ക്കൊള്ളിക്കാനാഗ്രഹിക്കുന്നു. അതോടൊപ്പം അതിരൂപതാ അസംബ്ലിയില്‍ ചര്‍ച്ചയ്ക്കായി മറ്റുവിഷയങ്ങള്‍ നിര്‍ദ്ദേശിക്കാനാഗ്രഹിക്കുന്നവര്‍ തങ്ങള്‍ ആഗ്രഹിക്കുന്ന വിഷയങ്ങള്‍ 2021 നവംബര്‍ 10 നു മുന്‍പ് അതിരൂപതാ കാര്യാലയത്തില്‍ ലഭിക്കത്തക്കവിധം കത്തുമുഖേന അതിരൂപതാ കേന്ദ്രത്തിലേക്കോ, ktmassembly22@kottayamad.org എന്ന വിലാസത്തില്‍ ഇമെയിലായോ അയക്കേണ്ടതാണ്. അസംബ്ലിയുടെ തുടര്‍ നടപടികള്‍ സമയാസമയങ്ങളില്‍ അറിയിക്കുന്നതാണ്.
നമ്മുടെ അതിരൂപതയുടെയും ക്‌നാനായ സമുദായത്തിന്റെയും വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിക്കാവുന്ന ഈ അതിരൂപതാ അസംബ്ലി ഏറ്റവും ഫലപ്രദമാകുന്നതിന് നിങ്ങളുടെ ഏവരുടെയും പ്രാര്‍ത്ഥനയും സഹകരണവും അഭ്യര്‍ത്ഥിക്കുന്നു.
.
സ്‌നേഹപൂര്‍വ്വം,
മാര്‍ മാത്യു മൂലക്കാട്ട്
കോട്ടയം അതിരൂപത മെത്രാപ്പോലീത്ത