ഫാര്‍മേഴ്‌സ് ബ്രാഞ്ച്, ടെക്‌സാസ്: ഡാലസ്‌ഫോര്‍ട്ട് വര്‍ത്ത് ക്‌നാനായ കത്തോലിക്കാ അസോസിയേഷന്‍ (KCADFW) 2026-നെ വരവേല്‍ക്കുന്നതിനായി ഡിസംബര്‍ 31-ാം തീയതി ബുധനാഴ്ച, ഫാര്‍മേഴ്‌സ് ബ്രാഞ്ചിലുള്ള ക്‌നായിതൊമ്മന്‍ ഹാളില്‍ വിപുലമായ പുതുവത്സരാഘോഷ പരിപാടി സംഘടിപ്പിക്കുന്നു. വിശ്വാസവും സൗഹൃദവും സാമൂഹിക ഐക്യവും ഒരുമിപ്പിക്കുന്ന ഈ ആഘോഷം ഡാളസ് ക്‌നാനായ സമൂഹത്തിനു ഒരു പ്രത്യേക അനുഭവമായിരിക്കും. വൈകുന്നേരം 6:30-ന് ആരംഭിക്കുന്ന പുതുവത്സര തിരുകര്‍മ്മങ്ങളോടെയാണ് പരിപാടികള്‍ക്ക് തുടക്കമാകുന്നത്. തുടര്‍ന്ന് രാത്രി 8:30 മുതല്‍ പുതുവത്സരാഘോഷ പരിപാടികള്‍ അരങ്ങേറും. ഡാലസ് ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തിന്റെ വികാരി ഫാ. ബിന്‍സ് ചേത്തലില്‍ പുതുവത്സര അനുഗ്രഹ സന്ദേശം നല്‍കും. ഈ ആഘോഷവേദിയില്‍ വടക്കേ അമേരിക്കയിലെ ക്‌നാനായ സമൂഹത്തിന്റെ സുപ്രധാന സംഗമമായ 16-ാമത് കെസിസിഎന്‍എ കണ്‍വെന്‍ഷന്‍ – 2026-ന്റെ ഔദ്യോഗിക കിക്ക്-ഓഫും നടത്തപ്പെടും. 2026 ആഗസ്റ്റ് 6 മുതല്‍ 9 വരെ ഫ്ളോറിഡയിലെ ഫോര്‍ട്ട് ലോഡര്‍ഡെയിലിലെ ബ്രോവാര്‍ഡ് കൗണ്ടി കണ്‍വെന്‍ഷന്‍ സെന്ററിലാണ് ഈ നാഷണല്‍ കണ്‍വന്‍ഷന്‍ നടക്കുന്നത്. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ഡാലസ് യൂണിറ്റിനായുള്ള കെ.സി.സി.എന്‍.എ കണ്‍വെന്‍ഷന്‍ രജിസ്‌ട്രേഷന്‍ ഔദ്യോഗികമായി ആരംഭിക്കുകയും, സമൂഹാംഗങ്ങളെ ഈ മഹത്തായ ദേശീയ സംഗമത്തില്‍ പങ്കുചേരാന്‍ ക്ഷണിക്കുകയും ചെയ്യും.
ഡാലസ് കിക്ക്-ഓഫ് പരിപാടിയില്‍ KCCNA യുടെയും KCADFW വിന്റെയും നേതാക്കള്‍ പങ്കെടുക്കും. കെ.സി.സി.എന്‍.എ. പ്രസിഡന്റ് ജെയിംസ് ഇല്ലിക്കല്‍, ട്രഷറര്‍ ജോജോ തറയില്‍, കെ.സി.സി.എന്‍.എ പി.ആര്‍.ഒ കൂടിയായ KCADFW പ്രസിഡന്റ് ബൈജു അലപ്പാട്ട്, ഡാലസ്/സാന്‍ ആന്റോണിയോ മേഖലാ വൈസ് പ്രസിഡന്റ് സില്‍വസ്റ്റര്‍ സിറിയക് കൊടുന്നിനാം കുന്നേല്‍, KCWFNA പ്രസിഡന്റ് ഡാനി പല്ലാട്ടുമഠം എന്നിവര്‍ പങ്കെടുക്കുന്ന ഈ സംഗമം ശക്തമായ നേതൃത്വ ഐക്യത്തിന്റെ ദൃശ്യാവിഷ്‌കാരമാകും. ഡാലസ് വിമന്‍സ് ഫോറം കോര്‍ഡിനേറ്റ് ചെയ്യുന്ന പുതുവത്സരാഘോഷങ്ങളില്‍ സ്നേഹവിരുന്നും , വിമന്‍സ് ഫോറം, കെസിവൈഎല്‍ (KCYL), കിഡ്‌സ് ക്ലബ്, യുവജനവേദി തുടങ്ങിയ KCADFW വിന്റെ ഉപസംഘടനകളുടെ കലാപരിപാടികളും ഉള്‍പ്പെടും. രാത്രി ഡിജെയും നൃത്തപരിപാടികളോടുംകൂടി 2026-നെ ആവേശത്തോടെ വരവേല്‍ക്കും. ”ഒരുമിച്ചു ചേരാം. ദൈവത്തോട് നന്ദി പറയാം. ആഘോഷിക്കാം നമുക്ക് ഒരു സമൂഹമായി. ‘ എന്ന സന്ദേശത്തോടെയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. സമൂഹബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള ഈ ആഘോഷസന്ധ്യയില്‍ KCADFW കുടുംബങ്ങളെയും യുവജനങ്ങളെയും മുതിര്‍ന്നവരെയും സാദരം ക്ഷണിക്കുന്നു വെന്ന് KCADFW എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് വേണ്ടി സെക്രട്ടറി ബിനോയ് പുത്തന്‍മഠത്തില്‍ അറിയിച്ചു






